SignIn
Kerala Kaumudi Online
Saturday, 03 October 2026 12.42 AM IST

ദേ, അയൽപക്കത്തുണ്ട് മാതൃക

d

രാഷ്ട്രീയ നേതൃത്വത്തിനു കൂടി നേട്ടമുണ്ടാക്കാൻ കഴിയുന്ന രീതിയിലേക്ക് കെ.എം.എസ്.സി.എല്ലിനെ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ടെൻ‌ഡറുകളിലെ ഒത്തുകളിയും ഗുണമേന്മയില്ലാത്ത മരുന്നുവാങ്ങലും വർദ്ധിച്ചതെന്നാണ് ആക്ഷേപം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള മരുന്ന് ലഭ്യമാക്കാൻ വി.എസ്.സർക്കാരിന്റെ കാലത്ത് 2008 ഏപ്രിൽ ഒന്നിനാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) പ്രവർത്തനം ആരംഭിച്ചത്. 1984 മുതലുണ്ടായിരുന്ന സെൻട്രൽ പർച്ചേസ് കമ്മിറ്റിക്ക് പകരമായിട്ടായിരുന്നു ഇതിന്റെ രൂപീകരണം. ആദ്യ വർഷങ്ങളിൽ മികച്ച രീതിയിൽ മുന്നോട്ടുപോയി. പിന്നീട് പക്ഷേ, ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു.

എന്നാൽ, മികച്ച രീതിയിൽ ഇത്തരമൊരു സംവിധാനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിന് മാതൃകയാണ് തമിഴ്നാട്. ജയളിലത മുഖ്യമന്ത്രിയായിരിക്കെ 1994 ജൂലായ് ഒന്നിനാണ് തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രൂപീകരിച്ചത്. അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനം തുടങ്ങി. ആരോഗ്യ സെക്രട്ടറിയായിരുന്ന ആർ.പൂർണലിംഗത്തിന്റെ ആശയമായിരുന്നു ഇത്. ഇന്നും അഴിമതി അധികം തീണ്ടാതെ അത് മുന്നോട്ടു പോകുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയായിരുന്നു.

സ്വയംഭരണ സ്ഥാപനമായിട്ടാണ് തമിഴ്നാട് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പരിധിക്കപ്പുറം രാഷ്ട്രീയ ഇടപടലുകൾ സാധിക്കില്ല. ഓരോ വർഷവും ഒരു നിശ്ചിത തുക കോർപ്പറേഷനായി ബഡ്ജറ്റിൽ വകയിരുത്തും. അവശ്യമരുന്നുകൾ വാങ്ങുന്നതിനാണ് പ്രാധാന്യം. കൂടിയ വിലയ്ക്ക് മരുന്ന് വിൽക്കുന്ന കമ്പനികളിൽ നിന്ന് വാങ്ങില്ല.

മരുന്ന് വിതരണം ഉൾപ്പെടെയുള്ളതിന് ആശുപത്രികളിൽ പാസ്ബുക്ക് സംവിധാനമുണ്ട്. ഓരോ വിഭാഗത്തിൽപെട്ട ആശുപത്രികൾക്കായി (പ്രാഥമികം, ജില്ല തുടങ്ങിയവ) ഒരു വർഷം എത്രത്തോളം മരുന്ന് വിതരണം ചെയ്യാമെന്നതിന്റെ കണക്ക് വ്യക്തമാക്കുന്നതിനാണിത്. അതിനുസരിച്ചാകും ആശുപത്രികൾക്കുള്ള മരുന്നു വിതരണം. അടിയന്തരഘട്ടം വന്നാൽ ആശുപത്രികൾക്ക് ലോക്കൽ പർച്ചേസ് നടത്താം. ഇതിന്റെ കാരണവും കണക്കുമടങ്ങിയ റിപ്പോർട്ട് കോർപ്പറേഷന് നൽകണം.

ഇടനിലക്കാരില്ല, നേരിട്ടാണ് പർച്ചേസ്. എംപാനൽ ലാബുകളിൽ ഗുണനിലവാര പരിശോധന നടത്തേണ്ടത് മരുന്നു കമ്പനിയുടെ ഉത്തവാദിത്വമാണ്. പിന്നീട് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ മരുന്ന് വിലയുടെ നാലിരട്ടി പിഴ ചുമത്തും. സ്ഥാപനം അടച്ചുപൂട്ടൽ, നിയമ നടപടി എന്നിവയുമുണ്ടാകും.

ഒരേ ബാച്ചിൽ നിന്നുള്ള മരുന്നുകൾ മാത്രം വാങ്ങുന്നതിനാൽ, ഒരു സാമ്പിൾ പരിശോധനയിൽ തന്നെ ഗുണനിലവാരം തിരിച്ചറിയാകാനാകും. കേരളത്തിലാണെങ്കിൽ പല ബാച്ചുകളിലെ മരുന്നാണ് ഇടനിലക്കാർ എത്തിക്കുന്നത്. അതിനാൽ ഒരു ബാച്ചിലെ മരുന്ന് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ അത് മാത്രമാകും പിൻവലിക്കുക. മറ്റു ബാച്ചുകളിലെ മരുന്നുകളുടെ വില്പന തുടരും. രാഷ്ട്രീയ നേതൃത്വത്തിനു കൂടി നേട്ടമുണ്ടാക്കാൻ കഴിയുന്ന രീതിയിലേക്ക് കെ.എം.എസ്.സി.എല്ലിനെ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ടെൻ‌ഡറുകളിലെ ഒത്തുകളിയും ഗുണമേന്മയില്ലാത്ത മരുന്നുവാങ്ങലും വർദ്ധിച്ചതെന്നാണ് ആക്ഷേപം.

കാര്യക്ഷമമാക്കാം

മരുന്നു വിതരണം

മരുന്ന് ആവശ്യകത പ്രവചിക്കാൻ ശാസ്ത്രീയ സംവിധാനം ((Drug Demand Forecasting System) സംസ്ഥാനത്തെ ഓരോ ആശുപത്രിയിലേയും ഉപയോഗം അടിസ്ഥാനമാക്കി നടപ്പാക്കുക
ഒ.പി, ഐ.പി രോഗികളുടെ എണ്ണം, സീസണൽ രോഗങ്ങൾ (പനി, ഡെങ്കിപ്പനി, മഴക്കാല രോഗങ്ങൾ) എന്നിവ പരിഗണിച്ച് സ്റ്റോക്ക് പ്ലാൻ ചെയ്യുക

കെ.എം.എസ്.സി.എൽ വിതരണ സംവിധാനം കാര്യക്ഷമമാക്കുക. കോർപ്പറേഷനിൽ റിയൽ ടൈം സ്റ്റോക്ക് മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുക. മരുന്ന് ആശുപത്രിയിലെത്തും വരെയുള്ള ഓരോഘട്ടവും ട്രാക്ക് ചെയ്യുക

ഗുണനിലവാര പരിശോധന ശക്തമാക്കുക. വീഴ്ച വരുത്തുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തി വിലക്കേർപ്പെടുത്തുക

വാങ്ങൽ നടപടികൾ സുതാര്യമാക്കാൻ ടെൻഡർ, മരുന്നു കമ്പനികളുടെ യോഗ്യത, ഗുണനിലവാര റിപ്പോർട്ടുകളടക്കം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക. ഏറ്റവും കുറഞ്ഞ വില മാത്രം പരിഗണിക്കാതെ ഗുണനിലവാരച്ചെലവ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് (Quality-Cost Based Selection) മാതൃക സ്വീകരിക്കുക

ആശുപത്രി തലത്തിൽ ഉത്തരവാദിത്വ സംവിധാനം. ഓരോ മെഡിക്കൽ സ്ഥാപനത്തിലും ഡ്രഗ് മാനേജ്‌മെന്റ് ഓഫീസറെ നിയമിക്കുക. മരുന്ന് കുറവ് റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂർ ഹെൽപ്പ് ഡെസ്‌ക്. സ്റ്റോക്ക് അടക്കം മാസത്തിലൊരിക്കൽ അവലോകനം ചെയ്യുക.

ഒരു ആശുപത്രിയിൽ അധികമുള്ള മരുന്നുകൾ സമീപ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനം. മരുന്നുകളുടെ കാലാവധി തീരുന്നതിന് 6 മാസം മുമ്പ് അലർട്ട് സംവിധാനം


അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാൻ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ്. അവശ്യ മരുന്നുകളുടെ പട്ടിക അടിസ്ഥാനമാക്കി മരുന്ന് നിർദ്ദേശിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുക

പി.എച്ച്.സി, സി.എച്ച്.സി തലങ്ങളിൽ മരുന്ന് ലഭ്യതയ്ക്ക് പ്രത്യേക നിരീക്ഷണം. മലയോര പ്രദേശങ്ങൾ, ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ അധിക ബഫർ സ്റ്റോക്ക് സംവിധാനം. മൊബൈൽ മെഡിസിൻ വിതരണം പരിഗണിക്കുക

ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പട്ടിക പ്രദർശിപ്പിക്കുക. രോഗികളുടെ അഭിപ്രായം ശേഖരിക്കുന്ന സംവിധാനം

പ്രളയം, പകർച്ചവ്യാധി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾക്ക്

അടിയന്തര മരുന്ന് റിസർവ് സംവിധാനം. ഐ.സി.യു, ട്രോമ, ഹൃദ്രോഗം, ക്യാൻസർ ചികിത്സ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക റിസർവ് സ്റ്റോക്ക് ഉറപ്പാക്കുക

വിതരണ ശൃംഖല ഡിജിറ്റലൈസ് ചെയ്യുക. ബാർകോഡ് അടിസ്ഥാനത്തിൽ മരുന്ന് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തുക

(പരമ്പര അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION