
മധുര. പാർട്ടിയിൽ പ്രധാനപ്പെട്ട ചുമതലയിലേക്ക് എത്താൻ സാദ്ധ്യതയുണ്ടല്ലോ എന്ന ചോദ്യത്തിന് , അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല എന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രതികരണം. ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആൾക്കാരും പി.ബിയിൽ വരാൻ യോഗ്യരാണ്. പി.ബിയിൽ വരുമോ ഇല്ലയോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സി.പി.എം ശക്തിപ്പെട്ടാലേ രാജ്യം നന്നാവൂ എന്നതാണ് യാഥാർത്ഥ്യമെന്ന് ഇ.പി ജയരാജൻ പറഞ്ഞു പാർടി കോൺഗ്രസിനെത്തിയ അദ്ദേഹം കേരളകൗമുദിയോടു സംസാരിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ഒരു ബദൽ സംവിധാനം എന്ന നിലയ്ക്ക് മുന്നോട്ടു വയ്ക്കാൻ കഴിയുന്ന പരിപാടികളാണ് സി.പി.എം സജ്ജമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിന് വേണ്ടി തമിഴ്നാട് ആകെ സജ്ജമായിരിക്കുന്നു. ഇവിടെയെത്തിയിട്ടുള്ളവർ സി.പി.എമ്മുകാർ മാത്രമല്ല, മറ്റുള്ള പാർട്ടിക്കാരുമുണ്ട്. പാർട്ടി കോൺഗ്രസ് വിജയിപ്പിക്കണമെന്നതാണ് എല്ലാവരുടെയും അഭിപ്രായം. ഡി.എം.കെ അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. അവരെല്ലാം സി.പി.എം പാർട്ടി കോൺഗ്രസ് വിജയിപ്പിക്കാൻ സജീവമായി രംഗത്തുണ്ട്.
ഇന്ത്യ മുഴുവൻ എന്തുകൊണ്ട് ഈ സമ്മേളനത്തെ ഒറ്റുനോക്കുന്നു. രാജ്യം നേരിടുന്ന ഗുരതര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സി.പി.എം നിർദ്ദേശിക്കും പോലെ രാഷ്ട്രീയ പരിഹാരങ്ങൾ വയ്ക്കാൻ മറ്റാർക്ക് സാധിക്കും. മതേതരമായ ഒരു കൂട്ടായ്മയാണ് ഇവിടെ ആവശ്യം. ആവിഷ്കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലെ എമ്പുരാൻ സിനിമയ്ക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം. ഇത് സംഘപരിവാർ അജണ്ടയാണ്. കലാസൃഷ്ടികൾക്ക് മേൽ കടുത്ത ആക്രമണമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും ഈ കടന്നുകയറ്റം നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരേണ്ടത്.
ബി.ജെ.പിയെ നയിക്കുന്നത് ആർ.എസ്.എസാണ്. അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് എമ്പുരാൻ സിനിമയ്ക്ക് നേരെയുള്ള ആക്രമണം. സിനിമ അവതരിപ്പിക്കാൻ ഓർഗനൈസറിന്റെ അനുവാദം വേണമെന്ന് നിഷ്കർഷിച്ചാൽ അത് അംഗീകരിക്കാനാവില്ല. കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരായ ചൂണ്ടുപലകയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖ. ദേശീയതലത്തിൽ സാമ്പത്തിക കാര്യങ്ങളിൽ കേരളം എങ്ങനെ ബദലാവുന്നു എന്നതിന്റെ സൂചനയാണ്
ഇതെന്നും ജയരാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |