SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഡോക്ടർ

bahuleyan

വലിപ്പച്ചെറുപ്പമില്ലാതെ തന്റെ മുന്നിലെത്തുന്ന എല്ലാ രോഗികളുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഡോ. കെ.എം. ചെറിയാൻ. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് ഉന്നതങ്ങളിൽ നിൽക്കുമ്പോഴും ലാളിത്യംകൊണ്ട് അദ്ദേഹം എല്ലാവർക്കുമിടയിൽ നിറഞ്ഞുനിന്നു. ഇന്ത്യയിലെ ആദ്യ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയതും, ആദ്യ പീഡിയാട്രിക് കാർഡിയാക് സർജറി നടത്തിയും ഡോ.കെ.എം. ചെറിയാന്റെ എക്കാലത്തെയും വലിയ നേട്ടമാണ്.

വെല്ലൂർ ക്രിസ്ത്യൻ കോളേജിൽ സർജറിയിൽ ലക്ചററായിട്ടായിരുന്നു ഔദ്യോഗിക ജീവിതാരംഭം. 1970-ൽ ഓസ്‌ട്രേലിയയിലേക്കു പോയി. അവിടെ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുമ്പോഴാണ് ഇന്ത്യയിൽ തിരിച്ചെത്തി ചെന്നൈ പേരാമ്പൂർ റെയിൽവേ ആശുപത്രിയിൽ ചെറിയ ശമ്പളത്തിൽ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. അവിടെവച്ചാണ് 1975-ൽ ഇന്ത്യയിലെ ആദ്യ ബൈപ്പാസ് ശസ്ത്രക്രിയ നടത്തുന്നത്. രാജ്യത്തെ ആദ്യ ഹാർട്ട് ലംഗ് ട്രാൻസ്‌പ്ലാന്റും, പീഡിയാട്രിക് കാർഡിയാക് സർജറിയും നടത്തിയത് കെ.എം. ചെറിയാനാണ്. അവയവദാനത്തിന് മസ്തിഷ്‌കമരണം നിയമപരമാക്കുന്നതിൽ കെ.എം. ചെറിയാൻ മുൻകൈയെടുത്തു.

സ്വകാര്യമേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും അദ്ദേഹമാണ്. വേൾഡ് കോൺഗ്രസ് ഒഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കൻ അസോസിയേഷൻ ഒഫ് തൊറാസിക് സർജറിയിലെ ഇന്ത്യയിൽ നിന്നുള്ള ആദ്യ അംഗവുമാണ് ഡോ. ചെറിയാൻ. ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയാക് തൊറാസിക് സർജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു. മദ്രാസ് മെഡിക്കൽ മിഷന്റെ (എം.എം.എം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറും പി.ഐ.എം.എസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാനുമാണ്. വിജയ ഹോസ്പിറ്റലിലും സുസ്ത്യർഹ സേവനമാണ് അദ്ദേഹം നടത്തിയത്.

ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹവുമായി നിരന്തരം അടുത്ത് ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചു. ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യവേ രോഗികളുടെ ചികിത്സ സംബന്ധിച്ച നിർണായക ഘട്ടങ്ങളിൽ ഡോ. ചെറിയാന്റെ ഉപദേശം തേടിയിരുന്നു. സാങ്കേതിക സംവിധാനങ്ങൾ ഇത്രത്തോളം വികസിക്കാത്ത കാലത്ത് അദ്ദേഹമായിരുന്നു പലപ്പോഴും ആശ്രയം. തന്റെ മുന്നിലെത്തുന്ന രോഗിയുടെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. മന്ത്രിയായിരിക്കെ കെ. പങ്കജാക്ഷൻ നെഞ്ചുവേദനയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. അന്ന് മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം സംവിധാനമില്ലാത്തതിനാൽ ഞങ്ങൾ അദ്ദേഹത്തെ മദ്രാസ് മിഷൻ മെഡിക്കൽ കോളേജിലേക്ക്, ഡോ. ചെറിയാന്റെ അടുത്തേക്ക് അയച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം മടങ്ങിയെത്തിയ പങ്കജാക്ഷന് മാസങ്ങൾക്കു ശേഷം വീണ്ടും ബുദ്ധിമുട്ടുണ്ടായപ്പോൾ വീണ്ടും ചെറിയാനെ കണ്ടു. എന്നാൽ പ്രത്യേകതരം ശസ്ത്രക്രിയ വേണ്ടതിനാൽ താൻ പഠിച്ച അമേരിക്കയിലെ ആശുപത്രിയിലേക്ക് പോകാമെന്ന് ചെറിയാൻ നിർദ്ദേശിച്ചു. മന്ത്രി പങ്കജാക്ഷനൊപ്പം ചെറിയാനും അമേരിക്കയിലെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം പങ്കജാക്ഷൻ പൂർണമായി ആരോഗ്യം വീണ്ടെടുത്തു. അത്രനാളും ഡോ. ചെറിയാനും ഒപ്പമുണ്ടായിരുന്നു. ഡോ. ചെറിയാന് ഒപ്പം പോകേണ്ട ആവശ്യമില്ലായിരുന്നെങ്കിലും, ഏറ്റെടുത്ത ജോലിയോടുള്ള ആത്മാർത്ഥത അദ്ദേഹം പ്രകടിപ്പിച്ചിരുന്നത് ഇത്തരത്തിലാണ്.

രാജ്യത്തെ എത്രയോ വിദഗ്ദ്ധ ഡോക്ടർമാർ ഡോ. ചെറിയാനു കീഴിൽ പരിശീലനം നേടിയവരാണ്. ശസ്ത്രക്രിയയിലെ നൂതന വശങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം രോഗീപരിചണത്തിന്റെ പാഠങ്ങളും അദ്ദേഹം ജൂനിയർ ഡോക്ടർമാരെ പഠിപ്പിച്ചു. ആറുമാസം മുമ്പ് ഡോ. ചെറിയാന്റെ ഒരു ബന്ധു എന്റെയടുത്ത് ചികിത്സ തേടിയെത്തി. അന്നും ആ രോഗിക്കു വേണ്ട ചികിത്സാ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. അവസാന നാളുകളിലും സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുത്ത്, താൻ ആർജ്ജിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ അദ്ദേഹം മടികാണിച്ചില്ല.

(പ്രശസ്ത ഹൃദയ ചികിത്സാ വിദഗ്ദ്ധനും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ

കാർഡിയോളജി വിഭാഗം തലവനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION