
ഇന്ത്യൻ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗാട്ടും അഖിലേന്ത്യ ഗുസ്തി ഫെഡറേഷനും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഒരു കായികതാരവും ഫെഡറേഷനും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം രാഷ്ട്രീയ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ്ഭൂഷൺ ചരൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതി പൊതുജനസമക്ഷം എത്തിച്ചതും പരാതിക്കാർക്ക് വേണ്ടി തെരുവിൽ സമരം നയിച്ചതും വിനേഷായിരുന്നു. ഇതിനെത്തുടർന്നാണ് ബ്രിജ്ഭൂഷണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. സ്ഥാനമൊഴിഞ്ഞെങ്കിലും തന്റെ അടുപ്പക്കാരെത്തന്നെ അധികാരക്കസേരയിൽ ഉറപ്പിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ. ഇതിനുപിന്നാലെയാണ് പാരീസ് ഒളിമ്പിക്സിൽ ശരീരഭാരം 100 ഗ്രാം അധികമായിപ്പോയതിന്റെ പേരിൽ വിനേഷിന് മെഡൽ നഷ്ടമായത്. ഇതോടെ വിനേഷ് കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങി കോൺഗ്രസ് ടിക്കറ്റിൽ ഹരിയാനയിലെ എം.എൽ.എയായി.
അടുത്തിടെ വിനേഷ് കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. തുടർന്നാണ് താരവും ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും ചൂടുപിടിച്ചത്. ബ്രിജ്ഭൂഷണിന്റെ തട്ടകമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലൂടെ മത്സരരംഗത്ത് തിരിച്ചുവരുമെന്നാണ് വിനേഷ് പ്രഖ്യാപിച്ചത്. എന്നാൽ ഈ ടൂർണമെന്റിനായുള്ള തന്റെ ഓൺലൈൻ രജിസ്ട്രേഷൻ തടസപ്പെടുത്തി എന്ന പരാതിയുമായി വിനേഷ് രംഗത്തു വന്നു. ഇതോടെ വിനേഷിന്റെ രജിസ്ട്രേഷൻ അംഗീകരിച്ചതായി ഫെഡറേഷൻ അറിയിച്ചു. ഇതിനുപിന്നാലെ ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡനപരാതി നൽകിയ ആറുപേരിൽ ഒരാൾ താനാണെന്ന് വിനേഷ് വെളിപ്പെടുത്തി. ഇതോടെ ഫെഡറേഷൻ താരത്തിനെതിരെ നടപടിയെടുത്തു. വിരമിക്കൽ റദ്ദാക്കി കായികരംഗത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾ ഉത്തേജക സമിതികൾക്ക് മുൻപാകെ മുൻകൂർ അറിയിക്കണമെന്ന സാങ്കേതികത്വം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗോണ്ടയിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമല്ല ഈ വർഷം ജൂൺ 26വരെ ഗോദയിൽ ഇറങ്ങുന്നതിൽ നിന്നും വിനേഷിനെ വിലക്കുകയും ചെയ്തു.
ഈ വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിലുൾപ്പെടെ തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ഫെഡറേഷന്റെ തന്ത്രമാണ് ഇതെന്ന് ആരോപിച്ച വിനേഷ് കഴിഞ്ഞ ദിവസം ഗോണ്ടയിലെ മത്സരവേദിയിലേക്ക് എത്തുകയും ചെയ്തു. എന്നാൽ വിലക്ക് ചൂണ്ടിക്കാട്ടി സംഘാടകർ മത്സരിക്കുന്നതിൽ നിന്ന് തടഞ്ഞു. വിലക്ക് കൽപ്പിച്ചുകൊണ്ടുള്ള കാരണം കാണിക്കൽ നോട്ടീസിന് വിനേഷ് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വിനേഷിനെ തടഞ്ഞതെന്നാണ് ഫെഡറേഷന്റെ വാദം. എന്നാൽ തനിക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച വിനേഷ് താൻ സന്യസിക്കാനോ ഗോദയിൽ നിന്ന് മാറി നിൽക്കാനോ പോകുന്നില്ലെന്നും അനീതിക്കെതിരെ പോരാടുമെന്നും പറഞ്ഞു. ഫെഡറേഷന്റെ നടപടിക്കെതിരെ വിനേഷ് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ സ്വർണമെഡലുകളും നേടിയിട്ടുള്ള താരമാണ് വിനേഷ്. ലോകറാങ്കിംഗിൽ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ തലനാരിഴയ്ക്കാണ് നഷ്‌ടമായത്. ഇത്തരത്തിലൊരു കായികതാരത്തെ തെരുവിലെ സമരവേദിയിലേക്ക് ഇറക്കി വിടുന്നതും ഫെഡറേഷനിലെ മേലാളന്മാർക്കെതിരെ സംസാരിച്ചാൽ കളിക്കളത്തിലിറങ്ങാൻ അനുവദിക്കില്ലെന്നതും ശരിയല്ല. രാഷ്ട്രീയ സമരമാക്കി മാറ്റാനുള്ള വിനേഷിന്റെ ശ്രമങ്ങളും കായികരംഗത്തിന് ഭൂഷണമല്ല. വിനേഷ് ഫോഗാട്ട് എന്ന കായികതാരത്തിന് ഇപ്പോഴും അന്താരാഷ്ട്ര വേദികളിൽ മത്സരിക്കാനും വിജയിക്കാനുമുള്ള ഉൗർജ്ജമുണ്ടെങ്കിൽ അതിനുവേണ്ട പിന്തുണ നൽകുകയാണ് ഫെഡറേഷൻ ചെയ്യേണ്ടത്. അത് തടസപ്പെടുത്തുന്നത് ഒരു കായികതാരത്തോടുള്ള നീതിപൂർവമായ നിലപാടല്ല. കായികവേദികൾ രാഷ്ട്രീയ വടംവലികളുടെ വേദിയാകാതിരിക്കാൻ കേന്ദ്രകായിക മന്ത്രാലയവും ഇടപെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |