ഇക്കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗൽ ടീം പ്രീ ക്വാർട്ടർ ഫൈനലിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെ ആദ്യ പടിയിറങ്ങിയത് കോച്ച് റോബർട്ടോ മാർട്ടിനെസാണ്. പകരം ക്രിസ്റ്റ്യാനോ റൊണാൾഡോ ശുപാർശ ചെയ്ത പേരാണ് ജോർജ് ജീസസ്.ക്രിസ്റ്റ്യാനോ ഇപ്പോൾ കളിക്കുന്ന സൗദി അറേബ്യൻ ക്ളബ് അൽ നസ്റിന്റെ പരിശീലകനായിരുന്നു ജീസസ് അപ്പോൾ.സൗദി പ്രൊ ലീഗിൽ അൽ നസറിനെ ചാമ്പ്യൻസാക്കി തിളക്കത്തിൽ നിന്ന ജീസസുമായി പോർച്ചുഗലിൽ ഒന്നിക്കുമ്പോൾ തന്റെ കരിയർ അടുത്ത യൂറോ കപ്പുവരെയെങ്കിലും നീട്ടാമെന്ന് ക്രിസ്റ്റ്യാനോ കരുതിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിന് നേർവിപരീതമായാണ് സംഭവിച്ചത്.
ലോകകപ്പ് കഴിഞ്ഞുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരം സെപ്തംബർ 25ന് വേയ്ൽസിന് എതിരെയായിരുന്നു. ഈ മത്സരത്തിന്റെ ഫസ്റ്റ് ഇലവനിൽ കളിച്ച ക്രിസ്റ്റ്യാനോയെ 67-ാം മിനിട്ടിൽ കോച്ച് തിരിച്ചുവിളിച്ചു. ഇത് ക്രിസ്റ്റ്യാനോയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതോടെ താൻ കൊണ്ടുവന്ന കോച്ചുമായി ക്രിസ്റ്റ്യാനോയുടെ ഉടക്ക് തുടങ്ങി.സെപ്തംബർ 28ന് നോർവേയ്ക്ക് എതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ പകരക്കാരുടെ പട്ടികയിലായിരുന്നു ക്രിസ്റ്റ്യാനോ. എന്നാൽ കളത്തിലിറങ്ങാൻ അവസരം നൽകിയില്ല. ഇതോടെ ദേശീയ ടീം ക്യാമ്പിൽ നിന്നും തന്നിഷ്ടപ്രകാരം ക്രിസ്റ്റ്യാനോ മടങ്ങി. ഇതോടെയാണ് വിവാദം പുറത്തറിഞ്ഞത്.
പോർച്ചുഗീസ് ഫുട്ബാൾ ഫെഡറേഷൻ തന്നെ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും കോച്ച് എന്ന നിലയിൽ പ്ളേയിംഗ് ഇലവൻ തീരുമാനിക്കാനുള്ള തന്റെ അവകാശം ആർക്കും അടിയറവ് വയ്ക്കില്ലെന്ന ജോർജ് ജീസസിന്റെ നിലപാട് സ്ഥിതി രൂക്ഷമാക്കി. ജീസസിന് കീഴിൽ കളിക്കാനില്ലെന്ന് ക്രിസ്റ്റ്യാനോയും നിലപാടെടുത്തതോടെ ഫെഡറേഷൻ വലഞ്ഞു. നിരന്തരചർച്ചകൾക്കൊടുവിൽ ക്യാമ്പ് വിട്ടിറങ്ങിയതിൽ സഹതാരങ്ങളോടും ആരാധകരോടും മാപ്പുപറയാൻ ക്രിസ്റ്റ്യാനോ തയ്യാറായി. അച്ചടക്കലംഘനം താരം സമ്മതിച്ച സ്ഥിതിക്ക് ഔദ്യോഗികചട്ടപ്രകാരം 30 ദിവസത്തേക്ക് ക്രിസ്റ്റ്യാനോയെ വിലക്കുകയും ചെയ്തു ഫെഡറേഷൻ. ഒക്ടോബർ 30നാണ് വിലക്ക് പ്രഖ്യാപിച്ചതെങ്കിലും ഒക്ടോബർ ഒന്നുമുതൽ മുൻകാലപ്രാബല്യം നൽകിതോടെ വിലക്കിയ അന്നുതന്നെ വിലക്കഴിയുകയും ചെയ്തു. ഇതോടെ പ്രതിസന്ധി ഒഴിഞ്ഞെന്നാണ് കരുതിയത്. എന്നാൽ വിലക്ക് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ക്രിസ്റ്റ്യാനോയുടെ വിരമിക്കൽ തീരുമാനം പുറത്തുവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |