SignIn
Kerala Kaumudi Online
Thursday, 14 May 2026 2.50 AM IST

'പെൺകുട്ടികൾ എന്തിന് പഠിക്കണം?"

Increase Font Size Decrease Font Size Print Page
Add as a preferred source on Google
d

ബീഹാറിലെ ഒരു വിദ്യാഭ്യാസ മന്ത്രി ചോദിച്ചിരിക്കുന്നത് പെൺകുട്ടികൾ എന്തിന് പഠിക്കണം എന്നാണ്. ശുദ്ധമായ വിവരക്കേട് എന്നല്ലാതെ ഈ പ്രസ്താവനയെ എങ്ങനെ വിശേഷിപ്പിക്കാനാകും. ബീഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് ഈ ആധുനിക യുഗത്തിൽ പെൺകുട്ടികൾ പഠിക്കാതെ വീട്ടിലിരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അവകാശങ്ങൾ തനിയെ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ബി.ജെ.പി എം.എൽ.എ ആയ മിഥിലേഷ് തിവാരി കഴിഞ്ഞ ദിവസമാണ് മന്ത്രിയായി ചുമതലയേറ്റത്. മന്ത്രിയാകുന്നതിന് മുമ്പ് അദ്ധ്യാപകനായിരുന്നു.

ഇരുണ്ട നൂറ്റാണ്ടുകളിലെ മനോഭാവം ഇപ്പോഴും തുടരുന്നവർ അധികാര സ്ഥാനങ്ങളിലെത്തുന്നത് രാജ്യത്തിന് തന്നെ പൊതുവേ ദോഷകരമാണ്. എല്ലാ രംഗത്തും വനിതകൾ മുന്നോട്ട് വന്നിരിക്കുന്ന ഒരു കാലമാണിത്. ഒരു ജോലി കിട്ടിയിട്ടു മതി വിവാഹം എന്ന നിലപാടാണ് വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഇക്കാലത്ത് സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും സ്‌ത്രീകൾ അടിച്ചമർത്തപ്പെടുന്നതിന്റെ പ്രധാന കാരണം അവരുടെ സാമ്പത്തിക സ്വാതന്ത്ര്യ‌മില്ലായ്മയാണ്. വീട്ടുജോലിയും ചെയ്ത് കുട്ടികളെയും നോക്കി സ്‌ത്രീകൾ വീട്ടിലിരുന്നാൽ മതിയെന്ന കാഴ്ചപ്പാട് തുരുമ്പുപിടിച്ച പുരുഷാധിപത്യത്തിന്റേതാണ്. അധികാരത്തിന്റെ കേന്ദ്രീകരണം സമൂഹത്തിൽ നടക്കുന്നത് സമ്പത്തുമായി ബന്ധപ്പെട്ടാണ്. പുരുഷന്റെ ചെലവിൽ മാത്രം കഴിയാൻ വിധിക്കപ്പെട്ട സ്‌ത്രീകൾക്ക് പലപ്പോഴും അവരുടെ മൗലികമായ പല അവകാശങ്ങളും നിഷേധിക്കപ്പെടാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിനെ സ്‌ത്രീകൾക്ക് മറികടക്കാൻ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെ മാത്രമാവും.

ഈ ആധുനിക കാലത്ത് ഒരു മേഖലയും സ്‌ത്രീകൾക്ക് അന്യമല്ല. വനിതകൾ തൊഴിൽ ചെയ്യാത്ത ഒരു മേഖലപോലും ഇന്നവശേഷിക്കുന്നില്ലെന്ന് കാണാനാകും. പുരുഷനും സ്‌ത്രീയും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യ‌വുമുള്ള രണ്ട് വ്യക്തിത്വങ്ങൾ തന്നെയാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ഗുരുക്കൻമാരൊക്കെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അതംഗീകരിക്കാതെ അവരെ പല രംഗങ്ങളിലും വിലക്കിയിരുന്നത് യാഥാസ്ഥിതകമായ ചൂഷണ സ്വഭാവമുള്ള പുരുഷകേന്ദ്രീകൃതമായ സംവിധാനങ്ങളാണ്. പുരുഷന്റെ ഭാഗം ന്യായീകരിക്കാൻ ഇതിഹാസ പുരാണങ്ങൾപോലും വളച്ചൊടിച്ച് സ്വാർത്ഥലാഭക്കാർ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ ഇത്തരം വിലക്കുകൾ മറികടന്നാണ് വനിതകൾ ഇന്നത്തെ നേട്ടങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത് എന്നത് അംഗീകരിക്കാൻ മടിയുള്ള, കണ്ണടച്ച് ഇരുട്ടാക്കുന്ന മനോഭാവമുള്ളവരാണ് പെൺകുട്ടികൾ എന്തിന് പഠിക്കണം എന്നതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്.

ഭാര്യയെ ഒരു മൃഗമായല്ല കണക്കാക്കേണ്ടത് എന്ന് അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് ഉന്നത കോടതിക്ക് അഭിപ്രായപ്പെടേണ്ടിവന്നു. കാലം വളരെയേറെ പുരോഗമിച്ചിട്ടും അത്തരം സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ് കോടതിയുടെ ഈ പരാമർശം. ഇതൊക്കെ ഒരു ദിവസം കൊണ്ട് മറികടക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലൂടെ, സ്വന്തമായി വരുമാനം ലഭ്യമാക്കുന്ന ജോലിയോ സംരംഭങ്ങളോ തുടങ്ങുന്നതിലൂടെ മാത്രമേ വനിതകൾക്ക് അവരുടെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കാനാവൂ. ഭർത്താവിന്റെ ഇത്തിൾക്കണ്ണിയായി ജീവിക്കുന്നു എന്ന വിചാരത്തിൽ നിന്ന് മുക്തമാവാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിൽ പെൺകുട്ടികൾ എന്തിന് പഠിക്കണം എന്ന് ചോദിച്ച മന്ത്രിക്ക് വിദ്യാഭ്യാസമന്ത്രിയുടെ കസേരയിൽ ഇരിക്കാനുള്ള ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. നാരീശക്തിയെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ട് മാത്രം ഫലമില്ല. പ്രവൃത്തിയിലും വനിതകളോട് നീതി പുലർത്താൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം.

Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY