SignIn
Kerala Kaumudi Online
Thursday, 14 May 2026 2.47 AM IST

കുട്ടികളെ ത്യാഗവും പഠിപ്പിക്കണം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
a

മൂന്നാഴ്ച കഴിയുമ്പോൾ പുതി​യൊരു വി​ദ്യാലയ വർഷത്തി​ന് കൂടി​ തുടക്കമാവുകയാണ്. നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ മതിഭ്രമം സൃഷ്ടിക്കുന്നതാകരുത് വിദ്യാഭ്യാസം. നിഷ്‌കളങ്കമായ ബാല്യത്തിൽ വിദ്യാഭ്യാസത്തോടൊപ്പം സദാചാര മൂല്യങ്ങളും ചതിക്കുഴികൾ തിരിച്ചറിയാനുള്ള വിവേകവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകണം. ആത്മീയ വളർച്ച ആദ്യമായി പ്രകാശിക്കേണ്ടത് കൂട്ടുകാരൊത്തുള്ള സദാചാര ബോധത്തിലും സാമൂഹ്യ വികാരങ്ങളിലുമാണ്.

വിദ്യാലയത്തിൽ ത്യാഗം പഠിപ്പിക്കണം എന്ന് ശ്രീനാരായണ ഗുരുദേവൻ പറയുന്നു. കുട്ടിയുടെ ശരിയായ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമായ വ്യക്തിത്വ വികാസത്തിന് രണ്ടു കാര്യങ്ങൾ അനിവാര്യമാണ്. പ്രാർത്ഥനയും ത്യാഗവും,​ ആത്മീയതയും ത്യാഗവും- ഇതു രണ്ടും ഒരു വിദ്യാർത്ഥിയിൽ സ്വാഭാവികമായി സമ്മേളിക്കുമ്പോഴാണ് അവന്റെ ഹൃദയത്തിൽ വിദ്യയുടെ തിരി തെളിയുന്നത്.


ബാഹ്യവും ആന്തരികവുമായ മനസിന്റെ അഗാധതലങ്ങളെ സ്വസ്ഥവും ശാന്തവുമാക്കണം.ഇതിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ കഴിയുന്ന നവവിദ്യാഭ്യാസ ക്രമം വഴി മൂല്യബോധവും അനുകമ്പയും ഉണ്ടാകുമ്പോൾ മാത്രമേ വിദ്യാഭ്യാസം ഒരു ജനതയെ വിവേകശാലികളും സ്‌നേഹമുള്ളവരും ത്യാഗികളുമാക്കുകയുള്ളൂ. ഇവിടെ അമ്മയ്ക്കു മാത്രമാണ് കുട്ടിയെ രൂപപ്പെടുത്തുന്നതിൽ കൂടുതലായി ചെയ്യാനുള്ളത്.

അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് സമൂഹം നിർമ്മിച്ചൊരുക്കിയ മറ്റൊരു ഗർഭപാത്രത്തിലേക്കാണ് കുഞ്ഞ് വീഴുന്നത്. അരക്ഷിതത്വത്തിന്റെ ശൂന്യതയിലേക്ക് വീണു പോകാതിരിക്കാൻ അമ്മയെപ്പോലെ അദ്ധ്യാപകരും കുഞ്ഞിനു ചുറ്റും മതിലുപോലെ നിർഭയത്വത്തിന്റേയും ആത്മധൈര്യത്തിന്റേയും കവചമൊരുക്കണം.


മനുഷ്യവംശത്തിന്റെ മഹാപ്രബോധകരായ മഹാസ്‌നേഹികളെ കേൾക്കാനും അവരിൽ നിന്നു പഠിക്കാനും ആവുമ്പോൾ മാത്രമാണ് കുഞ്ഞ് വെളിച്ചത്തിലേക്ക്,​ വെളിവിലേക്ക് വരികയുള്ളു. തോൽവിയിൽ തകരുകയും തളരുകയും ഒടുവിൽ ആത്മഹത്യയിലേക്ക് അഭയം തേടുന്നതും ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ബലമില്ലായ്മയാണ്. ജയാപജയങ്ങളെ സമബുദ്ധിയോടെ സ്വീകരിക്കാനും പരാജയത്തിൽ നിന്നും കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനും വിദ്യാർത്ഥിക്കു ആത്മബലമായി അദ്ധ്യാപകരും അച്ഛനമ്മമാരും ഉണ്ടാകുമ്പോൾ ഒരു മൊട്ടും വാടിക്കരിഞ്ഞു വീഴില്ല.

ഫുൾ എ പ്ളസ് വാങ്ങണം എന്ന സമ്മർദ്ദം കുട്ടിയെ മത്സരിച്ച് ജയിക്കാൻ തയ്യാറാക്കുകയാണ്. സ്‌കൂളിന്റെ നി​ലവാരം നി​ലനി​റുത്താനുള്ള ഉപകരണമാക്കി വിദ്യാർത്ഥികളെ മാറ്റാതിരുന്നാൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സഹപാഠികൾക്ക് തണൽ മരങ്ങളാകാനും ആശ്വാസത്തിന്റെ കുളിർക്കാറ്റാകാനും കഴി​യും. ഇത്തരമൊരു വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ പീഡനവും റാഗിംഗും നല്ലതെന്നു കരുതുന്ന അവസ്ഥയിൽ വിദ്യാർത്ഥിയെ എത്തിക്കും. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് നിർഭയരായി സ്‌കൂളിൽ പോകുവാനും പഠിക്കുവാനും ഉള്ള സ്വാതന്ത്ര്യത്തിന് ഒരു കുറവും വരാതിരിക്കാൻ നാം ശ്രദ്ധിക്കണം.

Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY