SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ലോകബാങ്ക് വായ്പ ആരോഗ്യ മേഖലയ്ക്ക് കരുത്തേകും

READ ENGLISH VERSION
a

കേരളത്തിലെ പൊതുജനാരോഗ്യ മേഖല പൊതുവെ മെച്ചമാണെങ്കിലും പരിഹാരം കാണേണ്ട ഒട്ടനവധി പ്രശ്നങ്ങൾ ശേഷിക്കുന്നുണ്ട്. ബഡ്‌ജറ്റ് വിഹിതം മതിയാകുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ആവശ്യങ്ങൾ വിപുലവും,​ ചെലവിടാൻ വേണ്ടത്ര പണം ലഭ്യമാകാതെ വരികയും ചെയ്യുമ്പോൾ അത്യാവശ്യങ്ങൾക്കുപോലും വിഹിതം തികഞ്ഞെന്നുവരില്ല. മരുന്നു വാങ്ങിയ വകയിൽ കമ്പനികൾക്കു നൽകാനുള്ള കുടിശിക ഏതു സർക്കാരിനും തലവേദനയാണ്. കുടിശിക പെരുകുമ്പോൾ കമ്പനികൾ മരുന്ന് നൽകാൻ മടിക്കും. അത് സർക്കാർ ആശുപത്രികളിലെ രോഗികളെ കഷ്ടത്തിലാക്കും. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ കുറവ് ഇതൊക്കെ പൊതുജനാരോഗ്യ മേഖലയെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങളാണ്. ആരോഗ്യ പരിരക്ഷയിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നേട്ടം കൈവരിച്ചപ്പോഴും ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ഓർമ്മപ്പെ‌‌ടുത്തുന്നതാണ് സർക്കാർ ആരോഗ്യ മേഖല നേരിടുന്ന പരിമിതികൾ.

ഈ പശ്ചാത്തലത്തിലാണ് ലോക ബാങ്കിൽ നിന്ന് 2424 കോടിരൂപ വായ്പയെടുത്ത് ആരോഗ്യമേഖല മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതിക്ക് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അനുമതി നൽകിയത്. കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്ന പേരിലുള്ള പദ്ധതി നാലുവർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആയുർദൈർഘ്യം കൂട്ടാനും ഗുണപരമായ ജീവിതം ഉറപ്പാക്കാനും പകർച്ചവ്യാധികളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനുമുള്ള വിവിധ കർമ്മപദ്ധതികൾ ഇതിന്റെ ഭാഗമാണ്. കുറെനാളായി കൂടക്കൂ‌‌ടെയെത്തുന്ന പകർച്ചവ്യാധികൾ വലിയ ഭീഷണിയാണ്. മഴക്കാലം തുടങ്ങുന്നതിനൊപ്പം നാടെങ്ങും പലതരം പകർച്ചപ്പനികൾ പടരുകയാണ്. ഇതിനു പുറമേ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചിക്കൻ പോക്സ് തുടങ്ങിയ പകർച്ചവ്യാധികളും പെരുകുന്നു. നിലവിലുള്ള സംവിധാനത്തിൽ ഈ രോഗികളെ മുഴുവൻ ചികിത്സിക്കാനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ലോകബാങ്ക് സഹായം നീതിപൂർവം,​ യുക്തിപൂർവം ചെലവഴിക്കാനായാൽ പൊതുജനാരോഗ്യ രംഗത്ത് മിന്നുന്ന നേട്ടമുണ്ടാക്കാൻ സാധിക്കും. അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഇതുപോലെ ലഭിക്കാറുള്ള വായ്പാസഹായം വേണ്ട രീതിയിൽ ചെലവഴിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കുന്നത് സാധാരണമാണ്. കെട്ടിടങ്ങൾ കെട്ടാനും ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ വാങ്ങിക്കൂട്ടാനും ഉദ്യോഗസ്ഥർക്ക് ആർഭാടം കാട്ടി നടക്കാനും വായ്പത്തുക വിനിയോഗിക്കാറുണ്ട്. ലഭിക്കുന്നത് സഹായമല്ല, നിശ്ചിത കാലപരിധിയിൽ പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണെന്ന ബോധമില്ലാതെയാകും വായ്പയുടെ വിനിയോഗം. ആരോഗ്യമേഖലയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും പുരോഗതിക്കും പറ്റിയ പദ്ധതി ആവിഷ്കരിക്കുന്നതിലാകണം പ്രധാന ശ്രദ്ധ എന്ന് ഓർമ്മിപ്പിക്കട്ടെ. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ പ്രധാനം രോഗം വരാതെ നോക്കാനുള്ള പ്രതിരോധ സംവിധാനങ്ങളാണെന്ന് പൊതുവേ പറയാറുണ്ട്. കേരളത്തിന്റെ കാര്യത്തിൽ അത് അക്ഷരംപ്രതി ശരിയാണ്.

പകർച്ചവ്യാധികൾ തടയുന്നതിന് മുഖ്യ പരിഗണന നൽകേണ്ടിയിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങൾ പുതിയ രോഗങ്ങളുമായി കടന്നുവരാറുണ്ട്. പരിസര ശുചീകരണ വിഷയത്തിൽ മുന്നോട്ടല്ല,​ പിന്നോട്ടാണ് കേരളത്തിന്റെ പോക്ക്. മാലിന്യസംഭരണവും സംസ്കരണവും ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ജനങ്ങൾക്കു കൂടി വിശ്വാസം വരുന്ന തരത്തിൽ ഒരിടത്തും മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ച് മാതൃക ഒരുക്കാനും തദ്ദേശവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉറവിട സംസ്കരണമെന്നെല്ലാം വീരസ്യം പറഞ്ഞ് നാടു മുഴുവൻ മാലിന്യങ്ങൾ വിതറുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. പുതിയ പദ്ധതിയിൽ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നാണ് അറിയുന്നത്. ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ കൂടുതൽ ജീവനക്കാർ, ആംബുലൻസുകൾ, ട്രോമാ കെയർ യൂണിറ്റുകൾ തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി വരും. പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം ലഭിച്ച സ്ഥിതിക്ക് നടപടികൾ പൂർത്തിയാക്കി വായ്പ പ്രയോജനപ്പെടുത്താനുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയാണ് ഇനി വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION