
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ സന്ദേശത്തിൽനിന്ന്
എന്നെ ഞാനാക്കി മാറ്റിയ പോർച്ചുഗീസ് ഫുട്ബാൾ ടീമിന്റെ ഏഴാം നമ്പർ ജേഴ്സി തിരികെ നൽകേണ്ട സമയം വന്നിരിക്കുന്നു. ഈ ജേഴ്സി ഒരിക്കലും എന്റേത് മാത്രമായിരുന്നുവെന്ന് ഞാൻ കരുതിയിട്ടില്ല. 23 വർഷക്കാലം ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ അഭിമാനത്തോടെ ഇത് ധരിച്ചിറങ്ങാനും, രാജ്യത്തിനായി പോരാടാനും എനിക്ക് ലഭിച്ച ഭാഗ്യം വലിയൊരു അംഗീകാരമായിരുന്നു.
ഇന്ന് ആ ജേഴ്സി ഭാവി തലമുറയ്ക്ക് കൈമാറേണ്ട സമയമാണ്.ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. കാരണം, ചില തീരുമാനങ്ങൾ എടുക്കുന്നത് മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടുകൂടിയാണ്. ദേശീയ ടീമിനൊപ്പം 2003 ഓഗസ്റ്റിൽ ആരംഭിച്ച യാത്ര എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ യാത്ര അവസാനിക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്നത് മത്സരങ്ങളും ഗോളുകളും റെക്കാഡുകളും ട്രോഫികളും മാത്രമല്ല.ഈ യാത്രയിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്. ഗോളുകൾ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയേക്കാം. ട്രോഫികൾ മ്യൂസിയത്തിലെ കാഴ്ചവസ്തുവായി മാറിയേക്കാം. റെക്കാഡുകൾ ഓരോന്നായി തകർക്കപ്പെട്ടേക്കാം. പക്ഷേ കാലത്തിന് ഒരിക്കലും മായ്ക്കാൻ പറ്റാത്ത ഒന്നുണ്ട്; ജനഹൃദയങ്ങളിൽ നേടുന്ന സ്ഥാനം...
ഫുട്ബാൾ എന്ന വികാരത്തോട് അലിഞ്ഞുചേർന്ന് നാട്ടിലും വിദേശത്തും പോർച്ചുഗീസ് വിജയത്തിനായി ആരവമുയർത്തിയ ജനതയെ ഞാൻ കാണുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ദശലക്ഷക്കണക്കിന് പോർച്ചുഗീസ് ആരാധകരെ ഞാൻ അറിയുന്നു.ഫുട്ബാൾ ഒരു കളിയേക്കാൾ എത്രയോ വലുതാണ്. ഫുട്ബാൾ മനുഷ്യരെ ബന്ധിപ്പിക്കുന്നു.
ഇക്കാലമത്രയും എനിക്കൊപ്പം നിന്ന, എനിക്കായി ത്യാഗങ്ങൾ സഹിച്ച എന്റെ കുടുംബത്തിനും പോർച്ചുഗീസ് ജനതയ്ക്കും സഹതാരങ്ങൾക്കും പരിശീലകർക്കും എനിക്കൊപ്പം ഈ യാത്രയിൽ പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
എന്റെ ഏതെങ്കിലും ഗോൾ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ, ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഒരു വിഷമം മറക്കാൻ സഹായിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ, എന്റെ ഈ യാത്ര സാർത്ഥകമായിരിക്കുന്നു. പോർച്ചുഗൽ എന്നും എന്റെ ഹൃദയത്തിന്റെ ഭാഗമായിരിക്കും.
നന്ദി, ഈ 23 വർഷങ്ങൾക്ക് !"
— ക്രിസ്റ്റ്യാനോ റൊണാൾഡോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |