
സംസ്ഥാന സ്കൂൾ കായികമേളയിൽ പത്തനംതിട്ട കഴിഞ്ഞ കാലങ്ങളിൽ എല്ലാം പിന്നിലാണ്. പോയിന്റ് നിലയിൽ അവസാന സ്ഥാനങ്ങളിലാണ് മലയോര ജില്ല. കുട്ടികളുടെ കായിക മികവിന് അധികൃതർ വേണ്ട പരിഗണന കൊടുക്കുന്നില്ലെന്ന് ആക്ഷേപങ്ങൾക്ക് ഇതുവരെ പരിഹാരം കാണാത്തതിന്റെ തിക്തഫലം കായിക താരങ്ങളായ കുട്ടികൾ അനുഭവിക്കുകയാണ്. ഇത്തവണയും മികച്ച നേട്ടങ്ങൾ കൊയ്യാമെന്ന പ്രതീക്ഷയുമായി കുട്ടികൾ സംസ്ഥാന മേളയ്ക്ക് തയ്യാറെടുക്കുകയാണ്.
റവന്യു ജില്ലാ കായികമേളയിൽ മികവ് തെളിയിച്ച താരങ്ങൾ സംസ്ഥാനതലത്തിൽ എത്രത്തോളം മുന്നേറുമെന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ. എന്നാൽ പ്രതിഭകളുടെ മികവിനൊപ്പം പരിശീലന സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജില്ലയ്ക്ക് മുന്നിലുണ്ട്. മൂന്ന് ദിവസം നീണ്ടുനിന്ന റവന്യു ജില്ലാ കായികമേളയിൽ വിവിധ ഇനങ്ങളിൽ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. പുല്ലാട് സബ് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതും ശ്രദ്ധേയമായി. വ്യക്തിഗത ഇനങ്ങളിലും റിലേ മത്സരങ്ങളിലും മികവ് തെളിയിച്ച താരങ്ങൾ സംസ്ഥാനതല മത്സരങ്ങളിൽ ജില്ലയുടെ പ്രതീക്ഷകളാണ്. എന്നാൽ സംസ്ഥാനതലത്തിലേക്കുള്ള മുന്നേറ്റത്തിൽ കായികതാരങ്ങൾക്ക് മികച്ച പരിശീലനം, ആവശ്യമായ കായിക ഉപകരണങ്ങൾ, പോഷകാഹാരം, ശാസ്ത്രീയ പരിശീലന സംവിധാനം എന്നിവ നിർണായകമാണ്. പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള യാത്രാസൗകര്യങ്ങൾ, സാമ്പത്തിക പിന്തുണ, പരിക്കുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവയും പ്രധാനമാണ്. ജില്ലയിലെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും ചർച്ചയാകേണ്ടതുണ്ട്. സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഇല്ലായ്മ, പരിശീലനത്തിനുള്ള സ്ഥിരം സംവിധാനങ്ങളുടെ അഭാവം, മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ലാത്തത് എന്നിവ കുട്ടികളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും. സ്കൂൾതലത്തിൽനിന്ന് പ്രതിഭകളെ കണ്ടെത്തി തുടർച്ചയായ പരിശീലനം ഉറപ്പാക്കാൻ ജില്ലയിൽ സംവിധാനങ്ങളില്ല. സംസ്ഥാന കായികമേളയിൽ പത്തനംതിട്ടയുടെ പ്രതീക്ഷകൾ സഫലമാകണമെങ്കിൽ താരങ്ങളുടെ കഴിവിനൊപ്പം പരിശീലകരുടെയും സ്കൂളുകളുടെയും കായിക സംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കൂട്ടായ പിന്തുണയും ആവശ്യമാണ്. പരിമിതികൾ മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരങ്ങൾക്ക് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയെന്നതാണ് ഇനി പ്രധാനം. കേരള സ്റ്റേറ്റ് അത്ലറ്റിക്സ് മീറ്റിൽ മീറ്റ് റെക്കോർഡ് നേടുകയും ജില്ലാ സ്കൂൾ കായിക മേളയിൽ ഷോട്ട് പുട്ടിൽ സ്വർണ മെഡൽ നേടുകയും ചെയ്ത മാത്യു വർഗീസ് കോശിയും നാല് വർഷമായി സംസ്ഥാന കായിക മേളയിൽ മെഡൽ നേടുന്ന കോഴഞ്ചേരി സെന്റ് തോമസിലെ അമൽ മനോജും സംസ്ഥാന കായിക മേളയിൽ പത്തനംതിട്ടയ്ക്ക് പ്രതീക്ഷയുള്ള താരങ്ങളാണ്.
വെറും ഏഴ് ദിവസത്തെ പരിശീലനം കൊണ്ട് പോൾ വാട്ടിൽ സ്വർണം നേടിയ പാലക്കാട് സ്വദേശിയും ഇരവിപേരൂർ സെന്റ് ജോൺസിലെ സിബി ചക്രവർത്തിയും ജിലയ്ക്ക് ഇപ്പോൾ ഏറെ പ്രതീക്ഷയുള്ള താരമാണ്. റവന്യു ജില്ലാ സ്കൂൾ കായികമേളയിലെ പോൾവാൾട്ടിൽ മുളയിൽ കുത്തിച്ചാടി സ്വർണം നേടിയകുറിയന്നൂർ മാർത്താേമ ഹയർ സെക്കൻഡറി സ്കൂളിലെ ഷിന്റോ സൈമൺ പത്തനംതിട്ടയുടെ പ്രതീക്ഷകളിലൊന്നാണ്. സ്കൂളിന് സ്വന്തമായി പോളില്ല. വാടക് എടുക്കാൻ സൈമണിന്റെ രക്ഷിതാക്കൾക്ക് പണവുമില്ല. മകന്റെ കായിക സ്വപ്നങ്ങൾ നിറവേറ്റുകയും വേണം. പോളിന് മുള വെട്ടിയാണ് സൈമൺ മത്സരത്തിനെത്തിയത്. പോളിൽ കുത്തിച്ചാടിയ മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് രണ്ടര മീറ്റർ ചാടി ഷിന്റോ ഓന്നാംസ്ഥാനം നേടിയത്.
അദ്ധ്യാപകർ
കുറവ്
ജില്ലയിൽ കഴിവുള്ള കായികതാരങ്ങളുണ്ടെങ്കിലും പരിശീലനം നൽകാൻ യോഗ്യരായ അദ്ധ്യാപകരില്ല. പല സ്കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിസിക്കൽ ട്രെയിനിംഗ് നടത്തുന്നത്. ഇതിൽ പലരും പരിശീലനം ലഭിക്കാത്തവരുമാണ്. ആകെ അമ്പത്തിനാല് കായിക അദ്ധ്യാപകരാണ് ജില്ലയിലുള്ളത്. ഇതിൽ വിരമിച്ചവരുമുണ്ട്. ബി.ആർ.സി വഴി പതിനൊന്നു പേർ കായിക അദ്ധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നു.
പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകൾ ജില്ലയിൽ പലയിടത്തുമില്ലാത്തതും പ്രതിസന്ധിയാണ്. ആകെയുള്ള കൊടുമൺ സ്റ്റേഡിയത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നതിനും ചെലവേറും. സ്റ്റേഡിയത്തിൽ കയറാൻ ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയാണ് ഫീസ്. ഇത് നൽകുന്നത് അദ്ധ്യാപകരാണ്. ചെലവ് ഭയന്ന് കുട്ടികളെ പരിശീലനത്തിന് അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്.
മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ മറ്റുജില്ലകളിലെ സ്കൂളുകളും അക്കാദമികളും സ്പോൺസർഷിപ്പിലൂടെ സ്വന്തമാക്കുന്നു. ഒരു സ്കൂളിൽ കായിക അദ്ധ്യാപകനെ നിയമിക്കണമെങ്കിൽ യു.പി വിഭാഗത്തിൽ അഞ്ഞൂറ് വിദ്യാർത്ഥികളും എട്ട്, ഒമ്പത് ക്ലാസുകളിൽ അഞ്ച് ഡിവിഷനും വേണം. ഇത്രത്തോളം കുട്ടികളുള്ള കേരള സ്കൂളുകൾ ജില്ലയിൽ കുറവാണ്. അതിനാൽ നിയമനം നടക്കുന്നില്ല. ബി.ആർ.സി വഴി കൂടുതൽ അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കവും നടക്കുന്നില്ല. സാധാരണക്കാരായ വിദ്യാർത്ഥികളാണ് കായിക താരങ്ങളിലധികവും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ജില്ലയിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല. ജഴ്സിയും സ്പൈക്കുമൊക്കെ വാങ്ങാൻ പണം തികയാത്തവരാണ് കൂടുതലും. പല കുട്ടികളുടെയും പരിശീലന ചെലവ് അദ്ധ്യാപകർ വഹിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |