
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സർക്കാരിന് കഴിയില്ലെന്ന പൂർണ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) ഫെബ്രുവരി മൂന്ന് അർദ്ധരാത്രി മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒറ്റ ദിവസം കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എഫ് പണിമുടക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ കടം മുഴുവൻ ഏറ്റെടുക്കുമെന്നും പുനഃസംഘടിപ്പിച്ച് മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി മാറ്റുമെന്നും പ്രകടനപത്രിയിൽ ഉറപ്പുനൽകി 2016-ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ കടം ഏറ്റെടുത്തില്ലെന്നു മാത്രമല്ല, അത് ഇരട്ടിയാക്കുകയും ചെയ്തു!
പ്രതിവർഷം ആയിരം ബസുകൾ നിലത്തിലിറക്കുമെന്ന് പറഞ്ഞവർ കഴിഞ്ഞ എട്ടര വർഷത്തിനിടെ വാങ്ങിയത് 101 ബസുകൾ മാത്രമാണ്. കാലാവധി കഴിഞ്ഞ ബസുകൾക്കു പകരം പുതിയ ബസുകളില്ല. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ 2016-ൽ 6000 ബസുകളും 5300 ഷെഡ്യൂളുകളും ഓടിയിരുന്നിടത്ത് ഇന്ന് 3500 ബസുകളും 3200 ഷെഡ്യൂളുകളും മാത്രം. കെ.എസ്.ആർ.ടി.സിക്ക് ബദലായി സ്വിഫ്റ്റ് എന്ന പേരിൽ ഒരു സ്വതന്ത്ര ഗതാഗത കമ്പനിയുണ്ടാക്കി കെ.എസ്.ആർ.ടി.സിയുടെ പണം ഉപയോഗിച്ച് ബസുകൾ വാങ്ങി ആ കമ്പനിക്ക് നൽകി.
കെ.എസ്.ആർ.ടി.സിയുടെ വരുമാന മാർഗമായിരുന്ന ദീർഘദൂര റൂട്ടുകളും കമ്പനിക്ക് തീറെഴുതി. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരെ അത്തരം റൂട്ടുകളിൽ നിന്ന് പുറത്താക്കി, പകരം കരാർ ജീവനക്കാരെ നിയമിച്ചു. കഴിഞ്ഞ എട്ടര വർഷമായി ഒരാൾക്കു പോലും കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സി വഴി നിയമനം നൽകിയിട്ടില്ല. ആശ്രിത നിയമനം നിറുത്തലാക്കി. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പകരം തുച്ഛമായ വേതനത്തിൽ (715രൂപ) ബദലി എന്ന പേരിൽ നിയമനങ്ങളാണ് നടക്കുന്നത്.
എട്ടരവർഷംകൊണ്ട് ജീവനക്കാരുടെ എണ്ണം 42,000-ത്തിൽ നിന്ന് 22,000-ത്തിൽ എത്തി. ബസുകൾ കുറവായ കാരണം പറഞ്ഞ് വരുമാന മാർഗമായ റൂട്ടുകൾ സ്വകാര്യ, സമാന്തര, എ.ഐ.ടി.പി സർവീസുകൾ കയ്യടക്കി. ശമ്പളം മുടങ്ങി. തൊഴിലാളികൾ ഗഡുക്കളായി ശമ്പളം വാങ്ങേണ്ട ഗതികേടിലായി. എട്ടര വർഷമായി ഒരു ശതമാനം ഡി.എ പോലും നൽകിയിട്ടില്ല. അതിനിടയിൽ പുതിയ ഭരണപരിഷ്‌കാരങ്ങൾ ജീവനക്കാരുടെ അദ്ധ്വാനം വർദ്ധിപ്പിച്ചു. പലരെയും മാറാരോഗികളാക്കി. ശമ്പള കരാറിന് വിരുദ്ധമായി ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റി. ഭരണപരാജയം മറച്ചുവച്ച് സർക്കാരും മാനേജ്‌മെന്റും ഒരുമിച്ചു നിന്ന് കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കിയതിന്റെ പരിണിതഫലമാണ് കെ.എസ്.ആർ.ടി.സിയും ജീവനക്കാരും ഇന്ന് അനുഭവിക്കുന്നത്. ടി.ഡി.എഫ് ഇതിനെ എതിർത്തപ്പോൾ സർക്കാരിനും മാനേജ്‌മെന്റിനും പിന്തുണ കൊടുത്തവരാണ് കെ.എസ്.ആർ.ടി.സിയിലെ ഇടത് യൂണിയനുകൾ. കെ.എസ്.ആർ.ടി.സി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. മക്കളുടെ പഠനം മുടങ്ങിയവർ, ചികിത്സയ്ക്ക് പണമില്ലാത്തവർ, വായ്പാ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്നവർ തുടങ്ങിയവരുടെ എണ്ണം കെ.എസ്.ആർ.ടി.സിയിൽ പെരുകി വരുന്നു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരും കുറവല്ല.
ജീവനക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന പല അലവൻസുകളും വെട്ടിക്കുറച്ചു. മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റും ഇല്ല. പി.എഫ് ലോൺ പോലും കൊടുക്കുന്നില്ല. എൻ.പി.എസ്, എൻ.ഡി.ആർ അടയ്ക്കാറില്ല. ഇന്ധനവില പ്രതിദിനം ഉയരുന്നു. പോരാത്തതിന് ബൾക്ക് പർച്ചേർസർ ആയ ആർ.ടി.സി.കൾക്ക് വർദ്ധിച്ച വിലയാണ് നൽകേണ്ടത്. 2020-ൽ നടപ്പാക്കിയ മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റഡ് ഗൈഡ് ലൈൻ, ആർ.ടി.സികൾക്ക് കുത്തകയായ റൂട്ടുകളിൽ കുത്തക മുതലാളിമാർക്ക് ഇഷ്ടം പോലെ സർവീസ് നടത്താൻ അനുമതി നൽകി. ഇതോടെ പൊതുഗതാഗത രംഗത്ത് ആർ.ടി.സികൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയായി.
കഴിഞ്ഞ എട്ടര വർഷമായി കെ.എസ്.ആർ.ടി.സി ജീവനക്കാരും തൊഴിലാളികളും അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് യൂണിറ്റ് തലം മുതൽ ചീഫ് ഓഫീസ് വരെ നൂറുകണക്കിന് സമരങ്ങളാണ് ടി.ഡി.എഫ് നടത്തിയത്. ഹൈക്കോടതി വഴി നിയമ പോരാട്ടങ്ങൾ വേറെയും. ഇതിനൊക്കെ പുറമേ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിഷയങ്ങളും പ്രയാസങ്ങളും നിയമസഭയിൽ നിരവധി തവണ ഉന്നയിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിരന്തരമായി കെ.എസ്.ആർ.ടി.സിയുടെ വിഷയങ്ങൾ നിയമസഭയിൽ ചർച്ചയ്ക്കു വന്നത്.
കെ.എസ്.ആർ.ടി.സിക്കു വേണ്ടി പ്രതിപക്ഷം ഇത്രത്തോളം ഇടപെട്ട മറ്റൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. സ്വകാര്യവത്കരണവും തൊഴിലാളി വിരുദ്ധ കരാർ നിയമനങ്ങളും പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ ബി.ജെ.പി ഇതര സർക്കാരായി പിണറായി സർക്കാർ മാറി. ഇങ്ങനെ നയവ്യതിയാനം വന്ന ഒരു മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. വർഗ ഐക്യത്തിലൂടെയല്ലാതെ കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. നിരവധി സമരങ്ങൾ ചെയ്തിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ടി.ഡി.എഫ് അനിവാര്യമായ ഒരു പണിമുടക്കിലേക്കു പോകുന്നത്.
ശമ്പളവും പെൻഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി.എ കുടിശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ് കൃത്യമായി നൽകുക, കെ.എസ്.ആർ.ടി.സിക്കു വേണ്ടി പുതിയ ബസുകൾ വാങ്ങുക, മെക്കാനിക്കൽ വിഭാഗത്തിന് എതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസമില്ലാതെ ഡ്യൂട്ടി സറണ്ടർ അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, എൻ.പി.എസ്, എൻ.ഡി.ആർ കുടിശിക അടച്ചു തീർക്കുകയും പിടിക്കുന്ന തുക അതതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികൾ വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടി.ഡി.എഫ് സമരം നടത്തുന്നത്. കെ.എസ്.ആർ.ടി.സിയെ അടച്ചുപൂട്ടാനും, ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കാനും മുന്നിൽ നിൽക്കുന്ന സർക്കാരിനും മാനേജ്‌മെന്റിനും ശക്തമായ താക്കീത് നൽകുന്നതിന് മുഴുവൻ തൊഴിലാളികളും ടി.ഡി.എഫ് പണിമുടക്കിൽ അണിചേരുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |