
കയ്യിൽ പിടിച്ചൊരു കത്തികൊണ്ട് മനുഷ്യജീവൻ നിസാരമായി അരിഞ്ഞുതള്ളുന്ന നായകൻ. ചീറ്റുന്ന ചോര മുഖത്തേക്ക് തെറിക്കുമ്പോഴും വീരപരിവേഷത്തോടെ 'മാസ് ലുക്കിൽ" നിൽക്കുന്ന നായകനെ നോക്കി കയ്യടിക്കുന്ന ന്യൂജെൻ പ്രേക്ഷകർ. മുന്നിൽ കാണുന്നവരെയെല്ലാം വെടിവച്ചു തീർക്കുന്ന നായകനു കിട്ടുന്നതും കയ്യടി തന്നെ! സ്ക്രീനിൽ ചോര തെറിക്കുമ്പോൾ ഉന്മാദത്തോടെ ചിരിക്കുന്ന കുട്ടികളെ പേടിക്കണമെന്ന മുന്നറിയിപ്പാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ഒരു ചിത്രത്തിലെ ചോരക്കളി കൊറിയൻ ചിത്രങ്ങളെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. മറ്റൊന്നിന്റെ പാട്ടിലെ വരികൾ, 'പേനാക്കത്തി കൊണ്ട് ഹരിശ്രീ, കട്ടച്ചോരകൊണ്ട് വിദ്യാരംഭം" എന്നൊക്കെ! കൗമാരക്കാരുടെ ക്വട്ടേഷൻ സംഘമാണ് മറ്റൊരു സിനിമയിലെ പ്രമേയത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. മുമ്പൊന്നുമില്ലാത്ത വിധത്തിലാണ് മലയാളത്തിന്റെ വെള്ളിത്തിരയിൽ നിന്ന് ചോരതെറിക്കുന്നത്. മറുനാട്ടിൽ നിന്ന് ഇവിടെയെത്തി പണം വാരുന്നതും ഇതേ സിനിമകൾ തന്നെയാണ്.
'ജയിലർ" എന്ന സിനിമയിൽ വെടിയും വെട്ടും കുത്തുമൊഴിഞ്ഞൊരു നേരമില്ല. സിനിമയിലെ നായിക തന്റെ ദേഹത്തു വീണ ചോരപ്പാടുകൾ ടിഷ്യുപേപ്പർ എടുത്ത് തുടച്ചുകളയും. അതുപോലെ തുടച്ചു കളയാനാകുമോ സിനിമ കണ്ട് പകച്ചുപോകുന്ന കുരുന്നു മനസുകളിലെ രക്തക്കറ? ബോളിവുഡിൽ നിന്ന് അടുത്ത കാലത്ത് എത്തിയ രണ്ട് സിനിമകളാണ് കൗമാരക്കാർ ഏറെ കണ്ടത്- 'അനിമൽ, " 'കിൽ" എന്നിവ. പേരു പോലെതന്നെ ഉള്ളടക്കവും. വയലൻസിന്റെ കടുപ്പംകൊണ്ട് തിയേറ്ററുകളിൽ പണം വാരിയ പടങ്ങൾ.
ചോരക്കളി കൊണ്ട് കോടി ക്ലബുകളിൽ സിനിമ മുന്നേറുമ്പോൾ കുട്ടികളുടെ മനസ് വയലൻസിനു പിന്നാലെ പായും. 'മാസ് ഹീറോ"യെ അനുകരിക്കാൻ ശ്രമിക്കും. പെട്ടെന്ന് ദേഷ്യം വരും. ഒന്നു പറഞ്ഞാൽ രണ്ടിന് അടിയും കുത്തുമൊക്കെ നടക്കും. സിനിമ ഈ അടുത്തകാലത്ത് സംഭാവന നൽകിയ രണ്ടു വാക്കുകളാണ് 'കൊലമാസ്', 'മരണമാസ്" എന്നിവ. കെ.ജി.എഫ് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾ കേരളത്തിലും ഹിറ്റായതോടെയാണ് 'കൊന്നുതള്ളൽ" സിനിമകൾക്ക് കേരളത്തിലും മാർക്കറ്റുണ്ടെന്ന് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ടവർ മനസിലാക്കുന്നത്. പിന്നീട് 'ജയിലറി"ന്റെയും 'പുഷ്പ"യുടെയുമൊക്കെ വമ്പൻ വിജയം. ആ വഴിയിലേക്ക് മലയാള സിനിമയും തിരിഞ്ഞു. ചോരയിൽക്കുളിച്ച കത്തിയും കടിച്ചുപിടിച്ച് നിൽക്കുന്ന നായകനെ 'പാൻ ഇന്ത്യൻ സ്റ്റാർ" എന്നൊക്കെ വിശേഷിപ്പിച്ചു.
നാട്ടുകാരുമായും ബന്ധുവീട്ടുകാരുമായിപ്പോലും അധികം ഇടപഴകാതെ ജീവിക്കുന്ന കുട്ടികൾ. മൊബൈലിലേക്ക് കണ്ണുനട്ടിരുന്ന് കാണുന്നതും വയലൻസ് സീനുകൾ തന്നെ; കളിക്കുന്നത് 'ഫ്രീഫയർ" പോലുളള ഗെയിമുകളും. മൊബൈൽ സ്ക്രീനിൽ നോക്കി, 'അവനെ കൊല്ലെടാ..." എന്നാണ് പ്രൈമറി ക്ളാസിൽ പഠിക്കുന്ന കുട്ടി കൂട്ടുകാരനോടു പറയുന്നത്. അവസരം വന്നുകിട്ടിയാൽ ഇവരൊക്കെ ആയുധമെടുക്കില്ലേ?
ഏതാനും നാൾ മുമ്പ് ഹൈദരാബാദിലെ യൂസുഫ്ഗുഡയിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക, 'പുഷ്പ 2" കൊച്ചുകുട്ടികളെ മോശമായി സ്വാധീനിച്ചുവെന്ന് വിദ്യാഭ്യാസ കമ്മിഷന് പരാതി നൽകിയിരുന്നു- 'പുഷ്പ കണ്ട വിദ്യാർത്ഥികൾ ഇപ്പോൾ പരസ്പരം അസഭ്യം പറയുകയാണ്. നായകന്റെ വയലൻസ് കുട്ടികൾ അനുകരിക്കുന്നു. സർക്കാർ സ്‌കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലും ഇതു തന്നെ സ്ഥിതി. പുഷ്പ കാരണം എന്റെ സ്‌കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി"- ഇതായിരുന്നു പരാതിയുടെ ചുരുക്കം!
(തുടരും)
കതിരിന്മേൽ വളംവച്ചിട്ട് എന്തു കാര്യം?
ശ്രീകുമാരൻ തമ്പി
കുറച്ചുവർഷം മുമ്പാണ്. എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് എന്നോടു പറഞ്ഞു: 'അധികം താമസിയാതെ കേരളത്തിലെ കുട്ടികളിൽ നല്ലൊരു ഭാഗം മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങും. അപകടകരമായ നിലയിലാണ് വിദ്യാർത്ഥികളുടെ പോക്ക്!" അദ്ദേഹം പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നുവല്ലോ എന്ന് ഞെട്ടലോടെയും വേദനയോടെയുമാണ് ഞാൻ തിരിച്ചറിയുന്നത്.
അച്ഛൻ ജോലി ചെയ്യും, അമ്മ കുഞ്ഞുങ്ങളെ വളർത്തും എന്നതായിരുന്നു മുമ്പ്. മക്കളുടെ ഓരോ ചലനവും അമ്മയാണ് ആദ്യം അറിയുന്നത്. ഇന്ന് അമ്മമാർക്ക് സമയമില്ല. കുട്ടിയുടെ മുഖം വാടിയാൽ ആദ്യമറിയേണ്ടത് അമ്മയാണ്. സ്കൂളിൽ പോയാൽ എന്റെ ക്ലാസ് ടീച്ചർ വേറെയൊരു അമ്മയാണ്. എന്നെ അച്ചടക്കം പഠിപ്പിച്ചത് എന്റെ അമ്മയും എന്റെ അദ്ധ്യാപകരുമാണ്. ഇന്നിപ്പോൾ അച്ഛനമ്മമാർക്കു വന്ന മാറ്റം അദ്ധ്യാപകർക്കും വന്നിട്ടുണ്ട്. അവരും കുട്ടികളെ ശ്രദ്ധിക്കുന്നില്ല.
അമ്മ എന്നെ നല്ലതുപോലെ തല്ലിയാണ് വളർത്തിയത്. ഇപ്പോൾ അമ്മമാർ തല്ലാൻ പാടില്ല. തല്ലിയാൽ കേസാകും എന്നു പറയുന്നതു മാറാതെ ഇവിടത്തെ കുട്ടികൾ നന്നാകില്ല. സിനിമാരംഗത്ത് 58 വർഷമായിട്ടും ഞാൻ സിഗരറ്റ് വലിച്ചിട്ടില്ല, മദ്യപിച്ചിട്ടില്ല. അതിനു കാരണം അമ്മയുടെ വളർത്തുഗുണമാണ്. കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല. വിത്ത് വിതയ്ക്കുമ്പോൾ വളം വയ്ക്കണം. രാഷ്ട്രീയ പാർട്ടികളുടെ മൂല്യച്യുതി കുട്ടികളെ ദോഷമായി ബാധിക്കും. ആരെയും തല്ലാം, എവിടെയും സമരം ചെയ്യാം എന്നൊക്കെ കുട്ടികളെ പഠിപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് നല്ല പങ്കുണ്ട്. അദ്ധ്യാപകൻ വഴക്കുപറഞ്ഞാൽ അദ്ധ്യാപകന്റെ കരണത്തടിക്കുന്ന വിദ്യാർത്ഥി പണ്ടുണ്ടായിരുന്നില്ല.
കുട്ടികളെ വഴിതെറ്റിക്കുന്നതിൽ സിനിമയ്ക്കും പങ്കുണ്ട്. 1986-ൽ വന്ന 'യുവജനോത്സവം" എന്ന സിനിമയുടെ ക്ലൈമാക്സിൽ, വില്ലൻകഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്ഗോപിയെ മോഹൻലാൽ കുത്തിക്കൊല്ലുന്ന സീനുണ്ട്. അടുപ്പിച്ച് രണ്ട് കുത്തു കൊടുക്കും. എന്നോട് സെൻസർ ഓഫീസർ പറഞ്ഞു, 'ഒരു കുത്തേ പാടുള്ളൂ." രണ്ടു തവണ കുത്തിയില്ലെങ്കിൽ രംഗത്തിന് തീവ്രത കുറഞ്ഞുപോകുമെന്ന്. ആ സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു; 'രണ്ടു കുത്താണെങ്കിൽ എ സർട്ടിഫിക്കറ്റ്, ഒരു കുത്താണെങ്കിൽ യു സർട്ടിഫിക്കറ്റ്. ഏതു വേണം?" അതായിരുന്നു അന്നത്തെ സെൻസർ നിയമം. ഇപ്പോഴോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |