SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.28 AM IST

ലിവിംഗ് ടുഗതറും നിയമ പ്രശ്നങ്ങളും

Increase Font Size Decrease Font Size Print Page
a

ഏതൊരു സമൂഹത്തിനും ലിഖിതമല്ലാത്ത ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അതനുസരിച്ചാണ് ഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ കടന്നുവന്നതും മേന്മ തെളിയിച്ചതും പൊതുജീവിതത്തിന്റെ സുഗമമായ ഗമനത്തിന് യോഗ്യമായതുമായ സംവിധാനങ്ങളെയാണ് ഒരു സമൂഹം സ്വന്തം ചിട്ടവട്ടങ്ങളായി സ്വീകരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യമായ ചടങ്ങാണെങ്കിലും അതിന് സാക്ഷ്യം വഹിക്കാൻ ബന്ധുമിത്രാദികൾ അടങ്ങുന്ന വലിയൊരു സദസ് സന്നിഹിതമായിരിക്കും. 'നാല് പേർ' കാൺകെയുള്ള ‌ഈ താലികെട്ട് അഥവാ വിവാഹ ചടങ്ങ് വലിയൊരു ചുമതലയും ഉത്തരവാദിത്വവുമാണ് വധുവിന്റെയും വരന്റെയും ചുമലിൽ ചാർത്തുന്നത്. നാലു പേർ കേട്ടാൽ മോശം പറയാത്ത രീതിയിലുള്ള കുടുംബജീവിതം ഞങ്ങൾ നയിച്ചുകൊള്ളാം എന്ന് സമൂഹത്തോട് സൗമ്യമായി സമ്മതിക്കുന്ന ചടങ്ങ് കൂടിയാണ് വിവാഹം. അതിന്റെ പ്രതീകമായാണ് താലിയും മാലയും മറ്റും ചാർത്തുന്നത്. ഒരു വലിയ സമൂഹം സാക്ഷിയായി നിന്നു എന്നത് ജീവിതകാലം മുഴുവൻ ആ ബന്ധം ഉടയാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ് പകരുന്നത്.

ഇതൊക്കെ പഴയ കാലങ്ങളിലെ സാഹചര്യങ്ങളാണ്. ‌ ഈ ആധുനിക കാലത്തും വിവാഹങ്ങളാണ് കൂടുതലെങ്കിലും സമൂഹത്തിന്റെ ചിട്ടവട്ടങ്ങളെ മാനിക്കാത്ത ചില രീതികളും പ്രചാരത്തിലുണ്ട്. അതിലൊന്നാണ് ലിവിംഗ് ടുഗതർ. ഒരിക്കലും വിവാഹത്തിന് തുല്യമായി ലിവിംഗ് ടുഗതറിനെ കാണാൻ കഴിയില്ല. വിവാഹം നിയമപരമായ ഒരു ചടങ്ങ് കൂടിയാണ്. എന്നാൽ നിയമത്തിന്റെ യാതൊരു കെട്ടുപാടുമില്ലാത്തതാണ് ലിവിംഗ് ടുഗതർ. ഏതു നിമിഷവും സമൂഹത്തെയോ നിയമപരമായ മറ്റ് സ്ഥാപനങ്ങളെയോ ഒന്നും അറിയിക്കാതെ പരസ്പരം പിരിയാൻ ലിവിംഗ് ടുഗതറിലെ പങ്കാളികൾക്ക് കഴിയും. ഇങ്ങനെ പിരിയുന്നതിനെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിവാഹിതരാകാതെ ഒന്നിച്ച് കഴിയുകയും ആ ബന്ധത്തിൽ കുട്ടി ഉണ്ടാവുകയും അതിനുശേഷം ബന്ധം പിരിയുമ്പോൾ മാനഭംഗപ്പെടുത്തി എന്ന പരാതി നൽകുകയും ചെയ്യുന്നത് എന്തിനാണെന്നാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പങ്കാളി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ജസ്റ്റിസിന്റെ ശ്രദ്ധേയമായ ഈ നിരീക്ഷണം. പരസ്‌പര സമ്മതത്തോടെയുള്ള ലിവിംഗ് ടുഗതർ ബന്ധം തകർന്നതിന് ശേഷമുള്ള പീഡന പരാതി നിലനിൽക്കില്ല.

പ്രതിക്ക് നാല് ഭാര്യമാരുണ്ടെന്ന കാര്യം മറച്ചുവച്ച് തന്നെ കബളിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ വാദം. പെൺകുട്ടിക്ക് 18 വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ വിവാഹത്തിന് മുൻപ് ഒന്നിച്ച് താമസിക്കാനും കുട്ടിക്ക് ജന്മം നൽകാനും തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമല്ലേ എന്നാണ് കോടതി തിരിച്ച് ചോദിച്ചത്. ഇങ്ങനെ ചോദിക്കുന്നത് ഇരയെ അപമാനിക്കാനല്ലെന്നും സമ്മതത്തിന്റെ സ്വഭാവം വ്യക്തമാക്കാനാണെന്നും കോടതി കൂട്ടിച്ചേർക്കുകയും ചെയ്തു. അതേസമയം ബന്ധം നിയമവിരുദ്ധമായേക്കാമെങ്കിലും അതിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് വേണ്ടി ചെലവിന് ആവശ്യപ്പെടാൻ അമ്മയ്ക്ക് എല്ലാ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ലിവിംഗ് ടുഗതർ ബന്ധങ്ങളിൽ ഏർപ്പെടുന്നവർ ഭാവിയിൽ അതിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നുമുള്ള മുന്നറിയിപ്പായി കൂടി സുപ്രീംകോടതിയുടെ നിരീക്ഷണത്തെ വിലയിരുത്തേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.