
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവികൾ പങ്കിടുന്നത് സംബന്ധിച്ച് മുന്നണി ഘടകകക്ഷികൾ തമ്മിൽ ധാരണയുണ്ടാക്കുന്ന പതിവുണ്ട്. ഉഭയകക്ഷി തീരുമാന പ്രകാരം കാലാവധി എത്തുമ്പോൾ സ്ഥാനമൊഴിഞ്ഞു നൽകുന്നതും പതിവാണ്. കൊല്ലം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ഇങ്ങനെ വച്ചുമാറുന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ മുൻധാരണയുണ്ട്. 2000ൽ കൊല്ലം കോർപ്പറേഷൻ രൂപീകൃതമായതു മുതൽ ഇന്നുവരെ കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. മേയർ സ്ഥാനം ആദ്യത്തെ 4 വർഷം സി.പി.എമ്മിനും അവസാനത്തെ ഒരു വർഷം സി.പി.ഐക്കുമെന്ന ധാരണ പ്രകാരം മുൻഭരണ സമിതികളിലെല്ലാം പാലിച്ചു പോരുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനം ആദ്യ നാലു വർഷം സി.പി.ഐക്കും അവസാനത്തെ ഒരു വർഷം സി.പി.എമ്മിനുമാണ്. എന്നാൽ ഇക്കുറി ധാരണപ്രകാരമുള്ള സമയം കഴിഞ്ഞിട്ടും മേയർസ്ഥാനം അവസാനത്തെ ഒരു വർഷം സി.പി.ഐക്ക് നൽകാതെ ഒളിച്ചുകളി നടത്തുന്ന സി.പി.എം നിലപാട് സി.പി.ഐ യിൽ കടുത്ത അമർഷം സൃഷ്ടിച്ചിരിക്കുകയാണ്. അവസാന വർഷം മേയർ സ്ഥാനം സി.പി.ഐ ക്ക് നൽകാതെ നീട്ടിക്കൊണ്ടു പോകാനുള്ള സി.പി.എം നീക്കത്തിനെതിരെ സി.പി.ഐ നിലപാട് കടുപ്പിച്ചിട്ടും വ്യക്തത വരുത്താതെ നിൽക്കുകയാണ് സി.പി.എം നേതൃത്വം. മാർച്ച് ആദ്യവാരം കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം കഴിയും വരെ മേയർസ്ഥാനം കൈവശം വയ്ക്കാനുള്ള സി.പി.എം നീക്കം മുന്നിൽകണ്ട് ഈ മാസം തന്നെ സ്ഥാനമാറ്റം ഉണ്ടാകണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതൃത്വം സി.പി.എം ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. മുന്നണി ധാരണ പ്രകാരം കഴിഞ്ഞ ഡിസംബറിൽ സി.പി.എം മേയർ സ്ഥാനം ഒഴിഞ്ഞ് സി.പി.ഐ ക്ക് നൽകേണ്ടതായിരുന്നു. അടിയന്തിരമായി മേയർ സ്ഥാനം കൈമാറണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിന് കത്ത് നൽകാൻ വ്യാഴാഴ്ച കൊല്ലത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനിച്ചത്. ഈ മാസം തന്നെ മേയർ സ്ഥാനം നൽകിയില്ലെങ്കിൽ പാർട്ടിയുടെ ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ ഒഴിഞ്ഞ് കോർപ്പറേഷൻ ഭരണത്തിൽ നിന്ന് മാറി നിൽക്കുമെന്നും സി.പി.ഐ നിലപാട് കടുപ്പിച്ചിട്ടും സി.പി.എം നേതൃത്വം വഴങ്ങിയിട്ടില്ല. ഇനിയും വൈകിയാൽ മുന്നണി സംവിധാനത്തിൽ തുടരാൻ ബുദ്ധിമുട്ടായിരിക്കുമെന്ന നിലപാട് സ്വീകരിക്കാനും സി.പി.ഐ തീരുമാനിച്ചേക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തുനിന്ന് സി.പി.ഐ യിലെ കൊല്ലം മധു ഫെബ്രുവരി ഒന്നിന് രാജിവയ്ക്കാൻ നീക്കമുണ്ട്. വിഷയം സി.പി.എം സംസ്ഥാന നേതൃത്വത്തിനു മുന്നിലും എത്തിയ സ്ഥിതിക്ക് ഇനി നീട്ടിക്കൊണ്ടു പോയാൽ അത് മുന്നണി ബന്ധത്തിൽ അലോസരം സൃഷ്ടിക്കുമെന്നതിനാൽ വൈകാതെ അധികാര കൈമാറ്റം നടക്കുമെന്നാണ് കരുതുന്നത്.
സി.പി.എം നീക്കത്തിനു
പിന്നിൽ മൃഗീയ ഭൂരിപക്ഷം
52 അംഗ കൗൺസിലിൽ 29 അംഗങ്ങളുള്ള സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നതാണ് മേയർ സ്ഥാനം സി.പി.ഐക്ക് കൈമാറാൻ വിമുഖത കാട്ടുന്നതെന്ന സംശയം ഉയരുന്നുണ്ട്. നിലവിൽ സി.പി.ഐക്ക് 10 അംഗങ്ങളാണുള്ളത്. ഇത്തവണ അതിനു വഴങ്ങിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും ഇടതു മുന്നണി അധികാരത്തിലേറിയാൽ സി.പി.എം അതൊരു കീഴ്‌വഴക്കമാക്കി മാറ്റുമെന്ന ആശങ്കയും നിലപാട് കടുപ്പിക്കാൻ സി.പി.ഐ യെ നിർബ്ബന്ധിതരാക്കി. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കും മറ്റും കോർപ്പറേഷൻ മേയർ സ്ഥാനം കൈവശം ഇരിക്കുന്നത് നന്നായിരിക്കുമെന്ന് കരുതിയാണ് ഒഴിഞ്ഞു നൽകാത്തതെന്ന സംശയവും സി.പി.ഐക്കുണ്ട്. അങ്ങനെ വന്നാൽ പിന്നെ കുറച്ച് മാസങ്ങൾ മാത്രമാകും സി.പി.ഐ ക്ക് മേയർസ്ഥാനം കൈവശം വയ്ക്കാനാകുക. ഈ വർഷം സെപ്തംബറിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഒക്ടോബർ 2 ന് പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാനങ്ങൾ വച്ചുമാറുന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐ യും തമ്മിൽ ഉഭയകക്ഷി ധാരണ നിലവിലുണ്ട്. ഇതനുസരിച്ച് കൊല്ലം കോർപ്പറേഷനിൽ അവസാനത്തെ ഒരുവർഷം സി.പി.ഐ ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം വീതവുമാണ്. കൊല്ലം ജില്ലാ പഞ്ചായത്തിൽ സി.പി.ഐ ആദ്യത്തെ രണ്ടര വർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു നൽകിയിരുന്നു. തുടർന്ന് സി.പി.എമ്മിലെ പി.കെ ഗോപൻ പ്രസിഡന്റും സി.പി.ഐയിലെ ശ്രീജ ഹരീഷ് വൈസ് പ്രസിഡന്റുമായി. എന്നാൽ കൊല്ലം കോർപ്പറേഷനിലാണ് ഇക്കുറി സി.പി.എം ഒളിച്ചുകളി നടത്തുന്നത്. സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സി.പി.എം നിലപാടിനെതിരെ രൂക്ഷവിമർശനമാണുയരുന്നത്. സി.പി.ഐ ജില്ലാ നേതൃത്വത്തിനെതിരെയും അണികൾ വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ സി.പി.ഐ നേതൃത്വം തീരുമാനിച്ചത്. എന്നാൽ മേയർസ്ഥാനം അവസാനത്തെ ഒരു വർഷം സി.പി.ഐക്ക് നൽകുമോ എന്നതിൽ ഉറപ്പ് പറയാൻ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ തയ്യാറായില്ല. കത്ത് ലഭിച്ചോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി അദ്ദേഹം നൽകുന്നില്ല. സി.പി.ഐ ഞങ്ങൾക്കും ഞങ്ങൾ അവർക്കും കത്തുകൾ നൽകുന്ന പതിവുണ്ട്. മറ്റുള്ളവരും കത്തുകൾ നൽകാറുണ്ടെന്നായിരുന്നു എസ്.സുദേവന്റെ മറുപടി. എന്നാൽ സി.പി.ഐ ക്ക് അർഹതപ്പെട്ട മേയർ സ്ഥാനം കിട്ടിയേ തീരൂ എന്നും അക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എം.എൽ.എ പ്രതികരിച്ചു. സംസ്ഥാനതലത്തിൽ എൽ.ഡി.എഫിൽ ഇതുസംബന്ധിച്ച ധാരണയുണ്ട്. അത് പാലിക്കപ്പെടണമെന്നും സുപാൽ പറഞ്ഞു.
ആരാകും
മേയർ ?
സി.പി.ഐ ക്ക് മേയർ സ്ഥാനം ലഭിച്ചാൽ ആരാകും ശേഷിക്കുന്ന കാലം കൊല്ലം മേയറാകുക എന്ന ചോദ്യം ഉയരുന്നുണ്ട്. കൊല്ലം മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ സി.പി.ഐ യിലെ നാലു വനിതകളിൽ ഒരാൾക്കാകും സാദ്ധ്യത. ഹണി ബഞ്ചമിൻ, ഗിരിജ, സുജ, സവിതാ ദേവി എന്നിവരിൽ ഹണി ബഞ്ചമിൻ മുമ്പ് രണ്ടു തവണ കൊല്ലം കോർപ്പറേഷനിൽ ഓരോ വർഷം വീതം മേയർ സ്ഥാനത്തെത്തിയ ആളാണ്. സി.പി.ഐ സംസ്ഥാന കൗൺസിലംഗം കൂടിയായ ഹണിക്കാണ് പാർട്ടിയിൽ സീനിയോറിറ്റി എങ്കിലും മുമ്പ് രണ്ടുതവണ മേയറായതിനാൽ മറ്രു മൂന്ന് പേരിൽ ഒരാളെ പരിഗണിക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. മന്ത്രി ജെ. ചിഞ്ചുറാണിയുമായും സി.പി.ഐ സംസ്ഥാന നേതൃത്വത്തിലും പിടിപാടുള്ള ഹണി തന്നെ ഒടുവിൽ മേയറായി എത്താനുള്ള സാദ്ധ്യത മുന്നിൽകണ്ട് അതിനെ തടയിടാനുള്ള നീക്കങ്ങളും പാർട്ടിയിൽ സജീവമാണ്. കൊല്ലം കോർപ്പറേഷനിൽ അവസാനത്തെ ഒരു വർഷം തങ്ങൾക്ക് ലഭിക്കേണ്ട മേയർ സ്ഥാനത്തിനു വേണ്ടി ശക്തമായ അവകാശവാദം ഉന്നയിക്കാൻ പാർട്ടി വൈകിയതിനു പിന്നിലും ഇക്കാരണമാണ് പറഞ്ഞു കേൾക്കുന്നത്. നിലവിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായ സവിതാദേവിക്ക് മേയർ സ്ഥാനം നൽകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. സി.പി.ഐക്ക് മേയർ സ്ഥാനം ലഭിക്കുമ്പോൾ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.എമ്മിനാകും. മൂന്നാം ടേമിലും കൗൺസിലറായ എസ്.ജയനാണ് ഇതിനുള്ള സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |