
വയനാട് ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. 'ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുതെ"ന്നാണ് ആ വീട്ടിൽ പോയപ്പോൾ അജീഷിന്റെ മോൾ എന്നോടു പറഞ്ഞത്. എന്നാൽ കേരളത്തിൽ അജീഷുമാർ ആവർത്തിക്കപ്പെടുകയാണ്. മാനന്തവാടിയിൽ വനം വകുപ്പ് വാച്ചറുടെ ഭാര്യ രാധയെ കടുവ കടിച്ചുകൊന്നത് ഇന്നലെയാണ്! 2016 മുതൽ ഇതുവരെ ആയിരത്തോളം പേർ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എണ്ണായിരത്തോളം പേർക്ക് പരിക്കേൽക്കുകയും അയ്യായിരത്തോളം കന്നുകാലികൾ കെല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.
മലയോരമേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കാർഷിക മേഖലയിലെ തകർച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കു പുറമെയാണ് വന്യജീവികളുടെ ഭീഷണി. മലയോര ജനതയുടെ ഭീതിയും സങ്കടവും നിസഹായാവസ്ഥയും നിയമസഭയിലും പുറത്തും നിരവധി തവണ യു.ഡി.എഫ് ഉന്നയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജീവൻ പണയപ്പെടുത്തിയാണ് അവിടെ ജനങ്ങൾ താമസിക്കുന്നത്.
സർക്കാരിന്റെ കണക്കനുസരിച്ച് 2016 മുതൽ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് മലയോര മേഖലയിലുണ്ടായത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ, ദേശീയ ശരാശരിയേക്കാൾ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങൾ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് വനാതിർത്തി ഗ്രാമങ്ങളിലെ മനുഷ്യ- വന്യജീവി സംഘർഷ പ്രദേശങ്ങളിൽ ജീവിക്കുന്നത്. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ ഉത്തരവാദിത്വമെന്നാണ് സർക്കാരിന്റെ നിലപാട്.
തുകയില്ല; ഉള്ളത്
ചെലവിട്ടുമില്ല!
വന്യജീവി ആക്രമണം തടയാൻ സർക്കാർ ചെലവഴിക്കുന്ന തുക പരിശോധിച്ചാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അലംഭാവം എത്രത്തോളമാണെന്ന് വ്യക്തമാകും. 2018-19ൽ 6.28 കോടി രൂപ ചെലവിട്ടപ്പോൾ 2023-24ൽ ആ തുക 3.1 കോടിയായി കുറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ 48.85 കോടിയിൽ 48 ശതമാനം പോലും ചെലവഴിച്ചില്ല. ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ വനം ഡിവിഷനുകളിൽ ഫെൻസിംഗിനായി 13.5 കോടി രൂപ നബാർഡ് 2023-ൽ അനുവദിച്ചു. അതിന് ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമ്മാണം തുടങ്ങുവാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല.
മലയോര മേഖലയിൽ സംഘർഷവും ഭീതിയും നിലനിൽക്കുന്നതിനിടയിലാണ് വനംനിയമ ഭേദഗതി നടപ്പാക്കാനും ഈ സർക്കാർ ശ്രമം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകി മലയോര ജനതയെ കൂടുതൽ ദുരിതത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. പിൻവലിക്കപ്പെട്ട നിയമ ഭേദഗതിയിലെ വ്യവസ്ഥകളെ കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയിൽ ന്യായീകരിച്ചു. അവസരം കിട്ടിയാൽ വനംനിയമ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് മന്ത്രിക്ക് ഇപ്പോഴുമുള്ളത്. ഏതു സാഹചര്യത്തിലായാലും ഈ ഭേദഗതി ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ഭയന്നാണ് വനനിയമ ഭേദഗതി പിൻവലിക്കാൻ ഈ സർക്കാർ അവസാനം തയ്യാറായത്.
വന്യജീവി ആക്രമണങ്ങളിൽ മരണമടയുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്. ജീവൻ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനും കുട്ടികളുടെ വിദ്യാഭാസം പൂർണമായും ഏറ്റെടുക്കാനും സർക്കാർ തയ്യാറാകണം. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കണം. 2016 മുതൽ വിവിധ വന്യജീവി ആക്രമണത്തിൽ ജീവനും കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
ഇടമില്ല, ജലമില്ല,
ഭക്ഷണമില്ല...
അധിനിവേശ സസ്യങ്ങളുടെ തള്ളിക്കയറ്റം, കാട്ടിൽ ആഹാര ദൗർലഭ്യത്തിനും ജലദൗർലഭ്യത്തിനും വഴിവച്ചത് ആന അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് ഒരു പരിധിവരെ കാരണമാണ്. അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ സസ്യങ്ങളും ഏകവിള തോട്ടങ്ങളും മൃഗങ്ങളുടെ ആവാസവ്യവസ്ഥ ചുരുങ്ങിപ്പോകാൻ കാരണമായി. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സസ്യങ്ങൾ ആനകൾക്ക് ജലദൗർലഭ്യം സൃഷ്ടിക്കുന്നു.
എന്തുകൊണ്ടാണ് വയനാട്ടിൽ കടുവ ഇറങ്ങുന്നത്? നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി മാനദണ്ഡം അനുസരിച്ച് ഒരു കടുവയ്ക്ക് 20 ചതുരശ്ര കി.മീറ്റർ സ്ഥലം വേണം. എന്നാൽ വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണ്ണം 344 ചതുരശ്ര കി.മീറ്ററാണ്. ഇത്രയും വിസ്തീർണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രമെ ഉൾക്കൊള്ളാനാകൂ. 154 കടുവകളുണ്ട്, വയനാട്ടിൽ.
ഒരു കടുവയുടെ ആധിപത്യ പ്രദേശത്തേക്ക് പുതിയ കടുവ എത്തിയാൽ പരസ്പരം ആക്രമിക്കുകയും കരുത്തൻ അതിജീവിക്കുകയും ദുർബലൻ നാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. ഇതൊക്കെ മനസിലാക്കി ശാസ്ത്രീയ പരിഹാരങ്ങളാണ് സർക്കാർ നടപ്പാക്കേണ്ടത്. ജനവാസ മേഖലകളിലേക്ക് വന്യജീവികൾ കടക്കാതിരിക്കാൻ എന്തൊക്കെ സങ്കേതങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നത് പഠിക്കാനും അത് അടിയന്തിരമായി നടപ്പാക്കാനും വനംവകുപ്പും തയ്യാറാകണം.
കാർഷിക മേഖലയിലെ വിലയിടിവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾക്കു പുറമേ വന്യമൃഗങ്ങളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇന്നു മുതൽ ഫെബ്രുവരി അഞ്ചു വരെ മലയോര സമര യാത്ര സംഘടിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്. സമരം ചെയ്യേണ്ട കാര്യങ്ങളിൽ സമരം ചെയ്യും. നേടിയെടുക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ അവ നേടിയെടുത്ത് മലയോര ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സമരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |