SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

ആരോഗ്യ ഇൻഷ്വറൻസിൽ വയോജന ആശ്വാസം

READ ENGLISH VERSION
health-insurance

ആരോഗ്യ പരിരക്ഷാ ഇൻഷ്വറൻസ് കമ്പനികൾ രാജ്യത്ത് അനവധിയുണ്ടെങ്കിലും സാധാരണക്കാർക്കു നൽകുന്ന സേവനത്തിന്റെ കാര്യത്തിൽ അവയിൽ പലതും ഷൈലോക്കിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച്,​അറുപതു കഴിഞ്ഞ വയോജനങ്ങളുടെ കാര്യത്തിൽ. ആളുകൾ വയസാകുമ്പോഴാണ് കൂടുതൽ പരിരക്ഷ വേണ്ടിവരുന്നതെന്ന് അറിയാഞ്ഞിട്ടല്ല; എന്നാൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകണമെങ്കിൽ ഓരോ വർഷം കഴിയുന്തോറും ദുർവഹമായ തോതിൽ പ്രീമിയം തുക നൽകേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. മക്കളുടെ ഇൻഷ്വറൻസിന്റെ കൂട്ടത്തിൽ ആശ്രിതരായി മാതാപിതാക്കളെ ഉൾപ്പെടുത്തുന്ന രീതി വ്യാപകമാണ്. അറുപതു കഴിഞ്ഞാൽ സ്വന്തം നിലയ്ക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാനുള്ള അനുമതി നൽകുന്നത് ചുരുക്കം ചില കമ്പനികളാണ്. ചുരുക്കത്തിൽ,​ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വയോജനങ്ങളെ മുഖ്യധാരയിൽ നിന്ന് ഒഴിച്ചുനിറുത്താനുള്ള പ്രവണത ഏറ്റവുമധികം പുറത്തെടുക്കുന്നത് ഇൻഷ്വറൻസ് കമ്പനികളാണ്. പ്രായമാകുമ്പോൾ രോഗവും രോഗസാദ്ധ്യതയും കൂടുമെന്നതിനാലാണ് ഈ വിപ്രതിപത്തി.

ആരോഗ്യ ഇൻഷ്വറൻസ് പോളിസി വിൽക്കുന്ന കമ്പനികൾ 60 കഴിഞ്ഞവർക്കുള്ള വാർഷിക പ്രീമിയത്തിൽ പത്തു ശതമാനത്തിലേറെ വർദ്ധിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം ഇൻഷ്വറൻസ് റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്തു. കമ്പനികൾക്ക് ഇതുമൂലം ഉണ്ടാകാനിടയുള്ള വരുമാനച്ചോർച്ച മറ്റു വിഭാഗം പോളിസി ഉടമകളിൽ നിന്ന് പ്രീമിയത്തിൽ ആനുപാതിക വർദ്ധന വരുത്തി ഈടാക്കാമെന്നാണ് കമ്മിഷൻ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശം. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷ്വറൻസ് പദ്ധതികളൊന്നും റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷ്വറൻസ് പ്രീമിയം ലക്കും ലഗാനുമില്ലാതെയാണ് കമ്പനികൾ വർദ്ധിപ്പിച്ചുകൊണ്ടിരുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രീമിയം തുകയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കാം. വയോജനങ്ങൾക്കു വേണ്ടി പ്രീമിയം തുക നൽകുന്ന മക്കളുടെ ഭാരവും കുറയും.

സർക്കാരും വലിയ കമ്പനികളുമൊക്കെ തങ്ങളുടെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി ഇൻഷ്വറൻസ് പദ്ധതികൾ ഏർപ്പെടുത്താറുണ്ട്. തുക ശമ്പളത്തിൽ നിന്ന് പിടിക്കുകയാണു ചെയ്യുന്നത്. ഇവിടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിലെ ന്യൂനതകളെക്കുറിച്ചും ധാരാളം പരാതികളുണ്ട്. വൻ നിര ആശുപത്രികളിൽ പലതും പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കാഷ്‌ലസ് ആണെന്നു പറയുമ്പോഴും ചികിത്സ തീരുമ്പോൾ പണം കെട്ടിവയ്ക്കേണ്ടി വരുന്ന അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്.

ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്ക് വേറെയും വിവേചനങ്ങൾ നേരിടേണ്ടി വരാറുണ്ട്. പദ്ധതിയിൽ ചേരുമ്പോൾ നൽകുന്ന വാഗ്ദാന പ്രകാരമായിരിക്കില്ല പലപ്പോഴും ചികിത്സയ്ക്കുള്ള ക്ളെയിം അനുവദിക്കുന്നത്.

മാരക വിഭാഗത്തിൽപ്പെട്ട പല രോഗങ്ങൾക്കും കമ്പനി ചികിത്സാ ചെലവിന് പരിധി നിർണയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്,​ 15 ലക്ഷം രൂപ പരമാവധി ചികിത്സാ ചെലവായി നൽകുമെന്ന് വാഗ്ദാനം നൽകും. എന്നാൽ പ്രത്യേകയിനം രോഗങ്ങൾക്ക് അതിന്റെ മൂന്നിലൊന്നേ അനുവദിക്കുകയുള്ളൂ. ഇതുപോലുള്ള വിവേചന സമീപനം അവസാനിപ്പിക്കാനും റഗുലേറ്ററി കമ്മിഷന്റെ ഇടപെടൽ അനിവാര്യമാണ്. സാധാരണക്കാരെ സഹായിക്കാൻ വേണ്ടിയാണല്ലോ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അവയുടെ പ്രയോജനം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന വയോജനങ്ങൾക്ക് തട്ടും മുട്ടുമില്ലാതെ സേവനം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യത കേന്ദ്ര സർക്കാരിനുമുണ്ട്. ഇൻഷ്വറൻസ് പദ്ധതികൾക്ക് നിലവിലുള്ള 18 ശതമാനം ജി.എസ്.ടി കുറയ്ക്കണമെന്ന പൊതു ആവശ്യം ഇതുവരെ ജി.എസ്.ടി കൗൺസിൽ പരിഗണിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION