
അധികാരം നിലനിറുത്താൻ തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ കക്ഷികൾ പ്രഖ്യാപിക്കുന്ന ജനക്ഷേമ പദ്ധതികളിൽ മിക്കവയും, അവർ അധികാരത്തിലെത്തിയാൽ ജലരേഖകളായി കലാശിക്കുകയാണ് പതിവ്. വീണ്ടും അധികാരത്തിലെത്താനുള്ള കുറുക്കുവഴികളിലാണ് മോദി സർക്കാർ. 'ഭാരത് റൈസ്"എന്ന പേരിൽ ന്യായവിലയ്ക്ക് അരി വിതരണംചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. പദ്ധതി നടപ്പിൽ വരുന്നതോടെ കമ്പോളത്തിൽ അരിവില നിയന്ത്രിക്കപ്പെടുകയും, സാധാരണക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അവയുടെ ഉപഭോഗത്തിലും നമ്മൾ ചൈനയ്ക്കൊപ്പം രണ്ടാംസ്ഥാനത്തു നില്ക്കുന്നു. പ്രതിവർഷം 118 ദശലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് നമ്മൾ ഉപയോഗിക്കുന്നത്. തൽഫലമായി ഭക്ഷ്യധാന്യങ്ങളുടെ വിലനിലവാരം പലപ്പോഴും പരിഹരിക്കാനാവാത്ത ദേശീയ പ്രശ്നമായി രൂപാന്തരപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും അവയുടെ ദൗർലഭ്യവും പരിഹരിക്കാനാവാത്ത പല സന്ദർഭങ്ങളും രാജ്യത്ത് ഉണ്ടാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ വിലനിലവാരം നിയന്ത്രിക്കുന്നതിനും, കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകേണ്ടതാണ്.
എന്നാൽ, ഭരണാധികാരികൾ പലപ്പോഴും ഭക്ഷ്യധാന്യ മൊത്തക്കച്ചവടക്കാർക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്ര സർക്കാർ ചില നടപടികൾക്ക് തുടക്കമിട്ടിരുന്നു. ഭാരത് റൈസ്, ഭാരത് ദാൽ എന്നീ പേരുകളിൽ മിതമായ നിരക്കിൽ അരിയും പരിപ്പും വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 2023 അവസാനം ഭാരത് ആട്ടയും ന്യായവിലയ്ക്ക് വിതരണം ആരംഭിച്ചു. പക്ഷേ, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അധികാരത്തിലെത്താനുള്ള ബി.ജെ.പി സർക്കാരിന്റെ കുറുക്കുവഴിയായിരുന്നു ഇതെന്നും, ജനങ്ങളെ പ്രലോഭിപ്പിച്ച് വോട്ടു നേടാനുള്ള കൗശലമായിരുന്നെന്നും തുടർന്നുള്ള സർക്കാരിന്റെ നടപടികളിലൂടെ തെളിഞ്ഞു.
ഭാരത് റൈസ്
എന്ന തട്ടിപ്പ്
2023- ൽ രാജ്യത്ത് ഭക്ഷ്യധാന്യ വില നിയന്ത്രണാതീതമാകാൻ തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായുണ്ടായ പ്രളയവും ഉരുൾപൊട്ടലും കാർഷിക മേഖലയെ സാരമായി ബാധിച്ചു. ഭക്ഷ്യോത്പാദന രംഗത്ത് അനുഭവപ്പെടുന്ന ദുരന്തങ്ങൾക്ക് സുസ്ഥിര പരിഹാരം കാണാൻ ശ്രമിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അവരെ കബളിപ്പിക്കാൻ മാത്രമാണ് കേന്ദ്ര സർക്കാർ 'ഭാരത് റൈസ്" പദ്ധതിയുമായി മുന്നോട്ടുവന്നത്. നേരിയ തോതിൽ ഇത് ജനങ്ങൾക്ക് ആശ്വാസം നൽകിയെങ്കിലും പദ്ധതി ഫലപ്രദമായി തുടരാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ല.
ലോക ബാങ്കിന്റെ പഠന റിപ്പോർട്ടിൽ, ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ കുറവും, ഓരോ വർഷവും അഞ്ചു ശതമാനം വീതെന്ന തോതിലുള്ള വിലക്കയറ്റവും കാരണം ദരിദ്രജന വിഭാഗവും ഇടത്തരം വിഭാഗങ്ങളും ഈ ദുരിതത്തിന്റെ ഇരകളാകുന്നു എന്ന വസ്തുത ചൂണ്ടികാണിക്കുന്നുണ്ട്. ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമായി വർദ്ധിക്കാനുള്ള സാദ്ധ്യതയാണ് ലോകത്ത് പ്രകടമാകുന്നതെന്ന് വിവിധ പഠന റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഭക്ഷ്യ സുരക്ഷിതത്വം തകരുന്നതു മൂലം ലോകത്ത് ദശലക്ഷക്കണക്കിന് ജനങ്ങൾ കൊടുംപട്ടിണിയിലേക്ക് നീങ്ങും. പല രാജ്യങ്ങളിലും ക്ഷാമം പടർന്നു പിടിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഹാമാരികൾ കാരണം പട്ടിണിയും മരണങ്ങളും സംഭവിക്കും.
സംഭരണത്തിന്
വഴിയില്ലാതെ
ജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധന്യങ്ങൾ ലഭ്യമാക്കാനുള്ള ഒരു ദേശീയ നയം ആവിഷ്കരിക്കുവാൻ കേന്ദ്ര സർക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ല. കർഷകർ കഠിനാദ്ധ്വാനം ചെയ്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും കാർഷിക മേഖലയിൽ സജ്ജമാക്കുന്നില്ല. ഹരിയാന, പഞ്ചാബ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം കൊയ്ത്തു കഴിഞ്ഞ് പാടങ്ങളുടെ പുറമ്പോക്കുകളിൽ കൂട്ടിയിടുന്നു. കേരളത്തിൽപ്പോലും, കൊയ്ത്തു കഴിഞ്ഞാൽ വയലോരങ്ങളിൽ നെല്ല് കുന്നുകൂട്ടി ഇടുകയാണ് കർഷകർ ചെയ്യുന്നത്.
ഭക്ഷ്യധാന്യ സംഭരണത്തിലും വിതരണത്തിലും സർക്കാർ കാര്യമായി ശ്രദ്ധ ചെലുത്തുവാൻ കൂട്ടാക്കുന്നില്ല. വടക്കേ ഇന്ത്യയിൽ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാനുള്ള ഏജൻസി ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ആണ്. കേരളത്തിലും നെല്ലു സംഭരണത്തെക്കുറിച്ച് വ്യാപക പരാതികളാണ് കർഷകർക്കുള്ളത്. കർഷകർ കൃഷിയിൽ നിലയുറപ്പിക്കാതെ മറ്റു മേഖലകളിലേക്ക് പലായനം ചെയ്യുന്നതാണ് അത്യന്തിക ഫലം. ഈ പ്രശ്നത്തെ ലഘൂകരിച്ച് കാണിക്കാനുള്ള കൗശലമാണ് 'ഭാരത് റൈസ്" പദ്ധതിക്കു പിന്നിൽ. ഈ പദ്ധതികൊണ്ട് കർഷകർക്കോ സാധാരണ ജനങ്ങൾക്കോ സുസ്ഥിരമായ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല.
'ഭാരത് റൈസ്" പദ്ധതിയെക്കുറിച്ച് വ്യാപകമായ ആക്ഷേപങ്ങളാണ് തുടക്കംതൊട്ടേ ഉയർന്നുവന്നത്. കേരളം ഈ പദ്ധതിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്തു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തെ ഈ പദ്ധതി ദുർബലപ്പെടുത്തുകയും, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ താറുമാറാക്കുകയും ചെയ്യും. ഇന്ത്യയെപ്പോലൊരു രാജ്യത്ത് കേന്ദ്ര സർക്കാർ ഭക്ഷ്യ വിതരണത്തിൽ നേരിട്ട് ഇടപെടുകയെന്നത് പരിഹാസ്യമാണ്. കഴിഞ്ഞ എട്ടുവർഷം പൊതുവിതരണത്തിനായി സംസ്ഥാനങ്ങൾക്ക് അർഹമായ ഭക്ഷ്യധാന്യം നൽകാതെ കേന്ദ്ര ഭക്ഷ്യവകുപ്പ് എഫ്.സി.ഐ ഗോഡൗണുകളിൽ അവ പൂഴ്ത്തിവച്ചു. ഇതിൽ ഗണ്യഭാഗവും ഉപയോഗശൂന്യമായി.
മറഞ്ഞിരിക്കുന്ന
ദുഷ്ടലാക്ക്
ജനം പട്ടിണികിടക്കുമ്പോൾ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നു നശിക്കുന്ന അവസ്ഥ സംജാതമായത് ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാണിച്ചിട്ടും പൊതുവിതരണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതം നൽകാൻ കേന്ദ്രം കൂട്ടാക്കിയില്ല. ഇങ്ങനെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന അരിയാണ് 'ഭാരത് റൈസ്" പദ്ധതിയായി രൂപംപ്രാപിച്ചത്! അതാകട്ടെ, ഫലപ്രദമായി നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന പൊതുവിതരണ സമ്പ്രദായത്തെ ദുർബലപ്പെടുത്തുവാനും, ക്രമേണ രാജ്യത്തെ ന്യായവില ഷോപ്പുകൾ അടച്ചുപൂട്ടുവാനുമുള്ള ദുഷ്ടലാക്കോടെയാണ് കേന്ദ്രം 'ഭാരത് റൈസ്" പദ്ധതി ആരംഭിച്ചത്.
2014 ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്ത് നടപ്പിലാക്കിയത് യു.പി.എ സർക്കാണ്. ഈ കാലയളവിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ നിയമത്തെ അതിശക്തമായി എതിർത്തു. അതേസമയം മോദി പ്രധാനമന്ത്രിയായി വന്നപ്പോൾ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിൽ ആവിഷ്കരിച്ചിരുന്ന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശുപാർശകൾക്കായി കമ്മിഷനെ നിയമിക്കുകയും ചെയ്തു. രാജ്യത്തെ ഭക്ഷ്യ സുരക്ഷയിൽ ഇനി ഒരിക്കലും ഇത്തരം പദ്ധതികളെ നിഷേധിക്കാനാവില്ല. കൂടുതൽ ഫലപ്രദമായി ഇവ നടപ്പാക്കുക വഴി മാത്രമേ രാജ്യത്തെ ഭക്ഷ്യപ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്ന പാഠം മോദിയും പഠിച്ചുകഴിഞ്ഞു!
(മുൻ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി കൂടിയാണ് മുതിർന്ന സി.പി.ഐ നേതാവായ ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |