
യൂത്ത് ഒളിമ്പിക്സിൽ വെങ്കലം നേടി ഇന്ത്യൻ കൗമാരനീന്തൽ പ്രതിഭ ധിനിധി ദേശിങ്കു
ധിനിധിയുടെ അമ്മ കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയൻ
ഡാകർ : സെനഗലിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലെ നീന്തലിൽ ഇന്ത്യൻ തിളക്കമായി 16കാരി ധിനിധി ദേശിങ്കു. 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ച് 56.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലമെഡലാണ് ധിനിധി സ്വന്തമാക്കിയത്. യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിൽ നീന്തലിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ധിനിധി നേടിയത്. യൂത്ത് ഒളിമ്പിക്സിലെ നീന്തൽ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരവും ധിനിധി തന്നെ.ഡാകർ യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ദേശീയ പതാകയേന്തിയത് ധിനിധിയാണ്.
2024ൽ തന്റെ 14-ാം വയസിൽ പാരീസ് ഒളിമ്പിക്സിൽ മത്സരിച്ച നീന്തൽ താരമാണ് ധിനിധി. ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ധിനിധി. 2024 സീസണിലെ ദേശീയ സ്വിമ്മിംഗ് ഫെഡറേഷന്റെ ഏറ്റവും മികച്ച വനിത താരമെന്ന ബഹുമതി സ്വന്തമാക്കിയതും ധിനിധിയാണ്.ദേശീയ തലത്തിൽ 100,200,400 മീറ്റർ ഫ്രീസ്റ്റൈലുകളിലെ റെക്കാഡ് ഇപ്പോൾ ധിനിധിയുടെ പേരിലാണ്.
11-ാം ക്ളാസിൽ പഠിക്കുന്ന ധിനിധി പഠിച്ചതും വളർന്നതും മത്സരിക്കുന്നതും കർണാടകത്തിലെ ബംഗളൂരുവിലാണെങ്കിലും കേരളത്തിന്റേയും തമിഴ്നാടിന്റെയും കൂടി മകളാണ്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്റെയും തമിഴ്‌നാട് സ്വദേശി ദേസിങ്കുവിന്റയും മകളാണ് ധിനിധി. ബംഗളൂരുവിലെ ഫ്ളാറ്റ് ജീവിതത്തിലെ വിരസത മാറ്റാനാണ് ജെസിത മകളെ നീന്തൽക്കുളത്തിലേക്ക് അയച്ചത്. ആദ്യം വെള്ളം കണ്ട് പേടിച്ച് വീട്ടിലേക്ക് വാശിപിടിച്ച് തിരിച്ചുപോയ ധിനിധി പിന്നീട് മധുകുമാർ എന്ന പരിശീലകനുകീഴിൽ പതിയെ നീന്തലിൽ മികവ് തെളിയിക്കുകയായിരുന്നു.
ചാഡ് ഡി ക്ളോസ് നൽകിയ
പിൻ ധരിച്ച് ധിനിധി
കഴിഞ്ഞദിവസം മത്സരവേദിയിൽ പരിശീലനത്തിനെത്തിയ ധിനിധി ദക്ഷിണാഫ്രിക്കൻ ഇതിഹാസ നീന്തൽ താരം ചാഡ് ഡി ക്ളോസിനെ നേരിട്ട് പരിചയപ്പെട്ടിരുന്നു. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമൊക്കെ സ്വർണം നേടിയിട്ടുള്ള ചാഡ് ഇന്ത്യയിൽ നിന്നുള്ള നീന്തൽ പ്രതിഭയ്ക്ക് സമ്മാനമായി നൽകിയത് ഒരു ഒളിമ്പിക് പിന്നാണ്. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലുമൊക്കെ കായിക താരങ്ങൾ തങ്ങളുടെ രാജ്യത്തെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളായി ഒളിമ്പിക് പിന്നുകൾ ജഴ്സിയിൽ പിൻ ചെയ്ത് വയ്ക്കുകയും പരസ്പരം കൈമാറുകയും പതിവാണ്. ചാഡ് നൽകിയ പിൻ ധരിച്ചാണ് ധിനിധി മെഡൽ ഏറ്റുവാങ്ങാനെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |