SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.31 AM IST

പതിവ് തെറ്റാതെ വീണ്ടും '14"

sports

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പത്തനംതിട്ട ഇത്തവണയും പതിനാലാമത് തന്നെ. ചരിത്രം തിരുത്താനുള്ള നടപടികളൊന്നും അധികൃതരിൽ നിന്നുണ്ടാകാത്തത് കായിക പ്രേമികളെയും നിരാശരാക്കുന്നു. കലാരംഗത്തും കായിക മേളയിലും ജില്ല തുടർച്ചയായി പിന്തള്ളപ്പെടുന്നതിന്റെ കാരണം അന്വേഷിക്കാനോ നാണക്കേട് മായ്‌ക്കാനോ ശ്രമങ്ങളുമില്ല.

കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും പരിശീലനത്തിന്റെയും അഭാവം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തുന്നത്. സ്വർണവും വെള്ളിയും വെങ്കലവും പേരിനു മാത്രം ലഭിച്ച ജില്ല ഇത്തവണയും പതിവ് തെറ്റിച്ചില്ല. നാല് സ്വർണവും പതിനാല് വെള്ളിയും പതിമൂന്ന് വെങ്കലവുമാണ് ജില്ലയ്ക്ക് ലഭിച്ചത്. ആകെ ലഭിച്ചത് നൂറ്റിപ്പത്ത് പോയിന്റ്. ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 227 സ്വർണം ഉൾപ്പെടെ 2012 പോയിന്റുണ്ട്. ഒമ്പത് വർഷത്തിനു ശേഷം ആദ്യമായാണ് പത്തനംതിട്ട ജില്ലയ്ക്ക് അത്‌ലറ്റിക്‌സിൽ സ്വർണം നേടാനായത്.

കായിക ഇനങ്ങളിൽ താത്പര്യമുള്ള കുട്ടികളുണ്ടെങ്കിലും മികച്ച പരിശീന കേന്ദ്രങ്ങളും സ്‌പോർട്സ് ഹോസ്റ്റലുകളുമില്ലാത്തതാണ് സംസ്ഥാന മേളകളിൽ ജില്ലയെ പിന്നോട്ടടിക്കുന്നത്. ശാരീരിക ശേഷിയുള്ള കുട്ടികളുടെ കായിക ഇനങ്ങളിലെ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ സ്കൂളുകൾക്ക് കഴിയുന്നില്ല.

ജില്ലയിൽ രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് ജില്ലാ സ്റ്റേഡിയത്തിൽ തയ്യാറുകുന്നുണ്ട്. ആദ്യത്തെ കൊടുമൺ സ്റ്റേഡിയം പരിചരണമില്ലാതെ നശിക്കുന്നു. പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിലാണ് ജില്ലാ കായിക മേളയിൽ അത്‌ലറ്റുകൾ ഒാടിയത്. ജമ്പിംഗ് പിറ്റും പൊളിഞ്ഞു കിട‌ക്കുകയാണ്.

കായിക മേളയിൽ സ്ഥിരമായി പങ്കെടുക്കുന്ന അൻപതിലേറെ സർക്കാർ സ്കൂളുകളിൽ ചിറ്റാർ, കോന്നി, കലഞ്ഞൂർ, വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവർക്ക് മാത്രമാണ് കായിക അദ്ധ്യാപകരുള്ളത്. നൂറിലേറെ സ്വകാര്യ സ്‌കൂളുകളിൽ ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളും കുറിയന്നൂർ മാർത്തോമ സ്‌കൂളുമാണ് കായിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നത്.

സ്‌കൂളുകളിൽ കായിക മേഖലയു‌ടെ വികസനത്തിന് പണം മുടക്കി കുട്ടികൾക്ക് പരിശീലനവും കായിക ഉപകരണങ്ങളും ഭക്ഷണവും നൽകേണ്ട ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ താത്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പതിവുപോലെ പോകട്ടെ എന്ന സമീപനമാണ് തുടരുന്നത്.

ജില്ലയിൽ ഒരു ഹൈജമ്പ് ബെഡ് മാത്രമാണുള്ളത്. നാല് വർഷം മുൻപ് വാങ്ങിയ മൂന്ന് അടുക്കുകളുള്ള ബെഡ് മൂന്ന് സ്‌കൂളുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ കായിക മേളയിൽ പോൾ വാൾട്ടിൽ മുളയുമായാണ് ഒന്നാം സ്ഥാനം നേടിയ കുട്ടി മത്സരിച്ചത്. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട സുമനസുകൾ ഫൈബർ പോൾ വാങ്ങി നൽകിയെങ്കിലും ഫൈബറിൽ പരിശീലനമില്ലാത്തതിനാൽ സംസ്ഥാന കായിക മേളയിൽ ശോഭിക്കാനായില്ല.

 മാതൃകയേറെയുണ്ട്, പഠിക്കില്ല

അധികൃതരുടെ അവഗണന കാര‌ണം, കായിക ഇനത്തിൽ താൽപ്പര്യമുള്ള ശാരീരിക ക്ഷമതയുള്ള കുട്ടികളിൽ ചിലരെ മറ്റു ജില്ലക്കാർ ഏറ്റെടുക്കാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും മറ്റ് കാരണങ്ങളാലും ചില രക്ഷിതാക്കൾ കുട്ടികളെ മറ്റു ജില്ലകളിലേക്ക് വി‌ടാൻ മടിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരിയിൽ മറ്റു ജില്ലകളിലെ സ്‌പോർട്സ് അക്കാഡമികളിലേക്കും ഹോസ്റ്റലുകളിലേക്കും സ്‌കൂളുകളിലേക്കും സെലക്ഷൻ ട്രയൽ നടക്കാറുണ്ട്. പത്തനംതിട്ടയിൽ ഇതു നടക്കുന്നില്ല. ജില്ലയിലെ രണ്ടു സ്പോർട്സ് ഹോസ്റ്റലുകളും പൂട്ടി. തിരുവല്ല പബ്ളിക് സ്റ്റേഡിയം നാശത്തിന്റെ വക്കിലായപ്പോൾ കുട്ടികളെ പത്തനംതിട്ട വെട്ടിപ്രം സ്‌പോർട്സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. പിന്നീട് അതും പൂട്ടി. സ്വന്തം നിലയ്‌ക്ക് പരിശീലനം നേടാൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് മതിയായ സാമ്പത്തിക ശേഷിയുള്ളവരല്ല. പഠനവും പരിശീലനവും ഒന്നിച്ചു കൊണ്ടുപോകാൻ കുട്ടികൾക്ക് കഴിയണമെങ്കിൽ രക്ഷിതാൾക്ക് ആത്മവിശ്വാസം ലഭിക്കണം. കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെയും കായിക പരിശീലനത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് ആര‌െങ്കിലും ഏറ്റെടുക്കണം.

 വേണം സ്പോർട്സ് അക്കാഡമികൾ

കുട്ടികളുടെ കായിക അഭിരുചി വളർത്താൻ സ്‌പോർട്സ് അക്കാഡമികൾ സ്ഥാപിക്കണം. മറ്റു ജില്ലകളിൽ സ്‌പോർട്സ് അക്കാഡമികളും ഹോസ്റ്റലുകളുമുണ്ട്. കൊടാമണ്ണിലെയും ജില്ലാ സ്റ്റേഡിയത്തിലെയും സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കുട്ടികൾക്ക് പരിശീലനത്തിന് വിട്ടു നൽകണം.

മറ്റ് ജില്ലകളിലെപ്പോലെ സ്‌പോർട്സ് സെലക്ഷൻ ട്രയൽസ് എല്ലാ ഫെബ്രുവരിയിലും നടത്തണം. എന്നാലേ കായിക മത്സരങ്ങളിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ കഴിയൂ. പരിശീലനത്തിനൊപ്പം കായിക ഉപകരണങ്ങൾ, ഭക്ഷണം, ജേഴ്സി എന്നിവ നൽകണം. ചെലവിന് ജില്ലാ പഞ്ചായത്ത്, സ്കൂൾ പൂർവ വിദ്യാർത്ഥികൾ, പി.ടി.എ എന്നീ കേന്ദ്രങ്ങളിൽ നിന്ന് പണം ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION