
68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ കൊടിയിറങ്ങിയിരിക്കുന്നു. അത്‌ലറ്റിക്സ് മാത്രം ആഘോഷമാക്കി നടന്നിരുന്ന കായികമേളയെ ഒളിമ്പിക്സ് മാതൃകയിലേക്ക് പുന:സംഘടിപ്പിച്ചശേഷം നടന്ന മൂന്നാമത്തെ പതിപ്പിലും തിരുവനന്തപുരം ജില്ലയാണ് ഓവറാൾ ചാമ്പ്യന്മാരായത്. ഗെയിംസ് ഇനങ്ങളിലെയും അക്വാട്ടിക്സിലെയും മികച്ച പ്രകടനം പോയിന്റ് പട്ടികയിൽ തിരുവനന്തപുരത്തെ ബഹുദൂരം മുന്നിലെത്തിച്ചു. അത്‌ലറ്റിക്സിലും തലസ്ഥാനജില്ല ഇക്കുറി മോശമാക്കിയില്ല. അത്‌ലറ്റിക്സിൽ മലപ്പുറം ജില്ല ഹാട്രിക്ക് കിരീടം സ്വന്തമാക്കിയപ്പോൾ കടകശേരി ഐഡിയൽ സ്കൂൾ തുടർച്ചയായ അഞ്ചാം തവണയും ബെസ്റ്റ് സ്കൂളായി. ജി.വി.എച്ച്.എസ്.എസിന്റെയും ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്തിന്റേയും മികവിൽ ആലപ്പുഴ ജില്ല പോയിന്റ് നിലയിൽ മൂന്നാമതേയ്ക്ക് ഉയർന്നതാണ് ഇത്തവണത്തെ വിസ്മയക്കാഴ്ച.
അത്‌ലറ്റിക്‌സിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്കൂളിന്റെ പ്രകടനമാണ് ഇക്കുറി എടുത്തുപറയേണ്ടത്. 10 സ്വർണവും 8 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ ആകെ 85.3 പോയിന്റ് നേടിയാണ് ജി.വി രാജ സ്കൂൾ സ്‌പോർട്‌സ് ഹോസ്റ്റൽ വിഭാഗത്തിൽ ചാമ്പ്യൻപട്ടം നേടിയത്. ജനറൽ സ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായ ഐഡിയലിനേക്കാൾ 10 പോയിന്റ് അധികം നേടിയാണ് ജി.വി രാജയുടെ ചരിത്ര ഫിനിഷ്. അത്‌ലറ്റിക്സിൽ നാലാം സ്ഥാനം നേടിയ തിരുവനന്തപുരം ആകെ നേടിയ 96.3 പോയിന്റിൽ 85.3 പോയിന്റും ജി.വി രാജയുടെ സംഭാവനയാണ്. സംസ്ഥാന സർക്കാരിനെക്കൂടാതെ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടേയും (സായ്) കൂടി പിന്തുണയോടെ മുന്നോട്ടു പോകുന്ന ജി.വി രാജയുടെ കുതിപ്പ് പ്രതീക്ഷ നൽകുന്നു. കേരളത്തിൽ എല്ലായിടത്തുനിന്നുമുള്ള മികച്ച താരങ്ങളുണ്ട് ജി.വി രാജയിൽ. അതേസമയം ജി.വി രാജയെ ഒഴിച്ചുനിറുത്തിയാൽ മറ്റ് സ്പോർട്സ് ഹോസ്റ്റലുകൾ കിതയ്ക്കുന്ന കാഴ്‌ച നിരാശപ്പെടുത്തുന്നു.
അത്‌ലറ്റിക്സിൽ ഇരട്ട റെക്കാഡ് കുറിച്ച ജി.വി രാജയുടെ ശ്രീഹരി കരിക്കൻ, സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ചാരമംഗലത്തെ അനാമിക അജേഷ്, ട്രിപ്പിൾ സ്വർണം നേടിയ വി.എം.എച്ച്.എസ്.എസ് വടവന്നൂരിലെ നിവേദ്യ, അൽക്ക ഷിനോജ് (സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ), എബിൻ കെ.ജെ (ഗവ. വി.എച്ച്.എസ്.എസ് കുന്നംകുളം) തുടങ്ങി ഒരുപിടി മിന്നുംതാരങ്ങളുടെ കുതിപ്പിനും ഈ കായികമേള വേദിയായി. ഓരോ സ്കൂൾമേളയുടെ സമയത്തും ആഘോഷിക്കപ്പെടുന്ന കായികതാരങ്ങൾ ഭാവിയിൽ എവിടെവരെ എത്തുന്നുവെന്ന സൂക്ഷ്മനിരീക്ഷണത്തിന്റെ ആവശ്യകത മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയ ജൂനിയർ മീറ്റ് നടക്കുന്ന അതേസമയത്തുതന്നെ സ്കൂൾ കായികമേളയും നടത്തുന്ന സംഘാടകരുടെ പിഴവ് ആവർത്തിക്കുകയാണ്.
ഇന്ത്യൻ ടീമിലേക്ക് എത്താൻ വഴിയൊരുക്കുന്ന ദേശീയ മീറ്റ് സ്കൂളുകൾക്കു വേണ്ടി ഒഴിവാക്കാൻ പലകുട്ടികളും നിർബന്ധിതരാകുന്നുണ്ട്. ഇത് ശുഭകരമല്ല. രണ്ട് മത്സരങ്ങളിലും പങ്കെടുക്കാനുള്ള ഓട്ടപ്പാച്ചിലാണ് സ്കൂൾ മീറ്റിൽ റെക്കാഡുകൾ കുറയാൻ കാരണമായതും. കളത്തിനു പുറത്തെ വിവാദങ്ങൾ കൊണ്ടുകൂടി കോഴിക്കോട് മേള വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മേളയുടെ ശോഭകെടുത്തിയ ഭക്ഷണത്തിലെ പുഴു വിവാദത്തിൽ ഒരു കായികാദ്ധ്യാപകൻ അറസ്റ്റിലായത് രാഷ്ട്രീയ വൈര്യം തീർക്കാനുള്ള വേദിയായി കായികമേളയെപ്പോലും ഉപയോഗിക്കുന്നതിന്റെ തെളിവാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കായികതാരങ്ങളുടെ പ്രായത്തിലെ തട്ടിപ്പുകളും ഇത്തവണ തുറന്നുകാട്ടപ്പെട്ടു. പ്രായത്തട്ടിപ്പ് വിവാദത്തിൽ എല്ലുപരിശോധന നടത്തി തീർപ്പുണ്ടാക്കിയതും ആരോപണ വിധേയനെ അയോഗ്യനാക്കിയതും വിദ്യാഭ്യാസവകുപ്പിന്റെ ധീരമായ നടപടിയാണ്. കായികമേളകൾ രാഷ്ട്രീയ തർക്കങ്ങളുടേയോ പകവീട്ടലിന്റേയോ വെട്ടിപ്പിടിക്കാനുള്ള കുതന്ത്രങ്ങളുടേയോ വേദിയാക്കരുത്. നാളെയുടെ കായികമുകുളങ്ങൾക്ക് വഴിയൊരുക്കുക മാത്രമാകണം ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |