SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

എ.ഐ. തീർക്കുന്ന ഭ്രമയുഗം

ai

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സർവേയിൽ ഒരദ്ധ്യായം ആശങ്കാകുലമായിരുന്നു. നിർമ്മിത ബുദ്ധിയുടെ വ്യാപനം ഉണ്ടാക്കാവുന്ന മാറ്റങ്ങൾ ഇതിൽ വിവരിക്കുന്നു. എ.ഐ. കാലത്തെ തൊഴിൽ: പ്രതിസന്ധിയോ, ഊർജമോ എന്നതാണ് സർവേ ഇവിടെ വിശകലനം ചെയ്യുന്നത്. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങൾക്ക് എ.ഐയുടെ വികാസം തിരിച്ചടിയാകുമെന്നാണ് സർവേ പറയുന്നത്.

ചുരുക്കം ചില വൻകിട ആഗോള കമ്പനികളുടെ നിയന്ത്രണത്തിലാണ് എ.ഐ ഗവേഷണ, വികസന മേഖലകൾ. നിലവിൽ മനുഷ്യർ ചെയ്യുന്ന പരമാവധി ജോലികൾ എ.ഐയിലേക്ക് മാറ്റാനാണ് ശ്രമം. വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിന് ഇടയാകും. തൊഴിലാളികളാലും വിഭവങ്ങളാലും സമ്പന്നമായ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങൾക്കിത് വലിയ തിരിച്ചടിയാകും. അസമത്വം രൂക്ഷമാകാൻ ഇത് കാരണമാകുമെന്ന് പഠനങ്ങളുണ്ട്. എ.ഐ. സാങ്കേതികവിദ്യ മൂലമുള്ള ഏത് നേട്ടത്തെയും അപ്രസക്തമാക്കുന്നതാകും അതിന്റെ ദോഷങ്ങൾ. എ.ഐയിലേക്കുള്ള മാറ്റത്തിന്റെ ഭാരമത്രയും പേറേണ്ടി വരിക പൊതുമേഖലയാകും. കുറഞ്ഞ തൊഴിൽ വൈദഗ്ദ്ധ്യം ആവശ്യമായ മേഖലയിലാണ് ഇന്ത്യയിലെ തൊഴിലാളികൾ ഏറെയും. ഇവരിൽ കൂടുതൽ നൈപുണ്യം കണ്ടെത്താനുള്ള സംവിധാനമുണ്ടാകണം. തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കും വിധം ഇൻഷ്വറൻസ് പദ്ധതികളെക്കുറിച്ചും ആലോചിക്കണമെന്നും സർവേ പറയുന്നു.

പൊളിഞ്ഞ തിയറി

എ.ഐ.വ്യാപനത്തിൽ കേന്ദ്ര സർക്കാർ തന്നെ ആശങ്ക ഉയർത്തിയപ്പോൾ കേരളം ഭരിക്കുന്ന പാർട്ടിയുടെ സാരഥി എം.വി.ഗോവിന്ദൻ പറഞ്ഞ അഭിപ്രായങ്ങൾ കേട്ട് ഏവരുടേയും കണ്ണു തള്ളി. ഈ വ്യാഖ്യാനം പാർട്ടിക്കും ഡീ കോഡ് ചെയ്യാൻ കഴിയാതെവന്നതോടെ ഗോവിന്ദൻ മലക്കംമറിയുകയും ചെയ്തു.

തൊഴിൽ നഷ്ടത്തിന്റെ പേരിൽ ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും എതിർത്ത സി.പി.എം, നിർമ്മിത ബുദ്ധിയെ വർഗശത്രുവായി കണക്കാക്കുമെന്ന് കരുതിപ്പോകും. എന്നാൽ എ.ഐയെ ഭാവിയിലെ കമ്യൂണിസ്റ്റായും സോഷ്യലിസ്റ്റായും വിശേഷിപ്പിച്ചായിരുന്നു ഗോവിന്ദന്റെ ആദ്യ പ്രസ്താവന. പാർട്ടി കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു ഈ പ്രസംഗം.

എ.ഐ. ഇപ്പോൾ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാദ്ധ്വാന ശേഷി 60% കുറയും. അപ്പോൾ അദ്ധ്വാനവർഗത്തിന് ആശ്വാസമുണ്ടാകും. എ.ഐയാണ് അദ്ധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുക. ഇത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എ.ഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുക... എന്നെല്ലാമായിരുന്നു എം.വി. ഗോവിന്ദന്റെ ആദ്യ വിശദീകരണം.

നിർമ്മിതബുദ്ധി മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മറ്റുമാണ് സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. ഇതിന് വിരുദ്ധമായി ഗോവിന്ദൻ നടത്തിയ താത്വിക അവലോകനം പാർട്ടിക്ക് മനസിലായില്ല. മൂന്ന് ദിവസത്തിനുശേഷം ഇടുക്കി ജില്ലാ സമ്മേളനത്തിനെത്തിയപ്പോൾ ഗോവിന്ദൻ നിലപാട് മാറ്റി. എ.ഐ. വഴി ഉത്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുമിഞ്ഞുകൂടുമെന്നും തൊഴിൽ നഷ്ടത്തിനും ചൂഷണത്തിനുമിടയാക്കുമെന്നുമാണ് ഗോവിന്ദന്റെ പുതിയ നിലപാട്. ചൈനക്കാർ എ.ഐ. കൊണ്ട് തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇന്ത്യ കുംഭമേളയിൽ മുങ്ങിക്കുളിക്കുകയാണെന്നു പറഞ്ഞ് സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിവാദത്തിന് മുതൽക്കൂട്ടി. സക്കർബർഗ് ടെക്‌നോ ഫ്യൂഡലാണെന്നും ഇലോൺ മസ്ക് രണ്ടാമത്തെ ജന്മിയാണെന്നും പറഞ്ഞ് സ്പീക്കർ എ.എൻ. ഷംസീർ എ.ഐ. വിവാദത്തിന് കൊഴുപ്പുകൂട്ടി.

രാഹുലിനും തന്നാലായത്

നിർമ്മിത ബുദ്ധിയിലെ ഏറ്റവും വലിയ വിപ്ലവമായിരുന്നു ഓപ്പൺ എ.ഐ വികസിപ്പിച്ച ചാറ്റ്ജി.പി.ടി. തുടർന്ന് മെറ്റാ എ.ഐ. ഗൂഗിൾ ജെമിനി തുടങ്ങി പലതും വന്നു. ഇവയെ എല്ലാം പിടിച്ചുകുലുക്കുന്ന നിലയിൽ ഡീപ് സീക്കുമായി ഇപ്പോൾ ചൈന എത്തിയിരിക്കുകയാണ്. ഇനിയും കാത്തിരിക്കാനാകില്ലെന്ന് മനസിലാക്കിയ ഇന്ത്യ, സ്വന്തം എ.ഐ. ചാറ്റ്ബോട്ട് വികസിപ്പിക്കാനൊരുങ്ങുകയാണ്. ഈ വർഷം അവസാനം ഇത് പുറത്തുവരുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഈ അവസരത്തിലാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചില വെളിപാടുകളുമായെത്തിയത്. എ.ഐയിൽ ഇന്ത്യ ചൈനയേക്കാൾ 10 വർഷം പിന്നിലാണെന്നാണ് അദ്ദേഹം സഭയിൽ പറഞ്ഞത്. ഡേറ്റായുടെ പിൻതുണയില്ലാതെ എ.ഐ. അർത്ഥശൂന്യമാണ്. ഇതിന് വേണ്ട ഡേറ്റാ എല്ലാം കൈവശപ്പെടുത്തിയിരിക്കുന്നത് അമേരിക്കയും ചൈനയുമാണെന്ന് രാഹുൽ പറഞ്ഞു. എ.ഐ പൂർണമായും പ്രവർത്തിക്കുന്നത് ഡേറ്റയെ അടിസ്ഥാനമാക്കിയാണ്. ഈ ഡേറ്റ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. മൊബൈൽ ഫോണുകളോ ഇലക്ട്രിക് കാറുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ആകട്ടെ ഇവയുടെ എല്ലാം നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഡേറ്റാ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയാണ്. ഇത്തരം ഡേറ്റയുടെ ഏറ്റവും വലിയ ഉപയോക്താവ് അമേരിക്കയും... ഇതാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം.

അങ്ങനെ രാഷ്ട്രീയതലത്തിലടക്കം എ.ഐ. ഒരു ഭ്രമയുഗം സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ തന്നെ എ.ഐയുടെ അപകടസാദ്ധ്യതകൾ നയരൂപകർത്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. ലോകത്താകെ ഏഴരക്കോടി തൊഴിലവസരങ്ങളെ എ.ഐ ബാധിക്കുമെന്നാണ് രാജ്യാന്തര തൊഴിൽസംഘടനയുടെ പഠനം. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്‌സ് പറയുന്നത് 30 കോടി തൊഴിലുകൾ എ.ഐ കാരണം അപകടത്തിലാകുമെന്നാണ്. ഏതായാലും കാലത്തിന്റെ ഒഴുക്കിനുസരിച്ച് നമുക്ക് നീന്താതിരിക്കാനാകില്ല. നിർമ്മിതബുദ്ധി പിടിമുറുക്കിക്കഴിഞ്ഞു. അത് നമ്മുതെ ശീലങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. എ.ഐയുടെ നേട്ടം പരമാവധി കൊയ്യാനും ആഘാതങ്ങൾ പരമാവധി കുറയ്ക്കാനുമുള്ള പോംവഴികൾക്കായി ലോകരാജ്യങ്ങൾ മത്സരബുദ്ധി മറന്ന് ഒരുമിച്ചിരിക്കുകയാണ് ഇനി വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION