
അമൃതപുരി എന്നും എപ്പോഴും ആനന്ദത്തിലാണ്. കാരണം ഇവിടെ അമ്മയെന്ന പരിപൂർണതയുടെ സാന്നിദ്ധ്യമുണ്ട്. അതിവിടുത്തെ മണ്ണിനേയും വിണ്ണിനേയും ആത്മജ്ഞാനത്തിന്റെ ഉജ്ജ്വലദീപ്തിയിൽ പരിപൂരിതമാക്കുന്നു. സ്വന്തം അസ്ഥിത്വം തേടിയുള്ള അന്വേഷണമാണ് അദ്ധ്യാത്മികത. അവിടെ താൻ തന്നെയാണ് പഠന വിഷയമാക്കുന്നത്. സ്വയം അറിയുന്നിലും ശ്രേഷ്ഠമായി ഈ ലോകത്തിൽ മറ്റൊന്നുമില്ല. അണ്ഡകടാഹത്തിന്റെ സമഗ്രസത്തയെ സ്വാംശീകരിക്കലാണത്.
തപോനിഷ്ഠയിലൂടെ, മനസിനെ സ്ഫുടം ചെയ്തെടുക്കുമ്പോൾ, 'ഞാൻ തന്നെയാണീശ്വരൻ. അഖിലവും ഞാൻ തന്നെ' എന്ന ബോധം അനാവരണം ചെയ്യപ്പെടുന്നു. ജ്ഞാനോദയം ഉണ്ടാകുന്നതോടെ, ഇഷ്‌ടാനിഷ്‌ടങ്ങളുടെ പരിമിതികളെല്ലാം ഭേദിക്കപ്പെടുന്നു. 'അകവും പുറവും' എന്ന തോന്നൽ മാഞ്ഞുപോകുന്നു. മഹാകാശത്തിന്റെ അനന്തത സ്വാനുഭവമാകുന്നു. ആ അനന്തതയാണ് സദ്‌ഗുരുവിന്റെ ലോകം. അതാണ് 'ഈ പ്രപഞ്ചം ഒരു ചെറുകുമിളയായി എന്റെയുള്ളിൽ നിലകൊള്ളുന്നു" എന്ന് അമ്മ പറയുന്നതിന്റെ അർത്ഥം.
ഗുരു വ്യക്തിയല്ല. ആത്മചൈതന്യമാണ്. സർവവ്യാപകത്വമാണവിടുത്തെ സ്വരൂപം. കാറ്റിന്റെ സാന്നിദ്ധ്യം പോലെ, ആത്മജ്ഞാനിയായ ഗുരുവിന്റെ മഹത്സാന്നിദ്ധ്യം സദാ സർവദാ സകലതിലും വ്യാപ്‌തമായിരിക്കുന്നു. അതേവർക്കും എല്ലായ്പ്പോഴും സുലഭമാണ്. എന്നാൽ, ' ആദ്യം ശിഷ്യനുണ്ടാകണം. എങ്കിലെ ഗുരു ഉണ്ടാകൂ" എന്ന് അമ്മ ഓർമ്മിപ്പിക്കുന്നു.
ഐസക് ന്യൂട്ടൺ ഭൂഗുരുത്വാകർഷം കണ്ടെത്തുന്നതിന് മുമ്പും അത് നിലനിന്നിരുന്നു. പക്ഷെ, അത് കാണാനുള്ള ഉൾക്കാഴ്ചയും അറിയാനുള്ള തീവ്രാഭിലാഷവും ആരിലും ഉണ്ടായിരുന്നില്ല. അതുപോലെയാണ് സദ്‌ഗുരുവിന്റെ ചൈതന്യധന്യമായ സാന്നിദ്ധ്യവും. അത് അഭംഗമായൊരു നൈരന്തര്യമാണ്. കാറ്റിലും കല്ലിലും കടലിലും മരത്തിലും മരുഭൂമിയിലും ഓരോ മണൽത്തരിയിലും ആ അഖണ്ഡചൈതന്യം സന്നിവേശിച്ചിരിക്കുന്നു. ചരാചരങ്ങളെ സംയോജിപ്പിക്കുന്ന അദൃശ്യശക്തിയാണത്. അതുകൊണ്ടാണ് പ്രഹ്ലാദന്റെ നിഷ്ക്കളങ്ക ഭക്തിയുടെ മുന്നിൽ ആ അനന്തശക്തി നരസിംഹരൂപത്തിൽ തൂണ് പിളർന്ന് അവതാരം കൊണ്ടത്.
കുരുക്ഷേത്ര യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഭഗവാൻ കൃഷ്ണന്റെ വിശ്വരൂപം ദർശിക്കാനുള്ള മഹാഭാഗ്യം അർജ്ജുനന് സിദ്ധിച്ചു. ആ അനുഗ്രഹീത നിമിഷം ഒന്ന് സങ്കല്പിച്ച് നോക്കൂ. ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നുളവായ അത്യപൂർവ ദൃശ്യം. അർജ്ജുനനെ ഭീതിയുടെയും ആശ്ചര്യത്തിന്റെയും മൂർദ്ധാവിലെത്തിച്ച്, അവസാനം സർവാപരാധങ്ങൾക്കും മാപ്പപേക്ഷിച്ച് പൂർണശരണാഗതിയടയാൻ സഹായിച്ച അലൗകിക നിമിഷം.ആ ധന്യ മൂഹൂർത്തത്തിൽ, പ്രപഞ്ചശക്തി മാനുഷരൂപം പൂണ്ട് പാർത്ഥന്റെ മുന്നിൽ ആവിർഭവിക്കുകയായിരുന്നു. ഭഗവദ്ഗീതയുടെ 11-ാം അദ്ധ്യായത്തിൽ ആ മഹാത്ഭുതത്തെ പറ്റി വിശദമായി വർണിക്കുന്നുണ്ട്. ഓരോ അണുവും ഓരോ പുൽക്കൊടിയും അർജ്ജുനനെ ഒരേസ്വരത്തിൽ അഭിസംബോധന ചെയ്‌തു. വിശ്വത്തിന്റെ ജിഹ്വയിലൂടെ ധർമ്മരഹസ്യം ശ്രവിക്കാൻ കിരീടിക്കു കഴിഞ്ഞു.
ഈശ്വരൻ മനുഷ്യനോട് സംവദിക്കുന്നതാണ് വിശ്വരൂപദർശനം. പ്രപഞ്ചശക്തി മനുഷ്യന് നൽകുന്ന സന്ദേശമാണത്. വിശ്വഗുരു ശിഷ്യന് നൽകുന്ന ഉപദേശമാണത്. മഹാഗുരുക്കന്മാരുടെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ സംസ്കൃതഭാഷാ പരിജ്ഞാനം മാത്രം പോരാതെ വരും. വാക്കുകൾക്കതീതമായി പോകണം. അവരുടെ വചാനാമൃതത്തിലെ ഒരോ വാക്കും കുത്തും കോമയും അർദ്ധവിരാമവും ധ്യാനവിഷയമാണ്. എന്തെന്നാൽ, അതിലോരോന്നിലും അവരുടെ ശ്വസത്തിന്റെ പരമപവിത്രമായ സ്പന്ദനമുണ്ട്.
വാതിലടച്ച്, ജനാലകൾ ബന്ധിച്ച്, മുറിയ്ക്കുള്ളിലിരുന്നാൽ കാറ്റിന്റെ സുഖമുള്ള ശീതളിമയോ, സൂര്യകിരണങ്ങളുടെ പ്രകാശദീപ്തിയോ അനുഭവവേദ്യമാകില്ല. എന്നതുപോലെ, ഗുരുവിന്റെ മഹത്വമറിയാൻ, അവിടുത്തെ മാർഗനിർദ്ദേശങ്ങളും കൃപാകടാക്ഷങ്ങളും ഏറ്റുവാങ്ങാൻ ശിഷ്യൻ ഹൃദയകവാടങ്ങൾ മലർക്കേ തുറന്നിട്ട് ക്ഷമയോടെ കാത്തിരിക്കണം.
അതു വെറും ബാഹ്യമായൊരു കാത്തിരുപ്പ് മാത്രമല്ല. ധ്യാനത്തിന്റെ ഒരുയർന്ന മനോതലം കൂടിയാണ്. പ്രേമഭാജനത്തിനെ കാത്തിരിക്കുന്ന പ്രേമവാനേ പോലെ... ശ്രീരാമചന്ദ്ര പ്രഭുവിന്റെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരുന്ന ശബരിയെ പോലെ... ഋഷി ഗൗതമന്റെ ശാപത്താൽ കല്ലായി ഭവിച്ച അഹല്യ രാമപാദത്തിന്റെ സ്‌പർശത്തിനായി കാത്തിരുന്നതുപോലെ...'
അഹല്യയെ ശപിച്ച് കല്ലാക്കി. ശാപമോക്ഷത്തിനായി അവൾ കാത്തിരുന്നു' എന്നത് ആലങ്കാരികമായി പ്രയോഗിച്ചിട്ടുള്ളതാകാം. വാത്മീകി രാമായണത്തിലെ വിവരണം അങ്ങനെയല്ല. അതിൽ ഋഷി ഗൗതമൻ, “പുറംലോകത്തേയ്ക്കിറങ്ങാതെ മനഃശുദ്ധിക്കായി തപസ് ചെയ്യുക. രാമൻ വരുന്നതുവരെ കാത്തിരിക്കുക" എന്നാണ് അഹല്യയോട് ആജ്ഞാപിക്കുന്നത്. ശപിച്ച് പാറയാക്കി മാറ്റി എന്നത് കാവ്യഭംഗിയോടെ വർണിച്ചിരിക്കുന്നതായിരിക്കാം. പാറപോലെ ഉറച്ച മനസോടെ, അചലമായ ഭക്തിയോടും ക്ഷമയോടും അഹല്യ തപസ് ചെയ്‌തു എന്നായിരിക്കാം കഥ സൂചിപ്പിക്കുന്നത്.
പൂർണേന്ദുവിന്റെ പ്രഭയിൽ ഭൂമി മുങ്ങിക്കുളിച്ച് നിൽക്കുമ്പോഴും, ആ കുളിർമ്മയും ശീതളിമയും ശരീരത്തിനും മനസിനും സുഖവും സന്തോഷവും പകരുമ്പോഴും ആകാശത്തുദിച്ച് നിൽക്കുന്ന ശശിബിംബത്തിന്റെ പൂർണതയെ നോക്കി മനുഷ്യൻ അപൂർണതയുടെ നിഴലുകൾ ചൂണ്ടിക്കാണിക്കും.
ഭഗവാൻ ശ്രീകൃഷ്‌ണന് പാണ്ഡവരോട് ഇഷ്‌ടവും കൗരവരോട് അനിഷ്ടവും ഉണ്ടായിരുന്നില്ല. ഭഗവാൻ സമദർശിയും ഇഷ്ടാനിഷ്ടങ്ങൾക്കതീതനുമായിരുന്നു. ആ വിശ്വമനസിൽ ദുഷ്ടനും ശിഷ്ടനും ശത്രുവിനും മിത്രത്തിനും ഒരേ സ്ഥാനമാണുണ്ടായിരുന്നത്. ഈ അണ്ഡകടാഹത്തിന്റെ മുഴുവൻ നിലനിൽപ്പും മഹാകാശത്തിലായിരിക്കെ, അവിടെ വ്യത്യാസങ്ങൾക്കൊന്നും തെല്ലുമിടമില്ല. ആ മഹാകാശമാണ് സദ്ഗുരുവിന്റെ യഥാർത്ഥ സ്വരൂപം. ആ അനന്തതയിൽ നിന്നാണ് പ്രപഞ്ചത്തിന്റെ ഉൽപ്പത്തി.
ശരീരമുള്ളിടത്തോളം എല്ലാവരും ഈ ലോകത്തിലാണ് ജീവിക്കേണ്ടത്. സദ്ഗുരുക്കന്മാരുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. പക്ഷെ, അവരുടെ ബോധതലം സമസ്ത ലോകങ്ങൾക്കും അതീതമായി, സർവാതിശയിയായി വർത്തിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പാണ് ശ്രീകൃഷ്ണൻ ഈ ഭൂമുഖത്തെ ധന്യമാക്കിയത്. അമ്മയാകട്ടെ, ഇപ്പോൾ, ഈ ഭൂമിയിൽ, നമ്മോടൊപ്പം ജീവിക്കുന്നു.
സദ്ഗുരുക്കന്മാരുടെയും അവതാരപുരുഷന്മാരുടെയും ബോധതലം ഒന്നാണ്. അവരുടെ വാക്കുകളിലും ആ അനന്തതയുടെ ശക്തിയുണ്ട്. ഏതൊരു ബോധമണ്ഡലത്തിന്റെ പരമോച്ചാവസ്ഥയിലായിരുന്നോ ഭഗവാൻ കൃഷ്ണൻ നിഷ്ഠനായിരുന്നത്, നിരതിശയമായ അതേ തലത്തിൽത്തന്നെയാണ് അമ്മയും വിരാജിക്കുന്നത്.
അമ്മ സദ്ഗുരുവാണ്; അവതാരമാണ്. എണ്ണമറ്റ പ്രശ്നങ്ങളുടെ നടുവിൽ കിടന്ന് നട്ടംതിരിയുന്ന സാമാന്യ ജനങ്ങളോടും ഈശ്വരപ്രാപ്തിയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച സാധകരോടും ഉള്ള അതിരറ്റ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് ആ ബോധമണ്ഡലത്തിൽ അവതാര പുരുഷന്മാർ ലോകത്തിലേയ്ക്കിറങ്ങിവരുന്നത്. സീമാതീതമായ കാരുണ്യം, അതു മാത്രമാണ് അവതരിക്കുന്നതിനുള്ള കാരണമായി പറയാനാവൂ. മറ്റൊരു വിശദീകരണവുമില്ല. ആ ഗംഗാതീർത്ഥത്തിൽ ചിലർ നീന്തിക്കളിക്കും ചിലരതിൽ മുങ്ങിക്കുളിക്കും, വേറേ ചിലർ അതു കോരിക്കുടിക്കും. മറ്റുചിലർ അതിൽ തുപ്പം, മലിനപ്പെടുത്തും... അത് ഓരോരുത്തരുടെയും വിവേകബോധത്തിന്റെയും സംസ്‌കാരത്തിന്റെയും അളവനുസരിച്ചിരിക്കും. പക്ഷെ, നദി അതൊന്നും കൂട്ടാക്കാറില്ല. അതിനൊഴുകാനേ അറിയൂ... ഒഴുകിക്കൊണ്ടേയിരിക്കും... ആ പ്രവാഹിനിയെ തടുക്കാനാർക്കും കഴിയില്ല. അനർഗളമായ ആ നീരൊഴുക്ക്, ഇവിടെ, അമൃതപുരിയിൽ നിന്ന് ലോകത്തിലേക്ക് മുഴുവൻ നിറഞ്ഞൊഴുകുകയാണ്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |