SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

റോഡിൽ പൊലിഞ്ഞ സ്വപ്നങ്ങൾ

a

പുതുവർഷാരംഭത്തിലും കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് അപകടത്തിൽ പതിനൊന്നുകാരിയായ വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. റോഡപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. കേരളത്തിലും അപകടങ്ങൾക്ക് കുറവില്ല. പാലക്കാട് പനയംപാടത്ത് ദേശീയപാതയിൽ നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ വാഹനാപകടവും ആലപ്പുഴയിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ റോഡിൽ പൊലിഞ്ഞതും ആഴ്ചകൾക്ക് മുമ്പാണ്. അപകടത്തിൽ മരിക്കുന്നവരുടെ എണ്ണത്തെക്കാൾ അധികമാണ് ഗുരുതര പരിക്കുകളുമായി ശിഷ്ടകാലം ജീവിക്കേണ്ടി വരുന്നവരുടെ എണ്ണം. മിക്ക അപകടങ്ങൾക്കും കാരണമായി മാറുന്നത് അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവുമാണ്.

ഓരോ വാഹനാപകടം നടക്കുമ്പോഴും റോഡ് നിർമ്മാണത്തിലെ പാളിച്ചകളും വാഹനത്തിന്റെ അമിതവേഗവും ഉൾപ്പെടെ കാരണങ്ങളായി ഉയർത്തി നടപടികൾ സ്വീകരിക്കുമ്പോഴും വാഹനാപകടങ്ങളിൽ കുറവില്ല എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞവർഷം നവംബർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 44,938 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 3,453 പേർ റോഡപകടങ്ങളിൽ മരണപ്പെടുകയും 50,290 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അമിതവേഗം അശ്രദ്ധ
വാഹനങ്ങളുടെ എണ്ണത്തിലെ വർദ്ധനയും അമിതവേഗവും കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും കാറ്റിൽ പറത്തുകയാണ് പതിവ്. ഓരോ വർഷവും 1.35 ദശലക്ഷം ട്രാഫിക്ക് മരണങ്ങളാണ് ആഗോളതലത്തിൽ സംഭവിക്കുന്നതെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്. റോഡപകടങ്ങളിൽ രാജ്യത്ത് ഒരുദിവസം ഏകദേശം 426 പേരാണ് മരിക്കുന്നതെന്നും 100 റോഡപകടങ്ങൾ നടക്കുമ്പോൾ അതിൽ 44 എണ്ണവും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നതെന്നുമാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ 18-35 വയസിനിടയിലുള്ളവരാണ് 85 ശതമാനവും മരണപ്പെടുന്നത്. ഇതിൽത്തന്നെ 70 ശതമാനവും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്രവാഹനങ്ങളാണ്. എ.ഐ ക്യാമറയുടെ വരവോടെ ഹെൽമെറ്റ് ധരിക്കുന്നരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ കൂടുതലും വലിയ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അമിതവേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.

നാം റോഡിൽ പാലിക്കേണ്ട മര്യാദകൾ നിരവധിയാണ്. ഇതിനെ റോഡ് സംസ്‌കാരമെന്ന് പറയും. ഉൾക്കൊള്ളാൻ സാധിക്കുന്നതിലധികം വാഹനങ്ങളാണ് ഇന്ന് പൊതുനിരത്തിലൂടെ ഓടുന്നത്. അതിനാൽ തന്നെ കാൽനടയാത്രക്കാരും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണം.


അപകടത്തെ

ക്ഷണിക്കരുത്

രൂപമാറ്റം വരുത്തി വാഹനങ്ങൾ നിരത്തിലിറക്കുന്നതും നിത്യകാഴ്ചയാണ്. ഇതെല്ലാം നിയമ ലംഘനങ്ങളും അപകടത്തിലേക്ക് നയിക്കാവുന്നവയുമാണ്. ബോധവത്ക്കരണത്തിലൂടെ മാത്രമേ റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സംസ്‌കാരത്തെ സംബന്ധിച്ചും കൃത്യമായ അവബോധം വളർത്തിയെടുക്കാൻ സാധിക്കൂ. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, പ്രൈവറ്റ് ബസ് ഡ്രൈവർമാർ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകൾ കൃത്യതയോടെ നൽകേണ്ടത് ഏറ്റവും പ്രധാനമാണ്.
റോഡുകളുടെ ശോചനീയാവസ്ഥയും അപകടങ്ങളുടെ പ്രധാന കാരണമാണ്. നിലവിലെ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാം. ഗതാഗതനിയമങ്ങൾ തെറ്റിക്കുമ്പോൾ പിഴ ചുമത്തുന്നതിലൂടെ മാത്രം നല്ല റോഡ് സംസ്‌കാരം വളർത്തിയെടുക്കാൻ സാധിക്കില്ല. ട്രാഫിക് ബോധവത്ക്കരണ ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്നും പഠിപ്പിച്ച് കൊടുക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിഷ്‌ക്കരണങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രൂപപ്പെടുത്തി എടുക്കേണ്ടത്.
വികസിത രാജ്യങ്ങളിലെ റോഡ് മര്യാദകൾ കണ്ട് നാം അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരം റോഡ് മര്യാദകൾ നമ്മുടെ നാട്ടിൽ പ്രാവർത്തികമാകാത്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല ഗതാഗത സംസ്‌കാരം നമ്മളിൽ നിന്ന് തന്നെ തുടങ്ങണം. നാം കാരണം ആരുടെയും ജീവൻ നിരത്തിൽ പൊലിയരുതെന്ന ഉറച്ച തീരുമാനം എല്ലാവരിലുമുണ്ടാകണം. എല്ലാവർക്കും ഉപയോഗിക്കാനാണ് റോഡ് എന്ന വസ്തുത എപ്പോഴും മനസിലുണ്ടാവണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION