SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

കുന്നോളം മാലിന്യം, മോക്ഷമില്ലാതെ പമ്പ

pampa

സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നദിയാണ് പമ്പ. നൂറ്റിയെഴുപത്തിയാറ് കിലോമീറ്റർ നീളമുളള പമ്പ ഇടുക്കി ജില്ലയിലെ പീരുമേട് പുലച്ചിമലയിൽ നിന്ന് ഉത്ഭവിച്ച് ഇരുപത്തി നാല് ഗ്രാമങ്ങളിലൂടെ ഒഴുകി ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപം വേമ്പനാട്ട് കായലിൽ ചേരുന്നു. ജൈവികമായും ഭൂമിശാസ്ത്രപരമായും ആദ്ധ്യാത്മികപരമായും ദക്ഷണേന്ത്യയിൽ വളരെയധികം പ്രധാന്യമുള്ള പമ്പയുടെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്. പുണ്യനദിയായി വിശേഷിപ്പിക്കപ്പെടുന്ന പമ്പ ദക്ഷിണേന്ത്യയിൽ മനുഷ്യമാലിന്യം വഹിക്കുന്ന നദിയാണെന്നതാണ് വാസ്തവം. നദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവിലും പതിന്മടങ്ങ് വർദ്ധനയുണ്ട്.

ശബരിമല തീർത്ഥാടന കാലത്താണ് പമ്പ കൂടുതൽ മലിനപ്പെടുന്നത്. നദിയിൽ ഇറങ്ങിക്കുളിക്കുന്ന ഭക്തർ ഉടുത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും മറ്റു വസ്തുക്കൾ നദിയിൽ നിക്ഷേപിക്കുന്നതും വലിയ മാലിന്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെയും മലിനീകരണ നിയന്ത്രണബോർഡിന്റെയും കണ്ടെത്തൽ. പമ്പയിലെയും സന്നിധാനത്തെയും പൊതുശൗചാലയങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ ഏതാനും വർഷങ്ങൾ മുൻപ് വരെയും നദിയിലേക്കാണ് ഒഴുക്കിയിരുന്നത്. മാലിന്യ പൈപ്പുകൾ പുഴയിലേക്ക് ഘടിപ്പിച്ചിരുന്നത് കണ്ടെത്തി ഒഴിവാക്കാൻ ഒരു പരിധിവരെ കഴിഞ്ഞു. പരിസ്ഥിതി സംഘടനകളുടെയും സർക്കാരിന്റെയും ഇടപെടലിലാണ് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞത്. എങ്കിലും മാലിന്യം പമ്പയിലേക്ക് ഒഴുക്കി വിടുന്നത് ഒളിഞ്ഞും തെളിഞ്ഞും ഇന്നും തുടരുന്നുണ്ട്. എല്ലാ വർഷവും തീർത്ഥാടന കാലത്ത് പമ്പയിലെ മലിനീകരണ തോത് പരിശോധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. തീർത്ഥാടനം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് ഇനിയും സർക്കാരിന് ലഭിച്ചിട്ടില്ല. പമ്പയിലെ മലിനീകരണം ഇത്തവണവും വർദ്ധിച്ചെന്നാണ് സ്വകാര്യ ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മണ്ഡലകാലത്ത് മാത്രം നൂറ് മില്ലി ലിറ്റർ വെള്ളിൽ അയ്യായിരം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും വെള്ളത്തിൽ അനുവദനീയമായ തോത് അഞ്ഞൂറാണ്. രോഗങ്ങൾ പരത്തുന്ന മറ്റ് അണുക്കളുടെയും തോത് വളരെ കൂടിയിട്ടുണ്ട്.

ബോധവത്ക്കരണം

പാഴാകുന്നു

പമ്പാനദിയെ മലിനപ്പെടുത്തരുതെന്ന ബോധവത്ക്കരണവും മുന്നറിയിപ്പും ഫലം കണ്ടില്ല. ഇക്കഴിഞ്ഞ തീർത്ഥാടന കാലത്തും പമ്പയിൽ മലിനീകരണ തോത് ഉയർന്നുവെന്ന് വിവിധ ഏജൻസികളുടെ പഠനം കണ്ടെത്തി. പമ്പാസ്നാനം കഴിഞ്ഞ് തീർത്ഥാടകർ നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നതിലൂടെയും മനുഷ്യ വിസർജ്യത്തിലൂടെയുമാണ് മലിനീകരണ തോത് ഉയർന്നത്.
പമ്പയിൽ വസ്ത്രം ഉപേക്ഷിക്കരുതെന്ന് വിവിധ ഭാഷകളിൽ അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും ഭക്തർ ശ്രദ്ധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ സീസണിൽ പത്ത് ദിവസം കൂടുമ്പോൾ ഒരു ലോറി നിറയെ എന്ന നിലയിലാണ് പമ്പയിൽ നിന്ന് വസ്ത്രങ്ങൾ നീക്കിയത്. മലയാളികളായ തീർത്ഥാടകർ വസ്ത്രം പമ്പയിൽ ഉപേക്ഷിക്കാറില്ല. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകരാണ് കൂടുതലായി വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും ഭക്തർക്ക് അതത് ഭാഷകളിൽ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പും ബോധവത്ക്കരണവും നടത്താറുണ്ട്. പക്ഷെ, പ്രയോജനം ചെയ്യുന്നില്ല. അതാത് സംസ്ഥാനങ്ങളിലെ സർക്കാർ മുഖേന നടത്തിക്കൊണ്ടിരുന്ന ബോധവത്ക്കരണം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതും ഫലവത്തായില്ല. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമായി കരുതുന്നവരെ പിന്തിരിപ്പിക്കാൻ ബോധവത്ക്കരണവും മുന്നറിയിപ്പും മാത്രം മതിയാകില്ല.

അത് ആചാരമല്ല

അന്യസംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാർക്ക് ഇത്തരം അനാചാരം അവസാനിപ്പിക്കുവാൻ വലിയ പങ്ക് വഹിക്കാൻ കഴിയും. ശബരിമല ധർമ്മശാസ്താവിന്റെ അനുഗ്രഹം തേടാൻ ഒരുങ്ങുമ്പോൾ എന്തൊക്കെ പാലിക്കണം എന്തെല്ലാം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളിൽ ആദ്യമേ അവബോധമുണ്ടാക്കേണ്ടത് ഗുരുസ്വാമിമാരിലാണ്. അവർ മുഖേന വീടുകളിലേക്ക് ഈ സന്ദേശം എത്തണം. നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ദൈവ വിശ്വാസത്തിന് എതിരെന്ന ധാരണ വ്രതാനുഷ്ഠാനങ്ങൾക്ക് നൽകുന്ന പ്രധാന്യം പോലെ ഭക്തരു‌ടെ മനസിലേക്ക് ആഴത്തിൽ പതിയണം. അതിന് സർക്കാരോ ദേവസ്വം ബോർഡോ നടത്തുന്ന പ്രചാര വേലകൾ ഭക്തർ ഉൾക്കൊള്ളണമെന്നില്ല. ആചാരവും അനാചാരവും തിരിച്ചറിയിക്കാൻ തക്ക സ്വാധീനമുള്ളഭക്തൻമാരായ നാട്ടു പ്രമുഖൻമാരെ കണ്ടെത്തണം. അവർ പറയുന്നത് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്.

ശബരിമലയുടെ പ്രധാന്യം കാരണം പുണ്യനദിയെന്നു പമ്പയെ വിളിക്കുന്നു. തെളിനീരായി ഒഴുകേണ്ട പമ്പയെ മലിനമാക്കുന്നത് പാപമാണെന്ന വിശ്വാസം ഭക്തരിൽ വളരണം.

പമ്പയെ മലിനമാക്കുന്നതിൽ നദീതീരങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്കും പങ്കുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനകളിൽ കണ്ടെത്തിയത്. മലിനജലം ത്രിവേണിയിലൂടെ നദിയിലേക്ക് ഒഴുക്കിയത് കയ്യോടെ പിടികൂടിയിട്ടുണ്ട്. ബലിതർപ്പണത്തിന് ശേഷം പമ്പയിൽ ഭക്തർ മുങ്ങിനിവരുന്ന ഭാഗത്തേക്കാണ് ഈ മലിനജലം ഒഴുകിയെത്തിയത്. ദേവസ്വം ബോർഡും ആരോഗ്യവകുപ്പും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പമ്പയെ മലിനപ്പെടുത്തുന്നതിൽ ഒരു വിഭാഗം ഭക്തർക്കും മലിനീക‌രണം തടയാൻ ഉത്തരവാദിത്വപ്പെട്ട അധികൃതർക്കാം പങ്കുണ്ടെന്നു വേണം കരുതാൻ.

നദിസംരക്ഷണത്തിന്

പദ്ധതികൾ വേണം

നദീസംരക്ഷണ പ്രവർത്തനങ്ങൾ സംസ്ഥാനം വലിയ പ്രധാന്യം നൽകുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നദികളെ സംരക്ഷിക്കുന്ന മാതൃക സംസ്ഥാനം കണ്ടുപഠിക്കേണ്ടതുണ്ട്. ഗംഗാ ശുചീകരണം ഉത്തർപ്രദേശ് സർക്കാർ വലിയ പദ്ധതിയായി ഏറ്റെടുത്തു. മലിനമായി കിടന്ന ഗംഗ കണ്ണാടിപോലെ തെളിഞ്ഞതും ശുദ്ധവുമാണ്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ നദീ സംരക്ഷണത്തിനായുണ്ട്. തീർത്ഥാടക ടൂറിസത്തിൽ ഉൾപ്പെടുത്തി പമ്പാ നദിയെയും സംസ്ഥാനത്തെ മറ്റു നദികളെയും സംരക്ഷിക്കാനുള്ള പദ്ധതികൾ സംസ്ഥാനം ഏറ്റെടുക്കേണ്ട സമയം കടന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പമ്പയെ ശുദ്ധീകരിക്കുന്നതിന് പ്രായോഗികമായ പദ്ധതികളാണ് ആവശ്യം. ദീർഘകാല അടിസ്ഥാനത്തിൽ നദീ സംരക്ഷണത്തിന് നടപടികൾ വേണം. മലിനീകരണത്തിന് വൻ തുക പിഴ ഇൗടാക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMBA, RIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION