SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.05 AM IST

ഡിജിറ്റൽ അടിമത്തം കൂടുന്നു, സെെബർ കുറ്റകൃത്യങ്ങളും

a

എഴുപതുവർഷക്കാലത്തിനിടയിൽ ഭൗതികസാഹചര്യങ്ങളിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ആ പേരും പെരുമയും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേഖലയിലും നിലനിറുത്തേണ്ടതുണ്ട്. കേവല സാക്ഷരതയിൽ നിന്ന് ഡിജിറ്റൽ സുരക്ഷാ സാക്ഷരതയിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു.

ഡിജിറ്റൽ സാക്ഷരതയിലും ഇന്റർനെറ്റ് വ്യാപനത്തിലും ഇന്ത്യയിൽ ഏറ്റവും മുന്നിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, ഈ അമിത ഡിജിറ്റൽ ആശ്രയത്വം കേരളീയ സമൂഹത്തിന് മുന്നിൽ വലിയൊരു ഭീഷണിയും ഉയർത്തുന്നുണ്ട്; അതാണ് വർദ്ധിച്ചുവരുന്ന സൈബർകുറ്റകൃത്യങ്ങൾ. സുരക്ഷിതവും മാതൃകാപരവുമായ ഒരു സൈബർ ഇടം സൃഷ്ടിക്കാൻ സമൂഹം ഒന്നായി നിലകൊളേളണ്ടതുണ്ട്.

സെെബർ ക്രെെമുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഇരയാവുന്ന കുറ്റകൃത്യങ്ങൾ കൂടിവരുന്ന കാലമാണിത്. കാൽനൂറ്റാണ്ടിലേറെയായി സെെബർ ക്രെെം ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിച്ച അനുഭവത്തിലാണിത് പറയുന്നത്. ഗ്ളോബലായി വർക്ക് ചെയ്യുമ്പോഴും ഭൂരിഭാഗവും കേരളത്തിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചുവരുന്നത്. പ്രത്യേകിച്ച് ഏത് സ്ഥലങ്ങളിൽ സെെബർ ക്രെെം കൂടുന്നുവെന്ന് പറയാനാവില്ലെങ്കിലും ഇൻ്റർനെറ്റിന്റെ വ്യാപനം കാരണം സെെബർ കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടിക്കൂടി വരുന്നുവെന്നത് വസ്തുതയാണ്. ഇതിൽ പ്രധാനകാര്യം ഇൻ്റർനെറ്റിൽ അമിതമായി അഡിക്റ്റഡാവുന്നുവെന്നതാണ്.

ഡിജിറ്റൽ അടിമത്തത്തെക്കുറിച്ച് പറയുമ്പോൾ

കുട്ടികളെയാണ് നമ്മൾ ചൂണ്ടിക്കാണിക്കാറുളളതെങ്കിലും മുതിർന്നവരും അതിലേറെ അഡിക്റ്റഡാവുന്നു എന്നതാണ് വസ്തുത. ശരിതെറ്റുകൾ തമ്മിൽ വേർതിരിക്കുന്ന ഒരു അതിർവരമ്പുണ്ട്. ഇൻ്റർനെറ്റിൽ ചെയ്യാവുന്നതും

ചെയ്യരുതാത്തവയും തമ്മിലുളള നേർത്ത അതിർവരമ്പുകൾ ലംഘിച്ചുപോകുകയാണ്. അത് പലരും തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങളും കൂടിവരുന്നു. ഓരോ തവണയും പല പ്ളാറ്റ് ഫോമുകളിലാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന്

മാത്രം. പണ്ട് ഓർക്കുട്ടും യാഹുവുമായിരുന്നെങ്കിൽ ഇന്ന് സ്നാപ് ചാറ്റുമൊക്കെയായെന്ന് മാത്രം. സെെബർ ക്രെെമുകളിലെ കഥകൾ മാറുന്നില്ല. ഏത് പ്ളാറ്റ് ഫോം എത്രത്തോളം ഉപയോഗിക്കുന്നുവെന്നതും അതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തിയുമെല്ലാമാണ് കൂടിവരുന്നത്.

ഓരോ പ്ളാറ്റ് ഫാേം വരുമ്പോൾ ആനുപാതികമായി സ്ത്രീകൾ ഇരയാക്കപ്പെടുന്ന സംഭവങ്ങളും കൂടിവരുന്നു.

ജാഗ്രതവേണം, പ്രത്യേകിച്ച് സ്ത്രീകൾക്ക്

സെെബർ കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സാമൂഹികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ തരംതിരിച്ചെടുക്കുമ്പോൾ അതിൽ വ്യക്തിപരമായ വിവരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വ്യക്തിവിവരങ്ങൾ മറ്റാർക്കും കെെമാറാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മളെക്കുറിച്ചുളള വിവരങ്ങൾ അത്രയും കുറച്ചുമാത്രം പൊതുയിടങ്ങളിൽ നൽകുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലെങ്കിൽ അത്യാവശ്യത്തിന് മാത്രം ലോകത്തെ അറിയിക്കുക എന്നതിൽ ജാഗ്രത വേണം. ദെെനംദിനകാര്യങ്ങൾ, ഇഷ്ടമുളള കാര്യങ്ങൾ എന്നിവയെല്ലാം കഴിയുന്നതും ലഭ്യമാക്കാതിരിക്കുക. എല്ലാവരും അറിഞ്ഞാൽ കുഴപ്പമില്ലാത്തത്, സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ കുഴപ്പമില്ലാത്തത് എന്നിങ്ങനെ വ്യക്തിഗതവിവരങ്ങൾ വേർതിരിവോടെ നൽകുക. ഇൻ്റർനെറ്റ് ലോകം മുഴുവൻ എത്തുന്ന പൊതുഇടമാണെന്ന ചിന്ത എപ്പോഴുമുണ്ടാകണം.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒരു സമ്മതപത്രവും മുൻകൂർ ജാമ്യവും കാണാം. അതിനർത്ഥം നമ്മുടെ ഡാറ്റ അവർക്ക് ഉപയോഗിക്കാമെന്നതാണ്. അവരുടെ ഗവേഷണവിഭാഗങ്ങൾക്ക് അടക്കം വിവരങ്ങൾ നമ്മൾ ലഭ്യമാക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ ആപ്പുകളും സുരക്ഷിതമല്ല. എല്ലാ ആപ്പുകളും ഡൗൺലോഡ് ചെയ്യേണ്ടതില്ല. ആവശ്യമുളളവ ആവശ്യമുളള സമയത്ത് ഡൗൺലോഡ് ചെയ്താൽ മതിയാകും.

സാമ്പത്തിക ഇടപാടുകളിൽ ഒ.ടി.പിയും പാസ് വേഡും ഒരിക്കലും ആരുമായും പങ്കുവെക്കേണ്ടതില്ല. അത് ഇടപാടുകാരന് മാത്രമായുളളതാണ്. ബാങ്കുകൾക്കുപോലും അത് ഷെയർ ചെയ്യേണ്ടതില്ല. ബാങ്കുകൾ സാധാരണ അങ്ങനെ ചോദിക്കുകയുമില്ല. ബാർ കോഡ് സ്കാൻ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു അക്കൗണ്ടിൽ മാത്രം ഡിജിറ്റൽ പണമിടപാട് നടത്തുക. ആർക്ക് പണം അയക്കുകയാണെങ്കിലും അത് ഉദ്ദേശിച്ച വ്യക്തിക്കു തന്നെയാണെന്ന് അയക്കുന്നതെന്ന് വീണ്ടും ഉറപ്പാക്കുക. നമുക്ക് പണം വരുന്ന അക്കൗണ്ടുകൾ ഏതാണെന്ന് കൃത്യമായ ധാരണവേണം. ഇല്ലെങ്കിൽ

കളളപ്പണക്കേസിൽ നമ്മളും പ്രതികളാകും. അപരിചിതമായ അക്കൗണ്ടുകളിൽ നിന്ന് പണം വരുമ്പോൾ ജാഗ്രത വേണം. ഉടനെ ബാങ്കുകളിൽ അറിയിക്കണം. പരാതി രേഖാമൂലം നൽകി കോപ്പി സൂക്ഷിക്കണം. ട്രാൻസാക്ഷൻ എവിഡൻസുകൾ നൽകണം. 1930 യിൽ വിളിച്ച് റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് ഫ്രീസ് ചെയ്യണം. എ.ടി.എം.കാർഡും പിൻനമ്പറും ബ്ളോക്ക് ചെയ്യണം. cybercrime.gov.in ൽ പരാതി നൽകണം. പൊലീസ് സ്റ്റേഷനിലും പരാതിപ്പെടാം. സാമ്പത്തിക തട്ടിപ്പുകളല്ലാത്ത കേസിലും ഇതുപോലെ പരാതി നൽകാം. നിയമനടപടികളായില്ലെങ്കിൽ കോടതിയെ സമീപിക്കാം. തട്ടിപ്പുകാർക്കെതിരെ തിരിച്ച് പ്രതികരിക്കുകയോ മറ്റോ ചെയ്യുന്നത് ദോഷം ചെയ്യും. സെെബർ കേസുകളുമായി സമീപിക്കുന്നവരോട് എല്ലായ്‌പ്പോഴും പറയുന്നത് ഒരേ കാര്യങ്ങളാണ്. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കരുതെന്നും എത്രയും വേഗം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നുമാണ്. ഭീഷണിയെ എത്ര പേടിക്കുന്നവോ അത്രയും പ്രശ്‌നങ്ങളും കൂടും. കുറ്റവാളികള്‍ക്ക് വേണ്ടത് പണം മാത്രമാണ്. നമ്മുടെ പേടിയെയാണ് അവര്‍ പണമാക്കി മാറ്റുന്നത്. എത്രത്തോളം വഴങ്ങിക്കൊടുക്കുന്നുവോ അതിനനുസരിച്ച് അവര്‍ ഭീഷണി തുടര്‍ന്നു കൊണ്ടിരിക്കും എന്നതാണ് വസ്തുത.

എന്നാല്‍, അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പരാതിപ്പെടാൻ ആളുകള്‍ മടിക്കുകയാണ് ചെയ്യുന്നത്.

മൊബെെൽഫോൺ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് ഇന്നത്തെ തലമുറയ്ക്കും ധാരണയില്ല. സൈബർ ഇടങ്ങളോട് അത്രത്തോളം അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സെെബർ പ്രശ്നങ്ങൾ മാതാപിതാക്കൾകൂടുതൽപഠിക്കാൻ ശ്രമിക്കുകയും കുട്ടികളെ അതിനനുസരിച്ച് നിയന്ത്രിക്കുകയും വേണം. മാതാപിതാക്കൾ ചെയ്യുന്നത് കുട്ടികൾ അനുകരിക്കും. മാതാപിതാക്കൾക്കാണ് ആദ്യം ബോധവത്ക്കരണം കൊടുക്കേണ്ടത്. ശേഷമാണ് കുട്ടികളിലും സ്‌കൂളുകളിലുമെല്ലാം ബോധവത്ക്കരണം നടത്തേണ്ടത്. സാമൂഹിക മാദ്ധ്യമങ്ങൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ അവര്‍ പലതരത്തിൽ ടാർജറ്റ് ചെയ്യപ്പെടും.

ഇര തന്നെ തെളിവ് നശിപ്പിക്കുന്നു

തെളിവ് കിട്ടാനുള്ള പ്രധാന പ്രശ്‌നം ഇര തന്നെ തെളിവ് നശിപ്പിക്കുന്ന രീതി കൊണ്ടാണ്. മൊബൈൽനശിപ്പിക്കുക, ഉപേക്ഷിക്കുക, ഫോൺ ഫോർമാറ്റ് ചെയ്യുക തുടങ്ങിയവ കാര്യങ്ങളൊക്കെ ചെയ്യുകയാണ് അവർ ആദ്യം ചെയ്യുന്നത്. പിന്നീട് റിട്രീവ് ചെയ്‌തെടുക്കുന്ന തെളിവുകൾക്ക് നിയമസാധുത കുറയും. പ്രധാനപ്പെട്ട തെളിവ് കിട്ടാതെ വരും. ഇരകൾ പോലും അവരുടെ ഗാഡ്ജറ്റ് ഏല്‍പ്പിക്കാൻ മടിക്കുകയാണ് ചെയ്യുന്നത്. ഇരയാക്കപ്പെട്ടാലും

ഫോണ്‍ തരാൻ മടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.

തെളിവ് കണ്ടെത്താനുള്ള പ്രയാസം ഇത്തരം പ്രവണതകൾമൂലമാണ്. നിയമങ്ങളേക്കാൾ ആളുകളുടെ സമീപനത്തിലാണ് മാറ്റം വേണ്ടത്.

(ലേഖിക ഡോ.പാട്ടത്തിൽ ധന്യമേനോൻ പ്രശസ്ത സെെബർ ക്രെെം ഇൻവെസ്റ്റിഗേറ്ററാണ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION