SignIn
Kerala Kaumudi Online
Monday, 17 August 2026 12.44 AM IST

മലയാളിയുടെ ചിങ്ങം

k

തോരാത്ത മഴയും ആടിക്കറുപ്പും പോയി മാനം തെളിയുന്നതാണ് മലയാളിക്ക് ചിങ്ങമാസം! തുമ്പ പൂത്താൽ ഓണവും, കൊന്ന പൂത്താൽ വിഷുവുമാണ് മലയാളിയുടെ മനസിൽ നിറയുക. പ്രതീക്ഷയുടെ ഉത്സവമാണ് ചിങ്ങം സമ്മാനിക്കുന്ന ഓണം. "വരികെൻ ഉയിരിനുമുയിരേ ചിങ്ങപ്പൂങ്കതിരേ" എന്ന് മലയാളി പ്രേമത്തോടെ വിളിക്കുന്ന ഒരാഘോഷവും ഇത്രമേൽ വേറെയില്ല. മലയാളിക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൂക്കൂടയുമായി എത്തുന്ന മാസമാണ് ചിങ്ങം അഥവാ ശ്രാവണം. മലയാള പുതുവർഷം.

രാശിചക്രത്തിൽ അഞ്ചാമത്തെ രാശിയാണ് ചിങ്ങം. ഇതിന്റെ രൂപം സിംഹത്തെപ്പോലെ ആകയാൽ ഇതിനെ ചിങ്ങം എന്ന് വിളിക്കുന്നു. 'ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി' എന്നാണ്. അതായത്, ഞാറ്റുവേലയെ കുറിച്ച് പറയുമ്പോൾ ചിങ്ങ മാസത്തിൽ ഇടയ്ക്കിടെ മാത്രമേ മഴ പെയ്യുകയുള്ളൂ എന്നർത്ഥം. ചിങ്ങരാശിയിൽ നിൽക്കുന്ന വ്യാഴത്തിനെ 'ചിങ്ങ വ്യാഴം' എന്നും ചന്ദ്രൻ ചിങ്ങംരാശിയിൽ നിൽക്കുന്ന നേരത്തിന് 'ചിങ്ങക്കൂർ' എന്നും പറയുന്നു.


ചിങ്ങം ഒന്നിനാണ് നമ്മുടെ 'ഭാഷാദിനം'. അന്നുതന്നെയാണ് കർഷക ദിനവും. പന്തുകളിയും ഊഞ്ഞാലാട്ടവും പുലികളിയും കടുവാ കളിയും എല്ലാം ഓണത്തിലൂടെ നമ്മൾ ആഘോഷിക്കുന്നു. മലയാളിയുടെ ഓണക്കോടിയും ഓണസദ്യയും ഓണവിരണ്ടും ഓണക്കളികളും ചിങ്ങത്തിന്റെ മാത്രം പ്രത്യേകതകളാണ്. എല്ലാ ഐശ്വര്യങ്ങളും നമുക്ക് തരുന്നത് ചിങ്ങമാസമാണ്. മനുഷ്യരെ ഒന്നായി ഒരുമയോടെ കാണാൻ ചിങ്ങം നമ്മെ ഓർമ്മിപ്പിക്കുന്നു.

വയലേലകളാണ് കേരളത്തിന്റെ ഭംഗി. പച്ചപ്പരവതാനി വിരിച്ച പോലുള്ള വയലുകളിൽ കർഷകർ കൃഷിചെയ്ത് സ്വർണനിറമുള്ള വിത്തുകൾ വിളയിച്ചെടുക്കുമ്പോഴാണ് നമുക്ക് സമൃദ്ധിവരിക. ആസമൃദ്ധിയെ വരവേൽക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്. ആടി കളഞ്ഞ്, തെളിഞ്ഞ മാനവും നിറഞ്ഞ മനവുമായി മലയാളി ചിങ്ങത്തെ വരവേൽക്കുന്നു.


പ്രകൃതി അതിന്റെ എല്ലാവിധ മനോഹാരിതകളോടുംകൂടി മലയാളത്തെ അനുഗ്രഹിക്കുന്ന മാസം കൂടിയാണ്. മരനിരകൾ പൂചൊരിഞ്ഞ് പൂച്ചെടികൾ പൂത്താലങ്ങളെയുംകൂട്ടി വരവേൽക്കുമ്പോൾ കർക്കടകത്തിന്റെ കറുത്ത മേഘങ്ങൾ വഴിമാറി പൊൻവെയിലിന്റെ തേര് മലനാട്ടിൽ ആഗതമാകുന്നു. ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും പങ്കു വയ്ക്കലിന്റെയുമൊക്കെ ഗൃഹാതുരമായ എത്രയെത്ര ഓർമ്മകളിലേക്കാണ് പൊൻചിങ്ങം മലയാളിയെ കൊണ്ടുപോകുന്നത്. ഇല്ലവല്ലായ്മകളെ മറന്ന് സുഖസമൃദ്ധമായ നാളുകളെ വരവേൽക്കാൻ മലയാളി കാത്തിരിക്കുന്നത് ചിങ്ങമാസത്തെയാണ്.

'കാണം വിറ്റും ഓണം കൊള്ളാൻ' പ്രേരിപ്പിക്കുന്നതും ചിങ്ങമാസത്തോടുള്ള, "തിരുഓണ''ത്തോടുള്ള ആ പ്രണയം തന്നെയാണ്. ഓണത്തിന്റെ നിറംതന്നെ മഞ്ഞയാണ്. മഞ്ഞ നിറമുള്ള പഴുത്ത ഉത്രാടക്കുലകൾ, മഞ്ഞ നിറമാർന്ന പൊൻകതിര്, മഞ്ഞ മത്തപ്പൂവ്, മഞ്ഞ നിറമുള്ള കായ് ഉപ്പേരി ഇങ്ങനെ ഐശ്വര്യത്തിന്റെ നിറമായ മഞ്ഞയിൽ പൊതിഞ്ഞ് ഓണമെത്തുന്നു. എല്ലാ വിഷാദ ചിന്തകളെയും മാറ്റിവച്ച് അത്തം തൊട്ട് പത്ത് ദിവസം മലയാളി ഓണം ആഘോഷിക്കുന്നു.

ചിങ്ങം കാർഷികപ്രാധാന്യമുള്ള മാസം കൂടിയാണ്. നിറഞ്ഞു വിളഞ്ഞ പൊൻ കതിരുകളെ പത്തായങ്ങൾ സ്വീകരിക്കുന്ന വിളവെടുപ്പ് ഉത്സവം കൂടിയാണ് ചിങ്ങം. ഇങ്ങനെ എന്തുകൊണ്ടും മനസിൽ സമൃദ്ധിയും പ്രതീക്ഷയും ഐശ്വര്യവും നിറയ്ക്കുന്ന ചിങ്ങത്തെ വരവേൽക്കാം.

(കേരള ഭാഷാ ഇൻസ്റ്രിറ്റ്യൂട്ട് റിസർച്ച് ഓഫീസറും ഫാത്തിമ മാതാ കോളേജ് ബോർഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION