
സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിവിൽപ്പനയും ഉപയോഗവുമുള്ള സ്ഥലങ്ങളിൽ ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ ലഹരിവല പൊട്ടിക്കാനാണ് പൊലീസിന്റെ പദ്ധതി. ഇത്തരം 1377 കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകൾ ഉൾപ്പെട്ട സ്റ്റേഷനുകളിൽ ലഹരിവേട്ടയ്ക്കായി സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചു. ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് ലഹരി വ്യാപാര കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനും നിരന്തര നിരീക്ഷണത്തിലൂടെയും പരിശോധനകളിലൂടെയും ലഹരിയിടപാടുകാരെ കണ്ടെത്തി അകത്താക്കാനുമാണ് പൊലീസിന്റെ പദ്ധതി.
ഒരിക്കൽ ഉപയോഗിക്കുന്നവരെ ആജീവനാന്തം അടിമകളാക്കി അരുംകൊലകൾക്കും കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുന്ന ലഹരിവിപത്തിന് തടയിടാനാവാതെ വിയർക്കുകയാണ് പൊലീസും എക്സൈസും. ഭൂരിഭാഗം കൊലപാതകങ്ങളിലും ആത്മഹത്യകളിലും കുറ്റകൃത്യങ്ങളിലും ലഹരിമരുന്നാണ് വില്ലൻ. ലഹരിമാഫിയയെ പൂട്ടാൻ കൈക്കൊണ്ട കരുതൽതടങ്കൽ, സ്വത്ത് കണ്ടുകെട്ടൽ നടപടികൾ കൊണ്ട് കാര്യമായ ഗുണമില്ല. ഗ്രാമപ്രദേശങ്ങളിലടക്കം മാരകമായ രാസലഹരി സുലഭമാണ്. കോളേജുകളിലും സ്കൂളുകളിലും പിടിമുറിക്കിയ ലഹരിമാഫിയ, വിദ്യാർത്ഥികളെ കാരിയർമാരും വിൽപ്പനക്കാരുമാക്കിയിരിക്കുകയാണ്.
സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംങ് ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്. നിറവും മണവുമില്ലാത്ത ഇവ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താൻ എളുപ്പമല്ല. കോളേജ് ഹോസ്റ്റലുകൾ കഞ്ചാവിന്റെ സംഭരണ കേന്ദ്രങ്ങളായിട്ടുണ്ട്. കളമശേരി പോളിടെക്നിക്കിൽ കഴിഞ്ഞദിവസമാണ് പാതിരാ റെയ്ഡിൽ പൊലീസ് കഞ്ചാവും മദ്യവുമൊക്കെ പിടികൂടിയത്. രണ്ടുവർഷത്തിനിടെ കേരളത്തിൽ പിടിച്ചത് 1000കോടിയുടെ മയക്കുമരുന്നാണ്. കടത്തുന്നതിന്റെ ഒരുശതമാനം പോലും പിടികൂടാനാവുന്നില്ല. ലാബുകളിൽ നിർമ്മിക്കുന്ന എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ രാസലഹരികളാണ് വ്യാപകം. ആഘോഷ പാർട്ടികളിലും കോളേജ് ഹോസ്റ്റലുകളിലുമെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നു. അന്യസംസ്ഥാനക്കാരും വിദ്യാർത്ഥികളുമാണ് കാരിയർമാർ.
ലഹരിവ്യാപാരത്തിന് മെട്രോ നഗരമായ കൊച്ചിയെക്കാൾ വലിയ ശൃംഖലയാണ് തലസ്ഥാനത്തുള്ളത്. നഗരത്തിലെ ഉൾമേഖലകളിൽ പോലും ഉന്മാദലഹരി സുലഭമാണ്. 200രൂപ മുതലുള്ള ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽക്കുന്നവർ മുതൽ രാസലഹരി വിതരണക്കാർ വരെ നഗരത്തിൽ സജീവമാണ്. കാടുപിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം കഞ്ചാവ്, മദ്യം, മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങളുണ്ട്. ബംഗളൂരുവിൽ നിന്ന് വോൾവോ ബസുകളിലും ട്രെയിനുകളിലുമെത്തിക്കുന്ന കഞ്ചാവ് കഴക്കൂട്ടത്തും ചെറിയ സ്റ്റേഷനുകളിലും ഇറക്കി കോളനികളിലേക്കെത്തിക്കുന്നതാണ് രീതി. വിദ്യാർത്ഥികളെ രാസലഹരിയുടെ കാരിയർമാരായി ഉപയോഗിക്കുന്നു. ആന്ധ്രയിൽ നിന്ന് കഞ്ചാവും ബംഗളുരുവിൽ നിന്ന് എം.ഡി.എം.എ അടക്കം രാസലഹരിയും തലസ്ഥാനത്തേക്ക് എത്തുന്നു. ഓൺലൈനിൽ ഓർഡർ ചെയ്ത് കൊറിയറിലും കഞ്ചാവും രാസലഹരിയും എത്തിക്കുന്നു. ഐ.ടി മേഖലയിലടക്കം പാർട്ടികളിലും ആഘോഷങ്ങളിലും ബാറുകളിലുമെല്ലാം ലഹരിയുപയോഗം കണ്ടെത്താൻ പൊലീസിന്റെ രഹസ്യ പരിശോധനയുണ്ട്.
തലസ്ഥാനത്തെ മിക്ക കുറ്റകൃത്യങ്ങൾക്ക് പിന്നിലും ലഹരിയുപയോഗിക്കുന്നവരാണ്. ലഹരി-ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ കല്ലുകളും മരക്കഷ്ണങ്ങളുമുപയോഗിച്ച് ക്രൂരമായി അടിച്ചു കൊന്നത് അടുത്തിടെയാണ്. മാനവീയം വീഥിയിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവാണ്. അടുത്തിടെ ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിന്റെ കഴുത്തിന് വെട്ടേറ്റ സംഭവത്തിനു പിന്നിലും ലഹരിസംഘങ്ങളായിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയും വില്പന തകൃതിയായി നടക്കുന്നു. ആഘോഷ പാർട്ടികളിലും കോളേജ് ഹോസ്റ്റലുകളിലുമെല്ലാം ലഹരിയുപയോഗമുണ്ട്. ഈ സാഹചര്യത്തിൽ ബാറുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം തലസ്ഥാന നഗരത്തിലേക്ക് കൊണ്ടുന്ന 47കിലോ കഞ്ചാവ് റൂറലിൽ പിടികൂടിയിരുന്നു.
കടൽകടന്നും വരും
കടൽമാർഗം ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രാസലഹരിയെത്തുന്നു. അഫ്ഗാൻ, ആഫ്രിക്കൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദലഹരിയായ 'മെത്ത്ട്രാക്സും' കേരളത്തിൽ സുലഭം. പേജുകളിൽ എൽ.എസ്.ഡി സ്റ്റാമ്പൊട്ടിച്ച പുസ്തകങ്ങൾ കൊറിയറിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വിമാനത്തിലും ട്രെയിനിലും റോഡുവഴിയും ലഹരിയെത്തിക്കുന്നു. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിത രാസലഹരികളാണ് അപകടകരം. 100 രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരികിട്ടുന്ന നാവിലൊട്ടിക്കുന്ന സ്റ്റിക്കറുകൾ സുലഭമാണ്.
പല്ലുകൊഴിയും, അകാലമരണവും
രാസലഹരിയുപയോഗിച്ചാൽ വായിലെ തൊലിയും പല്ലുംപോവും. ഉറക്കംനഷ്ടപ്പെടും. ഭക്ഷണവും വെള്ളവും വേണ്ടാതാവും. തലച്ചോറിന്റെ താളം തെറ്റുന്നതോടെ വിഷാദരോഗവും ആത്മഹത്യാപ്രവണതയുമുണ്ടാവും.
പക്ഷാഘാതം, തലച്ചോറിൽ രക്തസ്രാവം എന്നിവമൂലം അകാലമരണത്തിന് സാദ്ധ്യതയേറും. വിദേശത്തുനിന്നെത്തുന്ന എൽ.എസ്.ഡി സ്റ്റാമ്പിന്റെ അമിതോപയോഗം അബോധാവസ്ഥയിലാക്കും, മരണത്തിനുമിടയാക്കും.
രക്തസമ്മർദ്ദവും താപനിലയും അസാധാരണമായി ഉയരുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കും ഇടയുണ്ട്. മൂക്കിലൂടെ വലിച്ചുകയറ്റുന്നത് ശ്വാസകോശത്തെയും തകരാറിലാക്കും. യുവാക്കളെ അക്രമകാരികളാക്കും.
''ലഹരി വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടും. കരുതൽ തടങ്കലിലാക്കാനുള്ളവരുടെ പട്ടികയുണ്ടാക്കും. ഡി.ജെ പാർട്ടികളിലടക്കം രഹസ്യമായി നിരീക്ഷണമുണ്ടാവും. ലഹരി വ്യാപാരവും ഉപയോഗവും കർശനമായി തടയും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരിയെത്തിക്കുന്നതിനും തടയിടും. അന്യ സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിക്കും. ബ്ലാക്ക്സ്പോട്ടുകളിൽ അതീവ ജാഗ്രതയോടെ പ്രവർത്തിച്ച് മാഫിയയെ തകർക്കും. ഏറ്റവും ഡിമാന്റും സപ്ലൈയുമുള്ളത് ഇവിടങ്ങളിലാണ് ''
-മനോജ് എബ്രഹാം,
എ.ഡി.ജി.പി, ക്രമസമാധാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |