SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

നികുതി ഇളവും നിക്ഷേപ സാദ്ധ്യതകളും - ബഡ്ജറ്റ് 2025

a

രാജ്യത്തെ ആദ്യ നിർമ്മിതബുദ്ധി മോഡൽ പത്തുമാസത്തിനകം വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയുള്ള കേന്ദ്ര ബഡ്ജറ്റ് യുവസംരംഭകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്. മെഡിസിൻ, എൻജിനിയറിംഗ് പോലെയുള്ള മുഖ്യധാരാ കോഴ്സുകൾക്കൊപ്പം നൂതന സാങ്കേതികവിദ്യകൾക്കും ഊന്നൽ നൽകുന്നതിലൂടെ, സ്വീകാര്യത ലഭിക്കുന്നത് 'ഔട്ട് ഒഫ് ദി ബോക്സ്' ആശയങ്ങൾക്ക് കൂടിയാണ്. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന്റെ അടിത്തറയിൽ ഇതാ, ദീർഘവീക്ഷണമുള്ള സംരംഭകരുടെ വിയർപ്പുതുള്ളികളും വീണുതുടങ്ങുന്നു. കാലാകാലങ്ങളായി യു.എസ് കയ്യടിക്കിവച്ചിരുന്ന ടെക്ക് സാമ്രാജ്യത്തിൽ അടുത്തിടെയാണ് ഡീപ്‌സീക്ക് പോലുള്ള ചാറ്റ്ബോട്ടുകളിലൂടെ ചൈന കാൽപ്പാട് പതിയിച്ചത്. ഇന്ത്യയും അവിടേക്കുള്ള പ്രയാണം ആരംഭിക്കുന്നത് അഭിമാനാർഹമാണ്. ഹിന്ദിക്ക് പുറമേ, പ്രാദേശിക ഭാഷകളിലും ഇന്ത്യൻ എ.ഐ മോഡൽ ലഭ്യമാകുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. കർഷകരും ഭിന്നശേഷിക്കാരും ഗവേഷക വിദ്യാർത്ഥികളുമാകും ആദ്യഘട്ടത്തിലെ ഗുണഭോക്താക്കൾ. ഈ തീരുമാനത്തിന് പിന്നാലെ 500 കോടി നിക്ഷേപത്തിൽ വിദ്യാഭ്യാസ മേഖലയിൽ എ.ഐ സെന്റർ ഒഫ് എക്സലൻസ് ആരംഭിക്കുന്നതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മാത്രമല്ല, നിർമ്മിതബുദ്ധി മേഖലയിലെ ഗവേഷണം ഊർജിതപ്പെടുത്താനും സാധിക്കും. കഴിഞ്ഞവർഷം ആരോഗ്യം, കൃഷി, സുസ്ഥിരമായ നഗരങ്ങൾ എന്നീ മൂന്ന് മേഖലകളിൽ സെന്റർ ഒഫ് എക്സലൻസുകൾ ആരംഭിച്ചിരുന്നു. 2018ൽ പ്രതിരോധ മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിച്ച ഐഡക്സ് ഇനിഷ്യേറ്റീവിലേയ്ക്ക് ബഡ്ജറ്റിൽ 449.62 കോടി അനുവദിച്ചിട്ടുണ്ട്. നൈറ്റ്‌വിഷൻ ഡ്രോൺ ക്യാമറ, യുദ്ധനിരീക്ഷണ സബ്മറൈനുകൾ ഉൾപ്പെടെയുള്ളവ വികസിപ്പിക്കുന്ന സംരംഭങ്ങളുടെ സുവർണകാലം വിദൂരമല്ല.

ധനത്തിനുള്ള വഴി

മികച്ച ആശയങ്ങൾ ഉണ്ടായിട്ടും മൂലധനവും നിക്ഷേപവും ഇല്ലാത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിച്ച ലക്ഷ്യങ്ങളെ ധൈര്യപൂർവം തുടച്ചെടുത്ത് മിനുക്കാനാണ് ബഡ്ജറ്റ് ആത്മവിശ്വാസം നൽകുന്നത്.

സംരംഭകർക്കുള്ള പദ്ധതികൾ നടാടെയാണെന്ന് പറയാനാവില്ല. 2016ൽ പട്ടികജാതി, പട്ടികവർഗ, വനിതാ സംരംഭകർക്കായി ആരംഭിച്ച സ്റ്റാൻഡ്അപ്പ് ഇന്ത്യാ സ്കീമിലൂടെ രണ്ടരലക്ഷത്തിലേറെ അക്കൗണ്ടുകളിലായി 50,000 കോടിക്ക് മുകളിൽ ലോണുകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി 2025ൽ അവസാനിക്കാനിരിക്കെയാണ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പുതിയ വനിതാ സംരംഭകർക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടുകോടി വരെ തവണ വ്യവസ്ഥയിലുള്ള വായ്പയായി അഞ്ചുവർഷത്തേക്കാണ് അനുവദിക്കുന്നത്. ഏയ്ഞ്ചൽ നികുതി കുറച്ചതും സംരംഭകർക്ക് ആശ്വാസമാണ്. സ്റ്റാർട്ടപ്പിന്റെ നിർവചനത്തിലേയ്ക്ക് 27 പുതിയ മേഖലകളെക്കൂടി ചേർക്കുന്നതിലൂടെ നികുതി ഇളവ്, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ സംരംഭകർ യോഗ്യരാകും. ജൻവിശ്വാസ് ബിൽ 2.0 യിലൂടെ കാലഹരണപ്പെട്ട 100ലേറെ നിയമവ്യവസ്ഥകൾ കുറ്റകരമല്ലാതാക്കുന്നുണ്ട്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിലടക്കം ഇന്ത്യക്ക് ഇതിലൂടെ ശോഭിക്കാനാവും.

ഇ-കൊമേഴ്സ് സംരംഭങ്ങളും

ഗിഗ് തൊഴിലാളികൾക്ക് ഐഡി കാർഡും സാമൂഹികക്ഷേമത്തിനായി പുതിയ പദ്ധതിയും ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്. തൊഴിൽ നിയമങ്ങൾ ശക്തമല്ലാത്തതിനാലും സാമൂഹികസുരക്ഷാ പദ്ധതികളില്ലാത്തതിനാലും അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരുവിഭാഗത്തിന് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. കൂടുതൽ പേർ ഗിഗ് മേഖലയിലേയ്ക്ക് എത്തുന്നതിലൂടെ കൂടുതൽ ഇ-കൊമേഴ്സ് സംരംഭങ്ങൾ രാജ്യത്ത് പച്ചപിടിക്കും. ഒരുകോടി ഗിഗ് തൊഴിലാളികൾക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവും. പഠനത്തിനൊപ്പം ജോലി എന്ന ആശയത്തിന് സ്വീകാര്യത വർദ്ധിക്കും. മേക്ക് ഇൻ ഇന്ത്യാ ദൗത്യത്തിന് കരുത്തേകാൻ ദേശീയ മാനുഫാക്ചറിംഗ് മിഷൻ ആരംഭിക്കുന്നത് തദ്ദേശീയ ഉത്പാദനത്തിന് പുറമേ, ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കും. ഇൻഡസ്ട്രി 4.0യുമായി ബന്ധപ്പെട്ട് വലിയ അവസരങ്ങളാണിത് നൽകുന്നത്.

നടത്തിപ്പ് പ്രധാനം

പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികൾ പ്രഖ്യാപനത്തിലോ ഉദ്ഘാടനത്തിലോ ഒതുങ്ങിയാൽ, പരാജയപ്പെടുന്നത് സർക്കാർ മാത്രമാകില്ല വിശ്വാസമർപ്പിച്ച ജനങ്ങൾ കൂടിയാകും. തദ്ദേശതലത്തിൽ ഇവയുടെ നടത്തിപ്പിനായി ഉദ്യോഗസ്ഥരെ നിയമിക്കണം. ഏകോപനത്തിനായി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണം. മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും പദ്ധതികളുടെ തുടർസാദ്ധ്യതകളും പോരായ്മകളും വിശകലനം ചെയ്യാൻ യോഗങ്ങൾ ചേരണം. അർഹതപ്പെട്ടവർ തന്നെയാണ് ഗുണഭോക്താക്കളെന്ന് ഉറപ്പാക്കണം.

സെബിയുടെ ഫണ്ട് ഒഫ് ഫണ്ടുകൾ വഴി 10,000 കോടി രൂപ സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്മെന്റ് എക്കോസിസ്റ്റത്തിലേയ്ക്ക് എത്തിക്കുന്നത് സ്വാഗതാർഹമാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് 2030 വരെ നീട്ടിയതും പ്രശംസനീയമാണ്. എന്നാൽ, ഡീപ്‌സീക്ക് പോലുള്ള വിപ്ലവങ്ങൾ ലോകത്ത് നടക്കുമ്പോൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് പേഷ്യന്റ് കാപ്പിറ്റലിന്റെ പ്രഖ്യാപനമാണ്. ഇതിനായി ഒരു ഡീപ്ടെക്ക് ഫണ്ട് ഉണ്ടാക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് എത്ര വരുമെന്നോ, എന്ന് കൊണ്ടുവരുമെന്നോ പറഞ്ഞിട്ടില്ല.

അനൂപ് അംബിക, സി.ഇ.ഒ, സ്റ്റാർട്ടപ്പ് മിഷൻ

നിർമ്മിതബുദ്ധിയിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെ റോബോട്ടിക്സ് ഉൾപ്പെടെയുള്ള മേഖലകളിലെ ഗവേഷണം ശക്തിപ്പെടുത്താനാവും. ഇന്ത്യക്ക് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയരാനുമാകും.

വിമൽ ഗോവിന്ദ്, സി.ഇ.ഒ, ജെൻറോബോട്ടിക്സ്

സ്കൂളുകളിൽ അടൽ ലാബുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനുള്ള ദീർഘവീക്ഷണമാണ്. എന്നാൽ, വായ്പാ പദ്ധതികൾ താഴേക്കിടയിലേയ്ക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തണം.

ഗീതു ശിവകുമാർ, സി.ഇ.ഒ, പേസ്ടെക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION