
ശബരിമലയിൽ ഭക്തർക്ക് അയ്യനെ കണ്ടു തൊഴുന്നതിന് പുതിയ ദർശന സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയത് ഇക്കഴിഞ്ഞ മീനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ്. പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിച്ചാണ് ദേവസ്വം ബോർഡ് നടപടികളിലേക്ക് കടന്നത്. കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുരയുടെ വശത്തുകൂടി സോപാനത്തേക്ക് ഭക്തരെ കടത്തിവിടുന്ന പുതിയ സംവിധാനം പൂർണ തോതിൽ വിജയിച്ചുവെന്ന് പറയാനാവില്ല. പക്ഷെ, തിരക്കു കുറഞ്ഞ ദിവസങ്ങളിൽ ഭക്തർക്ക് അൻപത് സെക്കൻഡ് വരെ ദർശന സൗകര്യം ലഭിക്കുമെന്നതാണ് പുതിയ കാര്യം. ഇങ്ങനെ തിരക്കില്ലാതെ അയ്യനെ കണ്ടു തൊഴുതവർ പൂർണ സംതൃപ്തിയോടെയാണ് മടങ്ങിയത്. നട തുറന്ന മുപ്പതിന് വൈകിട്ട് ഭക്തരുടെ എണ്ണം കുറവായിരുന്നതു കൊണ്ട് പുതിയ രീതിയിലെ ദർശനം സംവിധാനത്തിൽ പാളിച്ചകളുണ്ടായില്ല. എന്നാൽ, മീനം ഒന്നിന് രാവിലെ സന്നിധാനത്ത് തിരക്ക് കൂടിയിരുന്നു. ക്യൂ നടപ്പന്തലിലേക്ക് നീണ്ടപ്പോൾ കൊടിമരച്ചുവട്ടിൽ നിന്ന് നേരെ സോപാനത്തേക്ക് ഭക്തരെ കയറ്റിവിടുന്ന പുതിയ പരിഷ്കരണം താളംതെറ്റി. ഭക്തരുടെ തിക്കും തിരക്കും അനിയന്ത്രിതമായി. ആവശ്യത്തിന് പൊലീസുമുണ്ടായിരുന്നില്ല. മാസപൂജ സമയത്ത് തീർത്ഥാടന കാലത്തെപ്പോലെ പൊലീസ് ഉണ്ടാകാറില്ല.
ഒന്നാം തീയതി തിരക്കേറിയപ്പോൾ ഫ്ളൈ ഓവറിലൂടെ പഴയരീതിയിലും ഭക്തരെ കയറ്റിവിടേണ്ടി വന്നു. ദേവസ്വം ബോർഡിലെ വിദഗ്ദ്ധർ വളരെയധികം കൂടിയാലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണ് പുതിയ ദർശന രീതി. മൂക്കിൽ നേരെ തൊടുന്നതിനു പകരം തലയ്ക്ക് പിന്നിലൂടെ വളഞ്ഞു തൊടുന്നതുപോലെയാണ് ഫ്ളൈ ഓവർ സംവിധാനം. ഭക്തർ കിഴക്കേനടയിൽ കൊടിമരച്ചുവട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ക്ഷേത്രത്തിന്റെ മേൽക്കൂരയേക്കാൾ ഉയരത്തിലൂടെ വളഞ്ഞ് വടക്കേ നടയിലെത്തി ശ്രീകോവിലിന് മുന്നിലെത്തുന്നതാണ് ഫ്ളൈ ഓവർ സംവിധാനം.
ഫ്ളൈ ഓവർ നിർമ്മിച്ചത് ക്ഷേത്ര വാസ്തുകലയ്ക്ക് വിരുദ്ധമായിട്ടാണെന്ന് ആക്ഷേപം നേരത്തേയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഫ്ളൈ ഓവറിന് പകരം കൊടിമരച്ചുവട്ടിൽ നിന്ന് നേരെ ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടുന്ന പുതിയ രീതി ഇത്തവണ പരീക്ഷിച്ചത്. ഇതു പൂർണ വിജയം കാണാതെ പോയി. ഇതോടെ ഫ്ളൈ ഓവർ വഴിയുള്ള ദർശനം നിലനിറുത്തിയേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് എത്തി. ഈ സംവിധാനം കൂടിയില്ലാതെ ശബരിമല ദർശനം സുഗമമാവില്ലെന്ന് പൊലീസിന്റെ ചീഫ് കോർഡിനേറ്റർ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. പുതിയ ദർശന രീതി മാത്രമാക്കിയാൽ തിരക്കേറുന്ന ദിവസങ്ങളിൽ സന്നിധാനത്ത് സംഘർഷാത്മകമായ അന്തരീക്ഷം രൂപംകൊള്ളുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മാത്രമല്ല, പതിനെട്ടാം പടിക്കു താഴെയും നടപ്പന്തലിലുമെല്ലാം വലിയ ക്യൂ നിലനിന്നാൽ സ്ഥിതി രൂക്ഷമാകും. മണ്ഡലകാലത്തിന്റെ ചെറു രൂപമായ ഉത്സവ, വിഷു കാലമായ ഏപ്രിലിൽ ഫ്ളൈ ഒാവർ വഴിയുള്ള ദർശനം ഒഴിവാക്കാനാവാത്ത സ്ഥിതിയാകും.
ബലിക്കൽപുര വഴിയും മേൽപ്പാലത്തിലൂടെയും തീർത്ഥാടകരെ ഒരുപോലെ കടത്തിവിടുന്ന ഹൈബ്രിഡ് മാതൃക നടപ്പാക്കുകയെന്നതാണ് ദേവസ്വം ബോർഡിന് മുന്നിലുള്ള വഴി.
പരിഷ്കരണങ്ങൾ
ഭക്തജന സൗഹൃദമാകണം
ശബരിമലയിൽ കൂടെക്കൂടെ പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാറുണ്ട്. ഓരോ വർഷവും തീർത്ഥാടകരുടെ എണ്ണം കൂടുന്നുണ്ട്. അതനുസരിച്ച് സുരക്ഷയും വർദ്ധിപ്പിക്കണം. കാലാകാലങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാരും ദേവസ്വം ഭരണ സമിതികളുമാണ് പരിഷ്കരണങ്ങൾക്ക് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. ഹൈക്കോടതിയുടെയും ഹൈപവർ കമ്മറ്റിയുടെയും അനുവാദത്തോടെയും നിരീക്ഷണത്തിലുമാണ് ഇതു നടപ്പാക്കുന്നത്. ശബരിമലയുടെ ഭൂപ്രകൃതി പരിഗണിച്ചു വേണം ഏതു പരിഷ്കരണവും നടപ്പാക്കേണ്ടത്. കാലത്തിനനുസരിച്ച് മാറ്റങ്ങളുമായി മുന്നോട്ടു പോകാതിരിക്കാനാവില്ല. തീരുമാനങ്ങൾ പലപ്പോഴും വിവാദമാകാറുണ്ട്. പിഴവ് പറ്റിയാൽ തിരുത്തുക എന്ന വിശാലമായ കാഴ്ചപ്പാട് വേണം. ഇപ്പോഴത്തെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭരണകാലത്താണ് സ്പോട്ട് ബുക്കിംഗ് സംബന്ധിച്ച് വിവാദമുണ്ടായത്. ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവരെ മാത്രമേ അനുവദിക്കാവൂ എന്ന തീരുമാനം സർക്കാരിനും ദേവസ്വം ബോർഡിനും പിൻവലിക്കേണ്ടി വന്നത് വൻപ്രതിഷേധത്തെ തുടർന്നാണ്. തീരുമാനം തിരുത്തിയില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ തീർത്ഥാടന കാലം സംഘർഷഭരിതമാകുമായിരുന്നു. സ്പോട്ട് ബുക്കിംഗിലൂടെയും ദർശനം എന്നത് നിലനിറുത്തേണ്ടി വന്നു. ഇതേത്തുടർന്ന് സമാധാനപരമായി തീർത്ഥാടന കാലം കടന്നുപോയി. പുതിയ ദർശന സംവിധാനം പരാതി രഹിതമാകണം എന്നതു കൊണ്ടാണ് തിരക്കു കുറഞ്ഞ മാസപൂജ സമയത്ത് അത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. തീർത്ഥാടന കാലത്താണ് ഈ പരിഷ്കരണം നടപ്പാക്കിയിരുന്നതെങ്കിൽ വലിയ പരാതികളും ബഹളങ്ങളുമുണ്ടാകുമായിരുന്നു. മുൻ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാകണം മാസപൂജ സമയത്തുതന്നെ പുതിയ പരീക്ഷണം നടപ്പാക്കിയത്.
അയ്യനെ
കൺനിറയെ കാണണം
ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വേണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ക്യൂവിൽ നിന്ന് തളർന്നവർ ശ്രീകോവിലിന് മുന്നിലെത്തുമ്പോൾ രണ്ടു സെക്കൻഡിൽ താഴെയാണ് ദർശനം ലഭിക്കുക. പുതിയതായി ദർശനത്തിന് എത്തുന്നവർ അയ്യപ്പരൂപം എങ്ങനെയെന്ന് മനസിലാക്കുന്നതിന് മുൻപേ തന്നെ പിടിച്ചുതള്ളപ്പെടുന്ന ദയനീയ കാഴ്ച സന്നിധാനത്ത് എല്ലാ വർഷവും കാണാം. കഠിന വ്രതം നോറ്റ് കിലോമീറ്ററുകൾ താണ്ടി വരുന്നവർക്ക് സുഗമമായ ദർശനം ഒരുക്കുകയെന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്വമാണ്. വലിയ തോതിൽ തയാറെടുപ്പുകൾ നടത്തിയും പണം ചെലവാക്കിയും വരുന്നവർക്ക് ഭഗവാനെ കൺനിറയെ കണ്ടു തൊഴാൻ കഴിയണം. പുതിയ ദർശന സംവിധാനത്തിൽ അൻപത് സെക്കൻഡ് വരെ അയ്യനെ കാണാമെന്നത് വലിയ കാര്യം തന്നെ. ഇതു തുടരാനും തിരക്കേറുമ്പോൾ ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ ക്യൂ നിയന്ത്രിക്കാനും നടപടി വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |