
കേരള ഹൈക്കോടതി 70 വയസിന്റെ നിറവിൽ. നാട്ടുരാജ്യ കോടതികളുടെ ലയനം മുതൽ സമ്പൂർണ ഡിജിറ്റലൈസേഷൻ വരെ എത്തിനിൽക്കുന്നതാണ് കേരളപ്പിറവിയോടൊപ്പം രൂപീകരിച്ച ഹൈക്കോടതിയുടെ ചരിത്രം. ഇക്കാലയളവിൽ പതിനായിരക്കണക്കിന് വ്യവഹാരങ്ങൾക്ക് തീർപ്പാക്കി ജനലക്ഷങ്ങളുടെ ആകുലതകൾക്ക് പരിഹാരമുണ്ടാക്കി. നവംബർ ഒന്നിനു നടക്കുന്ന 70-ാം വാർഷിക സമ്മേളനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും
തിരു-കൊച്ചി സംസ്ഥാനവും മലബാറും ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നതിന് പിന്നാലെ 1956 നവംബർ അഞ്ചിനായിരുന്നു ഹൈക്കോടതിയുടെ ഉദ്ഘാടനം. സംസ്ഥാന രൂപീകരണ ഉടമ്പടിപ്രകാരം ഹൈക്കോടതി കൊച്ചിയിലും സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തും സ്ഥാപിച്ചു. തിരുവിതാകൂർ, കൊച്ചി ഹൈക്കോടതികളും മദ്രാസ് പ്രജാരാാജ്യത്തെ ഹൈക്കോടതിയും ലയിച്ച് ഒന്നാവുകയായിരുന്നു.
ജസ്റ്റിസ് കെ.ടി. കോശിയായിരുന്നു ആദ്യ ചീഫ് ജസ്റ്റിസ്. നിലവിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെടെ 36 ജഡ്ജിമാരാണു ഹൈക്കോടതിയിലുള്ളത്. ഇതിൽ മൂന്ന് പേർ വനിതാ ജഡ്ജിമാരാണ്. കേരളവും ലക്ഷദ്വീപുമാണ് അധികാരപരിധി. 4913 കേസുകളുമായിട്ടായിരുന്നു കേരള ഹൈക്കോടതിയുടെ തുടക്കം. തിരു-കൊച്ചി ഹൈക്കോടതിയിൽ നിന്നുള്ള 3409 കേസുകളും മദ്രാസ് ഹൈക്കോടതിയിൽനിന്നുള്ള 1504 കേസുകളുമാണ് അതിലുൾപ്പെട്ടത്.
തിരുവിതാംകൂർ-കൊച്ചി ലയനത്തിന് പിന്നാലെ തിരു-കൊച്ചി ഹൈക്കോടതിയാണ് ആദ്യം കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. 1949 ജൂലായ് ഏഴിന് വേമ്പനാട്ട് കായലിന് അഭിമുഖമായി നിൽക്കുന്ന രാം മോഹൻ പാലസിലായിരുന്നു തിരു-കൊച്ചി ഹൈക്കോടതിയുടെ പ്രവർത്തനം. ജസ്റ്റിസ് പുതുപ്പള്ളി എസ്. കൃഷ്ണപിള്ളയായിരുന്നു തിരു-കൊച്ചി ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മയും കൊച്ചി മഹാ രാജാവ് രാമവർമ്മയും 1949 മേയ് മാസത്തിൽ ഒപ്പുവെച്ച ഉടമ്പടിയുടെ തുടർച്ചയായി 1949 ജൂലായ് ഒന്നിനാണ് തിരു -കൊച്ചി സംസ്ഥാനം രൂപവത്കരിക്കുന്നത്. ഇതിന് പിന്നാലെയാണ് തിരു-കൊച്ചി ഹൈക്കോടതി എറണാകുളം ആസ്ഥാനമായി നിലവിൽ വരുന്നത്. 1956 ഒക്ടോബർ 31 വരെയുള്ള ഏഴ് വർഷത്തെ ചരിത്രം മാത്രമാണ് തിരു-കൊച്ചി ഹൈക്കോടതിക്കുള്ളത്.
രാം മോഹൻ
പാലസ്
തിരു-കൊച്ചി ഹൈക്കോടതിയും പിന്നീട് 2006 വരെ കേരള ഹൈക്കോടതിയും പ്രവർത്തിച്ചിരുന്നത് എറണാകുളം നഗരഹൃദയത്തിലെ രാം മോഹൻ പാലസിലാണ്. ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ലിൻലിത്ഗോയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് കൊച്ചി രാജാവ് 1938ൽ രാം മോഹൻ പാലസ് നിർമ്മിച്ചത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ആശുപത്രിയായും രാം മോഹൻ പാലസ് മാറി. തുടർന്ന് 1949ൽ തിരു-കൊച്ചി ഹൈക്കോടതി ക്കായി കൈമാറുന്നതുവരെ കൊച്ചിയിലെ സെക്രട്ടേറിയറ്റ് ഇവിടെയാണ് പ്രവർത്തിച്ചത്. തിരു- കൊച്ചി രാജ്യത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളായിരുന്നു തിരു-കൊച്ചി ഹൈക്കോടതിയുടെ പരിധിയിൽ വന്നിരുന്നത്. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ മദ്രാസ് ഹൈക്കോടതിയുടെ പരിധിയിലായിരുന്നു.
പെൺ ന്യായാധിപരുടെ
തിളക്കമാർന്ന ചരിത്രം
കേരള ഹൈക്കോടതി ജഡ്ജിയായി 1959 ഫെബ്രുവരി ഒമ്പതിന് അന്ന ചാണ്ടി നിയമിതയായത് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രമായിരുന്നു. സു പ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയും കേരള ഹൈക്കോടതിയിൽ നിന്നാണ് സ്ഥാനക്കയറ്റം നേടിയത്. ഹൈക്കോടതിയിൽനിന്ന് 1989 ഏപ്രിൽ 29ന് വിരമിച്ച ശേഷമാണ് അതേവർഷം ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി ഫാ ത്തിമ ബീവിയെ നിയമിച്ചത്.
ഹൈക്കോടതിയിൽ ആറ് വനിതാ ജഡ്ജിമാർ ഒരേ സമയം പ്രവർത്തിച്ചതും സമീപകാല ചരിത്രമാണ്.
ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരായിരുന്നു ഒരേസമയം ഹൈക്കോടതിയിൽ ഉണ്ടായിരുന്നത്.
വെർച്ച്വൽ
ഹൈക്കോടതി
കേസുകൾ തീർപ്പാക്കുന്നതിൽ രാജ്യത്തു മുൻനിരയിലുള്ള കേരള ഹൈക്കോടതി ഇന്ന് പൂർണമായും ഡിജിറ്റലായി എന്ന് പറയാം. ഇക്കാര്യത്തിൽ രാജ്യത്തു തന്നെ മാതൃകയാണ്. വെർച്ച്വൽ കോടതി നടപടികൾ ലോകത്ത് എവിടെയിരുന്നും ആർക്കും കാണുകയും കേൾക്കുകയും ചെയ്യാം. കേസ് ഫയൽ ചെയ്യുന്നതും വാദിക്കുന്നതും വേണമെങ്കിൽ ഓൺലൈനായി നിർവഹിക്കാം. കോവിഡ് കാലത്താണ് ഹൈക്കോടതിയിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കിയത്. പിന്നീട് ഇക്കാര്യത്തിൽ മറ്റ് ഹൈക്കോടതികൾക്കെല്ലാം മാതൃകയായി മുൻപേ നടക്കുകയായിരുന്നു നമ്മുടെ ഹൈക്കോടതി. എ.ഐ അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നീതിനിർവഹണത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിച്ചതി ന് കേരള ഹൈക്കോടതി ഈയിടെ ദേശീയ പുരസ്‌ക്കാരം നേടി.
2006 ഫെബ്രുവരി 11ന് പുതിയ സമുച്ചയത്തിലേക്ക് മാറ്റുന്നതു വരെ രാം മോഹൻ പാലസിലായിരുന്നു കേരള ഹൈക്കോടതിയും പ്രവർത്തിച്ചത്. അഞ്ചേക്കർ സ്ഥലത്ത് ഒമ്പത് നിലകളിലായി 5,50,000 ചതുരശ്ര അടി വിസ്തീർണമാണ് ഇപ്പോഴത്തെ മന്ദിരത്തിനുള്ളത്. ഇതിൽ 36 കോടതി ഹാ ളുകൾ, 44 ചേംബറുകൾ, ലൈബ്രറികൾ, ഓഡിറ്റോറിയങ്ങൾ, അഭിഭാഷകർക്കും ക്ലാർക്കുമാർക്കുമുള്ള മുറികൾ, പോസ്റ്റ് ഓഫീസ്, ബാങ്ക്, മെഡിക്കൽ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഹൈക്കോടതി കളമശ്ശേരിയിലെ ജുഡിഷ്യൽ സിറ്റിയിലേക്ക് മാറ്റുന്നത് നിലവിൽ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |