
പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലെ ആദ്യദിനത്തിൽ പ്രതിപക്ഷം കുന്തമുന നീട്ടിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേർക്ക്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തെയും പൊലീസ് മർദ്ദനത്തെയും കുറിച്ചും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും സഭാനടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
കല്ല്, ബിയർകുപ്പി, തീപ്പന്തം എന്നിവ ഉപയോഗിച്ച് മെൻസ് ഹോസ്റ്റലിന് നേരെ യൂത്ത് കോൺഗ്രസുകാർ അതികഠിനമായ ആക്രമണം അഴിച്ചുവിട്ടു എന്ന മട്ടിൽ സി.പി.എം അംഗം വി.ജോയി വിശദവും വ്യക്തവുമായ രീതിയിൽ അവതരണം നടത്തി. ഗവൺമെന്റ് സ്പോൺസേർഡ് നരനായാട്ട് എന്നാണ് അദ്ദേഹം നടപടികളെ വിശേഷിപ്പിച്ചത്. പന്തം കൊളുത്തി പ്രകടനം നടത്തിയ സമയത്ത് 'ഇന്ദിരാകട്ട് 'വന്നതുകൊണ്ടാണ് പാവം എസ്.എഫ്.ഐക്കാർ ഒന്നു കൂകിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസുകാരുടെ ഇടുപ്പിൽ നിന്നാണ് ബിയർകുപ്പി വന്നതെന്ന കണ്ടുപിടിത്തവും നടത്തി. എസ്.എഫ്.ഐക്കാരെ തല്ലാൻ ഉപയോഗിച്ച പൊലീസ് ലാത്തിയും ജോയി സഭയിൽ ഹാജരാക്കി.
ലാത്തി കസ്റ്റഡിയിലെടുത്ത് പരിശോധിക്കണമെന്ന് സ്പീക്കറെ ഓർമ്മപ്പെടുത്തിയത് മുൻ മന്ത്രികൂടിയായ ജി.സുധാകരനാണ്. മേശപ്പുറത്ത് വച്ചതോടെ ലാത്തി സഭയുടെ സ്വത്തായെന്നും അത് വാച്ച് ആൻഡ് വാർഡ് പരിശോധിക്കുമെന്നും അച്ചടിഭാഷയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മറുപടി പറഞ്ഞു. തന്റെ സർക്കാരിന് ഹണിമൂൺ പിരീഡെങ്കിലും തരണ്ടേ എന്ന സങ്കടകരമായ ചോദ്യമാണ് ചെന്നിത്തല പ്രതിപക്ഷത്തോട് ചോദിച്ചത്. പത്ത് വർഷം പിണറായിവിജയൻ ഭരിച്ചപ്പോഴത്തെ പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും താൻ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന പൊലീസല്ലെന്നുമുള്ള വിശദീകരണം കേട്ടപ്പോൾ പ്രതിപക്ഷാംഗങ്ങളും ചിരിച്ചു പോയി. ഏതോ പാവപ്പെട്ട പൊലീസുകാരന്റെ ലാത്തിയാണ് പിടിച്ചുവാങ്ങി സഭയിൽ കൊണ്ടുവന്നിരിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
ചെന്നിത്തലയുടെ മറുപടിക്ക് സാധാരണയുള്ള വീറും വാശിയും ഇല്ലാതെ പോയതിലുള്ള സങ്കടമാണ് പ്രതിപക്ഷനേതാവ് പിണറായിവിജയൻ പ്രകടിപ്പിച്ചത്. ചോദ്യോത്തര വേളയിൽ, സർക്കാർ ശമ്പളപരിഷ്കരണം നടപ്പാക്കുമോ എന്ന സി.രവീന്ദ്രനാഥിന്റെ അക്കാഡമിക്കായ ചോദ്യം സന്ദേശം സിനിമയിൽ ശങ്കരാടി തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കും പോലെയായി. സമ്പദ്ഘടനയും വാങ്ങൽ ശേഷിയും ഫിനാൻഷ്യൽ ഫ്ളക്ചുവേഷനുമൊക്കെ കുത്തിനിറച്ച് ചോദ്യമുന്നയിച്ചപ്പോൾ കേട്ടവരും വലഞ്ഞു.
ലീവ് സറണ്ടർ എപ്പോൾ കൊടുക്കുമെന്ന ചോദ്യമുന്നയിച്ച മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നൽകിയ മറുപടി, ഏണിവച്ചുപിടിച്ച പോലെയായി. ഏറ്റവുമധികം തവണ ലീവ് സറണ്ടർ മാറ്റിവച്ച് ഉത്തരവിറക്കിയ ആളാണ് ഇപ്പോൾ ലീവ് സറണ്ടർ എപ്പോൾ തരുമെന്ന് ചോദിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
തന്റെ മണ്ഡലത്തിലുള്ള ദേവസ്വം ഗോശാലയോട് അനുബന്ധിച്ച് വെറ്ററിനറി കോളേജ് വേണമെന്ന ആവശ്യമുന്നയിച്ച മഞ്ഞളാകുഴി അലിക്ക് മറുപടി നൽകിയ മന്ത്രി കെ.മുരളീധരന് സംശയം, ഗോശാലയിൽ പശുവളർത്തലാണോ ഗോഹത്യയാണോ നടത്തുന്നതെന്ന്. അവിടത്തെ പശുക്കളെ കണ്ടാൽ ആട്ടിൻകുട്ടികളോ എന്നു തോന്നുമെന്നും മുരളീധരന്റെ കമന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |