SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

പദ്മവ്യൂഹത്തിൽ സി.പി.എം

f

സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തായ എ. പദ്മകുമാറിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ വിവിധ ജില്ലകളിൽ നിന്ന് ഉയർന്ന ആവശ്യം. പക്ഷേ,പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് നടപടി മയപ്പെടുത്തി. നടപടിയെടുക്കാൻ ജില്ലാ കമ്മറ്റി ചേരുന്നതിന് മുൻപ് പദ്മകുമാർ സുഹൃത്തുക്കൾ മുഖേന നടത്തിയ ചില വെളിപ്പെടുത്തൽ പാർട്ടിയെ പ്രതിരോധത്തിലാക്കി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനും മേൽശാന്തി നിയമനത്തിനും പാർട്ടിയിലെയും അന്നത്തെ സർക്കാരിലെയും ഉന്നതർ നടത്തിയ നീക്കങ്ങൾ സംബന്ധിച്ച് തെളിവുകളുടെ തുമ്പുകൾ സുഹൃത്തുക്കൾ മുഖേന പദ്മകുമാർ പുറത്തുവിട്ടതാണ്, അദ്ദേഹത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചത്. പദ്മകുമാർ എന്ന പദ്മവ്യൂഹത്തിൽ പാർട്ടി അകപ്പെട്ടു. സി.പി.എം ഭരണഘടന പ്രകാരം സസ്പെൻഷൻ നടപടിയുടെ പരമാവധി കാലപരിധി ഒരു വർഷമാണ്. ഇതിനിടെ സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചേക്കാം. കുറ്റപത്രത്തിൽ പദ്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുകൾ വന്നാലേ തുടർ നടപടിയെന്ന നിലയിൽ പുറത്താക്കുന്ന കാര്യം ആലോചിക്കൂവെന്നാണ് പാർട്ടി നിലപാട്.

പാർട്ടി നേതൃത്വത്തെയും അന്നത്തെ ഭരണ നേതൃത്വത്തെയും കുടുക്കിലാക്കുന്ന നിർണായകമായ രേഖകൾ പദ്മകുമാറിന്റെ കൈവശമുണ്ടെന്നുറപ്പ്. ഇതറിഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ അദ്ദേഹത്തിനെതിരെ പാർട്ടി കടുത്ത നടപടികളിലേക്ക് പോകാതിരുന്നത്. തനിക്ക് പറയാനുള്ളത് ആത്മകഥയായി പുറത്തുവിടുമെന്ന് പദ്മകുമാർ തന്റെ അടുപ്പക്കാരിലൂടെ വെളിപ്പെടുത്തി. എന്നാൽ,അദ്ദേഹത്തോട് നേരിട്ട് ചോദിക്കുന്നവരോടെല്ലാം അത്മകഥ എഴുതില്ലെന്നും പാർട്ടിയെ വെല്ലുവിളിച്ച് ഒരു കാരണവശാലും മുന്നോട്ടു പോകില്ലെന്നും പറയുന്നു. രണ്ട് വള്ളത്തിൽ ചവിട്ടി തുഴയുന്ന തുഴക്കാരന്റെ റോളിൽ ശോഭിക്കാൻ വള്ളംകളിയുടെ നാട്ടിൽ ജനിച്ച പദ്മകുമാറിന് നന്നായിട്ടറിയാം എന്നാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികളുടെ വാദം. തന്നെ രാഷ്ട്രീയമായി തകർക്കാൻ പാർട്ടിക്കകത്തും പുറത്തും ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് വിവാദങ്ങളിൽ പെടുമ്പോഴെല്ലാം പദ്മകുമാർ പറയാറുണ്ട്.

സംരക്ഷിക്കുന്നതാര്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്മകുമാറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിക്ക് വലിയ തോൽവി നേരിടേണ്ടിവരില്ലായിരുന്നു എന്നാണ് അണികളുടെ വികാരം. പണ്ടൊക്കെ അണികൾ പറയുന്നത് കേട്ട് തീരുമാനങ്ങൾ എടുക്കുന്ന സംവിധാനമായിരുന്നു സി.പി.എമ്മിലുണ്ടായിരുന്നത്. ഇപ്പോൾ അണികളും കീഴ് ഘടകങ്ങളും ഒന്നു പറയുകയും നേതൃത്വം മറ്റൊന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് പാർട്ടി യോഗങ്ങളിൽ വിമർശനങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠമുൾക്കാെള്ളാതെ പദ്മകുമാറിനെ സംരക്ഷിച്ചു നിറുത്തിയത് പാർട്ടിയിലെയും അന്നത്തെ ഭരണത്തിലെയും ഉന്നതരാണെന്നാണ് ആക്ഷേപം ഉയർന്നത്. സ്വർണക്കൊള്ളയെപ്പറ്റിയുള്ള ചോദ്യത്തോട് നമ്മൾ ദൈവ തുല്യരായി കാണുന്നവർ പലരും ഇതിലുണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും എന്നായിരുന്നു അറസ്റ്റിലാകുന്നതിന് മുമ്പ് പദ്മകുമറിന്റെ പ്രതികരണം. ദൈവതുല്യർ എന്ന് ഉദ്ദേശിച്ചത് ശബരിമല തന്ത്രിയെ ആണെന്ന് പാർട്ടിയുടെ സൈബർ ഇടങ്ങൾ വ്യാഖ്യാനിച്ചു. എന്നാൽ, അടുത്തിടെയായി പദ്മകുമാറിന്റെ അടുപ്പക്കാരിൽ നിന്ന് പുറത്തുവന്ന വിവരങ്ങൾ പാർട്ടിയിലെ ദൈവങ്ങൾക്കെതിരെ അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെയും ചില നിയമനങ്ങളെപ്പറ്റിയും പദ്മകുമാർ തുറന്നു പറയുമെന്നും അടുപ്പക്കാർ ഭീഷണി ഉയർത്തി.

പദ്മകുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന ഘടകം ജില്ലാ നേതൃത്വത്തോട് നിർദേശിച്ചതിന് പിന്നാലെയാണ് ഭീഷണികൾ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ പദ്മകുമാർ പാർട്ടിയെ പദ്മവ്യൂഹത്തിലാക്കിയാലുണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് സസ്പെൻഷൻ എന്ന നിലയിലേക്ക് ഒതുക്കിയത്.

തിരക്കഥയുമായി

നേതാക്കളെത്തി

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മൂന്ന് മണിക്കൂറോളം തിരഞ്ഞെടുപ്പ് അവലോകനങ്ങൾക്കാണ് വിനിയോഗിച്ചത്. വൈകിട്ട് യോഗം അവസാക്കാൻ നേരം പത്ത് മിനിട്ട് മാത്രമാണ് പദ്മകുമാറിനെതിരായ നടപടി ചർച്ചചെയ്തത്. സംസ്ഥാന ഘടകം മുൻകൂട്ടി തീരുമാനിച്ച സസ്പെൻഷൻ തിരക്കഥയ്ക്കാണ് യോഗത്തിൽ അംഗീകാരമായത്. പദ്മകുമാറിനെ പുറത്താക്കണമെന്ന കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത ശേഷം, സ്വർണക്കൊള്ള കേസിൽ കുറ്റപത്രം വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന നിർദ്ദേശം മുതിർന്ന നേതാക്കൾ മുന്നോട്ടു വച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കലിന് തൊട്ടുമുൻപുള്ള നടപടിയാണ് സസ്പെൻഷൻ എന്നും ചൂണ്ടിക്കാട്ടി. പുറത്താക്കിയേ മതിയാകൂ എന്ന കർശന നിലപാടുമായി പിന്നീട് ആരും സംസാരിച്ചില്ല. പൊതുധാരണയെന്ന നിലയിൽ കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പാർട്ടി നിലപാട് വിശദീകരിക്കുകയും ചെയ്തു. നടപടിയെ പദ്മകുമാർ അംഗീകരിക്കുകയുമുണ്ടായി.

സി.പി.എമ്മിനെ ഏറെക്കാലമായി ഉലച്ചുകൊണ്ടിരിക്കുന്ന ശബരിമല യുവതി പ്രവേശന വിഷയം ഇനി ചർച്ചയിലേക്ക് കൊണ്ടുവരാൻ അനുവദിക്കരുത് എന്ന നിലപാടിന്റെ ഭാഗമായിട്ടാണ് പത്മകുമാറുമായി പാർട്ടി ഒത്തുതീർപ്പിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY