
തിരുവനന്തപുരം: നിലവിലെ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ കാലാവധി നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രാരംഭ കാലാവധി അവസാനിച്ച കമ്മിഷന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, വിവര ശേഖരണത്തിനുമാണിത്.
കഴിഞ്ഞ 50 വർഷത്തിനിടെ ഇക്കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ മാത്രമാണ് 5 വർഷത്തിനിടയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തത്. 2024 ജൂലായിൽ അതിനു മുൻപുള്ള കമ്മിഷന്റെ കാലാവധി കഴിഞ്ഞെങ്കിലും, രണ്ടു വർഷം ഇടപെടാതിരുന്ന എൽ.ഡി.എഫ് സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് ഫെബ്രുവരിയിലാണ് കമ്മിഷൻ രൂപീകരിച്ചത്. മാർച്ചിലാണ് ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ചത്.
കഴിഞ്ഞ സർക്കാർ ലീവ് സറണ്ടർ നൽകാനിറക്കിയ ഉത്തരവ് മരവിപ്പിച്ചത് എന്തിനെന്ന കെ.എൻ.ബാലഗോപാലിന്റെ ചോദ്യത്തിന്, ഏറ്റവും കൂടുതൽ കാലം ലീവ് സറണ്ടർ മാറ്റി വച്ച സർക്കാരും ധനമന്ത്രിയുമാണ് ഈ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ സർക്കാർ 21670 കോടിയുടെ ഡി.എ, 14387 കോടിയുടെ ഡി.ആർ കുടിശികയുടെ ബാദ്ധ്യതയാണ് ഈ സർക്കാരിനു മേൽ വച്ചിരിക്കുന്നത്. അടുത്ത ശമ്പള പരിഷ്‌കരണം വരെ ഇടക്കാലാശ്വാസം അനുവദിക്കുമോയെന്ന എം.എസ്.അരുൺകുമാറിന്റെ ചോദ്യത്തിന്, സർക്കാർ പരിശോധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
സ്വകാര്യ യൂണി. ബിൽ
രാഷ്ട്രപതിയിൽ നിന്ന് തിരിച്ച്
വാങ്ങും; പ്രമേയം പാസാക്കി
തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിക്ക് അയയ്ച്ച കേരള സ്വകാര്യ സർവകലാശാല സ്ഥാപനവും നിയന്ത്രണവും ബിൽ തിരിച്ചുവാങ്ങാൻ നിയമസഭ പ്രമേയം പാസാക്കി. ബിൽ ഒരുവർഷത്തിലേറെയായി പാസാക്കി കിട്ടാത്ത സാഹചര്യത്തിലാണ് തിരിച്ചുവാങ്ങി പരിഷ്കരിച്ച് അയയ്ക്കാനുള്ള തീരുമാനം. ആദ്യമായാണ് സംസ്ഥാന നിയമസഭ ഇത്തരത്തിലുള്ള പ്രമേയം പാസാക്കുന്നത്. ചട്ടം 118 അനുസരിച്ചാണ് നടപടി. ഗവർണർ മുഖേന രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. രാഷ്ട്രപതിയുടെ തീരുമാനം നിർണയാകമാകും.
2025 മാർച്ച് 25നാണ് നിയമസഭ, ബിൽ പാസാക്കി അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചത്. ഗവർണർ ഇത് രാഷ്ട്രപതിക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ ബില്ലിലെ ഭൂമിയുടെ ഉടമസ്ഥാവകാശം, കരുതൽ ധനം തുടങ്ങിയ കാര്യങ്ങളിൽ സന്ദേഹമുന്നയിച്ചു. മറ്റ് സംസ്ഥാനങ്ങൾ സ്വകാര്യസർവകലാശാലയ്ക്ക് അനുമതി നൽകി പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ കേരളം പിന്നാക്കം പോകാതിരിക്കാനാണ് ഈ അസാധാരണ നീക്കമെന്ന് പ്രമേയം അവതരിപ്പിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |