SignIn
Kerala Kaumudi Online
Sunday, 13 September 2026 2.04 AM IST

നിർദ്ദേശങ്ങളുമായി മോദി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സ് ലക്ഷ്യം യുഎൻ സുരക്ഷാ കൗൺസിൽ

s

ന്യൂഡൽഹി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സെന്ന ലക്ഷ്യത്തിലെത്താൻ പത്തിലേറെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഘടനാപരമായ മാറ്റമുണ്ടാകണം എന്നതടക്കം ശക്തമായ നിർദ്ദേശങ്ങളാണ് ബ്രിക്‌സ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിൽ മോദി മുന്നോട്ടുവച്ചത്. കൗൺസിലിൽ യു.എസ്, യു.കെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ അഞ്ച് രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വം. 1945ൽ രൂപീകൃതമായ ശേഷം ഘടനയിൽ മാറ്റമുണ്ടായിട്ടില്ല. ഇനി വൈകിപ്പിക്കാനാകില്ലെന്നും,ചർച്ചകൾ നടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള തീരുമാനങ്ങൾ നിഷ്ക്രിയമായി സ്വീകരിക്കുന്നവർ എന്ന നിലയിൽ നിന്ന് അവ രൂപപ്പെടുത്തുന്ന ശക്തിയായി 'ഗ്ലോബൽ സൗത്ത്' മാറണം. ഏഷ്യ,ആഫ്രിക്ക,ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലെ വികസ്വര രാജ്യങ്ങളെയാണ് ഗ്ലോബൽ സൗത്ത് എന്നു വിശേഷിപ്പിക്കുന്നത്. ആഗോള ഭരണസംവിധാനം നിലവിൽ ഒരു പിരമിഡിന് സമാനമാണെന്ന് മോദി പറഞ്ഞു. അധികാരവും തീരുമാനമെടുക്കാനുള്ള അവകാശവും മുകൾത്തട്ടിൽ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന രാജ്യങ്ങൾ താഴെത്തട്ടിലാണ്.

ആഗോള പ്രതിസന്ധികളെ നേരിടുന്നതിൽ 'ഗ്ലോബൽ സൗത്ത്' മുൻനിരയിലാണെങ്കിലും, തീരുമാനമെടുക്കൽ പ്രക്രിയയിൽ പിൻനിരയിലാണ്. ഈ "വിശേഷാധികാരത്തിന്റെ പിരമിഡ്" പൊളിച്ച് "പങ്കാളിത്ത വേദിയായി" മാറ്റിയെടുക്കണം. ഓരോ രാജ്യത്തിനും അഭിപ്രായം പറയാനും പങ്കാളിത്തം ഉറപ്പാക്കാനും കഴിയണം. ബ്രിക്‌സിന്റെ 20ാം വാർഷികമാണ് ഇത്തവണ ആഘോഷിക്കുന്നത്. അടുത്ത 20 വർഷത്തേക്ക്, വിപുലവുമായ അജൻഡയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് മോദി വ്യക്തമാക്കി. ഭാവിയിലേക്കുള്ള റോഡ്‌മാപ്പ് തയ്യാറാക്കുമ്പോൾ പ്രാതിനിധ്യം,പ്രതികരണശേഷി,നിയമനിർമ്മാണം എന്നീ മൂന്ന് പ്രധാന കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം.

ആഗോള നേതൃസ്ഥാനങ്ങൾ വേണം

1.ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ വോട്ടവകാശം,നേതൃസ്ഥാനങ്ങൾ, നയപരമായ മുൻഗണനകൾ എന്നിവയുണ്ടാകണം. ആഗോള സാമ്പത്തിക ഭരണസംവിധാനം രൂപീകരിക്കുന്നതിൽ നിർണായക പങ്ക് ഉറപ്പാക്കണം.

2.ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കാണാൻ കഴിയണം.

3.വാണിജ്യ കപ്പലുകളിലെ നാവികർക്ക് 'അടിയന്തര സഹായ ശൃംഖല' രൂപീകരിക്കണം.

4.നിർമ്മിത ബുദ്ധി,സൈബർ ഇടം,ബഹിരാകാശം,ജൈവസാങ്കേതികവിദ്യ,നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആഗോള നിയമങ്ങൾ രൂപീകരിക്കുന്നതിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കണം.

സ്റ്റാമ്പ് പുറത്തിറക്കി

ബ്രിക്‌സ് കൂട്ടായ്‌മ രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ രണ്ടു സ്‌മാരക സ്റ്റാമ്പുകളും പുറത്തിറക്കി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ബ്രിക്‌സ് നേതാക്കൾ ഭാരത് മണ്ഡപത്തിലെത്തിയത്. രണ്ടരയോടെ അടച്ചിട്ട ഹാളിൽ ആഗോള ഭരണനിർവഹണത്തിലടക്കം ച‌ർച്ചകൾ. വൈകുന്നേരം നാലരമണിക്ക് 'ഭാരത് ഇന്നോവേറ്റ്സ് എക്‌സിബിഷൻ' കാണാൻ നേതാക്കളെത്തി. അതിനുശേഷം ഭാരത് മണ്ഡപ വളപ്പിൽ വൃക്ഷതൈകൾ നട്ടു. രാഷ്ട്രത്തലവന്മാർക്കായി രാത്രി അത്താഴവിരുന്നുമൊരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, BRICS SUMMIT 2026, MODI, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360