
അറിവിന്റെ ദേവതയെ ലോകമംഗളത്തിനായി ഗുരുദേവൻ ശിവഗിരിയിൽ ചിത്തിരാപൗർണമി നാളിൽ പ്രതിഷ്ഠിച്ചതിന്റെ 114-ാമത് വാർഷികം മേയ് ഒന്നിനാണ്. ഏപ്രിൽ 29 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ശ്രീനാരായണധർമ്മമീമാംസാ പരിഷത്ത് എല്ലാ വർഷത്തെയും പോലെ ഈ വർഷവും സമുചിതമായി ശിവഗിരി മഠവും പോഷകസംഘടനയായ ഗുരുധർമ്മപ്രചരണസഭയും ചേർന്ന് സംഘടിപ്പിക്കുകയാണ്. ഗുരു 1912ൽ പ്രതിഷ്‌ഠ നിർവഹിച്ചത് ഒരു മേയ് ഒന്നിനായിരുന്നു. ഇത്തവണത്തെ വാർഷികവും നിയതി നിശ്ചയമനുസരിച്ച് മേയ് ഒന്നിനുതന്നെ വരുന്നു എന്നുള്ളതാണ് ഈ കൊല്ലത്തെ പ്രത്യേകത.
യുഗങ്ങളോളം അറിവിൽ നിന്ന് മാറ്റിനിറുത്തിയ ഒരു ജനതയ്ക്ക് വിദ്യയെ അതിന്റെ സമസ്തഭാവങ്ങളിലും ഗുരു പകർന്നു നൽകിയിട്ടുണ്ട്. ആ ജ്ഞാനദാനത്തിന്റെ പരമാവധിയാണ് ശിവഗിരിയിലെ ശാരദാമഠത്തിന്റെ സംസ്ഥാപനം. അനന്തമായ അറിവിന്റെ ശക്തിയെ സമ എന്നും, വിഷമ എന്നും ഗുരു രണ്ടായി തരംതിരിക്കുന്നുണ്ട്. പലവിധമായി അറിയുന്ന വിഷയങ്ങളെക്കുറിച്ചുള്ള അറിവ്, വിഷമ എന്ന അറിവും പരമമായ ഏകത്വബോധത്തിലേക്ക് മനുഷ്യമനസിനെ നയിക്കുന്ന അറിവ് സമ എന്നും നിർവചിക്കുന്നു. വിഷമതയാർന്ന വിഷമയെ ജയിച്ച് പരമാനന്ദം നേടുവാൻ അഖണ്ഠമായ വിവേകശക്തിയെ നേടേണ്ടതുണ്ട്. ആ വിവേകശക്തിയെ പ്രധാനം ചെയ്യുന്ന പരാവിദ്യ സ്വരൂപിണിയാണ് ഗുരു സംസ്ഥാപനം ചെയ്‌ത ശ്രീശാരദ.
ശ്രീശാരദാദേവിയെ പലരൂപത്തിലും, പല ഭാവത്തിലും നാം ഉപാസിക്കാറുണ്ടെങ്കിലും രജസ്തമോഗുണങ്ങൾ കടന്ന് നിർമ്മലമായ സത്വഗുണത്തിൽ പ്രകാശിക്കുന്ന ദേവതയാണ് ശ്രീശാരദാംബ. യോഗികൾക്ക് മാത്രം ഗ്രഹിക്കുവാൻ സാധിക്കുന്ന പരാഭിധയായ ജ്ഞാനദേവതയെ ഉപാസിക്കുമ്പോൾ ജീവിതത്തിന് പരമമായ ശാന്തിയും ധന്യതയും കൈവരുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ അദ്വൈതിയായ ഗുരു ഭേദചിന്തകൾക്കപ്പുറം എല്ലാ ഉലകവും ഉയർന്ന് അറിവായി മാറുന്ന ഏകത്വബോധത്തേയ്ക്കാണ് നമ്മെ നയിച്ചത്. ഗുരുവിനെ സന്ദർശിച്ച വിശ്വമഹാകവിയായ രബീന്ദ്രനാഥടാഗൂറും, ഗാന്ധിജിയുമെല്ലാം അനന്തമായ ആ യോഗനയനങ്ങളിൽ ദർശിച്ചതും അനുഭവിച്ചതും ആ അറിവിന്റെ കാന്തികപ്രസരണമാണ്. അറിവിന്റെ സ്ഥിതപ്രജ്ഞത്വം തപസിലൂടെ സാക്ഷാത്കരിച്ച ഗുരു ഭ്രാന്താലയമായിരുന്ന കേരളത്തെ അറിവുകൊണ്ട് തീർത്ഥാലയമാക്കി മാറ്റി.
ശാരദാപ്രതിഷ്ഠയ്ക്കുശേഷം പൂജയ്ക്കായി ഗുരുദേവൻ അവിടെ നിയോഗിച്ചത് താഴ്ന്ന സമുദായത്തിലേത് എന്ന് മുദ്രകുത്തപ്പെട്ട കുട്ടികളെയായിരുന്നു. അവരെല്ലാം കുറവരാണെന്ന് ഒരാൾ പറഞ്ഞപ്പോൾ അവർക്ക് കുറവൊന്നും ഇല്ലല്ലോ എന്നാണ് ആ കാരുണ്യമൂർത്തി അരുളിയത്. ശിവഗിരി സന്ദർശിച്ച മഹാത്മാക്കളെ ഒക്കെയും ശാരദാമഠത്തിന്റെ ഘടനയും പരിശുദ്ധിയും ആകർഷിച്ചിട്ടുണ്ട്. അവിടത്തെ പരമമായ പ്രശാന്തി അന്നും ഇന്നും ഏവരെയും ആകർഷിക്കുന്നു.
ശ്രീനാരായണ ധർമ്മമീമാംസാ
പരിഷത്തിന് 64 വയസ്
പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന് ഈ കൊല്ലം 64 വയസ് തികയുകയാണ്. 51-ാമത് ശാരദാപ്രതിഷ്ഠാ വാർഷിക ദിനത്തിൽ ശിവഗിരിമഠം ആരംഭിച്ച ഈ പാവനയജ്ഞം ഗുരുധർമ്മ പ്രചരണസഭയാണ് നടത്തിവരുന്നത്. ശിവഗിരിയിൽ നടക്കുന്ന ധർമ്മമീമാംസാ പരിഷത്തിനോടനുബന്ധമായി സഭ എല്ലാ ജില്ലകളിലും, മണ്ഡലങ്ങളിലും, യൂണിറ്റുകളിലും പരിഷത്ത് സംഘടിപ്പിക്കുന്നു. ഗുരുദേവകൃതികളും ഗുരുധർമ്മവും അവിടെ പഠനത്തിനും മനനത്തിനും വിധേയമാകുന്നു.
ധർമ്മമീമാംസാ പരിഷത്തുകളിൽ പങ്കെടുക്കുന്ന ഏവർക്കും അറിവിന്റെതായ ശുദ്ധിയും മൂല്യവും അനുഭവിക്കുവാൻ സാധിക്കുന്നു.
രണ്ട് കരിയും വേണ്ട എന്ന ഗുരുദേവന്റെ ഉപദേശം, കരിമരുന്നും ആനയും, എത്രയോ പ്രായോഗിക ബുദ്ധിയുള്ളതാണെന്ന് വർത്തമാനകാല സംഭവങ്ങൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. കരിമരുന്നു പ്രയോഗം മൂലവും ആന എഴുന്നള്ളത്ത് മൂലവും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഗുരുവചനങ്ങൾ എല്ലാവരും ഓർമ്മിക്കുന്നു. പിന്നീട് എല്ലാം മറന്നു പഴയപടി എല്ലാം ആവർത്തിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് മനുഷ്യൻ തിരുത്തിയിരുന്നെങ്കിൽ എത്രയോ ജീവനുകൾ നഷ്ടമാകാതിരുന്നേനെ.
ഇവിടെ ശാരദാമഠം ഉത്സവം എങ്ങനെ വേണം എന്നുള്ളതിന് മാതൃകയാകുകയാണ്. ഇവിടെ മൂന്നു ദിവസവും ജ്ഞാനോത്സവമാണ്.അറിവിന്റെ തിരുവിളയാടൽ. അത് ചിന്തിക്കുമ്പോൾ ഗുരു എത്ര യുക്തിപൂർവമാണ് ആഘോഷങ്ങളും ഉത്സവവും എഴുന്നള്ളത്തുമൊക്കെ ഇവിടെ വേണ്ടെന്നുവച്ചത്. ഗുരുകല്പിതമായ സാധനാനുഷ്‌ഠാനങ്ങളും
മന്ത്രഉപാസനയും പ്രകൃതിജീവനമാർഗങ്ങളും ഒക്കെ തന്നെ ഈ ജ്ഞാനയജ്ഞത്തോടൊപ്പം പഠിതാക്കളെ പരിശീലിപ്പിക്കുന്നു. ഒരുമിച്ചിരുന്ന് ശാന്തിഹവനവും പൂജയും മന്ത്രജപവും ധ്യാനവും ഒക്കെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ധന്യാനുഭവം ആണ് ഓരോരുത്തരെ വീണ്ടും വീണ്ടും ഈ യജ്ഞത്തിലേക്ക് ആനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |