SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

അജയ്യനായി പിണറായി, നിലപാട് മാറ്റവുമായി സി.പി.എം സമ്മേളനം

cpm

മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചത് പാർട്ടി കാലങ്ങളായി തുടർന്നു വന്ന പ്രത്യയശാസ്ത്രപരമായ നിലപാടുകളിൽ നിന്ന് കാതലായ മാറ്റത്തിനുള്ള സുപ്രധാനമായ ചുവടുവയ്പോടെ. എം.വി ഗോവിന്ദൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സംസ്ഥാനത്തെ സി.പി.എമ്മിന്റെ ചോദ്യം ചെയ്യാനാകാത്ത നേതാവ് പിണറായി വിജയനാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് കൊല്ലം സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിന്റെ പ്രവർത്തനത്തിനും എതിരായി കാര്യമായ വിമർശനങ്ങളോ പരാതികളോ ഉയ‌ർന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന് ഭരണപരമായ എല്ലാകാര്യങ്ങളിലും ക്ളീൻചിറ്റ് നൽകിയെന്നതാണ് ശ്രദ്ധേയമായ വസ്തുത. അതേസമയം മറ്റു മന്ത്രിമാർക്കും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും എതിരായി കാതലായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തവും സേവനങ്ങൾക്ക് സെസും അധികഫീസും ഏർപ്പെടുത്തുന്നതുമടക്കമുള്ള നിർദ്ദേശങ്ങൾക്കെതിരെയും സമ്മേളനപ്രതിനിധികളിൽ നിന്ന് കാര്യമായ എതിർശബ്ദമൊന്നും ഉയർന്നില്ലെങ്കിലും ഇതെച്ചൊല്ലി വരും നാളുകളിൽ ചർച്ചകൾ ഉയരുമെന്നതിൽ തർക്കമില്ല. നികുതിഭാരം കൊണ്ട് ഇപ്പോൾ തന്നെ നട്ടം തിരിയുന്ന ജനങ്ങൾക്ക് അമിതഭാരം ഏറ്റുന്ന നികുതി/ സെസ് നിർദ്ദേശങ്ങളാണ് ഏറെ ആശങ്കയുണർത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ തുടർച്ചയായി മൂന്നാം പിണറായി സർക്കാരെന്ന സുപ്രധാന അജണ്ടയിലൂന്നിയായിരുന്നു കൊല്ലത്ത് നടന്ന സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ.

സ്വകാര്യ പങ്കാളിത്തത്തിലെ

നയം മാറ്റം

2022 ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന രേഖയുടെ തുടർച്ചയായി ഈ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന 41 പേജുള്ള റിപ്പോർട്ടിലാണ് പാർട്ടി തുടർന്നുവന്ന നയങ്ങളിൽ നിന്നുള്ള കാതലായ വ്യതിയാനം പ്രകടമാകുന്നത്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് കൈമാറാമെന്ന സി.പി.എം നിലപാട് മാറ്റം വരും ദിവസങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവയ്ക്കുമെന്നുറപ്പാണ്. നന്നാക്കാൻ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏൽപ്പിക്കാമെന്ന് നവകേരള രേഖയിൽ നിർദ്ദേശിച്ചതിനൊപ്പം പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സ‌ർക്കാരിനെതിരെ സമ്മേളനം പ്രമേയം പാസാക്കുകയും ചെയ്തുവെന്ന വൈരുദ്ധ്യവും സമ്മേളനത്തിന്റെ പ്രത്യേകതയാണ്. പുനരുദ്ധരിക്കാൻ കഴിയാത്ത സ്ഥാപനങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ പുന:ക്രമീകരിക്കാനുള്ള സാദ്ധ്യതകൾ ആരായണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിൽ നിർദ്ദേശിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ വ്യവസ്ഥകൾക്ക് വിധേയമായി താത്പര്യമുള്ളവർക്ക് നടത്തിപ്പിന് നൽകാമെന്നും പറയുമ്പോൾ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ തൊഴിലാളികളെ അണിനിരത്തണമെന്നാവശ്യപ്പെട്ട് സമ്മേളനം പ്രമേയവും പാസാക്കിയത്. പൊതുമേഖലാ സംരക്ഷണമെന്നത് രാജ്യസ്നേഹപരമായ മുദ്രാവാക്യമെന്ന് വിശേഷിക്കുന്ന സി.പി.എം, ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് ദേശീയസമ്പത്ത് മോദി സർക്കാർ നിസാരവിലയ്ക്ക് കൈമാറുകയാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ സ്വകാര്യവത്ക്കരണ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.എം, കേരളത്തിലെ സ്വകാര്യവത്ക്കരണത്തിനായി തൊഴിലാളികളുടെ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യമാണ് ചർച്ചയാകുന്നത്. എന്നാൽ പാർട്ടി നയത്തിൽ വൈരുദ്ധ്യമില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ ഫലപ്രദമായി എങ്ങനെ പ്രവർത്തിപ്പിക്കാമെന്നാണ് നവകേരളരേഖയിൽ പറയുന്നതെന്ന വിശദീകരണവുമായി പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. 'പൂട്ടുമെന്നല്ല, സർക്കാർ ഇതൊന്നും ആർക്കും വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. നടത്തിപ്പിന് ആവശ്യമായ പിന്തുണ നൽകാനാഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ചർച്ചയിലൂടെ നിലപാട് സ്വീകരിക്കും.' അദ്ദേഹം പറഞ്ഞു.

സെസും ഫീസും

ഉടനില്ലെന്ന് മുഖ്യമന്ത്രി
സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസും സെസും ചുമത്തണമെന്ന നിർദ്ദേശം പുതിയ കാര്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നികുതിക്കുമേൽ ചുമത്തുന്ന അധികനികുതിയാണ് സെസ് എന്നതിനാൽ ജനങ്ങൾക്ക് അധികഭാരം വരുത്തുന്നതാകും സെസ് നിർദ്ദേശം. കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്നുവെന്ന് സി.പി.എം ആരോപിക്കുന്ന സാമ്പത്തിക ഉപരോധം മറികടക്കാനുള്ള വിഭവസമാഹരണ പദ്ധതിയെന്നാണ് സെസ് ചുമത്തലും ഫീസ് വർദ്ധിപ്പിക്കലും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിൽ ശുപാർശ ചെയ്യുന്നത്. ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് പണം ആവശ്യമായതിനാൽ അതിനുള്ള മാർഗമായാണ് രേഖയിൽ മുന്നോട്ട് വയ്ക്കുന്നതെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ സമ്മേളന പ്രതിനിധികളുടെ ആശങ്കക്ക് മറുപടിയായി പിണറായി വിജയൻ പറഞ്ഞത് സെസും ഫീസും അടക്കം വിഭവസമാഹരണ സാദ്ധ്യത എന്ന നിലയിലാണ് മുന്നോട്ട് വച്ചതെന്നും ഉടൻ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ലെന്നുമാണ്. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി മാത്രമേ മുന്നോട്ട് പോകൂ. നയവ്യതിയാനമല്ല, വികസന നയരേഖയ്ക്ക് ഇടതുസ്വഭാവം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയുടെയും സർക്കാരിന്റെയും ഇതുവരെയുള്ള നയസമീപനങ്ങളിൽ വലിയ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചാണ് സ്വകാര്യനിക്ഷേപം കൊണ്ടുവരാനും അതിനനുകൂലമായ രീതിയിൽ പാർട്ടി നയത്തിലും നിയമത്തിലും കാലോചിതമായ മാറ്റത്തിന് നിർദ്ദേശിക്കുന്ന നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്. നയരേഖയ്ക്ക് സമ്മേളനത്തിൽ എതിർപ്പുയർന്നില്ലെങ്കിലും സംശയങ്ങൾ ദൂരീകരിച്ച് വേണം നയം നടപ്പാക്കാനെന്ന അഭിപ്രായം മാത്രമാണ് 4 മണിക്കൂറോളം നീണ്ട ചർച്ചയിൽ 27 പ്രതിനിധികൾ ഉയർത്തിയത്. എന്നാൽ പാർട്ടിയുടെ നയവ്യതിയാനമല്ലേ ഇതെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധി കെ.ടി കുഞ്ഞിക്കണ്ണൻ മാത്രം ചോദ്യമുയർത്തിയത് ശ്രദ്ധേയമായി. സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.

എം.വി ഗോവിന്ദൻ

വീണ്ടും സെക്രട്ടറി
അടുത്ത മൂന്നുവർഷത്തേക്ക് കൂടി കേരള സി.പി.എമ്മിനെ നയിക്കാൻ എം.വി ഗോവിന്ദനെ കൊല്ലത്ത് സമാപിച്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകി 89 അംഗ സംസ്ഥാന കമ്മിറ്റിയും 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റിയിലെ 17 പേ‌ർ പുതുമുഖങ്ങളാണ്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ തുടർന്ന് സൂസൻ കോടിയെയും നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് വയനാട് മുൻ ജില്ലാ സെക്രട്ടറി ഗഗാറിനെയും സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കി. പ്രായാധിക്യത്താൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് കൊല്ലത്തുകാരായ പി.രാജേന്ദ്രൻ, കെ.വരദരാജൻ, സൂസൻകോടി എന്നിവർ ഒഴിഞ്ഞപ്പോൾ എസ്. ജയമോഹൻ മാത്രമാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം ലഭിച്ചത്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ സി.പി.എം പതിവ് രീതിയനുസരിച്ച് പരസ്യമായ പ്രതിഷേധമോ മുറുമുറുപ്പോ ഉണ്ടാകുക അപൂർവ്വമാണെങ്കിലും ഇക്കുറി ചിലകോണുകളിൽ നിന്നെങ്കിലും പരസ്യപ്രതിഷേധം ഉയർന്നത് ശ്രദ്ധേയമാണ്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പാർട്ടിയിലും പുറത്തും ചർച്ചയായത്. സംസ്ഥാന കമ്മിറ്റിയിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്മകുമാറിന്റെ പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് പാർട്ടിയിൽ നിന്ന് ചതിയും വഞ്ചനയും അവഹേളനവും നേരിട്ടതായി ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയോടെ സമ്മേളന വേദിവിട്ട അദ്ദേഹം 52 വർഷത്തെ ബാക്കിപത്രമെന്നും ലാൽസലാം എന്നും പറഞ്ഞുള്ള പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. തന്നെ ഒഴിവാക്കി മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിനതിരായ പ്രതിഷേധമാണ് പദ്മകുമാർ പരസ്യപ്രതികരണത്തിലൂടെ പ്രകടിപ്പിച്ചത്. കണ്ണൂരിൽ നിന്നുള്ള പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ അദ്ദേഹം പരസ്യപ്രതികരണത്തിന് മുതിർന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതീകാത്മക പ്രതിഷേധം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION