SignIn
Kerala Kaumudi Online
Saturday, 03 October 2026 11.48 PM IST

ഉപയോഗപ്പെടുത്തണം എ.ഐ സൂപ്പർ സൈക്കിൾ

1

ഇന്ന് സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചയെ നയിക്കുന്ന പല ഘടകങ്ങളിൽ ഒന്നു മാത്രമല്ല, മറ്റെല്ലാ പുരോഗതികൾക്കും അടിത്തറയാകുന്ന ശക്തി കൂടിയായി മാറി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സെമികണ്ടക്ടർ, നിർമ്മിത ബുദ്ധി (എ.ഐ) സംബന്ധമായി നമ്മുടെ രാജ്യം കൈക്കൊള്ളുന്ന തീരുമാനം ഈ നൂറ്റാണ്ടിൽ സാമ്പത്തികരംഗത്ത് നാം പ്രധാന ശക്തിയാകുമോ, അതോ കാഴ്ചക്കാരാകുമോ എന്നതിലേക്ക് നയിക്കുന്നതാണ്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സെമികണ്ടക്ടറും സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന ഉപകരണം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന ഘടകമായി മാറി.

കാര്യമായ പ്രകൃതിവിഭവങ്ങളൊന്നുമില്ലാത്ത ചെറിയൊരു ദ്വീപായിരുന്നു തായ്‌വാൻ. സെമികണ്ടക്ടർ നിർമ്മാണത്തിൽ നേടിയ മികവുകൊണ്ടാണത് നിർണായക ശക്തിയായത്. എ.ഐ ചിപ്പ് വിപ്ലവത്തിൽ മുന്നിലെത്തിയ സാംസങ്ങ്, എസ്.കെ. ഹൈനിക്സും പോലുള്ള കമ്പനികളുടെ വളർച്ചയുടെ പിന്തുണയിൽ ദക്ഷിണ കൊറിയൻ സ്റ്റോക്ക് മാർക്കറ്റ് (കോസ്‌പി) സൂചിക 2025-ൽ 72 ശതമാനം ഉയർന്നു. ജപ്പാൻ ആകട്ടെ, 2026 സാമ്പത്തിക വർഷത്തിൽ സെമികണ്ടക്ടർ, എ.ഐ മേഖലകളിലേക്കുള്ള തങ്ങളുടെ ബഡ്ജറ്റ് നാലിരട്ടിയായി വർദ്ധിപ്പിച്ച് 1.23 ട്രില്യൺ യെന്നിലെത്തിച്ചു. 2015 മുതൽ സെമികണ്ടക്ടർ രംഗത്ത് സ്വയംപര്യാപ്തത നേടാനായി ചൈന കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു വരികയാണ്. ചിപ്സ് ആക്ട് നടപ്പിലാക്കിയ അമേരിക്ക 53 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സബ്സിഡി വഴി അവിടെ 450 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം ഉറപ്പാക്കി. സാങ്കേതിക പരമാധികാരമാണ് സാമ്പത്തിക പരമാധികാരം എന്ന സത്യം ഈ രാജ്യങ്ങൾ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

 ഇന്ത്യയുടെ അവസരം

ദീർഘകാല നേട്ടം കൈവരിക്കാൻ ആവശ്യമായ മൂന്ന് പ്രധാന ഘടകങ്ങളിൽ രണ്ടെണ്ണം ഇന്ത്യയ്ക്കുണ്ട്. ഒന്ന് ജനസംഖ്യാപരമായ വലിപ്പം. രണ്ടാമത്തേത് ബൗദ്ധിക മൂലധനം. ഇന്ത്യൻ എൻജിനിയർമാരും ശാസ്ത്രജ്ഞരും ആഗോള സാങ്കേതികവിദ്യയുടെ മുൻനിരയിലുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട എ.ഐ, സെമികണ്ടക്ടർ കമ്പനികളെ നയിക്കുന്നവരിലും പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നവരിലും ഗവേഷണം നടത്തുന്നവരിലും ഇന്ത്യക്കാരുണ്ട്. എന്നാൽ ഇന്ത്യ കുറച്ച് നിക്ഷേപം നടത്തിയിട്ടുള്ളത് മൂന്നാമത്തെ ഘടകത്തിലാണ് - സാങ്കേതിക വിദ്യയിലെ പരമാധികാരം. ഇന്ത്യൻ മണ്ണിൽ, നിയന്ത്രണത്തിൽ, ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ ആവശ്യങ്ങൾക്കായി നിർണായക സാങ്കേതികവിദ്യകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന ശേഷി അതാണ് പരമാധികാരം. സാങ്കേതികവിദ്യ നിഷേധിക്കൽ ഭൗമരാഷ്ട്രീയ ആയുധങ്ങളുടെ ഭാഗമായിക്കഴിഞ്ഞ സാഹചര്യത്തിൽ അത് പ്രധാനവുമാണ്.

സ്വന്തമായി എ.ഐ, സെമി കണ്ടക്ടർ/ ചിപ്പ് നിർമ്മാണ ശേഷി വികസിപ്പിക്കാത്ത ഇന്ത്യ ഈ പുതിയ വിഭജനത്തിന്റെ തെറ്റായ വശത്ത് എത്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ഐ.എസ്.എം), ഇന്ത്യ എ.ഐ മിഷൻ, ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (ഡി.എൽ.ഐ), ചിപ്സ് ടു സ്റ്റാർട്ടപ്പ് ( സി 2എസ്) പ്രോഗ്രാം എന്നിവ ഇക്കാര്യത്തിലെ ശരിയായ ചുവടുവയ്പാണ്. ഈ പദ്ധതി രൂപകൽപ്പന ചെയ്ത ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിനാൽ അതെനിക്ക് നേരിട്ടറിയാം. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും അവ യാഥാർത്ഥ്യമാക്കി.

 മുൻഗണനകൾ പുനർനിർണയിക്കണം

ഐ.എസ്.എം 1.0 പ്രകാരം 12 സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചു. ഇവയിലൂടെ 1.64 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമുണ്ട്. അഞ്ച് കേന്ദ്രങ്ങളിൽ ഉത്പാദനം ആരംഭിച്ചു. ജൂലായിൽ 1.275 ലക്ഷം കോടിയുടെ അധിക ചെലവ് വകയിരുത്തി ഐ.എസ്.എം 2.0 പ്രഖ്യാപിച്ചു. പക്ഷേ അതിന്റെ മുൻഗണനകൾ പുനർനിർണയിക്കണം. അതിൽ അംഗീകാരം ലഭിച്ച പന്ത്രണ്ട് യൂണിറ്റുകളിൽ ഒമ്പതും അസംബ്ലി, പരിശോധന, അടയാളപ്പെടുത്തൽ എന്നിവയ്ക്കും പാക്കേജിംഗ്, ഔട്ട്സോഴ്‌സ് ചെയ്‌ത സെമികണ്ടക്ടർ നിർമ്മാണത്തിനും പരിശോധനകൾക്കുമുള്ള എടിഎംപി /ഒഎസ്എടി എന്നറിയപ്പെടുന്ന സൗകര്യങ്ങളാണ്. പദ്ധതികളിൽ 75 ശതമാനവും കുറഞ്ഞ ലാഭവിഹിതമുള്ള വിഭാഗത്തിലുള്ളതാണ് .

ആപ്പിളിനും സാംസങ്ങിനും ചൈനയ്ക്ക് പുറത്തേക്ക് മറ്റൊരു അസംബ്ലി കേന്ദ്രം ആവശ്യമായിരുന്നു. കുറഞ്ഞ തൊഴിൽച്ചെലവും ഇന്ത്യൻ ഗവൺമെന്റ് നൽകിയ നയപരമായ പിന്തുണയിലൂടെ ലഭിച്ച ആനുകൂല്യങ്ങളും അവരുടെ ഉത്പാദനച്ചെലവിലെ വ്യത്യാസം കുറച്ചു. 2026ൽ ഐഫോൺ കയറ്റുമതി 2 ട്രില്യൺ രൂപയിലെത്തി. ആഗോള ഐഫോൺ ഉത്പാദനത്തിന്റെ 25 മുതൽ 28 ശതമാനം ഇന്ത്യയിലാണ്. 2022 സാമ്പത്തിക വർഷത്തിലെ ഏതാണ്ട് പൂജ്യത്തിൽ നിന്ന് പി.എൽ.ഐ (ഉത്പാദനാധിഷ്ഠിത ആനുകൂല്യം) കാലയളവിൽ ആകെ 51 ബില്യൺ ഡോളറിന്റെ കയറ്റുമതിയിലേക്ക് ഇന്ത്യയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസായ നയ വിജയങ്ങളിൽ ഒന്നായി ഇത് മാറി. പക്ഷേ എൻവിഡിയയുടെ ഡാറ്റാ സെന്റർ വരുമാനം 2021-ലെ 3 ബില്യൺ ഡോളറിൽ നിന്ന് 2024-ൽ 47 ബില്യൺ ഡോളറായി ഉയർന്നു- വെറും മൂന്ന് വർഷം കൊണ്ട് 15 മടങ്ങ് വളർച്ച. ഇന്ത്യ വെറും അസംബ്ലി പങ്കാളിയാകണമോ, അതോ ചിപ്പ് ഡിസൈൻ ആർക്കിടെക്ടാകണമോ എന്നത് കേവലമൊരു താത്പര്യത്തിന്റെ മാത്രം വിഷയമല്ലെന്ന് ഈ രണ്ട് മേഖലകളിലെയും ലാഭത്തിലെ അന്തരം പറഞ്ഞുതരും.

 ഇന്ത്യയുടെ സ്ഥാനവും നയവും

ചിപ്പ് ഡിസൈൻ, ഫാബ്‌ലെസ് ഐ.പി മേഖലയിൽ ഇന്ത്യയ്ക്ക് 1,25,000 എൻജിനീയർമാരുണ്ട്. ഐ.പി ഉടമസ്ഥത പരിമിതമാണ്. എ.ഐ ഇൻഫറൻസ് ചിപ്പുകൾ, ആപ്ലിക്കേഷൻ സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യുട്ടുകൾ (ഒരു പ്രത്യേക ജോലിക്കോ ആവശ്യത്തിനോ വേണ്ടി രൂപകൽപ്പന ചെയ്ത മൈക്രോചിപ്പ് പ്രോസസറുകൾ) എന്നിവയിൽ ഇന്ത്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഭുവനേശ്വരിലെ ഒരു കേന്ദ്രം മാത്രമാണ് നമുക്കുള്ളത്. ഒരു വ്യാഴവട്ടം മുമ്പ്, 2014-ൽ നാഷണൽ ഐ.സി ഫണ്ടിലൂടെയാണ് ചൈന വലിയ തോതിലുള്ള സെമികണ്ടക്ടർ നിക്ഷേപ പരിപാടിക്ക് തുടക്കമിട്ടത്. 150 ബില്യൺ ഡോളറിന് തുല്യമായ സർക്കാർ പിന്തുണ നൽകി. നാനോമീറ്റർ ചിപ്പ് നിർമ്മാണം ലക്ഷ്യമിടുന്ന ജപ്പാന്റെ റാപ്പിഡസിനും സർക്കാർ പിന്തുണയുണ്ട്. ഡിസൈൻ ഐ.പി, ഗവേഷണ സ്ഥാപനങ്ങൾ, ഫാബ് ശേഷി തുടങ്ങിയ ഇടങ്ങളിലേക്കാണ് ഈ രാജ്യങ്ങൾ നിക്ഷേപം നടത്തിയത്. ഇന്ത്യയ്ക്ക് ലോകോത്തര ഐ.ഐ.ടികളും ഐ.ഐ.എസ്.സിയും ഉണ്ട്. എന്നാൽ ബെൽജിയത്തിലെ ഇന്റർയൂണിവേഴ്സിറ്റി മൈക്രോ ഇലക്ട്രോണിക്‌സ് സെന്റർ (ഐ മെക്) , തായ്‌വാനിലെ തായ്‌വാൻ സെമികണ്ടക്ടർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ നിലവാരത്തിലുള്ള ഒരു സെമികണ്ടക്ടർ ഗവേഷണ സ്ഥാപനം ഇന്ത്യയിലില്ല.

പ്രധാനമന്ത്രി മോദിജി ആരംഭിച്ച ചിപ്സ് ടു സ്റ്റാർട്ട് -അപ്പ് പദ്ധതി വഴി അക്കാഡമിക് തലത്തിലുള്ള ചിപ്പ് ഡിസൈൻ വിദ്യാഭ്യാസത്തിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ പ്രതിഭകളെ വളർത്താൻ ഗവേഷണ സ്ഥാപനങ്ങൾ വേണം. ക്ലൗഡ്, എഡ്ജ്, ഉപകരണങ്ങൾ, പ്രതിരോധം, കൃഷി, വ്യാവസായിക ആപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിൽ വ്യത്യസ്‌തമായ ഇടപെടലുണ്ടാകണം. ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്യുന്ന ഇൻഫറൻസ് ചിപ്പുകൾക്ക് 50 മുതൽ 70 ശതമാനം വരെ മൊത്തലാഭം നേടാനാകും. അത്തരം ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ യോഗ്യതയുള്ള 1,25,000ൽ കൂടുതൽ ചിപ്പ് ഡിസൈൻ എൻജിനീയർമാർ ഇന്ത്യയിലുണ്ട്. ഓപ്പൺ സോഴ്സ് കോറുകൾ ഉപയോഗിക്കുന്നതിലൂടെ ലൈസൻസിംഗ് ചെലവും ഒഴിവാക്കാം.

 ആവശ്യാധിഷ്ഠിത ഗ്രാന്റുകളുടെ ആദ്യഘട്ടം

ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ 2.0 വഴി 1,000 കോടിയുടെ ഒരു ചിപ്പ് ഡിസൈൻ കമേഴ്സ്യലൈസേഷൻ ഫണ്ട് രൂപീകരിക്കാം. നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പോലുള്ള ഒരു ഡിജിറ്റൽ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് എന്ന രീതിയിലായിരിക്കാം അത്. അതോടൊപ്പം, സർക്കാർ നേരിട്ട് സംഭരിക്കാൻ തയ്യാറുള്ള രണ്ട് സോവറീൻ എ.ഐ ഇൻഫറൻസ് ചിപ്പ് പദ്ധതികളെങ്കിലും പ്രഖ്യാപിക്കാം. ഇന്ത്യ സെമികണ്ടക്ടർ മിഷൻ, ചിപ്സ് ടു സ്റ്റാർട്ടപ്പ് എന്നീ പദ്ധതികൾ രൂപപ്പെടുത്തിയ നരേന്ദ്ര മോദിജിയുടെ ടീമിന്റെ ഭാഗമാകാൻ എനിക്കായിട്ടുണ്ട്. സാമ്പത്തിക ഭാവി ഈ ശേഷികൾ കെട്ടിപ്പടുക്കുന്നതിനെ ആശ്രയിച്ചാണെന്ന് വിശ്വസിച്ചാണ് ആ പ്രവർത്തനത്തിന്റെ ഭാഗമായത്. ഇപ്പോഴും അതേ വിശ്വാസമുണ്ട്. പതിറ്റാണ്ടുകളായി, വ്യവസായിക കുതിപ്പുകളുടെ പല ഘട്ടങ്ങളിലും ഇന്ത്യ അവസരം നഷ്ടപ്പെടുത്തി, അല്ലെങ്കിൽ പിന്നിലായി. എന്നാൽ ഈ എ.ഐ സൂപ്പർസൈക്കിൾ നമുക്ക് നഷ്ടപ്പെടുത്തേണ്ടതില്ല.

( മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി സംസ്‌ഥാന അദ്ധ്യക്ഷനുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY