
രണ്ട് പതിറ്റാണ്ടിലേറെ ഫുട്ബാൾ മൈതാനങ്ങളിൽ കത്തിജ്ജ്വലിച്ചു നിന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ കുപ്പായത്തിൽ ഇനി കളിക്കാനിറങ്ങില്ല. മഹാരഥന്മാരായ യുസേബിയോയ്ക്കും ലൂയിസ് ഫിഗോയ്ക്കും ശേഷം പോർച്ചുഗലിനെ ലോക ഫുട്ബാൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയത് ക്രിസ്റ്റ്യാനോയാണ്. 18-ാം വയസിൽ രാജ്യത്തിന്റെ കുപ്പായമണിയുകയും അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവുമധികം ഗോളുകൾ നേടുകയും ചെയ്ത വിസ്മയമാണ് ക്രിസ്റ്റ്യാനോ. തുടർച്ചയായ ആറ് ലോകകപ്പുകളിൽ ഗോളടിച്ച ഏക പ്രതിഭ. ക്ളബ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും റയൽ മാഡ്രിഡിന്റേയും യുവന്റസിന്റേയുമൊക്കെ കളിമുറ്റങ്ങളിൽ തീപ്പൊരി പാറിച്ചു. സൗദിയിൽ ഒരു ഫുട്ബാൾ ലീഗുണ്ടെന്ന് ലോകത്തെ അറിയിച്ചത് അവിടേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവായിരുന്നെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 30കൾ പിന്നിടുമ്പോൾ തന്നെ പലരും കളിനിറുത്തുന്ന ഫുട്ബാളിൽ 41-ാം വയസിലും ടീമിന്റെ നെടുംതൂണാവുകയെന്നത് ചെറിയകാര്യമല്ല.
ഫുട്ബാളിനോട് ക്രിസ്റ്റ്യാനോ കാട്ടുന്ന ഈ ആത്മാർത്ഥതയ്ക്ക് പിന്തുണ നൽകാൻ പോർച്ചുഗൽ ടീമിൽ പലർക്കും കഴിഞ്ഞില്ലെന്നത് യാഥാർത്ഥ്യമാണ്. മെസിക്കുവേണ്ടി ഒരു ലോകകപ്പ് നേടാൻ അർജന്റീന ടീം ഒറ്റക്കെട്ടായി നടത്തിയതുപോലൊരു പ്രയത്നം പോർച്ചുഗൽ ടീമിന്റെ ഭാഗത്തുനിന്ന് എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിധി ഒരുപക്ഷേ മറ്റൊന്നായേനെ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ പലകുറി വിരമിക്കുമായിരുന്ന സാഹചര്യങ്ങളിൽ അപാരമായ മനക്കരുത്തോടെ ഒറ്റയാനെപ്പോലെ പൊരുതിനിന്ന ക്രിസ്റ്റ്യാനോ അലറിമറിയുന്ന അലയാഴിയിൽ അസാമാന്യ മനക്കരുത്തോടെ പുതിയ തീരങ്ങൾ തേടിയ പറങ്കിപ്പാരമ്പര്യം കൈവിട്ടിട്ടേയില്ല. പോർച്ചുഗലിലെ മെദീരയെന്ന കൊച്ചുപട്ടണത്തിൽ പട്ടിണിയോട് പടവെട്ടി വളർന്ന പയ്യൻ കാൽപ്പന്തുകളിയിലെ തന്റെ അസാമാന്യ മികവുകൊണ്ട് മാത്രമല്ല ഉന്നതമായ ജീവിതമൂല്യങ്ങൾ കൊണ്ടുകൂടിയാണ് ലോകം കീഴടക്കിയത്.
തന്റെ ശരീരത്തിന് ദോഷം വരാതിരിക്കാൻ എയ്റേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കി ശുദ്ധമായ പച്ചവെള്ളം മാത്രം കുടിക്കുന്ന, കോടികളുടെ പരസ്യക്കരാറുകൾ വേണ്ടെന്നുവച്ച് പച്ചവെള്ളത്തിന്റെ മഹത്വം പരസ്യമായി വിളിച്ചുപറയുന്ന, മദ്യപിക്കാത്ത, പുകവലിക്കാത്ത, എന്തിന് പതിവായി രക്തദാനം നടത്താനായി ശരീരത്തിൽ ടാറ്റൂപോലും പതിപ്പിക്കാത്ത, വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിക്കുന്ന, കടന്നുവന്ന ദാരിദ്രകാലത്തെ ഒരിക്കലും മറക്കാത്ത ക്രിസ്റ്റ്യാനോ ആ ഉന്നതമായ ജീവിത മൂല്യങ്ങളും പോരാട്ടവീര്യവും ഉറച്ച നിലപാടുകളും കൊണ്ടാണ് കോടിക്കണക്കായ ജനഹൃദയങ്ങളിൽ ഇടം നേടിയത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ആ ഏഴാം നമ്പർ കുപ്പായവും 'സീ യൂ' ഗോളാഘോഷവുമൊക്കെ നെഞ്ചേറ്റുമ്പോൾ ക്രിസ്റ്റ്യാനോ എന്ന കളിക്കാരൻ മാത്രമല്ല മനുഷ്യൻകൂടിയാണ് ആഘോഷിക്കപ്പെടുന്നത്. അസാമാന്യശക്തിയും കൃത്യതയുമുള്ള ഷോട്ടുകൾകൊണ്ട് ഫുട്ബാൾ ലോകത്ത് തന്റെ പേരെഴുതിച്ചേർത്ത ക്രിസ്റ്റ്യാനോയ്ക്ക് ഒരിക്കലും നേടാനാകാത്ത സ്വപ്നമായി ലോകകപ്പ് ഇനിയുമുണ്ടാകും.
ഗാന്ധിജിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനവും ടോൾസ്റ്റോയിക്ക് സാഹിത്യ നോബലും ജോണി ഡെപ്പിന് ഓസ്കാറും വൈക്കം മുഹമ്മദ് ബഷീറിന് ജ്ഞാനപീഠവും ലഭിക്കാത്തത് അവരുടെ മഹത്വത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. അതുപോലെ ലോകകപ്പ് ഇല്ലെങ്കിലും ക്രിസ്റ്റ്യാനോയുടെ മഹത്വം എക്കാലവും നിലനിൽക്കും. തന്റെ വിടവാങ്ങൽ സന്ദേശത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞത് ഏറെ പ്രസക്തമാണ്; 'ഗോളുകൾ വിസ്മരിക്കപ്പെടും, ട്രോഫികൾ അലമാരകൾക്കുള്ളിലാകും, റെക്കാഡുകൾ മായ്ക്കപ്പെടും. പക്ഷേ ജനഹൃദയങ്ങളിൽ താൻ നേടിയ സ്ഥാനം ഒരിക്കലും നഷ്ടമാവില്ല'. ലോകഫുട്ബാളിൽ ഇനിയുമിനിയും പ്രതിഭകൾ വരും. ഗോളടിക്കണക്കുകൾ തിരുത്തപ്പെടും. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അതികായൻ സൃഷ്ടിച്ച മാസ്മരികത എക്കാലവും ആരാധകരുടെ ഹൃദയങ്ങളിൽ ജ്വലിച്ചുനിൽക്കും. ക്ളബ് ഫുട്ബാളിൽ തുടരുമെന്നറിയിച്ച ക്രിസ്റ്റ്യാനോ തന്റെ ജീവിതാഭിലാഷമായ ആയിരം ഗോളുകൾ തികയ്ക്കുന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആ സുവർണമുഹൂർത്തത്തിന് കൈയടിക്കാൻ നമുക്ക് കാത്തിരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |