SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

ഇത്തരം മാതാപിതാക്കളെയാണ് ആദ്യം ചികിത്സിക്കേണ്ടത്!

as

ഒരു ശിശു വളർന്നു വരുമ്പോൾ അവന് പ്രിയപ്പെട്ട വിനോദോപാധിയായി മാറുന്ന ഒന്നുണ്ട്- സ്മാർട്ട് ഫോൺ! അത് കിട്ടിയാൽ പിന്നെ കുഞ്ഞിന് മറ്റൊന്നും വേണ്ട, എന്തിന് അമ്മയുടേയും അച്ഛന്റേയും സമീപ്യം പോലും വേണ്ടെന്ന്വച്ച് കുഞ്ഞ് ഫോണിനു പുറകെ പോകും. മൂന്നുവയസുള്ള കുട്ടി ഫോണിൽ പടമെടുക്കുന്നതും വീഡിയോ സെർച്ച് ചെയ്യുന്നതും കണ്ടിട്ട്. 'എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ...' എന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നു. സമീപകാല സംഭവങ്ങൾക്കുശേഷവും കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കളുണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടതാണ് അവർക്കാണ്.

കുഞ്ഞ് ആഹാരം കഴിച്ചില്ലെങ്കിൽ വീടിനു പുറത്തേക്കുകൊണ്ടു പോയി പൂക്കളെയും ശലഭങ്ങളേയും പക്ഷികളേയുമൊക്കെ കാണിച്ചാണ് അമ്മമാരും അമ്മൂമ്മമാരും കുഞ്ഞിനെ ഊട്ടിയിരുന്നത്. ഇന്ന് വീടിനുള്ളിൽ മൊബൈൽ ഫോണെടുത്ത് കൈയിൽ കൊടുക്കും. കുഞ്ഞു കരഞ്ഞാലും മറുമരുന്ന് ഫോൺ തന്നെ! കുടുംബക്കാരെല്ലാവരും ഒത്തുകൂടുന്ന ചടങ്ങുകളിലും കുട്ടികൾ ഫോണുകളുമായി ഒരു മൂലയിൽ ഇരിക്കുന്നത് കാണാം. സ്വന്തം രക്തബന്ധങ്ങളെ തിരിച്ചറിയുകയും കളിയും ചിരിയുമായി ഓടിക്കളിക്കാതെ സ്മാർട്ട് ഫോണിലെ കളികളിൽ രസം കണ്ടെത്തുന്നവർ. പിന്നെ പിന്നെ കുട്ടികൾ ഫ്രീ ഫയർ പോലുള്ള കളികളിലേക്ക് മാറുന്നു. തീക്കളി അപകടമാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയുമ്പോഴേക്കും മകൻ അല്ലെങ്കിൽ മകളെ തിരിച്ചുപിടിക്കാൻ ഡോക്ടർമാരുടെ സഹായം തേടേണ്ടി വരും.

ദുഃഖം നിരാശ

താളം തെറ്റുന്ന മനസ്

കുറച്ചു നാൾ മുമ്പ് പുറത്തിറങ്ങിയ 'ദി യംഗ് മൈൻഡ്: റൈസിംഗ് അഗ്രഷൻ ആൻഡ് ആങ്കർ ബൈ സാപിയൻ ലാബ്' എന്ന പഠന റിപ്പോർട്ട് കുട്ടികളുടെ മാറുന്ന മാനസിക നിലയെ അപഗ്രഥിക്കുന്നതാണ്. സ്മാർട് ഫോണുകൾ വന്നതിന് ശേഷം സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികളുടെ മാനസികനിലയിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്നതാണ് റിപ്പോർട്ടിലെ വളരെ പ്രധാന നിരീക്ഷണം.

അമേരിക്കയിലേയും ഇന്ത്യയിലേയും പതിമൂന്നിനും പതിനേഴിനും ഇടയിലുള്ള പതിനായിരം വിദ്യാർത്ഥികളിൽ നേരിട്ട് വിവരം ശേഖരിച്ച് തയ്യാറാക്കിയതാണ് പഠനറിപ്പോർട്ട്. കുട്ടികളുടെ മാനസിക നിലയിൽ ഫോണുകൾ വഹിക്കുന്ന പങ്കാണ് പ്രധാനമായും പഠനവിധേയമാക്കിയത്. മറ്റ് പ്രായത്തിലുളളവരെ അപേക്ഷിച്ച് പതിമൂന്നു മുതൽ പതിനേഴു വരെ പ്രായമുള്ള കുട്ടികളുടെ മനസ് വല്ലാതെ താളം തെറ്റുന്നുവെന്ന് കണ്ടെത്തി.

ഇവർക്കെല്ലാം ദുഃഖമുണ്ട്, നിരാശയുണ്ട്. എന്നാൽ ഇതിനുള്ള കാരണം അജ്ഞാതം. എന്തിനെയൊക്കൊയോ ചൊല്ലിയുള്ള ആശങ്ക, അനാവശ്യവും വിചിത്രവുമായ ചിന്തകൾ, യാഥാർത്ഥ്യ ബോധമില്ലാത്ത പെരുമാറ്റം, ആരോടും ആത്മാർത്ഥതയില്ല. പിടിച്ചാൽ കിട്ടാത്ത വിധത്തിൽ പൊട്ടിത്തെറിക്കും. ആക്രമവാസന, ചെറിയ കാരണം മതി നിരാശയിലേക്ക് വീഴാൻ.

അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ച്, അവധിക്ക് ബന്ധുവീടുകളിൽ പോയി അവിടെയുള്ളവരുമായി ഇടകലർന്ന്. നാട്ടിലൊക്കെ ഓടി നടന്ന്, ഉത്സവം കണ്ട്, വഴിവക്കിലെ മാവിൻ കല്ലെറിഞ്ഞ്, സൈക്കിൾ ടയർ ഉരുട്ടി നടന്ന ബാല്യം ആസ്വദിച്ചവരാണ് ഈ കുട്ടികളിൽ മിക്കവരുടേയും രക്ഷിതാക്കൾ. എന്നാൽ അവർ മക്കളെ അടക്കി നിറുത്താനായി ചെയ്യുന്നതോ മൊബൈൽ ഫോണെടുത്തു കൊടുക്കും. അങ്ങനെ ഫ്രീയാകുമ്പോൾ സന്തോഷിക്കുന്ന അച്ഛനും അമ്മയും പിന്നീട് കൗമാരക്കാരൻ വില കൂടിയ ബൈക്ക് ചോദിച്ച് കലിതുള്ളി നിൽക്കുമ്പോൾ അന്തംവിട്ടുപോകും. മക്കൾ ലഹരിയുടെ വഴിയിൽ എത്തിയെന്നറിയുമ്പോൾ പകച്ചു പോകും. ജീവിതത്തിന് റിടേക്കുകളില്ല, ചെയ്തൊക്കെ തിരുത്തി നന്നാക്കാൻ എന്ന് ഓർത്താൽ നന്ന്.

വയലൻസ് വിൽക്കുന്നവർ

ലഹരി വിൽക്കുന്നവരെപ്പോലെ

സിനിമയിലെ വയലൻസ് കുട്ടികളെ വഴിതെറ്റിക്കില്ലെന്ന് ചുമ്മാ വാദിക്കുന്ന ഒരു കൂട്ടരേ ഉള്ളൂ. ഇത്തരം സിനിമകൊണ്ട് പണം നേടുന്നവർ. കത്തികൊണ്ടും വാളുകൊണ്ടും മനുഷ്യജീവൻ നിസാരമായി അരിഞ്ഞു തള്ളുന്ന നായകൻ. ചീറ്റിത്തെറിക്കുന്ന ചോര നായകന്റെ മുഖത്ത് തെറിക്കുമ്പോഴും മാസ് ലുക്കിൽ നിൽക്കുന്ന നായകനെ നോക്കി കൈയടിക്കുന്ന ന്യൂജെൻ പ്രേക്ഷകർ. മുന്നിൽ കാണുന്നവരെയൊക്കെ വെടിപൊട്ടിച്ച് തീർക്കുന്ന നായകനും കിട്ടുന്നത് കൈയ്യടിയാണ്. സ്ക്രീനിൽ ചോര തെറിക്കുമ്പോൾ ഉന്മാദത്തോടെ ചിരിക്കുന്ന കുട്ടികളെ പേടിക്കണമെന്ന മുന്നറിയിപ്പു തന്നെയാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

ആവേശം, മാർക്കോ, പുഷ്പ, ജയിലർ, മുറ, പണി, അനിമൽ, കിൽ... വയലൻസ് മികവിൽ തിയേറ്ററിൽ നിന്നും പണം വാരിയ പടങ്ങൾ. ചോരക്കളികൊണ്ട് കോടി ക്ലബുകളിൽ സിനിമ മുന്നേറുമ്പോൾ കുട്ടികളുടെ മനസ് വയലൻസിനു പിന്നാലെ പായും. മാസ് ഹീറോയെ അനുകരിക്കാൻ അവർ ശ്രമിക്കും. ഒന്നു പറഞ്ഞാൽ രണ്ടിന് അടിയും കുത്തുമൊക്കെ നടക്കും. കെ.ജി.എഫ് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങൾ കേരളത്തിലും ഹിറ്റായതോടെയാണ് കൊന്നു തളളൽ സിനിമകൾക്ക് കേരളത്തിലും മാർക്കറ്റുണ്ടെന്ന് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ടവർ മനസിലാക്കുന്നത്. ചോരക്കത്തിയും കടിച്ചുപിടിച്ചു നിൽക്കുന്ന നായകനെ 'പാൻ ഇന്ത്യൻ സ്റ്റാർ' എന്നൊക്കെ വിശേഷിപ്പിച്ചു. സിനിമയിൽ വയലൻസ് വിൽക്കുന്നവരെ ലഹരി വിൽക്കുന്നവരെപ്പോലെ കാണണമെന്നാണ് കെ.എസ്.എഫ്.ഡി.സി ചെയർമാൻ കൂടിയായ സംവിധായകൻ ഷാജി എൻ.കരുൺ. എങ്ങനെയും കാശുവാരണമെന്ന ചിന്താഗതിയാണ് സിനിമയിൽ വയലൻസിന്റെ അതിപ്രസരത്തിന് കാരണം. ലഹരി ഉപയോഗം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ അടുത്തമാസം ചേരുന്ന സിനിമാ കോൺക്ലേവ് ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ഇടപെടൽ

വിജയിക്കട്ടെ

കുട്ടികളിലേക്ക് ലഹരിയെത്തുന്ന വഴി അടയ്ക്കാനാണ് സർക്കാർ ശ്രമം. ഒപ്പം സിനിമയിലെ വയലൻസിനും കൂച്ചുവിലങ്ങിടാനും തീരുമാനിച്ചുകഴിഞ്ഞു. പക്ഷെ, കുട്ടികളെ നല്ല പൗരന്മായി വളർത്താൻ രക്ഷിതാക്കളും അദ്ധ്യാപകരും വിചാരിച്ചേ പറ്റൂ. ഇതുവരെ പിന്തുടർന്നത് തെറ്റെന്ന് മനസിലായാൽ പിന്നെ നല്ല വഴിയിലേക്ക് തിരിച്ചു നടക്കണം. ഇല്ലെങ്കിൽ നാട് കൈവിട്ടു പോകും.

സിനിമയുടെ കാര്യം പറഞ്ഞതുപോലെയാണ് കുടുംബ ജീവിതവും. കൂടുതൽ സന്തോഷം, കൂടുതൽ പണം... എന്ന ചിന്തയ്ക്കിടയിൽ കുട്ടികളെ മികച്ചവരായി വളർത്തിയെടുക്കാൻ സമയം കണ്ടെത്താതെ പോയിട്ട് കാര്യമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, SMARTPHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION