SignIn
Kerala Kaumudi Online
Thursday, 09 April 2026 4.43 AM IST

വരുമാനം മാത്രമല്ല സംവരണത്തിന് ആധാരം

Increase Font Size Decrease Font Size Print Page
s

കേന്ദ്ര സർവീസിലെ ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ പദവിക്ക് മാതാപിതാക്കളുടെ ശമ്പളം മാത്രം അടിസ്ഥാനമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ദീർഘകാലമായി നിലനിന്നിരുന്ന ഒരു അവ്യക്തതയാണ് ദുരീകരിച്ചത്. മാതാപിതാക്കളുടെ വരുമാനം മാത്രം നോക്കി ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ മാനദണ്ഡം നിർണയിക്കാനോ അപേക്ഷകരെ ഒഴിവാക്കാനോ പാടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വരുമാനവും സ്വത്തുമൊക്കെ അധിക മാനദണ്ഡമായി കണക്കാക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

ക്രീമിലെയർ പദവി മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമായി തീരുമാനിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതോടെ മാതാപിതാക്കളുടെ വാർഷിക ശമ്പളപരിധി എട്ടുലക്ഷം കടന്നതിന് മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളിലെയും മറ്റും മുതിർന്ന ഉദ്യോഗസ്ഥരുടെ മക്കൾക്കും ഇനി സംവരണത്തിന് അർഹതയുണ്ടായിരിക്കും. ക്രീമിലെയർ എന്ന ആശയം തന്നെ സംവരണ ആനുകൂല്യവുമായി ചേരുന്നതല്ല എന്ന കാഴ്ചപ്പാടാണ് പിന്നാക്ക സമുദായങ്ങൾ പുലർത്തുന്നത്. കാരണം സംവരണം നൽകുന്നത് സമ്പന്നത നോക്കിയാവരുത്. ഒരു പ്രത്യേക വിഭാഗത്തിന്റെ സാമൂഹ്യ പദവിയാണ് അവരെ സംവരണത്തിന് അർഹരാക്കുന്നത്. അതിൽ സാമ്പത്തിക മാനദണ്ഡം ഏർപ്പെടുത്തുന്നത് സംവരണ തത്വത്തിന് നിരക്കുന്നതല്ലെങ്കിലും കോടതികളുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാടുകളിലൂടെയാണ് അങ്ങനെയുള്ള അവസ്ഥ വന്നുചേർന്നത്.

അതിൽത്തന്നെ,​ എട്ട് ലക്ഷം വാർഷിക വരുമാന പരിധിയാണ് നോൺ ക്രീമിലെയർ ആനുകൂല്യം അനുവദിക്കാൻ ഉദ്യോഗസ്ഥർ പ്രധാനമായി നോക്കിയിരുന്നത്. മാതാപിതാക്കൾ ഐ.ടി മേഖലയിലാണ് ജോലിചെയ്യുന്നതെങ്കിൽ അവരുടെ മക്കൾക്ക് ഒരിക്കലും സംവരണാനുകൂല്യം ലഭിക്കില്ല. സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പളം കൂടുതലാണെങ്കിലും അവരുടെ സാമൂഹ്യ പദവി ഉയർന്നതാവണമെന്നില്ല. അതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളെ അവരുടെ രക്ഷിതാക്കളുടെ ശമ്പള വരുമാനം മാത്രം അടിസ്ഥാനമാക്കി സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരാളുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്താനാണ് സംവരണാനുകൂല്യം നൽകുന്നത്. ശമ്പളം കൂടിയതുകൊണ്ടു മാത്രം ഉയരുന്നതല്ല സാമൂഹ്യ സ്ഥിതി. അത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മനുഷ്യനിർമ്മിതമായ ഒരു ദുഷിച്ച മനോഭാവത്തിന്റെ തുടർച്ചയാണ്. തലമുറകൾ മാറി വന്നിട്ടും ഇന്ത്യയിൽ ഇപ്പോഴും ഹീനമായ ജാതി വേർതിരിവുകൾ നിലനിൽക്കുന്നുണ്ട് എന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്.

ഇത്തരം സാമൂഹ്യ സാഹചര്യം തുടരുന്നിടത്തോളം സംവരണാനുകൂല്യം നൽകാൻ അവരുടെ ശമ്പളം മാത്രം പരിഗണിക്കുകയും സാമൂഹ്യസ്ഥിതി കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നൂറുകണക്കിനു പേർക്ക് സംവരണം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തേ കേരള, മദ്രാസ്, ഡൽഹി ഹൈക്കോടതികൾ ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവിട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ അപ്പീലുമായി സുപ്രീംകോടതിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇബ്‌‌സൺ ഷായാണ് ഹർജിക്കാരിലൊരാൾ. 2016, 17 വർഷങ്ങളിൽ സിവിൽ സർവീസ് പരീക്ഷ ജയിച്ചെങ്കിലും ക്രീമിലെയറായി പരിഗണിച്ചതിനാൽ ഇബ്സണ് ആദ്യവർഷം തസ്തിക ലഭിച്ചിരുന്നില്ല. 2017-ൽ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്‌സ് സർവീസാണ് ലഭിച്ചത്. മാതാപിതാക്കൾക്ക് നിശ്ചിത വരുമാന പരിധിക്കു മുകളിൽ ശമ്പളമുണ്ടെന്നതിന്റെ പേരിലാണ് മകൾക്ക് നോൺ ക്രീമിലെയർ സംവരണ പ്രകാരമുള്ള നിയമനം നിഷേധിച്ചതാണ് കേസിന് ആധാരമായി മാറിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.