
ന്യൂഡൽഹി: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്റെ 18-ാമത് ഉച്ചകോടിക്ക് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കം. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് 'ഇൻക്ലൂസീവ് ഗ്ലോബൽ ഗവേണൻസും ശാക്തീകരണ ബഹുമുഖത്വവും' എന്ന വിഷയത്തിൽ അടച്ചിട്ട മുറിയിലെ ചർച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. രാത്രി ഏഴരയ്‌ക്ക് ഭാരത് മണ്ഡപത്തിന്റെ ലെവൽ 3 ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. ഉച്ചയ്‌ക്ക് ഭാരത് മണ്ഡപത്തിലെ ലെവൽ രണ്ട് ഓഡിറ്റോറിയത്തിലെത്തുന്ന ബ്രിക്‌സ് നേതാക്കൾ ഒന്നിച്ച് ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് അണിനിരക്കും.
വൈകിട്ട് നേതാക്കൾ ബ്രിക്‌സ് ഓർമ്മയ്‌ക്കായി വൃക്ഷത്തൈകൾ നടും. സമാപന ദിവസമായ നാളെ പരിപാടികൾ രാവിലെ 9.55ന് തുടങ്ങും. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് അജണ്ടയുടെ ഭാഗമായുള്ള ചർച്ചയാണ് പ്രധാനം. തുടർന്ന് ലോകം കാതോർക്കുന്ന ബ്രിക്‌സ് പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മണ്ടുറോവ്, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാൻ,മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ,
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദേൽ ഫത്തായെൽ സിസി, ഉഗാണ്ട വൈസ് പ്രസിഡന്റ് ജെസീക്ക അലൂപോ, നൈജീരിയൻ വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേറിയ, ഉറൂഗ്വേ വിദേശകാര്യ മന്ത്രി മരിയോ ലുബേദ്കിൻ തുടങ്ങിയവർ എത്തി.
ഇന്നലെ നടന്ന മോദി-പുടിൻ, മോദി-പെസസ്‌കിയാൻ കൂടിക്കാഴ്‌ചകൾ ബ്രിക്‌സ് വേദിയെ സജീവമാക്കി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ അംഗരാജ്യങ്ങൾക്ക് പുറമെ ബെലാറസ്, ബൊളീവിയ, ക്യൂബ, കസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ ഔട്ട് റീച്ച് രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |