SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 PM IST

ഉത്തരമില്ലാത്ത ചോദ്യം

iran-usa-

ഒരു യുദ്ധം അവസാനിക്കുമ്പോൾ അനിവാര്യമായ ഒരു ചോദ്യം ഉയരും. ആരാണ് ജയിച്ചത്? രാമ,രാവണ യുദ്ധത്തിൽ രാമനും കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരും ജയിച്ചതായി പുരാണങ്ങൾ പറയുന്നു. അന്നുമുതലേ യുദ്ധങ്ങൾ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകാതിരിക്കാൻ തരമില്ല. അപ്പോഴെല്ലാം ‌ഈ ചോദ്യവും ഉയരും. ആരാണ് ജയിച്ചത്?

ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിച്ചതാണ്.

പക്ഷേ, അടുത്തിടെ സമാധാന കരാർ ഒപ്പുവച്ച ഇറാൻ- അമേരിക്ക യുദ്ധത്തിൽ ആരാണ് ജയിച്ചതെന്ന് അറിയാൻ മഷിയിട്ട് നോക്കേണ്ടിവരും. വ്യക്തതയില്ല. സൈനികമായി കനത്ത തിരിച്ചടി ഏറ്റെങ്കിലും തന്ത്രപരമായ വിജയം നേടിയത് ഇറാനാണ്. സൈനികമായി പ്രഹരം ഏറ്റില്ലെങ്കിലും തന്ത്രപരമായി പരാജയപ്പെട്ടത് അമേരിക്കയും.

മൂന്നുമാസം മുൻപ് യുദ്ധം തുടങ്ങിയ അതേ ദിവസമുള്ള ഇറാൻ ഇപ്പോഴും അതേപോലെ അവിടെയുണ്ട്. ഒരിഞ്ചു ഭൂമിപോലും അവർക്ക് നഷ്ടപ്പെട്ടിട്ടില്ല. പേരിനുപോലും ഭരണമാറ്റം ഉണ്ടായില്ല. ആണവനിലയങ്ങൾ അവർ അടച്ചുപൂട്ടിയിട്ടുമില്ല. അപ്പോൾ ആരുജയിച്ചു എന്നതിന് പകരം എന്തിനായിരുന്നു യുദ്ധം എന്നും ചോദിക്കേണ്ടിവരും. അതേസമയം തന്ത്രപരമായ മേഖലയിൽ സമാധാന കരാറിലൂടെ ഇറാൻ നേടിയ വിജയം ചെറുതല്ല.

നാൽപ്പത് വർഷത്തിലേറെ നീണ്ട ഉപരോധം അമേരിക്ക പിൻവലിച്ചു. എണ്ണക്കച്ചവടത്തിലൂടെ ബില്യൺ കണക്കിന് ഡോളർ നേടാൻ ഇതിലൂടെ ഇറാന് വഴിയൊരുങ്ങി. അതോടൊപ്പം വിദേശ ബാങ്കുകളിലുള്ള പാശ്ചാത്യശക്തികൾ മരവിപ്പിച്ച ഇറാന്റെ നിക്ഷേപങ്ങൾ വിട്ടുകിട്ടുകയും ചെയ്യും. അടിച്ചുമോനെ ലോട്ടറി എന്ന് മനുഷ്യർ സാധാരണ പറയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ കഴിഞ്ഞതാണ് അമേരിക്ക നേടിയ വലിയ വിജയമെന്നാണ് ട്രംപ് പറഞ്ഞത്. അതൊരു വലിയ വിജയമല്ല. കാരണം യുദ്ധത്തിനുമുമ്പ് അതു തുറന്നുകിടക്കുകയായിരുന്നല്ലോ. അത് അടപ്പിച്ചത് അമേരിക്കയുടെ യുദ്ധമാണ്. തുറപ്പിച്ചതും. ഇപ്പോൾ വീണ്ടും അടച്ചതായാണ് പുതിയ വാർത്ത. ഹോർമുസ് നാടകം ഇനിയും തുടരും.

അമേരിക്കയ്ക്ക് ഇറാനോട് തീർത്താൽ തീരാത്ത പകയുണ്ട്. അതിന്റെ വേരുകൾ വളരെ പഴയതാണ്. 1979ലാണ് ഷാ ഗവൺമെന്റിനെ അട്ടിമറിച്ച് ഇറാനിൽ അയത്തൊള്ള അലി ഖൊമൈനി എന്ന മതപണ്ഡിതന്റെ നേതൃത്വത്തിലുള്ള ഭരണം അവരോധിക്കപ്പെട്ട ഇറാൻ വിപ്ളവം നടന്നത്. അതിനുശേഷം അമേരിക്കൻ എംബസിയിൽ അതിക്രമിച്ചുകയറി, വിപ്ളവത്തിന് നേതൃത്വം നൽകിയ യുവാക്കൾ, 52 അമേരിക്കൻ പൗരന്മാരെ തടവുകാരാക്കി. ഇവരെ മോചിപ്പിക്കാൻ അമേരിക്ക പലവഴികളും നോക്കിയെങ്കിലും കഴിഞ്ഞില്ല.

അമേരിക്കയിൽ അഭയം തേടിയ മുൻ പ്രസിഡന്റ് ഷായെ തിരിച്ചുകിട്ടാതെ ബന്ദികളെ മോചിപ്പിക്കില്ല എന്ന വാശിയിലായിരുന്നു ഇറാൻ നേതൃത്വം. ഒടുവിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇറാനിൽ കടന്ന് ഇവരെ മോചിപ്പിക്കാനുള്ള രഹസ്യ കമാൻഡോ ആക്രമണമായ 'ഓപ്പറേഷൻ ഈഗിൾ ക്ളാ' നടത്തിയെങ്കിലും പൊളിഞ്ഞുപോയി. അമേരിക്കയുടെ തന്നെ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് ഇറാൻ മരുഭൂമിയിൽ തകർന്നുവീണതോടെയാണ് സംഗതി പാളിയത്.

പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജിമ്മി കാർട്ടർ പരാജയപ്പെടാനും ഇതൊരു പ്രധാന കാരണമായി. റെയ്‌ഗൻ അധികാരമേറ്റ ഉടനെതന്നെ ബന്ദികൾ മോചിപ്പിക്കപ്പെട്ടു. അപ്പോഴേക്കും ഷാ ക്യാൻസർമൂലം മരണമടഞ്ഞിരുന്നു. ഇറാൻ- ഇറാക്ക് യുദ്ധം തുടങ്ങുകയും ചെയ്തു. അതിനകം 444 ദിവസമാണ് അമേരിക്കൻ പൗരന്മാർക്ക് ബന്ദികളായി കഴിയേണ്ടിവന്നത്. അന്നുമുതൽ അമേരിക്കയുടെ കരിമ്പട്ടികയിലാണ് ഇറാൻ.

ഇസ്രയേലിന്റെ കളി

ഇറാൻ- ഇറാക്ക് യുദ്ധത്തിൽ അമേരിക്ക ഇറാക്കിനെയാണ് പിന്തുണച്ചത്. ഇസ്രയേൽ ഇറാനൊപ്പമാണ് നിന്നത്. ഇറാക്കിനെതിരെ ഇറാൻ പ്രയോഗിച്ചതിൽ കൂടുതലും ഇസ്രയേലിൽ നിർമ്മിച്ച ആയുധങ്ങളായിരുന്നു. ഇസ്രയേലിന് അവരുടെ പുതിയ ആയുധങ്ങളുടെ ഗുണപരിശോധനാ വേദികൂടിയായിരുന്നു ഈ യുദ്ധം. പിന്തുണയ്ക്കുന്നതിന് പകരമായി ഇറാൻ നിർലോഭം എണ്ണ ഇസ്രയേലിന് നൽകി. എൺപതുകളിലെ എണ്ണ പ്രതിസന്ധിയെ ഇസ്രയേൽ അതിജീവിച്ചത് അങ്ങനെയാണ്.

കാലം മാറുകയും പണത്തിന്റെ തൂക്കം കൂടുകയും ചെയ്യുമ്പോൾ വ്യക്തിബന്ധങ്ങളൊക്കെ മാറി മറിയുന്നതുപോലെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും മാറ്റംവരും. ഇന്നിപ്പോൾ ഇറാന്റെ ഏറ്റവും വലിയ ശത്രു ഇസ്രയേലാണ്. അവർക്ക് യുദ്ധം നിറുത്തിയത് ഒട്ടും പിടിച്ചിട്ടില്ല. അതിന് കാരണമുണ്ട്. 2026 ഒക്ടോബറിൽ ഇസ്രയേലിൽ തിരഞ്ഞെടുപ്പ് വരികയാണ്. അതുവരെയെങ്കിലും യുദ്ധം നീട്ടിക്കൊണ്ട് പോകണമെന്നും പാലസ്തീൻ പ്രശ്നത്തിൽനിന്ന് ലോകശ്രദ്ധ തിരിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂട്ടുകക്ഷി ഭരണവും ആഗ്രഹിച്ചിരുന്നു.

സമാധാന കരാർ അതിന് വിഘാതമായി. അതു പൊളിക്കാനാണ് ലബനനിൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നത്. തത്‌കാലം നിറുത്തിയെങ്കിലും ഏതു നിമിഷവും ആക്രമണം പുനരാരംഭിക്കാം. ലബനനിലെ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ളയ്ക്ക് പണം നൽകുന്നത് ഇറാനാണെന്ന കാരണം പറഞ്ഞ് അവർ ഇറാനെ ഇനിയും ആക്രമിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

പാളിയ 'വല്യേട്ടൻ' സുരക്ഷ

യുദ്ധം തുടങ്ങിയപ്പോഴുള്ള സാഹചര്യമല്ല ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്നത്. ഷിയ- സുന്നി പോരാട്ടം അന്തർധാരയായി വർത്തിക്കുന്നതിനാൽ ഇറാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് യുദ്ധത്തിന്റെ ആരംഭത്തിൽ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നു. അമേരിക്കയുടെ സേനാതാവളങ്ങൾ ഉള്ളതിനാൽ തങ്ങൾ സുരക്ഷിതരാണ് എന്ന മിഥ്യാബോധമാണ് അതിന് അവരെ പ്രേരിപ്പിച്ചത്.

'വല്യേട്ടൻ' ഉള്ളപ്പോഴും വീട്ടിൽ കയറി ഇറാൻ അടിക്കും എന്നവർക്ക് ഈ യുദ്ധത്തോടെ ബോദ്ധ്യമായി. സുരക്ഷയുമില്ല; ഹോർമുസ് അടച്ചതോടെ ബിസിനസുമില്ല എന്ന അവസ്ഥയിലായി ഗൾഫ് രാജ്യങ്ങൾ. ഇതുവരെ ഒരു മിസൈലും വീണിട്ടില്ലാത്ത യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതുണ്ടായി.

സ്വന്തം പ്രതിരോധത്തിന് സ്വയം മാർഗങ്ങൾ തേടണമെന്നും യുദ്ധത്തേക്കാൾ മുൻഗണന നൽകേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കുമാണെന്നുമുള്ള പുതിയ പാഠമാണ് ഗൾഫ് രാജ്യങ്ങൾ ഈ യുദ്ധത്തിൽനിന്ന് പഠിച്ചത്. ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദിയാണ് ഒപെക് രാജ്യങ്ങളുടെ കൂട്ടായ്‌മയിൽ എണ്ണവില ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഈ കൂട്ടായ്മയിൽനിന്ന് യു.എ.ഇ പിന്മാറിയത് അവർ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുകാണിക്കുന്നതായിരുന്നു.

യുദ്ധം പഠിപ്പിച്ച പാഠം

ഇന്ത്യ ഉൾപ്പെടെ പശ്ചിമേഷ്യ ഒട്ടാകെ ഇന്ധനപ്രതിസന്ധിയാൽ വലിഞ്ഞു മുറുകിയതിനെത്തുടർന്നുണ്ടായ അന്താരാഷ്ട്ര സമ്മർദ്ദത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലെ യു.എസ് സേനാതാവളങ്ങൾ വെറും നോക്കുകുത്തികളായി മാറുമോ എന്ന ഭീതിയുമാണ് യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.

യുദ്ധത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത് ഇറാനാണ്. 3,468പേർ കൊല്ലപ്പെട്ടു. എല്ലാ യുദ്ധത്തിലും എന്നപോലെ ഇതിൽ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണ്. ഇതിനുപുറമെ ഇറാന്റെ ആറായിരത്തോളം പട്ടാളക്കാരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത റിപ്പോർട്ടുണ്ട്. ഇരുനൂറോളം മിസൈൽ ലോഞ്ചറുകളും തകർക്കപ്പെട്ടു. ഇറാന്റെ 155ഓളം കപ്പലുകൾ പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു.

അമേരിക്കയുടെ 15 ഭടന്മാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ 32 ഭടന്മാരും 28 പൗരന്മാരും കൊല്ലപ്പെട്ടു. സൗദിയിൽ മൂന്നുപേരും യു.എ.ഇയിൽ 11പേരും കുവൈറ്റിൽ ഏഴുപേരും കൊല്ലപ്പെട്ടു. അപ്പോൾ സൈനികമായി ഇറാനാണ് തിരിച്ചടിയെങ്കിലും ഭരണമാറ്റം, ആണവ പദ്ധതി നിറുത്തിവയ്പ്പിക്കൽ എന്നീ രണ്ട് മുദ്ര‌ാവാക്യങ്ങളുമായി 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന ഡംഭും പറഞ്ഞ് യുദ്ധത്തിനിറങ്ങിയ ട്രംപിന് ഇതൊന്നുമില്ലാതെ യുദ്ധം അവസാനിപ്പിക്കേണ്ടിവന്നതിനാൽ അമേരിക്ക വിജയിച്ചതായി ആർക്കും കണക്കാക്കാനാകില്ല. ഇസ്രയേൽ ഇടഞ്ഞുനിൽക്കുന്നതിനാൽ യുദ്ധത്തിന് പൂർണ വിരാമമായെന്ന് വിശ്വസിക്കാനും കഴിയില്ല.

നമ്മൾ എന്തുകൊണ്ട് തോറ്റു എന്ന 'സന്ദേശ'ത്തിലെ ഉത്തമന്റെ ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്തതുപോലെ ആരാണ് ജയിച്ചത് എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. പാകിസ്ഥാനാണ് ഒരു മദ്ധ്യസ്ഥനായി വന്നതെങ്കിലും അതിന്റെ തിരക്കഥ രചിച്ചത് അവരെ ചട്ടുകമായി ഉപയോഗിക്കുന്ന ചൈനയാണ്. അമേരിക്കയെ മാത്രമല്ല ഇറാൻ യുദ്ധം പാഠം പഠിപ്പിച്ചത്. കുഞ്ഞു രാജ്യമാണെങ്കിലും തായ്‌വാനെ ആക്രമിച്ചാലും യുദ്ധം നിറുത്താൻ പാടുപെടേണ്ടിവരുമെന്ന പാഠം ചൈനയ്ക്കും പകർന്നുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY