SignIn
Kerala Kaumudi Online
Monday, 18 May 2026 8.43 PM IST

കത്രിക; ഇന്നും അന്നും!

ss

വയറ്റിൽ കത്രിക മറന്നുവച്ച സംഭവം ദൗർഭാഗ്യകരം. ഒരു എക്‌സ്‌റേ എടുത്തുനോക്കാൻ എന്തുകൊണ്ട് അഞ്ചുകൊല്ലമെടുത്തു എന്നത് അതിനെക്കാൾ ദൗർഭാഗ്യകരം! ഈ വാർത്തയുടെ ഉള്ളടക്കത്തിൽ ചില തെറ്റിദ്ധാരണകൾ കടന്നുകൂടിയിട്ടുണ്ടെന്ന് പൊതുജനങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് എനിക്ക് ബോദ്ധ്യമായി.

ഒന്ന് . കത്രികയല്ല മറന്നുവച്ചത്, ആർട്ടറി ഫോർസെപ്‌സ് (Artery Forceps) എന്ന നിഷ്ക്കളങ്കനായ ഉപകരണമാണ്. ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ കൊച്ചുകൊച്ചു രക്തധമനികൾ മുറിഞ്ഞ് രക്തപ്രവാഹമുണ്ടാകും. മുറിഞ്ഞ രക്തധമനികളെ തത്കാലം അമർത്തി രക്തസ്രാവം നിറുത്താനായി ഉപയോഗിക്കുന്ന ഉപകരണമാണ് ആർട്ടറി ഫോർസെപ്‌സ്. ഇതിന് കത്രികയെപ്പോലെ മൂർച്ചയുള്ള ബ്ലേഡുളില്ല. ചുരുക്കത്തിൽ വെറും സാധു!

പുരിഞ്ചിതോ ആവോ! അടുത്ത ധാരണപ്പിശക്,​ വയർ എന്നത് നമ്മൾ വെട്ടിവിഴുങ്ങുന്നതു മുഴുവൻ ചെന്നുപതിക്കുന്ന ആമാശയം മാത്രമല്ല. നമ്മുടെ വയർ തുറന്നുനോക്കിയാൽ ആമാശയത്തിനു പുറമെ ചെറുകുടൽ, വൻകുടൽ, കരൾ, പിത്തസഞ്ചി, വൃക്ക,​ അത്രയ്ക്കങ്ങ് അറിയപ്പെടാത്ത പ്ലീഹ,​ അനുബന്ധ അവയവങ്ങൾ, വലുതും ചെറുതുമായ കുറേ രക്തധമനികൾ, പിന്നെ കുടലുകളെ താങ്ങിനിറുത്തുന്ന മീസെന്ററി, ഒമെന്റം തുടങ്ങിയ സംഭവങ്ങൾ കാണാം!

ഈ പറഞ്ഞതും പറയാൻ വിട്ടുപോയ സംഗതികളും ഒതുക്കിവച്ച് പെരിട്ടോണിയം എന്നൊരു ചാക്കുകൊണ്ട് കെട്ടിവച്ച് അതിൽ വഴുവഴുപ്പുള്ള ഒരു ദ്രാവകവും... ഇതെല്ലാം ചേരുന്നതാണ് നമ്മുടെ വയർ. ഇത്രയും പെരിയ ലഗേജ് വച്ച് എങ്ങനെ കുടവയറുണ്ടാകാതിരിക്കും എന്നു ചിന്തിക്കുന്നിടത്താണ് വിസ്മയം!

വയർ തുറന്ന് ശസ്ത്രക്രിയ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ആർട്ടറി ഫോർസെപ്‌സ്,​ രക്തം ഒപ്പിയെടുക്കുന്ന മോപ്പ്, സൂചി, നൂൽ, ക്ലാമ്പ് തുടങ്ങിയ ധാരാളം ഉപകരണങ്ങളും വസ്തുക്കളും ഓപ്പറേഷൻ തുടങ്ങുന്നതിനു മുമ്പ് നേഴ്‌സുമാർ

എണ്ണമെടുത്ത് കരുതിവച്ചിട്ടുണ്ടാകും. ഓപ്പറേഷൻ കഴിയുമ്പോൾ വീണ്ടും എണ്ണണം. അതുകഴിഞ്ഞേ സർജന്മാർ സ്വയം വിളിക്കുന്ന ഈ പണ്ടാരപ്പെട്ടി തയ്യലുകളിട്ട് പൂട്ടുകയുള്ളൂ.

അവയവങ്ങൾ നിറഞ്ഞിരിക്കുന്ന വയറിൽ ഒന്നോ രണ്ടോ ഉപകരണങ്ങൾക്ക് നമ്മുടെ കണ്ണുവെട്ടിച്ച് ഒളിച്ചിരിക്കാൻ നിഷ്പ്രയാസം കഴിയും. അതുകൊണ്ടാണ് വീണ്ടും ഓപ്പറേഷൻ വസ്തുക്കൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്. ആയിരക്കണക്കിന് ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ഒന്നോ രണ്ടോ തവണ ഈ ഒളിച്ചുകളി പ്രതീക്ഷിക്കാവുന്നതാണ്, അത് പിഴവാണെങ്കിലും! പക്ഷേ ഓപ്പറേഷനാനന്തരം വേദനയോ മറ്റ് അസ്വസ്ഥതകളോ രോഗി പറയുകയാണെങ്കിൽ എക്‌സ്‌റേ പരിശോധന നടത്തി,​ 'ആരും ഒളിച്ചിരിപ്പില്ല" എന്ന് ഉറപ്പാക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ്.

ഇനിയാണ് അനുബന്ധ കഥ.

1950 കാലഘട്ടം. ഒരു കുഗ്രാമത്തിലുള്ള മിഷൻ ആശുപത്രിയിലെ സർജനാണ് ഡോ. ജെയിംസ് മാണി. ഏതു തരം എമർജൻസി കേസുകളും വിദഗ്ദ്ധമായി കൈകാര്യം ചെയ്ത്, രോഗശമനം വരുത്തുന്ന ഓപ്പറേഷൻ രാജാവ്! എത്രയോ മൈലുകൾ താണ്ടിയാണ് രോഗികൾ അദ്ദേഹത്തിന്റെ ചികിത്സ തേടി മിഷൻ ആശുപത്രിയിലെത്തിയിരുന്നത്!

ഒരു അവധി ദിവസം. ജെയിംസ് ഡോക്ടർ ചാരുകസേരയിലിരുന്ന് അന്നത്തെ വൻ ഹിറ്റായ 'എങ്ങനെ നീ മറക്കും..." പോലെയുള്ള പാട്ടുകൾ കേട്ട് പത്രം വായിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരുകൂട്ടം ആൾക്കാർ ജെയിംസ് ഡോക്ടറുടെ വീട്ടിലേക്ക് നടന്നുവരുന്നത് അദ്ദേഹം കണ്ടത്. ആജാനുബാഹുവും അതിനനുസരിച്ച് ധൈര്യവുമുള്ള

ആളായതുകൊണ്ട് ഡോക്ടർ പേടിച്ചില്ല എന്നു കരുതാൻ വരട്ടെ.

കക്ഷി പേടിച്ചു. ഇത്രയും ആൾക്കാ‌ർ ഒരുമിച്ചൊരു വരവ്! അതത്ര പന്തിയല്ലെന്ന് കരുതിയെങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു: 'ഉം... എന്നാ പറ്റി?"

ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന കപ്പടാമീശക്കാരനാണ് മറുപടി പറഞ്ഞത്: 'സർ, എന്റെ അച്ഛൻ വേലായുധന് വർഷങ്ങൾക്കു മുമ്പ് സാറാണ് ഒരു ഓപ്പറേഷൻ ചെയ്തത്."

ജെയിംസ് ഡോക്ടറുടെ ഉള്ളിൽ ഒരു കൊള്ളിയാൻ വീശി ! ഇവൻ എന്നെയും കൊണ്ടേ പോകൂ! ഒരു കള്ളച്ചിരി വരുത്തി ഡോക്ടർ ചോദിച്ചു: 'ആന്നോ കൊച്ചു വേലായുധാ... ഇനി കാര്യം പറ."

അയാളുടെ പേര് കൊച്ചുവേലായുധൻ ആയിരുന്നില്ലെങ്കിലും അയാൾ പറഞ്ഞു: 'അച്ഛൻ ഇന്നലെ മരിച്ചു." അതു കേട്ടപ്പോൾ ജെയിംസ് ഡോക്ടർ ഉറപ്പിച്ചു! ചിരി മാഞ്ഞു. എങ്കിലും സഹതാപത്തോടെ ചോദിച്ചു: 'എത്ര വയസ്സായിരുന്നു,​ വേലായുധന്?"

'എൺപത്തഞ്ച്! സുഖമരണമായിരുന്നു; ഉറക്കത്തിൽ." ഡോക്ടറുടെ ഉള്ളം ഒന്നു തണുത്തു. വിയർപ്പു തുടച്ച് ജെയിംസ് ഡോക്ടർ വീണ്ടും ചോദിച്ചു: 'എന്താ വന്നത്? മരണം പറയാനാണോ?"

'അല്ല ഡോക്ടർ. അഞ്ചു ദിവസമായി മരണം നടന്നിട്ട്. ശവദാഹമായിരുന്നു. അഞ്ചാം നാൾ,​ ഇന്നലെ അസ്ഥി പെറുക്കാനായി നോക്കുമ്പോഴാണ്... ഈ കത്രിക കിട്ടിയത്!" കൈയിൽ കരുതിയിരുന്ന ഒരു ആർട്ടറി ഫോർസെപ്‌സ് വേലായുധൻ മകൻ ഡോക്ടർക്കു കൈമാറി.

ജർമ്മനിയിലോ ഇംഗ്ലണ്ടിലോ നിർമ്മിച്ച,​ നല്ല തിളക്കത്തോടെയിരിക്കുന്ന ആർട്ടറി ഫോർസെപ്‌സ്! ഇപ്പോൾ ജെയിംസ് ഡോക്ടർ ഒന്നുകൂടി ഭയന്നു. മുഖത്തും അത് ദൃശ്യമായി. എന്തു പറഞ്ഞ് സമാധാനിപ്പിക്കും,​ ഈ മകനെയും കൂട്ടാളികളെയും?

അപ്പോഴാണ് മകന്റെ ഡയലോഗ്: 'ഈ ഉപകരണം നമ്മുടെ മിഷൻ ആശുപത്രിയുടേതാണല്ലോ. പാവങ്ങൾക്ക് ആശ്രയമായ ഈ ആശുപത്രിക്ക് ഞങ്ങളെക്കൊണ്ട് ഒരു നഷ്ടവും ഉണ്ടാകരുത്. അത് തിരികെ തരാനാണ് ഞങ്ങൾ വന്നത്. താമസിച്ചു പോയതിൽ ഖേദിക്കുന്നു. നന്ദിയുണ്ട് ഡോക്ടർ!"

ആൾക്കൂട്ടം തിരിച്ചുപോയി. ജയിംസ് ഡോക്ടർ തരിച്ചിരുന്നുപോയി!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY