SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.02 PM IST

അണയുന്നില്ല, ഹൃദയ വേദനയുടെ കനൽ

vs-arunkumar
വി.എസ്.അച്യുതാനന്ദന്റെ ചിത്രത്തിനരികെ മകൻ വി.എ.അരുൺകുമാർ

അച്ഛന്റെ സാമിപ്യമില്ലാത്ത ഒരു വർഷം. വലിയ ശൂന്യതയിലൂടെയാണ് കടന്നുപോകുന്നത്. അവസാന ദിവസങ്ങളിൽ, മരണം സംഭവിക്കുമെന്ന സത്യം മനസിലാക്കിയിരുന്നെങ്കിലും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ മാനസികമായി ഒരുക്കമായിരുന്നില്ല. ഏത് വയ്യായ്കയും തരണം ചെയ്ത് അച്ഛൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഐ.സി.യുവിന് മുന്നിൽ കാത്തുനിന്നിരുന്നു. പക്ഷേ,​ പെട്ടെന്ന് കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

എന്നും തിരക്കുകൾക്കിടയിലായിരുന്ന അച്ഛനെ ഞങ്ങൾക്ക് ഞങ്ങളുടേത് മാത്രമായി ലഭിച്ചത് കിടപ്പിലായതോടെയാണ്. 2019 ഒക്ടോബർ 23ന് പുന്നപ്ര- വയലാർ വാർഷികയോഗം കഴിഞ്ഞ് തിരികെവന്ന് കിടക്കുമ്പോഴാണ് ഉറക്കത്തിനിടയിൽ അച്ഛന് പക്ഷാഘാതമുണ്ടായത്. അന്നു മുതൽ അദ്ദേഹത്തിന്റെ ജീവിതക്രമങ്ങൾക്കനുസരിച്ച് ഞങ്ങൾ കുടുംബത്തിന്റെയാകെ ചിട്ടകൾ പുന:ക്രമീകരിച്ചു. വലതുകൈയും കാലും തളർന്ന് കിടപ്പിലായ അച്ഛന് മറ്റ് അസുഖങ്ങളൊന്നും വരാതിരിക്കാൻ വലിയ ജാഗ്രത പുലർത്തി.

ഓരോ ദിവസത്തെയും വിഷമതകൾ ലഘൂകരിക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും ചെയ്യാവുന്നതെല്ലാം ചെയ്തുപോന്നു. എന്നിട്ടും കൊവിഡ്, തീവ്രതയോടെ അദ്ദേഹത്തെ ബാധിച്ചു. അച്ഛന്റെ മനസിന്റെ ധൈര്യവും, വിഷയങ്ങളെ നോക്കിക്കാണുന്ന രീതിയുമാകാം അന്നെല്ലാം ആരോഗ്യവാനായി അദ്ദേഹം മടങ്ങിയെത്തി. രാവിലെ ഞങ്ങൾ പത്രം വായിച്ചുകൊടുക്കുന്നതും രാത്രി വാർത്ത കാണുന്നതും, കുട്ടികൾ പങ്കെടുക്കുന്ന ടിവി പ്രോഗ്രാമുകൾ രസിച്ച് കാണുന്നതും പതിവാക്കിയാണ് അച്ഛന്റെ കാര്യങ്ങൾ വർഷങ്ങളോളം ബുദ്ധിമുട്ടില്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.

യാത്രകൾ ഉൾപ്പെടെ ഒഴിവാക്കി ഒരാളിൽമാത്രം കേന്ദ്രീകരിച്ച് കുടുംബമാകെ സെറ്റ് ചെയ്യപ്പെട്ടതായിരുന്നു ഞങ്ങളുടെ കഴി‌ഞ്ഞുപോയ കുറച്ച് വർഷങ്ങൾ. ആ സാഹചര്യത്തിൽ നിന്ന് അച്ഛൻ ഇനിയില്ല എന്ന സത്യത്തിലേക്ക് അടുക്കാനും ആ ശൂന്യത തരണം ചെയ്യാനും എല്ലാവരും പ്രയാസപ്പെട്ടു. വിയോഗവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും മനസ് മടിക്കുന്നു. ഹൃദയവേദനയുടെ കനലുകൾ അണയുന്നില്ല. ഓർമ്മകളുടെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്.

ശീലങ്ങളിലില്ല

കോംപ്രമൈസ്

കോംപ്രമൈസ് എന്നത് അച്ഛന്റെ ശീലങ്ങളിൽ ഒരിക്കലും ഇടംപിടിച്ചിരുന്നില്ല. രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പേ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം. അന്നുമുതലുണ്ടായിരുന്നത് ഒട്ടും സുരക്ഷിതവും ഭദ്രവുമല്ലാത്ത ജീവിത രീതിയായിരുന്നു. അടിച്ചമർത്തപ്പെട്ടവരെ ആ അവസ്ഥയിൽ നിന്ന് ഉയർത്താൻ, തെറ്റിനെ എതിർക്കാനും, ശരിയുണ്ടാകുന്നതു വരെ പ്രവർത്തിക്കാനുമുള്ള ശീലമായിരുന്നു അച്ഛന്റേത്. എന്നും നീതിയുടെ പക്ഷത്ത് നിൽക്കാനും, ശരിയുടെ ഭാഗം ജയിച്ചുകാണാനും അച്ഛൻ മുൻനിരയിലുണ്ടായിരുന്നു.

സ്ത്രീപക്ഷ നിലപാടുകൾ, പരിസ്ഥിതി സംരക്ഷണ നിലപാടുകൾ, നാടിന്റെ കൊള്ള തടയാനും, അത്തരക്കാരെ പിൻതിരിപ്പിക്കാനുമുള്ള നാനാജാതി പ്രവർത്തനങ്ങളിലെല്ലാം ഒട്ടും കോംപ്രമൈസില്ലാതെ ഏതറ്റം വരെയും പോകാൻ മടിയില്ലായിരുന്നു അച്ഛന്. നീതി നടപ്പാക്കാൻ അനുസ്യൂതം പ്രവർത്തിച്ചിരുന്നയാൾ നഷ്ടപ്പെടുന്നതിന്റെ ശൂന്യത തിരിച്ചറിയപ്പെടുന്നു.

വൺമാൻ ആൻസർ

സമൂഹത്തിൽ പലവിധ വിഷയങ്ങൾ ഉയരുമ്പോൾ, ശരിയുടെ പക്ഷത്ത് നിൽക്കാനും, വിഷമിക്കുന്നവരുടെ കണ്ണീരൊപ്പാനും അത്താണിയായി വി.എസ് ഇന്നില്ലല്ലോ എന്ന വിഷമം എല്ലാവർക്കുമുണ്ട്. മൂന്നാറിലെ കൊടുംതണുപ്പിൽ ആരോഗ്യസ്ഥിതിപോലും പരിഗണിക്കാതെയാണ് അച്ഛൻ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കൊപ്പം രാവും പകലും പോയിരുന്നത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിലെത്തിയ അച്ഛൻ വിഴിഞ്ഞത്തെ മത്സ്യമേഖല സംഘർഷാവസ്ഥയിലെന്ന വിവരം അറിഞ്ഞതോടെ ആരോഗ്യ പ്രതിസന്ധികൾ മറന്ന് അവിടേക്ക് കുതിച്ചു. വെടിവയ്പ്പുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനുപോലും അദ്ദേഹം ചെവികൊടുത്തില്ല. വിഷമഘട്ടങ്ങളിൽ ഉത്തരമാകുന്ന ഒരു മനുഷ്യനാണ് (വൺമാൻ ആൻസർ) വി.എസ് എന്ന ബോദ്ധ്യം ജനസമൂഹത്തിനുണ്ടായിരുന്നു.

അനുഭവ വഴികളായിരുന്നു ശരിയായ തീരുമാനങ്ങൾക്കുവേണ്ടി അദ്ദേഹത്തിന്റെ മനസ് പാകപ്പെടുത്തിയത്. ഈഴവാദി പിന്നാക്ക വിഭാഗങ്ങൾക്ക് അടിമത്ത ജീവിതവും ചാതുർവർണ്യ വ്യവസ്ഥയും നിലനിന്നിരുന്ന, ജോലിക്ക് മാന്യമായ കൂലി ലഭിക്കാതിരുന്ന കാലത്ത് അസംഘടിതരെ സംഘടിപ്പിക്കുക വഴി ജന്മികളുടെ ഗുണ്ടാ ആക്രമണങ്ങൾ നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് കർഷകത്തൊഴിലാളികളുടെ ചെറിയ വീടിന്റെ മുളമച്ചിൽ ചെലവഴിച്ച ഒളിവുജീവിതം. അഞ്ചരവർഷത്തോളം വിവിധ കേസുകളിലായി ജയിലഴിക്കുള്ളിൽ. ഇവയെല്ലാം അച്ഛനിലെ പോരാളിയെ കരുത്ത് കൂട്ടി പാകപ്പെടുത്തി.

ആഗ്രഹിക്കുന്നു ഒരു

പഠന ഗവേഷണ കേന്ദ്രം

അച്ഛൻ ഉന്നയിച്ചതും മുന്നോട്ടുവച്ചതുമായ പരിസ്ഥിതി സംരക്ഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഊന്നൽ നൽകുന്ന ഒരു പഠന ഗവേഷണ കേന്ദ്രം അദ്ദേഹത്തിന്റെ പേരിൽ സംസ്ഥാനത്ത് ആരംഭിച്ചു കാണാൻ ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നു. പുതുതലമുറയെ ശരി പഠിപ്പിക്കുന്ന ആ ക്യാമ്പസായിരിക്കും അച്ഛനുള്ള ഏറ്റവും ഉചിതമായ സ്മാരകം. വിഷയത്തെ ശരിയായി സമീപിക്കാനും, കൈകാര്യം ചെയ്യാനും, പഠിപ്പിക്കാനും പ്രാപ്തിയുള്ളവരായിരിക്കണം ചുമതലക്കാർ. അച്ഛൻ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിലെ മണ്ണിൽ വൈകിയാണെങ്കിലും സ്മൃതികുടീരം യാഥാർത്ഥ്യമായി എന്നത് സന്തോഷകരമാണ്.

നോവാർന്ന യാത്ര

അച്ഛന്റെ വിയോഗത്തിന് പിന്നാലെ ആലപ്പുഴയിലേക്കുള്ള യാത്ര ഇന്നും തീരാവേദനയായി മനസിലുണ്ട്. ശക്തമായ മഴ യാത്ര ദുർഘടമാക്കി. പക്ഷേ അതൊന്നും വകവയ്ക്കാതെ തങ്ങളുടെ നേതാവിനെ, കൂടെപ്പിറപ്പിനെ അവസാനമായി കാണാൻ ആബാലവൃദ്ധം ജനങ്ങൾ കിലോമീറ്ററുകൾ അനുധാവനം ചെയ്തു. ആ ഓർമ്മകളെല്ലാം മനസിനെ നോവായി വേട്ടയാടുന്നു.

ഒപ്പമുണ്ട് അച്ഛൻ

അച്ഛനുയർത്തിയ പല വിഷയങ്ങളും ഇന്ന് കത്തിക്കാളുമ്പോൾ വി.എസ് എന്ന വലിയ വിടവ് പ്രകടമാകുന്നുണ്ട്. കുടുംബനാഥൻ നഷ്ടമായതിന്റെ പ്രത്യാഘാതം വീട്ടിലുമുണ്ട്. നൂറ് വർഷങ്ങൾ കടന്നുപോയതിന്റെ വേദനയിലാണ് കുടുംബം. അച്ഛന്റെ മുറി ഇന്നും പഴയപടി സൂക്ഷിച്ചിരിക്കുന്നു. ആ മുറിയിൽ അച്ഛനില്ല എന്ന് അംഗീകരിക്കാനല്ല, അച്ഛനുണ്ട് എന്ന് ആശ്വസിക്കാനാണ് ശ്രമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY