SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.10 PM IST

ശസ്ത്രക്രിയാ പിഴവ് തടയാൻ മാർഗരേഖ

Increase Font Size Decrease Font Size Print Page
s

കേരളത്തിലെ ആരോഗ്യരംഗത്ത്; പ്രത്യേകിച്ച്,​ ചികിത്സാ പിഴവുകളും സൗകര്യങ്ങളുടെ കുറവും സംബന്ധിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ കാലങ്ങളിൽ ഉയർന്നുവന്നിട്ടുള്ളത്. ശസ്‌ത്രക്രിയയിലെ പിഴവുകൾ സംബന്ധിച്ചാണ്,​ ഓപ്പറേഷനു ശേഷം വയറ്റിൽ കത്രിക വച്ച് മറന്നുപോയി എന്നതുപോലുള്ള ഗുരുതരമായ പരാതികൾ ഉയർന്നിട്ടുള്ളത്. തെറ്റായ അവയവങ്ങളിൽ ശസ്‌ത്രക്രിയ നടത്തുക, ഡയാലിസിസിനു ശേഷമുള്ള അണുബാധ, സമയത്ത് ചികിത്സ നൽകാതെയുള്ള അവഗണന, ഐ.സി യൂണിറ്റിലെ തീപിടിത്തം തുടങ്ങി എത്രയോ വാർത്തകൾ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നു. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ക്ഷാമം സംബന്ധിച്ച് ഡോക്ടർമാർ വരെ പരസ്യമായ വെളിപ്പെടുത്തലുകൾ നടത്തിയ

സന്ദർഭങ്ങളിൽപ്പോലും 'സിസ്റ്റം എറർ" എന്നു പറഞ്ഞ് ലഘൂകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ചുമതലക്കാർ ശ്രമിച്ചിട്ടുള്ളത്.

പോരായ്മകളും കുറവുകളും സിസ്റ്റത്തിന് ഉള്ളിൽ നിന്നുതന്നെ പുറത്തുവരുന്നത് ഒരർത്ഥത്തിൽ നല്ലതാണ്. അപ്പോൾ ഉത്തരവാദപ്പെട്ടവരുടെ ഇടപെടൽ ഉണ്ടാവുകയും നിസാരമായ സാങ്കേതിക കാരണങ്ങളുടെയും ചുവപ്പുനാടയുടെയും തടസം കാരണം മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഉടനടി പരിഹരിക്കപ്പെടുകയും ചെയ്യും. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവിനൊപ്പം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ബാഹുല്യവുമാണ് ആശുപ്രതികളുടെ പ്രവർത്തനത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്നാണ് ഡോക്ടർമാരുടെ സംഘടനകളും മറ്റും ആരോപിക്കുന്നത്. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്നതല്ല. മന്ത്രിയെ തടഞ്ഞതുകൊണ്ടോ അതിന്റെ പേരിലുണ്ടാകുന്ന വിവാദങ്ങൾകൊണ്ടോ പരിഹരിക്കാനാവുന്നതല്ല അത്. അത്തരം സംഭവങ്ങളൊക്കെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനേ ഇടയാക്കൂ.

വ്യക്തവും ശക്തവുമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും അത് പിഴവു കൂടാതെ നടപ്പാക്കപ്പടുന്നത് ഉറപ്പാക്കുകയും ചെയ്യാതെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഇത്തരം ഒരു ശ്രമം വൈകിയാണെങ്കിലും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള ഉത്തരവാദിത്വങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നു. രോഗത്തിന്റെയും ശസ്‌ത്രക്രിയയുടെയും വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കുക, ശസ്‌ത്രക്രിയ നടത്തേണ്ട ഭാഗം മുൻകൂട്ടി 'സ്കിൻ മാർക്കർ" ഉപയോഗിച്ച് അടയാളപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നു.

താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ ചെറുതും വലുതുമായ എല്ലാ സർക്കാർ ആശുപത്രികളിലും നിർവഹിക്കപ്പെടുന്ന ശസ്‌ത്രക്രിയകൾക്ക് മാർഗനിർദ്ദേശം ബാധകമായിരിക്കും. ലോകാരോഗ്യ സംഘടന നേരത്തേ തന്നെ നിഷ്‌കർഷിച്ചിട്ടുള്ളതാണ് ‌ ഈ മാനദണ്ഡങ്ങൾ. ഇതൊക്കെ നടപ്പാക്കാൻ ഭരണപരമായ നടപടികൾ നേരത്തേ ഉണ്ടായിരുന്നെങ്കിൽ പല പരാതികളും ഒഴിവാക്കാമായിരുന്നു. മാത്രമല്ല,​ എന്തെങ്കിലും പരാതി ഉയരുമ്പോൾ പിഴവുകൾ പരസ്പരം പഴിചാരി രക്ഷപ്പെടുന്നത് പതിവാണ്. വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ വരികയും,​ അത് രേഖാമൂലം ശേഖരിക്കപ്പെടുകയും ചെയ്യുമ്പോൾ ഉത്തരവാദിത്വത്തിൽ നിന്ന് ചുമതലയുള്ളവർക്ക് എന്തെങ്കിലും പറഞ്ഞ് തടിതപ്പാനാകില്ല. ഓപ്പറേഷനു മുമ്പ് മൂന്നു ഘട്ടങ്ങളിലായുള്ള പരിശോനയും നിർബന്ധമാക്കി. സിസ്റ്റത്തിന് തകരാറുണ്ടെന്ന് മനസിലാക്കിയാൽ ഇതുപോലുള്ള ഭരണപരമായ നടപടികൾ സ്വീകരിച്ച് ഘട്ടം ഘട്ടമായി അത് പരിഹരിച്ചാൽ സർക്കാർ ആരോഗ്യരംഗത്തിന്റെ പഴയ പ്രതാപം നമുക്ക് വീണ്ടെടുക്കാൻ കഴിയുമെന്ന് കരുതാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.