
'നിന്നെ കൊന്നുകെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയിട്ടാണെങ്കിലും നിന്റെ ഭർത്താവിനെ ഞാൻ സ്വന്തമാക്കും. മാതാപിതാക്കൾ അതിനെതിരെ പരാതിയുമായി ഇറങ്ങിയാൽ അവരെ കള്ളക്കേസിൽ കുടുക്കും. എന്റെ ഭർത്താവ് ഒരു കേസിൽ അകത്താണ്. എനിക്ക് നിന്റെ ഭർത്താവിനെ കൂടിയേ തീരൂ" . പൈങ്കിളി സീരിയലിലെ വില്ലത്തിയുടെ ഡയലോഗാണെന്ന് കരുതിയെങ്കിൽ തെറ്റി! ഇക്കഴിഞ്ഞ മാസം വർക്കല എസ്.ഐ അഭിഷേകിന്റെ സസ്പെഷനിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കലാശിച്ച അവിഹിതബന്ധത്തിലെ നായികയായ വനിതാ എസ്.ഐയുടെ ഭീഷണി ഡയലോഗാണിത്. അഭിഷേകിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചെത്തി ക്രൂരമായി മർദ്ദിച്ചശേഷമായിരുന്നു ഭീഷണി. കൊല്ലം പരവൂർ സ്വദേശി അഭിഷേകിന്റെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്ന വനിതാ എസ്.ഐയുടെ വഴിവിട്ട ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വനിതാ എസ്.ഐയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് അഭിഷേകിനോട് ഭാര്യ പലതവണ അപേക്ഷിച്ചെങ്കിലും കൂട്ടാക്കാതിരുന്ന അഭിഷേക് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കെട്ടുതാലി വലിച്ചുപൊട്ടിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വനിതാ എസ്.ഐയെ വിളിച്ച് ബന്ധം ചോദ്യം ചെയ്തതിന്റെ പകയിലാണ് അവർ വീട്ടിൽ അതിക്രമിച്ചെത്തി യുവതിയെ മർദ്ദിച്ചവശയാക്കിയത്. പോരാത്തതിന് ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ വനിതാ എസ്.ഐ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തിൽ യുവതി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലെ അന്വേഷണമാണ് അഭിഷേകിന്റെ സസ്പെൻഷനും കൊല്ലത്തെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയായിരുന്ന വനിതാ എസ്.ഐയെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റാനും ഇടയാക്കിയത്.
നിയമപരമായി ഭാര്യ ഉള്ളപ്പോൾ എസ്.ഐയുടെ അവിഹിത ബന്ധം പെരുമാറ്റദൂഷ്യവും പൊലീസ് സേനയ്ക്ക് അപമാനവുമുണ്ടാക്കിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിനെ തുർന്നായിരുന്നു നടപടി. ഭാരതീയ ന്യായസംഹിത 85, 125 (2),115(2) , 351(2),3(5) എന്നീ ഗൗരവമേറിയ വകുപ്പുകളാണ് അഭിഷേകിനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസിൽ ഇതൊരു ഒറ്റപ്പെട്ടസംഭവമല്ല. പരാതിക്കാരും പ്രതികളുമായെത്തുന്ന സ്ത്രീകളോട് ചങ്ങാത്തത്തിലായി കുടുംബ ജീവിതം തകർന്നവരും കേസിൽ കുടുങ്ങി ശിക്ഷണ നടപടികൾക്ക് വിധേയരായവരും ഐ.പി.എസ് മോഹം പൊലിഞ്ഞവരുംവരെ കാക്കിക്കാർക്കിടയിലുണ്ട്.
കുടുംബം തകർക്കുന്ന
'കേസുകൾ"
മലയോര ജില്ലയിൽ ജനിച്ചുവളർന്ന് എസ്.ഐയായി മികച്ച സർവീസ് റെക്കാഡിനുടമകൂടിയായിരുന്ന ആൾ തലസ്ഥാനത്ത് ജോലി ചെയ്യുമ്പോഴാണ്, ഒരു കേസിൽപ്പെട്ട് തനിക്ക് മുന്നിലെത്തിയ സ്ത്രീയുമായി സൗഹൃദത്തിലായത്. കേസന്വേഷണത്തിനിടെ സൗഹൃദം പരിധിവിട്ടതോടെ പിരിയാനാകാത്ത അടുപ്പമായി. ഭർത്താവിന്റെ പരസ്ത്രീ സൗഹൃദത്തിൽ സർക്കാർ ജീവനക്കാരിയായ ഭാര്യ പരാതിയുമായി രംഗത്തെത്തി. രണ്ട് മക്കളുടെ പിതാവ് കൂടിയായിരുന്ന ഏമാൻ ഭാര്യയെയോ മക്കളെയോ കുടുംബത്തെയോപറ്റി ചിന്തിക്കാതെ കാമുകിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. കോടതിവഴി വിവാഹമോചനം തേടി ഭാര്യ മക്കൾക്കായി ജീവിക്കുമ്പോൾ, ഡിവൈ.എസ്.പി റാങ്കിലുള്ള ഏമാൻ രണ്ടാം ഭാര്യയോടൊപ്പമാണ് വാസം. സർവീസിലുടനീളം ഭീഷണിയായ പരസ്ത്രീ ബന്ധം ഐ.പി.എസ് സ്വപ്നം പോലും തല്ലിക്കെടുത്തിയതാണ് മദ്ധ്യകേരളത്തിലെ മറ്റൊരു ഏമാന്റെ അനുഭവം.
തെക്കൻ കേരളത്തിലെ മിക്ക സ്റ്റേഷനുകളിലും ജോലി നോക്കിയിരുന്ന ഈ ഏമാൻ സർവീസിൽ തരക്കേടില്ലാത്ത പേരും പ്രതാപവുമൊക്കെയുള്ള ആളാണ്. ഭാര്യയും മക്കളുമായി ജീവിക്കുന്നതിനിടെയാണ് സി.ഐയായിരിക്കെ പണമിടപാടുമായി തന്റെ മുന്നിൽ പരാതിയുമായെത്തിയ സ്ത്രീയുമായുളള സൗഹൃദത്തിന്റെ തുടക്കം. ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം അണാപൈസ കുറയാതെ ഏമാൻ ഇടപെട്ട് തിരികെ വാങ്ങിക്കൊടുത്തതോടെ തുടങ്ങിയ ആരാധന പ്രവാസിയുടെ ഭാര്യയും ഏമാനുമായുളള പ്രണയത്തിലാണ് കലാശിച്ചത്. സ്റ്റേഷൻ പരിധിയിലുള്ള പ്രവാസിയുടെ വീട്ടിൽ ഏമാന്റെ സന്ദർശനം പരസ്യമായ രഹസ്യമായതോടെ ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി വീട്ടമ്മയുമായുള്ള വിവാഹബന്ധം വേർപെടുത്തി. രണ്ട് പെൺമക്കളുടെ മാതാവായ വീട്ടമ്മയ്ക്കായി ഏമാൻ വീട് വാടകയ്ക്കെടുത്ത് അവിടേക്ക് മാറ്റി. ചെലവും കാര്യങ്ങളുമൊക്കെയേറ്റെടുത്ത് മുന്നോട്ട് പോകുന്നതിനിടെ ഏമാന് സ്ഥലം മാറ്റമായി. സ്ഥാനക്കയറ്റത്തോടുള്ള സ്ഥലം മാറ്റത്തിൽ സ്റ്റേഷൻ വിടേണ്ടിവന്നതോടെ ഏമാനെ വിശ്വസിച്ച് വേലിചാടിയ വീട്ടമ്മ വെട്ടിലായി. മദ്ധ്യകേരളത്തിലേക്ക് സ്ഥലം മാറിയ ഏമാൻ അവിടെയും പുതിയ സൗഹൃദങ്ങളിൽ അഭിരമിച്ചു. കുട്ടികളെ പഠിപ്പിക്കാനും വീട്ടുചെലവിനും മാർഗമില്ലാതായ വീട്ടമ്മ പുതിയ ലാവണത്തിൽ അന്വേഷിച്ചെത്തി. ക്വാർട്ടേഴ്സിൽ മറ്റൊരു സ്ത്രീയുമായുള്ള ഏമാന്റെ വാസം കണ്ട് നിലവിട്ട വീട്ടമ്മ ഒച്ചപ്പാടും ബഹളവുമായി. വഴക്കിനിടെ വീട്ടമ്മയെ ഏമാൻ കൈയ്യേറ്റം ചെയ്തു. സമീപത്തെ മറ്റ് ക്വാർട്ടേഴ്സുകളിൽ നിന്നോടിയെത്തിയവർ ഇടപെട്ട് വീട്ടമ്മയെ അവിടെ നിന്ന് തിരിച്ചയച്ചു. വീട്ടിലെത്തിയ വീട്ടമ്മ ഏമാന്റെ ലീലാവിലാസങ്ങളെ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സൗഹൃദത്തിനിടെ വീട്ടമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന നിക്ഷേപങ്ങൾ കൈക്കലാക്കിയ ഏമാൻ തനിക്കുണ്ടാക്കിയ നഷ്ടങ്ങൾക്കെതിരെ നിയമ നടപടികളുമായി വീട്ടമ്മ പോരാട്ടം തുടങ്ങി. വർഷങ്ങൾ നീണ്ട നിയമപോരാട്ടവും പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലുള്ള പ്രതിഷേധങ്ങളും ഏമാന്റെ ഐ.പി.എസ് മോഹങ്ങൾ തുലച്ചാണ് അവസാനിച്ചത്.
വിവാഹമോചനം മുതൽ
കൊലപാതകം വരെ
പൊലീസിലിതൊന്നുമത്ര പുതുമയല്ലെങ്കിലും അറിയപ്പെടുന്ന കുടുംബത്തിലെ എസ്.ഐയായ ചുള്ളൻ ചെക്കന് മകളെ വിവാഹം ചെയ്തുകൊടുത്ത ഒരു സീനിയർ ഡിവൈ.എസ്.പിയ്ക്ക് സർവീസിൽ നിന്ന് വിരമിച്ചയുടൻ രണ്ടാം വിവാഹം ചെയ്യേണ്ടി വന്നതാണ് കാക്കിയ്ക്കുള്ളിലെ അവിഹിതം പരിധിവിട്ടതിന്റെ മറ്റൊരുദുര്യോഗം. സർവീസിൽ വലിയ സംഭവമൊന്നുമായിരുന്നില്ലെങ്കിലും പരധനത്തോടുള്ള ആക്രാന്തം വട്ടപ്പേരിട്ട ഡിവൈ.എസ്.പി ഏമാൻ കോടതി ഡ്യൂട്ടി കഴിഞ്ഞ് പെട്ടെന്ന് വീട്ടിൽ മടങ്ങിവന്നപ്പോൾ കണ്ട കാഴ്ചയാണ് ജീവിതം മാറ്റി മറിച്ചത്. 'നിനക്ക് വിവാഹം ചെയ്തു തന്നത് എന്റെ ഭാര്യയെ അല്ല മകളെയാണെന്ന്' ആക്രോശിച്ച് മരുമകനും പിന്നീട് ഭാര്യയ്ക്കുമോരോന്ന് പൊട്ടിച്ചശേഷം വീടിന്റെ പടിയിറങ്ങിയ ഏമാൻ മകളോളം പ്രായമില്ലാത്ത യുവതിയെ രണ്ടാം വിവാഹം ചെയ്ത് പെൻഷൻ തുകകൊണ്ട് പടുകൂറ്റൻ വീടും പണിത് കൊച്ചുമക്കളുടെ പ്രായമുള്ള രണ്ട് മക്കളുടെ പിതാവായി കഴിയുകയാണിപ്പോൾ. അമ്മയെയും ഭാര്യയെയും തിരിച്ചറിയാത്ത കൊച്ചേമാനും സർവീസിൽ നിന്ന് പിരിഞ്ഞെങ്കിലും സഹപ്രവർത്തകരും പരിചയക്കാരും ഏമാനെ കാണുമ്പോൾ ആദ്യം ഓർക്കുക അമ്മാവിയപ്പന്റെ ആ പഴയ ഡയലോഗാണ്. ജീവനും ജീവിതവും മറന്നുള്ള അവിഹിത ഇടപാടുകൾ ആലപ്പുഴയിൽ സഹപ്രവർത്തകനാൽ വനിതാ പൊലീസുകാരിയുടെ ജീവനെടുത്തതും സേനയെ നാണംകെടുത്തിയ സംഭവങ്ങളിലൊന്നായിരുന്നു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയെയാണ് സഹപ്രവർത്തകൻ വീട്ടിലെത്തി പെട്രോളൊഴിച്ച് തീവച്ചുകൊന്നത്. ഭർത്തൃമതിയായിരുന്ന പൊലീസുകാരിയുമായുള്ള പ്രണയം ഉപേക്ഷിക്കാൻ കഴിയാതെവന്നതും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചതുമായിരുന്നു കടുംകൈയ്ക്ക് കാരണമായത്.
വഴിവിട്ട ബന്ധങ്ങളുടെ പേരിലുണ്ടായത് എണ്ണിയാലൊടുങ്ങാത്തത്ര സംഭവങ്ങളാണ്. ജീവനും ജീവിതവും നശിപ്പിച്ചും കുടുംബാംഗങ്ങൾക്ക് അപമാനം ബാക്കിയാക്കിയുമുള്ള കണ്ണീരോർമ്മകളായി ഓരോന്നും അവസാനിക്കുമ്പോഴും ഒരിക്കലും അതൊരു പൂർണവിരാമമല്ലെന്നതാണ് സത്യം. നിയമം ഒന്നുകൊണ്ടുമാത്രം ഇത്തരം സംഭവങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നിരിക്കെ ഇതിനെതിരെ ബോധവത്ക്കരണവും ജാഗ്രതയുമാണ് ആവശ്യം.
(നാളെ പ്രതികരണങ്ങൾ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |