SignIn
Kerala Kaumudi Online
Wednesday, 29 April 2026 7.12 AM IST

തീരാതെ കോഴക്കളി

Increase Font Size Decrease Font Size Print Page
vijilance

അഴിമതിയോട് സന്ധിയില്ലാ നയമാണ് സർക്കാരിന്റേതെങ്കിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും അഴിമതി കുതിച്ചുയരുകയാണ്. ആയിരങ്ങൾ കോഴ വാങ്ങിയിരുന്നിടത്ത് ഇപ്പോൾ ഗൂഗിൾ പേയടക്കം യു.പി.ഐ മാർഗ്ഗങ്ങളിലൂടെ ലക്ഷങ്ങളുടെ കോഴക്കളിയാണ്. മണ്ണ് ഖനനത്തിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ 'എർത്ത് ഗാർഡ്' എന്ന പേരിൽ സംസ്ഥാനത്തുടനീളം ജിയോളജി വകുപ്പ് ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വിജിലൻസ് കഴി‌ഞ്ഞയാഴ്ച നടത്തിയ റെയ്ഡുകളിൽ ലക്ഷങ്ങളുടെ കോഴയിടപാടുകളാണ് കണ്ടെത്തിയത്. മൈനിംഗ് ആൻഡ് ജിയോളജി, തദ്ദേശ വകുപ്പുകളിലെ 14 ഉദ്യോഗസ്ഥർ മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നുമായി 4,69,800രൂപ ഗൂഗിൾപേയടക്കം യു.പി.ഐ വഴി കൈക്കൂലി വാങ്ങിയത് കണ്ടെത്തി.

അനുവദിച്ചതിലും കൂടുതൽ അളവിലും വിസ്തൃതിയിലും മണ്ണെടുത്തതും കെട്ടിട നിർമ്മാണത്തിനായി അനുമതി നേടിയശേഷം മണ്ണുമാഫിയ കുന്നുകൾ ഇടിച്ചുനിരത്തിയതും കണ്ടെത്തി. മണ്ണെടുത്ത ശേഷം വസ്തുക്കൾ പ്ലോട്ടുകളായി വിറ്റതും കണ്ടെത്തി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ ഇതിനെതിരേ നടപടിയെടുത്തില്ല. ഇതുമൂലം റോയൽറ്റി, പിഴ ഇനത്തിൽ സർക്കാരിന് വൻ നഷ്ടമുണ്ടായെന്നും വിജിലൻസ് കണ്ടെത്തി. മിക്ക വകുപ്പുകളിലും ഇതാണ് സ്ഥിതി. കൂടുതൽ അഴിമതിയുള്ള വകുപ്പ് റവന്യൂവാണ്. കഴിഞ്ഞ വർഷം കൈക്കൂലിക്കാർക്കെതിരേ വിജിലൻസ് നടത്തിയ 56 ട്രാപ്പ് ഓപ്പറേഷനുകളിലായി 75 അഴിമതിക്കാരാണ് പിടിയിലായത്. പരാതിക്കാരുടെ സഹകരണത്തോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതാണ് ട്രാപ്പ് ഓപ്പറേഷൻ. പ്രതിവർഷ ട്രാപ്പ് ഓപ്പറേഷനുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെയാണ് 75 പേർ അറസ്റ്രിലായത്. വകുപ്പുകളിൽ റവന്യൂ-19, തദ്ദേശം-12, പൊലീസ്-6, വിദ്യാഭ്യാസം- കെ.എസ്.ഇ.ബി- 3വീതം എന്നിവയാണ് മുന്നിൽ. മ​റ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുണ്ട്.

നയത്തിൽ അഴിമതി വിരുദ്ധതയുണ്ടെങ്കിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കം അഴിമതിക്കേസുകളിൽ പ്രതികളായ നൂറിലേറെപ്പേരെ വിചാരണ ചെയ്യാൻ (പ്രോസിക്യൂഷൻ) വിജിലൻസിന് സർക്കാർ അനുമതി നിഷേധിച്ചത് അടുത്തിടെയാണ്. അഴിമതി നടത്തിയതിനുള്ള എല്ലാ തെളിവുകളും സഹിതം കുറ്റപത്രം തയ്യാറാക്കി നൽകിയാണ് വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടിയത്. എന്നാൽ പ്രോസിക്യൂഷൻ ആവശ്യമില്ലെന്നും ഇവർക്കെതിരേ വകുപ്പുതല നടപടി മാത്രം മതിയെന്നുമാണ് സർക്കാരിന്റെ മറുപടി. ഇതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സുഖമായി വിരമിക്കാനും അവസരമൊരുങ്ങി. ഐ.എ.എസ്, ഐ.പി.എസ് അടക്കം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പൊതുഭരണ വകുപ്പും മറ്റ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അതത് വകുപ്പ് മേധാവികളുമാണ് വിചാരണാനുമതി നൽകേണ്ടത്. എല്ലാ പാർട്ടികളിലുമുള്ള നേതാക്കളും ജനപ്രതിനിധികളും വിചാരണാനുമതി നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇനിയും മുന്നൂറോളം പേർക്കെതിരേ വിചാരണാനുമതി തേടിയുള്ള ഫയലുകൾ സർക്കാരിലുണ്ടെങ്കിലും തീരുമാനമെടുക്കുന്നില്ല.

അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നും അഴിമതിക്കാരോട് മൃദുസമീപനം പാടില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. അഴിമതിനിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനും വിചാരണയ്ക്കുമെല്ലാം ഉന്നതാധികാരിയുടെ അനുമതിയുണ്ടാവണം. ഇതിനുള്ള അപേക്ഷകൾ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്. കേന്ദ്രനിയമ ഭേദഗതി പ്രകാരം പ്രോസിക്യൂഷൻ, അന്വേഷണ അപേക്ഷകളിൽ സർക്കാരിന് അനുമതി നൽകാൻ മൂന്നുമാസത്തെ സമയപരിധിയുണ്ട്. അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തുകയാണ് പതിവ്. അഴിമതിക്കേസിൽ കുടുങ്ങിയ ഉന്നതഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനമേധാവികളും ജീവനക്കാരുമെല്ലാം ഇതിനിടെ സുഖമായി വിരമിക്കും. അഴിമതിക്കുറ്റമൊഴിവാക്കി അഴിമതിക്ക് വേണ്ടിയുള്ള ഗൂഢാലോചന,പ്രേരണ കുറ്റങ്ങൾ മാത്രം ചുമത്തുന്നതോടെ കേസുകൾ ദുർബലമാവും.

അഴിമതിയിൽ മുങ്ങി വകുപ്പുകൾ

വനം,മോട്ടോർ വാഹനം,രജിസ്ട്രേഷൻ, തദ്ദേശ വകുപ്പുകളിൽ വമ്പൻഅഴിമതികളാണ് അടുത്തിടെ വിജിലൻസ് പിടികൂടിയത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന റെയ്ഡുകളിൽ ഏജന്റുമാരിൽനിന്ന് ഗൂഗിൾപേവഴി ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലിവാങ്ങുന്നത് കണ്ടെത്തി. വിൽപ്പനവില കുറച്ചുകാട്ടി ആധാരം രജിസ്റ്റർചെയ്യുന്നതാണ് കോഴയുടെ പ്രധാനവഴി. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർ ഡ്രൈവിംഗ്സ്കൂളുകാരിൽ നിന്ന് കൈക്കൂലിക്ക് പുറമെ സ്വർണവും വാങ്ങുന്നതായി കണ്ടെത്തി. ഓപ്പറേഷൻ 'ക്ലീൻവീൽസ് ' റെയ്ഡുകളിൽ 21ഉദ്യോഗസ്ഥർ ഗൂഗിൾപേയിലൂടെ 7.85ലക്ഷംരൂപ കോഴവാങ്ങിയതിന്റെ തെളിവുകൾ കണ്ടെടുത്തിരുന്നു. എറണാകുളത്തെ എസ്.ആർ.ടി.ഒയിൽ വിരമിക്കുന്നവർക്ക് ഉപഹാരംനൽകാനാണ് ഡ്രൈവിംഗ് സ്കൂളുടമകളിൽ നിന്ന് 4സ്വർണമോതിരം വാങ്ങിയത്. അഴിമതിക്കാരായ 112ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ് വിജിലൻസ്.

വനംവകുപ്പിൽ 'ഓപ്പറേഷൻ വനരക്ഷ' റെയ്ഡുകളിൽ വമ്പൻ അഴിമതിയാണ് കണ്ടെത്തിയത്. ഫയർലൈൻ, റോഡ് നിർമ്മാണത്തിൽ കോടികളുടെ കൈക്കൂലിയിടപാട് കണ്ടെത്തി. 100കിലോമീറ്റർ ഫയർലൈനുണ്ടാക്കാനുള്ള പദ്ധകതിയിൽ അഞ്ച്കിലോമീറ്ററിൽ ഫയർലൈനുണ്ടാക്കിയശേഷം പണം ർഅടിച്ചെടുക്കുകയാണ്. വനത്തിൽ പരിശോധിക്കാൻആരെയും അനുവദിക്കുകയുമില്ല. ഒരുറേഞ്ച്ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കെത്തിയത് 72.8ലക്ഷം കോഴയാണ്. നിരവധിഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾനൽകി. വിജിലൻസ് ശുപാർശ നൽകുംമുൻപേ 2റേഞ്ച് ഓഫീസർമാരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഫയർ ലൈനുകളും റോഡുകളും നിർമ്മിച്ചുണ്ടോയെന്ന് വനത്തിൽകയറി പരിശോധിക്കാൻ വിജിലൻസ് അനുമതി നേടിയിട്ടുണ്ട്.

പൊതുമേഖലാസ്ഥാപനങ്ങളിലെ കരാറുകളുടെ പേരിലുള്ള കോഴയിടപാടുകളും വ്യാപകമാണ്. ചെടിച്ചട്ടികരാറിന് കോഴവാങ്ങവേയാണ് കളിമൺപാത്രനിർമ്മാണ വികസന കോർപറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണി അറസ്റ്റിലായത്. ചട്ടിയൊന്നിന് മൂന്നുരൂപയായിരുന്നു കൈക്കൂലി. പൊതുമേഖലാസ്ഥാപനങ്ങളിലെ കരാറുകളിൽ വിജിലൻസിന്റെ സൂക്ഷ്മപരിശോധന ഇനിയുണ്ടാവും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.