
കേരള കർണാടക അതിർത്തി പങ്കിട്ട് കബനിനദി കിഴക്കോട്ട് ഒഴുകുമ്പോൾ ഒഴുക്കിനെ അതിജീവിച്ച് മദ്യവും കഞ്ചാവും രാസലഹരികളും കബനിയിലൂടെ വയനാട്ടിലേക്കും എത്തുന്നു. പിന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിതരണക്കാർക്കും സുലഭമായി ഇവ എത്തിക്കും. വയനാട്ടിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. കബനി നദിയുടെ അക്കരെയുള്ള കർണാടകയിലെ ബൈരക്കുപ്പ ഗ്രാമം മാഹിക്ക് സമാനമാണ്. കുറഞ്ഞ ചെലവിൽ വീര്യം കൂടുതലുള്ള മദ്യം കിട്ടുന്നിടം. വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തുന്ന സാധാരണക്കാർക്ക് ഒന്ന് തോണി കടന്ന് അക്കരെയെത്തിയാൽ മതിവരുവോളം കുറഞ്ഞ വിലക്ക് വീര്യം കൂടിയ മദ്യം കഴിച്ച് തോണിയിൽ തന്നെ തിരിച്ചെത്താം. പുഴയുടെ അക്കരെയും ഇക്കരെയും 'കോഴി വസന്ത' രോഗം പിടിച്ച് തൂങ്ങി നിൽക്കുന്ന ജനങ്ങൾ! ലഹരിയുടെ മറവിൽ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും പണം വച്ചുള്ള ചീട്ടുകളിയും തകൃതി. ഒരുകാലത്ത് മദ്യവും സ്പിരിറ്റും മാത്രമായിരുന്നു ഈ കടവിൽ കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയിരുന്നതെങ്കിൽ കാലം മാറിയപ്പോൾ മദ്യത്തിന് പുറമെ കഞ്ചാവും രാസലഹരികളും വൻതോതിൽ കബനിയിലൂടെ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ല. കടത്തുകാരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ക്യാരിയർ ഏജന്റുമാരായി പ്രവർത്തിച്ചാൽ കൈയിൽ വരുന്നത് ചെറിയ തുകയല്ല. ലഹരി തേടി വിദ്യാർത്ഥികളടക്കം കബനിയുടെ ഈ തീരത്തേക്ക് പ്രവഹിക്കുകയാണ്. ആർക്കും ആരെയും ചോദ്യം ചെയ്യാൻ പാടില്ലാത്ത ഇടമായി ഇവിടം മാറിയിട്ടുണ്ട്. അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ലഹരി കടത്തുകാരുടെ വിഹാരകേന്ദ്രമായി മാറിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി കടന്ന് പോകാൻ തന്നെ ഭയമായിരിക്കുന്നു. പുഴയ്ക്ക് ഇക്കരെയുളള പെരിക്കല്ലൂർ മുതൽ കൊളവള്ളിവരെയുളള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കളുടെ കടത്ത്. സമീപ കാലത്തൊന്നും ഇല്ലാത്ത തരത്തിൽ ലഹരിക്കടത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതുവഴി ഒഴുകിയെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ എക്സൈസ് പൊലീസ് സംഘം പിടികൂടുന്നത് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്.
പരിശോധനയില്ലത്തതും
പ്രതിസന്ധി
അതിർത്തി പ്രദേശമായ പെരിക്കല്ലൂരിൽ മുമ്പ് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പത്തുവർഷമായി അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എയ്ഡ് പോസ്റ്റിന് വാടക നൽകാൻ കുടിശ്ശിക വരുത്തിയതോടെയാണ് അടച്ചു പൂട്ടിയത്. ഇത് ലഹരി കടത്തുന്നവർക്കും സഹായകമായി. കർണാടക വനത്തിലൂടെ ഊട് വഴികളിലൂടെ അക്കരെ തോണിക്കടവിൽ എത്തുന്ന സംഘം, തോണി വഴി വയനാട് അതിർത്തിയിലെത്തിയാൽ ഇവിടെ നിന്ന് കേരളത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ കഞ്ചാവും രാസലഹരി വസ്തുക്കളും തടസങ്ങളില്ലാതെ കടത്താം. വല്ലപ്പോഴും പട്രോളിംഗ് നടത്തിയാലായി. പൊലീസ് എക്സൈസ് സംഘത്തിന്റെ നീക്കങ്ങൾ ലഹരി മാഫിയ സംഘത്തെ അറിയിക്കാനും സംഘങ്ങൾ ഏറെ. ഇപ്പോൾ പുഴയിൽ വെള്ളം കുറവായതിനാൽ തോണിയിൽ കയറാതെ നടന്ന് പുഴ കടന്ന് ഇക്കരെയെത്താം. ഇതാണ് ലഹരിക്കടത്ത് വർദ്ധിക്കാൻ ഇടയാക്കിയതും. വൈകുന്നേരം വരെയാണ് യാത്രക്കാരുമായി കടത്ത് ഉള്ളത്.പിന്നെ ഇവിടം ലഹരി കടത്തുകാരുടെ ഇടമായി മാറുകയാണ്. കൊട്ടത്തോണിയിൽ രാത്രി നടക്കുന്നത് മദ്യവും കഞ്ചാവും രാസലഹരി കടത്തുമൊക്കെയാണ്. ഇരുട്ടിന്റെ മറവിൽ കൊട്ട തോണി വഴി വരുന്നത് ലക്ഷങ്ങൾ വിലയുളള ലഹരികൾ. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ സംഘങ്ങൾ റെഡിയായി നിൽപ്പുണ്ടാകും. ബൈരക്കുപ്പ, മച്ചൂർ,ഗുണ്ടറ എന്നിവിടങ്ങളിൽ നിന്നെല്ലാം ലഹരി തോണികൾ രാത്രി ഇക്കരെയെത്തും. പകൽ മാത്രമാണ് പൊലീസും എക്സൈസും ഇക്കരെ കടവിൽ പരിശോധനക്കുളളത്. രാത്രിയിൽ വല്ലപ്പോഴും ഒരു റെയ്ഡ് നടത്തിയാലായി.
ലക്ഷ്യസ്ഥാനത്തേക്ക്
വഴികളേറെ
അനധികൃത മദ്യവിൽപ്പന തടയാനെത്തിയ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.എസ്. അജേഷിനെ കബനി പുഴയിലേക്ക് മറിച്ചിട്ട് പ്രതി രക്ഷപ്പെട്ട സംഭവം ഉണ്ടായത് ഈ മാസം നാലിനാണ്. ആഴമുള്ള ഭാഗത്തു വീണ ഇൻസ്പെക്ടർ നീന്തൽ അറിയാവുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പുഴയിലേക്ക് വീണ 160 ടെട്രാ പാക്കറ്റ് മദ്യവും കൊട്ടത്തോണിയും പൊലീസ് കണ്ടെടുത്തു. അക്കരെ 45 രൂപക്ക് ലഭിക്കുന്ന പാക്കറ്റിന് 60 രൂപയാണ് ഇക്കരെയുളള വില. കെയ്സ് കണക്കിന് പാക്കറ്റ് മദ്യങ്ങളാണ് ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഇതിന്റെ മറവിൽ കഞ്ചാവ് അടക്കമുളള മറ്റ് ലഹരി വസ്തുക്കളും സുലഭമായി ലഭിക്കും. കൂടുതൽ ഇട റോഡുകളുളള പെരിക്കല്ലൂർ പഞ്ചായത്തിനെത്തിയാൽ പിന്നെ പൊലീസിനെ വെട്ടിച്ച് മദ്യവും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ ഒരു പ്രയാസവും ഉണ്ടാകാറില്ല.
പെരിക്കല്ലൂർ കടവിൽ പാലം ഉണ്ടായിരുന്നെങ്കിൽ കർണ്ണാടകയിൽ നിന്നുളള ലഹരിവസ്തുക്കളുടെ കടത്ത് ഒരു പരിധിവരെ കുറക്കാൻ കഴിയുമായിരുന്നു. പെരിക്കല്ലൂരിൽ പാലത്തിനായി 1994 സെപ്തംബർ 24ന് കർണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലിയും കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും ചേർന്ന് ആഘോഷ പൂർവം തറക്കല്ലിട്ടിരുന്നു. എന്നാൽ പാലം തറക്കല്ലിൽ ഒതുങ്ങി. ഇതേവരെ യാഥാർത്ഥ്യമായില്ല. വയനാട്ടിലേക്ക് മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നീ ചെക്ക് പോസ്റ്റുകൾ വെട്ടിച്ചാണ് ലഹരി കള്ളക്കടത്ത് നടന്നിരുന്നത്. ഇവിടങ്ങളിൽ പരിശോധന കർശമാക്കിയിട്ടുണ്ട്. ഇതോടെ ലഹരി മാഫിയകൾ ഗുണ്ടൽപ്പേട്ടവഴി തമിഴ്നാട്ടിലെ ഗൂഡല്ലൂർ എത്തി അതുവഴി വയനാട്ടിലേക്ക് ഊട് വഴികളിലൂടെ എത്തുന്നുണ്ട്. താളൂർ, പാട്ടവയൽ, ചോലാടി, ചുള്ളിയോട്, വടുവഞ്ചാൽ വഴിയാണ് ലഹരി കടത്തിന്റെ പുതിയ വയനാടൻ പാതകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |