
പതിനാറു മുതൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടികൾ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രായം കണക്കിലെടുക്കാതെ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് സാധിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെയാണ് ഇവരെ ഹാജരാക്കേണ്ടത്. ബോർഡിൽ 3 അംഗങ്ങളുണ്ട്. ഒരു മജിസ്‌ട്രേറ്റും രണ്ട് അംഗങ്ങളുമുണ്ട്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെയോ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെയോ അധികാരമുള്ളതാണ് ഈ ബഞ്ച്. പ്രിൻസിപ്പൽ മജിസ്ട്രേറ്റടക്കം രണ്ട് അംഗങ്ങളടങ്ങിയ ബഞ്ചാവണം ഉത്തരവിടേണ്ടത്. ജില്ലകളിൽ ഓരോ ബോർഡുണ്ടാവണം.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉത്തരവുകൾ. ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ മുതിർന്ന ആളെപ്പോലെയാണ് കുറ്റം ചെയ്തതെന്നും കുട്ടിയെ മുതിർന്ന ആളായി കണക്കാക്കണമെന്നും കണ്ടെത്തിയാൽ രേഖകൾ സെഷൻസ് കോടതിയിലേക്ക് കൈമാറാമെന്നുമാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥ. കോഴിക്കോട്ട് പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ സഹപാഠികൾ കൊലപ്പെടുത്തിയ കേസിനെത്തുടർന്നാണ് കുട്ടികളുടെ കുറ്രകൃത്യങ്ങൾ ചർച്ചയായത്.
അതീവഗുരുതര കുറ്റകൃത്യം ചെയ്ത 16-18 പ്രായത്തിലുള്ളവരുടെ കാര്യത്തിലെ തീർപ്പ് കോടതിയുടെ നിർദ്ദേശപ്രകാരമായിരിക്കണം. അതീവഗുരുതര കുറ്റകൃത്യം ചെയ്താൽ ശാരീരികവും മാനസികവുമായ ശേഷി, കുറ്റകൃത്യത്തിന്റെ അനന്തരഫലം മനസിലാക്കാനുള്ള കഴിവ് എന്നിവ ആദ്യം വിലയിരുത്തും. കുട്ടികളുടെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നവീകരണത്തിനും പുനരധിവാസത്തിനുമായി 21വയസു വരെ പ്ലേസ് ഓഫ് സേഫ്‍റ്റിയിലേക്ക് അയയ്ക്കണം. 21വയസിനു ശേഷം കുട്ടികളുടെ കോടതിക്ക് വിലയിരുത്തൽ നടത്തിയ ശേഷം വിട്ടയയ്ക്കാം, അല്ലെങ്കിൽ മുതിർന്നവരുടെ ജയിലിലേക്ക് മാറ്റാം.
കുട്ടിയുടെ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ട്, പൊലീസ് പിടികൂടിയ സാഹചര്യം, കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവ പരിശോധിച്ചായിരിക്കും ഉത്തരവ്.
കുറ്റകൃതത്തിന്റെ
സ്വഭാവമനുസരിച്ച്
കുട്ടികൾ നടത്തുന്ന ഗുരുതര കുറ്റങ്ങളിൽ പൊലീസിന്റെ റോൾ പരിമിതമാണ്. കുറ്റകൃത്യങ്ങളെ നിസാരം, ഗുരുതരം, അതീവഗുരുതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. നിസാര കുറ്റത്തിൽ 3വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്. ഗുരുതര കുറ്റകൃത്യങ്ങളിലുള്ളത് ശിക്ഷാനിയമത്തിൽ 3മുതൽ 7വർഷം വരെ തടവു കിട്ടാവുന്നവയും അതീവഗുരുതര വിഭാഗത്തിൽ 7വർഷമോ അതിലേറെയോ തടവുശിക്ഷ കിട്ടാവുന്നവയുമാണ്. കൈവിലങ്ങ് അണിയിച്ച് ജയിലിലടയ്ക്കാൻ പാടില്ല. ജുവനൈൽ ബോർഡിൽ ഹാജരാക്കുംവരെ ഒബ്സർവേഷൻ ഹോമിലോ ഫിറ്റ് ഫെസിലിറ്റി സെന്ററിലോ സൂക്ഷിക്കണം. എഫ്.ഐ.ആർ കുട്ടിക്കും മാതാപിതാക്കൾക്കും നൽകണം. കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് 2മാസത്തിനകം ബോർഡിന് നൽകണം. ഇത് പരിഗണിച്ചായിരിക്കും തുടർനടപടികൾ. തീവ്രവാദ ബന്ധമുള്ള കുട്ടിയാണെങ്കിൽ ശിശുക്ഷേമ സമിതിക്ക് കൈമാറും. സൗജന്യ നിയമസഹായവും ലഭ്യമാക്കണം.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉത്തരവുകൾ. കൗൺസലിംഗ്, കമ്മ്യൂണിറ്റി സേവനത്തിന് നിർദ്ദേശിക്കൽ, പിഴ ഈടാക്കൽ, 3 വർഷത്തേക്ക് പ്രൊബേഷനിൽ അയയ്ക്കൽ, സ്പെഷ്യൽ ഹോമിലേക്ക് അയയ്ക്കൽ എന്നിങ്ങനെയാണ് തുടർനടപടികൾ. ഗുരുതര കുറ്റകൃത്യം ചെയ്തവരെ പുനരധിവാസത്തിനായി പ്ലേസ് ഓഫ് സേഫ്‍റ്റിയിൽ താമസിപ്പിക്കാം. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെയോ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെയോ അധികാരമുള്ളതാണ് മജിസ്ട്രേറ്റും രണ്ട് അംഗങ്ങളുമടങ്ങിയ ജുവനൈൽ ബഞ്ച്. 16വയസിന് മുകളിലുള്ള കുട്ടികൾ ഗുരുതര കുറ്റകൃത്യം ചെയ്താൽ ആദ്യം പ്രായനിർണയം നടത്തണം.
കുട്ടിക്കുറ്റവാളികൾ
2020-----------434
2019-----------451
2018-----------475
കേസുകൾ ഇങ്ങനെ
കൊലപാതകം----------06
വധശ്രമം-------------------05
നരഹത്യ-------------------08
ആക്രമണം----------------47
ബലാത്സംഗം-------------44
മോഷണം-----------------58
(2020ലെ എൻ.സി.ആർ.ബി കണക്ക്)
''കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളും എവിടെയൊക്കെ പോവുന്നെന്നുമെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കണം. പോക്കറ്റ്മണിയായി ആവശ്യത്തിലേറെ പണം നൽകരുത്. മക്കളുടെ കാര്യത്തിൽ കുറേക്കൂടി ജാഗ്രത കാട്ടണം''
-എസ്. ശ്യാംസുന്ദർ,
ഐ.ജി, ദക്ഷിണ മേഖല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |