SignIn
Kerala Kaumudi Online
Wednesday, 29 April 2026 7.13 AM IST

എന്തുകൊണ്ട് എഫ്‌.സി‌.ആർ‌.എ ഭേദഗതി വേണം

Increase Font Size Decrease Font Size Print Page
a

വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള ഇ.ഡിയുടെ അന്വേഷണത്തിൽ, വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 2025 നവംബർ മുതൽ 2026 ഏപ്രിൽവരെ ഏകദേശം 95 കോടി ഇന്ത്യയിലേക്ക് എത്തിയെന്നാണ് കണക്കുകൾ. നിരവധി സംസ്ഥാനങ്ങളിൽ പലവട്ടം ഇത്തരം വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എം മുഖേന പണം പിൻവലിക്കലുകൾ നടന്നുവെന്ന് ഇ.ഡി കണ്ടെത്തി. ഏപ്രിൽ 18,19 തീയതികളിൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ 25 വിദേശ ഡെബിറ്റ് കാർഡുകൾ, 40 ലക്ഷം രൂപ, ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. 24 കാർഡുകൾ കൈവശം വച്ചിരുന്നുവെന്ന് പറയുന്ന മൈക്ക മാർക്ക് എന്ന വിദേശ പൗരനെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് പിടികൂടിയതും കൂട്ടിവായിക്കണം.


ഇന്ത്യയുടെ വിദേശ സംഭാവന നിയന്ത്രണ സംവിധാനത്തിലെ ഘടനാപരമായ ദുർബലതയെ തുറന്നുകാട്ടുന്നതാണിത്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സംഘടനയായ 'ദി തിമോത്തി ഇനിഷ്യേറ്റീവുമായി' (ടി.ടി.ഐ) ബന്ധപ്പെട്ടതാണ് വിഷയമെന്ന് അധികൃതർ പറയുന്നു. ടി.ടി.ഐയുടെ ഇന്ത്യ ഘടകം വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്‌.സി.ആർ.എ) രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് ഇ.ഡി അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം വലിയൊരു ചോദ്യം ഉയർത്തുന്നു. വിദേശ പണത്തിന് ഇന്ത്യയിലേക്ക് പ്രവേശിക്കാനും, പണമായി പ്രചരിക്കാനും, സംഘടിത പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും, ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് മേൽനോട്ട ചട്ടക്കൂടിന്റെ പരിധിക്കു പുറത്ത് തുടരാനും കഴിയുമോ? ഉത്തരം അതേ എന്നാണെങ്കിൽ, അടിയന്തരമായി പരിഷ്കരണം വേണം.

യു.എസ് ആസ്ഥാനമായുള്ള സുവിശേഷ മിഷൻ സംഘടനയാണ് തിമോത്തി. ടി.ടി.ഐ പരമ്പരാഗത സഭാ വിഭാഗമായിട്ടല്ല, മറിച്ച് ഒരു ആഗോള സഭാ വികസന ശൃംഖലയായിട്ടാണ് സ്വയം അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന വംശീയ, ഭാഷാ അല്ലെങ്കിൽ സാംസ്‌കാരിക സമൂഹങ്ങൾ, അവശ്യസാധനങ്ങൾ എത്തിച്ചേരാത്ത, അല്ലെങ്കിൽ നാമമാത്രമായി കിട്ടുന്ന സമൂഹങ്ങൾ, ക്രൈസ്തവ സാന്നിദ്ധ്യമില്ലാത്ത സമൂഹങ്ങൾ, കൂടുതൽ മതാനുയായികളെ സൃഷ്‌ടിക്കൽ എന്നിവയിലാണ് സംഘടന കൂടുതൽ കേന്ദ്രീകരിക്കുന്നത്.

ഒരു പ്രാദേശിക നേതാവിനെ പരിശീലിപ്പിക്കും. ആ നേതാവ് ഒന്നിലധികം “തിമോത്തിമാരെ” പരിശീലിപ്പിക്കും. അവർ ഹൗസ് ഫെലോഷിപ്പുകളോ മൈക്രോ സഭകളോ രൂപീകരിക്കും. ഇതേ ശൃംഖല പലയിടങ്ങളിലായി ആവർത്തിക്കും. ഇതാണ് സംഘടനയുടെ വികസന മോഡൽ. 40ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുവെന്നാണ് ടി.ടി.ഐ അവകാശപ്പെടുന്നത്.

2,68,000ലധികം പള്ളികൾ, 23 ലക്ഷത്തിൽപ്പരം അനുയായികൾ, ഒറ്റപ്പെട്ടു കിടക്കുന്ന 1,700ലധികം വംശീയ, ഭാഷാ അല്ലെങ്കിൽ സാംസ്‌കാരിക സമൂഹങ്ങളിൽ സാന്നിദ്ധ്യം എന്നിങ്ങനെയാണ്

സംഘടന പറയുന്ന കണക്കുകൾ.

പരിഹരിക്കേണ്ട പ്രശ്നം

വിദേശ സംഭാവന നിയന്ത്രണ നിയമമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നിയമപരമായ മാർഗങ്ങളിലൂടെയല്ലാതെ വിദേശ ഫണ്ടിംഗ് നെറ്റ്‌വർക്കുകൾക്ക് ഇവിടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ബാങ്കിംഗ് ചാനലുകൾ വഴിയുള്ള വിദേശ സംഭാവനയാണ് വിദേശ സംഭാവന (നിയന്ത്രണ) നിയമം അംഗീകരിച്ചിട്ടുള്ളത്. എന്നാൽ പുതിയ ചില തന്ത്രങ്ങൾ നിലവിലെ ഘടനയെ അട്ടിമറിക്കുന്നതാണ്.

ഓരോ പരമാധികാര രാജ്യത്തിനും അറിയാനുള്ള അവകാശമുണ്ട്. അതിന്റെ അതിർത്തിക്കുള്ളിലെ സംഘടിത പ്രവർത്തനങ്ങൾക്ക് ആരാണ് ധനസഹായം നൽകുന്നതെന്ന് അറിയണം. പണം എവിടെ നിന്നു വരുന്നു, അത് എന്ത് ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, ആർക്കാണ് നേട്ടം, ദുർബലരായ ജനങ്ങളെ അത് സ്വാധീനിക്കുന്നുണ്ടോ എന്നിവ മനസിലാക്കേണ്ടതും പ്രധാനമാണ്.

വിദേശ സ്ഥാപനങ്ങൾ ആഭ്യന്തര നിയമത്തെ മാനിക്കാതെ രാജ്യത്തിന്റെ നിയന്ത്രണ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ്. മത ഗ്രൂപ്പുകൾ, എൻ‌.ജി‌.ഒകൾ, രാഷ്ട്രീയ സ്വാധീന ശൃംഖലകൾ, പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങൾ, കോർപ്പറേറ്റുകൾ, ലോബിയിംഗ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം നിയമം ഒരുപോലെ ബാധകമാണ്. മതസ്വാതന്ത്ര്യം, നിയമപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ, മാനുഷിക സഹായം തുടങ്ങിയവയ്‌ക്ക് രാജ്യം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ദുരുപയോഗം അനുവദിക്കാനാകില്ല.

ടി.ടി.ഐ വിഷയത്തെ ക്രിസ്ത്യൻ വിഷയമായി മാത്രമായി ചുരുക്കി കാണരുത്. ഇത് ഭരണ പ്രശ്നമാണ്. നാളെ ഇതേ പഴുതുകൾ തീവ്ര പ്രത്യയശാസ്ത്ര ഗ്രൂപ്പുകളും, വിഘടനവാദ മുന്നണികളും, നിയമവിരുദ്ധ വാണിജ്യ കാർട്ടലുകളും ദുരുപയോഗിച്ചേക്കാം. വിദേശ ഡെബിറ്റ് കാർഡുകളിലൂടെയും പണം പിൻവലിക്കലിലൂടെയും 95 കോടി ഇന്ത്യയിലേക്ക് മാറ്റാൻ കഴിയുന്നുവെങ്കിൽ ഇന്ത്യയുടെ വിദേശ ഫണ്ടിംഗ് നിയമങ്ങൾ ഉടനടി നവീകരിക്കേണ്ടതുണ്ട്.

ഇത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ, വിശ്വാസത്തിനോ, ആഗോള സഹായത്തിനോ എതിരല്ല. പകരം രാജ്യത്തിന്റെ പരമാധികാരത്തിനും, സുതാര്യതയ്‌ക്കും, നിയമവാഴ്ചയ്‌ക്കും അനുകൂലമാണ്. വിദേശ പണം ഇന്ത്യൻ നിബന്ധനകൾക്കും ദേശീയ താത്പര്യത്തിനും അനുസൃതമായി വേണം ഇന്ത്യയിൽ പ്രവേശിക്കേണ്ടത്.

ഇന്ത്യ ഉടൻ ചെയ്യേണ്ടത്

എഫ്.സി.ആർ.എ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുക. ആവർത്തിച്ചുള്ള വിദേശ ഡെബിറ്റ് കാർഡ് പണമൊഴുക്കുകളെ വിദേശ സംഭാവനയായി കണക്കാക്കുക.

ഇത്തരം പണം പിൻവലിക്കുകളെ നിരീക്ഷിക്കാൻ സംവിധാനം കൊണ്ടുവരണം. പദ്ധതി ഫണ്ടുകളാണെങ്കിൽ അതിന്റെ യഥാർത്ഥ കൺട്രോളർമാരുടെ വിവരം വെളിപ്പെടുത്താൻ വ്യവസ്ഥ വേണം

മെച്ചപ്പെട്ട ഓഡിറ്റ് സംവിധാനമുണ്ടാകണം. സംശയാസ്പദമായ ചാനലുകൾ താത്കാലികമായി മരവിപ്പിക്കാൻ അധികാരികൾക്ക് കഴിയണം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം നീക്കങ്ങൾ കണ്ടെത്തുകയും തടയുകയും വേണം

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.